വീണ്ടും യുദ്ധഭീഷണി; ആശങ്കകൾ കൂടുന്നു; ക്രൂഡ് 90 ഡോളറിൽ; യുഎസ് ഫ്യൂച്ചേഴ്സ് കയറുന്നു; ഏഷ്യൻ വിപണികൾ നേട്ടത്തിൽ; സ്വർണവില കുതിക്കുന്നു

രാജ്യത്തെ ഭൂവിസ്തൃതിയിൽ 45 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്
Stock Market Pre-opening Analysis
Published on

നിരവധി അനിശ്ചിതത്വങ്ങളും ആശങ്കകളും എന്നു വിപണിയെ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കു കൂട്ടിയില്ല. യുഎസ് ഓഹരിവിപണികൾ കുത്തനേ ഇടിഞ്ഞു. കടപ്പത്ര വില കുറഞ്ഞു. സ്വർണം കയറി. ഡോളർ താഴ്ന്നു. ഇന്ന് അതിൻ്റെ ക്ഷീണം വിപണിയിൽ ഉണ്ടാകാം. യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും ഉയരുന്നു എന്നത് ആശ്വാസഘടകമാണ്.

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം വീണ്ടും വഷളായി. ക്രൂഡ് ഓയിൽ 90 ഡോളറിനു മുകളിൽ എത്തിയത് ഇന്ത്യക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഐടി സേവന കമ്പനിയായ കോഗ്‌നിസൻ്റ് 2026 ലെ വളർച്ച പ്രതീക്ഷ താഴ്ത്തിയത് ഐടി കമ്പനികളെ ബാധിച്ചേക്കാം.

ധാരണ ലംഘിച്ച് ഇറാൻ ജോർദാനിൽ ആക്രമണം നടത്തിയതിനു പകരം കനത്ത ആക്രമണം നടത്തുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനു ചൈന മിസൈലുകൾ എത്തിക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതം സംയുക്തമായി നിയന്ത്രിക്കാം എന്ന ഒമാൻ്റെ നിർദേശം ഇറാൻ തള്ളി. ചർച്ചകൾക്കുള്ള സാധ്യതയും കുറഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,289.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,204 വരെ താഴ്ന്നിട്ടു കയറി. വിപണി ഇന്നു നഷ്‌ട ത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ കമ്മി 14.6 ശതമാനം

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 29 ന് 14.6 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 35.8 ശതമാനമായി കുറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 45 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.

യുഎസ് വിപണി ഇടിഞ്ഞു

എണ്ണവിലക്കയറ്റവും ഫെഡ് തീരുമാനവും ഇന്നലെ യുഎസ് വിപണിയെ കുത്തനേ താഴ്‌ത്തി.

വിലക്കയറ്റം കൂടുന്ന സാഹചര്യത്തിൽ പലിശ നിരക്ക് കുട്ടി വിലനിയന്ത്രണത്തിനു ശ്രമിക്കണം എന്ന് യുഎസ് ഫെഡിൻ്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ പലരും അഭിപ്രായപ്പെട്ടു. മൂന്ന് അംഗങ്ങൾ നിരക്കുകൂട്ടാൻ വോട്ടു ചെയ്തു. പക്ഷേ ഭൂരിപക്ഷം എതിരായി. യഥാസമയം നടപടി എടുക്കാൻ മടിക്കില്ലെന്നു ചെയർമാൻ കെവിൻ വാർഷ് മാധ്യമങ്ങളോടു പറഞ്ഞെങ്കിലും വിപണി അദ്ദേഹത്തെ വിശ്വസിക്കുന്നില്ല. ബൈഡൻ പ്രസിഡൻ്റായിരുന്നപ്പോൾ ഫെഡ് ചെയർമാൻ ജെറോം പവൽ നിരക്കു വർധന നീട്ടിവച്ചതുപോലെ വാർഷും ചെയ്യുകയാണെന്നു വിപണി കരുതുന്നു. ജൂണിൽ ചില്ലറ വിലക്കയറ്റം നാമമാത്രമായി കുറഞ്ഞതു ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു കൊണ്ടാണ്. ആ സാഹചര്യം പെട്ടെന്നുതന്നെ മാറി എന്നു വിപണി ചൂണ്ടിക്കാട്ടുന്നു.

ഡൗ സൂചിക ഇന്നലെ ആയിരം പോയിൻ്റിലധികം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ട്രംപ് ഭരണകൂടം തീരുവയുദ്ധം തുടങ്ങിയപ്പോൾ മൂന്നു ദിവസം വിപണി ആയിരം പോയിൻ്റിലധികം ഇടിഞ്ഞിട്ടുണ്ട്. അതിൽ ഒരു ദിവസം 2200 ലധികം പോയിൻ്റ് താഴ്ന്നു. 2024 ൽ രണ്ടും 2022 ൽ നാലും തവണ ആയിരം പോയിൻ്റ് വീഴ്ച ഉണ്ടായി. ഈ വീഴ്ചകൾക്കു ശേഷം ഒരു മാസം കഴിഞ്ഞു ഭൂരിപക്ഷം തവണകളിലും വിപണി നേട്ടത്തിലായിട്ടുണ്ട്.

മെറ്റാ പ്ലാറ്റ്ഫോംസിൻ്റെ പാദറിസൽട്ട് പ്രവചനത്തോളം വന്നില്ല. വരുമാന- ലാഭപ്രതീക്ഷകൾ കുറച്ചു. ഓഹരി 10 ശതമാനം വരെ ഇടിഞ്ഞു. തുടർ വ്യാപാരത്തിലും താഴ്ന്നു.

മൈക്രോസോഫ്റ്റ് റിസൽട്ട് മികച്ചതായി. ഡിമാൻഡ് വർധിച്ചതിനാൽ കമ്പനി മൂലധനച്ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ചു. ഓഹരി 8.88 ശതമാനം കുതിച്ചു.

ചിപ്പ് ഓഹരികളായ മൈക്രോൺ, ഇൻ്റൽ, എഎംഡി തുടങ്ങിയവ കനത്ത നഷ്‌ടത്തിലായി. എൻവിഡിയ, ആമസോൺ, ആപ്പിൾ തുടങ്ങിയവയും താഴ്ന്നു.

ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സും ടെസ്‌ലയും നഷ്‌ടം തുടർന്നു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 1153.18 പോയിൻ്റ് (2.19 ശതമാനം) ഇടിഞ്ഞ് 51,594.14 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 112.63 പോയിൻ്റ് (1.52%) താഴ്ന്ന് 7316.15 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 433.97 പോയിൻ്റ് (1.74%) നഷ്‌ടത്തോടെ 24,442.94 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 130 പോയിൻ്റും (0.25%) എസ് ആൻഡ് പി 40 പോയിൻ്റും (0.53%) നാസ്ഡാക് 340 പോയിൻ്റും (1.24%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 1.91 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.12 ശതമാനം കുറഞ്ഞ് 24.00 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.65% താഴ്നിട്ടു തുടർ വ്യാപാരത്തിൽ 0.03 ശതമാനം കയറി 29.77 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.02% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.40% താഴ്ന്ന് 12.55 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.600% കയറിയ ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 1.97 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ന്നു

യൂറോപ്യൻ വിപണികൾ ബുധനാഴ്ച താഴ്ന്നു. യുകെയിലെ എഫ്ടിഎസ്ഇ നേട്ടം ഉണ്ടാക്കി. ടെക്നോളജി ഓഹരികൾ വീഴ്ച തുടർന്നു. ഗുച്ചി ബ്രാൻഡിൻ്റെ വരുമാനം പ്രതീക്ഷയിലും മെച്ചമായത് ഫ്രഞ്ച് ലക്ഷുറി ഉൽപന്ന വിൽപനക്കാരായ കെറിംഗിനെ 17 ശതമാനം ഉയർത്തി.

ഏഷ്യൻ വിപണികൾ കയറുന്നു

ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ താഴ്ന്നിട്ടു കയറ്റത്തിലായി. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി ഒരു ശതമാനം ഉയർന്നു. സാംസംഗ് റിസൽട്ട് പ്രതീക്ഷയേക്കാൾ മെച്ചമായി. ജാപ്പനീസ് നിക്കൈ സൂചിക 1.8 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക ഉയർന്നും ഷാങ്ഹായ് സൂചിക താഴ്‌ന്നും വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കുതിച്ചു

തിങ്കളാഴ്ചത്തെ ആവേശം വീണ്ടെടുത്ത ഇന്ത്യൻ വിപണി ഇന്നലെ വലിയ മുന്നേറ്റം നടത്തി. വിദേശ നിക്ഷേപകർ വാങ്ങലുകാരായതും വിപണിക്ക് ഉത്സാഹം കൂട്ടി. റിയൽറ്റിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി.

ഐടി, മെറ്റൽ, ഫാർമ, ഹെൽത്ത്, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ധനകാര്യ മേഖലകൾ വലിയ മുന്നേറ്റം നടത്തി.

വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ കാഷ് വിപണിയിൽ 2981.87 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 998.02 കോടി രൂപയുടെ അറ്റവാങ്ങലുകാരായി.

ബുധനാഴ്ച സെൻസെക്‌സ് 888.68 പോയിൻ്റ് (1.16%) കുതിച്ച് 77,654.60 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 264.85 പോയിൻ്റ് (1.10%) ഉയർന്ന് 24,250.20 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 450.30 പോയിൻ്റ് (0.79%) നേട്ടത്തോടെ 57,205.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 510.75 പോയിൻ്റ് (0.82%) കയറി 62,862.25 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 281.65 പോയിൻ്റ് (1.48%) ഉയർന്ന് 19,362.35 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2533 ഓഹരികൾ കയറി, 1705 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2115 എണ്ണം ഉയർന്നപ്പോൾ 1165 എണ്ണം താഴ്ന്നു .

കമ്പനികൾ, വാർത്തകൾ

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന എംടാർ ടെക്നോളജീസ് വരുമാനം ഇരട്ടിയിലേറെ ആക്കിയപ്പോൾ ഒന്നാം പാദ അറ്റാദായം അഞ്ചിരട്ടിയാക്കി.

ജൂൺ പാദത്തിൽ വരുമാനവും പ്രവർത്തന ലാഭവും വർധിപ്പിച്ച ഐഷർ മോട്ടോഴ്സ് അറ്റാദായം 21.4 ശതമാനം ഉയർത്തി. പ്രതീക്ഷയിലും മികച്ചതായി റിസൽട്ട്.

ടീം ലീസ് സർവീസസ് ഒന്നാം പാദ അറ്റാദായം 31.4 ശതമാനം വർധിപ്പിച്ചു.

തലേ പാദത്തിൽ 476 കോടി രൂപ നഷ്‌ടത്തിലായിരുന്ന വേദാന്ത ഓയിൽ ജൂൺ പാദത്തിൽ 945 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കി.

ഡാബർ ഇന്ത്യ ജൂൺ പാദത്തിൽ അറ്റാദായം 15.3 ശതമാനം വർധിപ്പിച്ചു.

സ്വർണം ഉയരുന്നു

അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പ്രഖ്യാപനം സ്വർണവിപണിയെ വലിയ ചാഞ്ചാട്ടത്തിലാക്കി. നിരക്ക് കൂട്ടും എന്ന നിഗമനത്തെ തുടർന്നു പ്രഖ്യാപനത്തിനു മുൻപ് സ്വർണം3995 ഡോളർ വരെ താഴ്ന്നു. പ്രഖ്യാപനം കഴിഞ്ഞപ്പോൾ ഔൺസിന് 4117 ഡോളർ വരെ കയറി. പിന്നീട് ഒരു ശതമാനം നേട്ടത്തോടെ 4067.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4090 ഡോളറിലേക്കു കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 480 രൂപ കുറഞ്ഞ് 1,05,240 രൂപയിൽ എത്തി.

വെള്ളിവില ബുധനാഴ്ച ഔൺസിന് 57.78 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.70 ഡോളർ ആയി.

പ്ലാറ്റിനം 1609 ഡോളർ, പല്ലാഡിയം 1249 ഡോളർ, റോഡിയം 7925 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഉയർന്നു

ബുധനാഴ്ച ചെമ്പ് ഒഴികെ വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.08 ശതമാനം താഴ്ന്നു ടണ്ണിനു 13,632.35 ഡോളർ ആയി. അലൂമിനിയം 1.12 ശതമാനം ഉയർന്ന് 3178.25 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും കയറി.

കാപ്പി കയറി, കൊക്കോ താഴ്ന്നു

കൊക്കോ വില ബുധനാഴ്ച 0.62 ശതമാനം താഴ്ന്നു ടണ്ണിന് 5169 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും.

അറബിക്ക കാപ്പിവില 3.77 ശതമാനം കയറി പൗണ്ടിന് 3.27 ഡോളർ ആയി. ഈ വർഷം ആഗോള കാപ്പി ഉൽപാദനം റെക്കോർഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലിൽ അറബിക്കയും വിയറ്റ്നാമിൽ റോബസ്റ്റയും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുന്നു. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

ഡോളർ സൂചിക താഴോട്ട്

യുഎസ് ഡോളർ സൂചിക ബുധനാഴ്ച ഇടിഞ്ഞ് 100.89 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.85 വരെ താഴ്ന്നു.

യൂറോ 1.1457 ഡോളറിലേക്കു കയറി. പൗണ്ട് 1.3253 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 163.44 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.681 ശതമാനത്തിലേക്കു കയറി.

രൂപ നേട്ടത്തിൽ

ബുധനാഴ്ചയും ഇന്ത്യൻ രൂപ മുന്നേറി. ഡോളർ 21 പൈസ കുറഞ്ഞ് 95.65 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.73 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.1 4 രൂപയിലും യൂറോ 109.60 രൂപയിലും നിൽക്കുന്നു.

ക്രൂഡ് ഓയിൽ കുതിച്ചു

പശ്ചിമേഷ്യൻ സാഹചര്യം വീണ്ടും വഷളായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറ്റം തുടങ്ങി.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച എട്ടു ശതമാനം കയറി വീപ്പയ്ക്ക് 90.74 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില അൽപം കുറഞ്ഞ് 89.92 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 84.02 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോകറൻസികൾ താഴ്‌ന്ന നിലയിൽ തുടരുന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,700 ഡോളറിനു താഴെ എത്തി. ഈഥർ 1900 ഡോളറിനും സൊലാന 73.50 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ജൂലൈ 29, ബുധൻ)

സെൻസെക്സ് 77,654.60 +1.16%

നിഫ്റ്റി50 24,250.20 +1.10%

ബാങ്ക് നിഫ്റ്റി 57,205.90 +0.79%

മിഡ്ക്യാപ്100 62,862.25 +0.82%

സ്മോൾക്യാപ്100 19,362.35 +1.48%

ഡൗജോൺസ് 51,594.14 -2.19%

എസ്ആൻഡ്പി 7316.15 -1.52%

നാസ്ഡാക് 24,442.94 -1.74%

ഡോളർ ₹95.65 -₹0.21

സ്വർണം(ഔൺസ്)$4067.20 +$37.40

സ്വർണം(പവൻ) ₹1,05,240 -₹480

ക്രൂഡ്ഓയിൽബ്രെൻ്റ്$90.74 +$6.65

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com