ബുൾ തരംഗം തുടരുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ; തടസങ്ങൾ പലത്; ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ച ഇന്നും തുടരും; ക്രൂഡ് ഓയിൽ വില താഴുന്നു

സ്വര്‍ണവും ഡോളറും താഴുന്നു; ക്രിപ്‌റ്റോകള്‍ക്ക് കയറ്റം, വെള്ളിക്ക് ഇറക്കം
Morning business news
Morning business newsCanva
Published on

ഇന്ത്യൻ വിപണിയിൽ ബുൾ തരംഗം അതിവേഗം കുതിക്കുന്നതിനെപ്പറ്റി നിക്ഷേപകർ സ്വപ്നം കാണുന്നുണ്ട്. പക്ഷേ അതിനു തക്ക റിസൽട്ടുകൾ കമ്പനികൾ പുറപ്പെടുവിക്കുമോ എന്ന ആശങ്കയും പ്രബലമാണ്. ഇന്ത്യയിലെ കടപ്പത്രങ്ങളിൽ നിന്ന് ഓഹരികളിലേക്കു നിക്ഷേപം മാറ്റുന്നതിനപ്പുറം പുതിയ നിക്ഷേപം വിദേശികൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്നില്ല എന്ന വസ്തുതയും വിപണിക്കു നല്ല സൂചനയല്ല നൽകുന്നത്. 

വാഷിംഗ്ടണിൽ നടന്ന ഇന്ത്യ-അമേരിക്ക വാണിജ്യ ചർച്ചയിൽ നിന്ന് അനുകൂല ഫലങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ചർച്ച ഇന്നും തുടരും. ഒരു ഇടക്കാല കരാർ ഉണ്ടാക്കാനാണു ശ്രമം. ജൂലൈ ഒൻപതിനകം കരാർ ഇല്ലെങ്കിൽ പകരച്ചുങ്കം എന്ന തീരുമാനത്തി മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതും ശുഭകരമല്ല. 

ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാൽ ഈയാഴ്ച നടക്കുമെന്നു കരുതിയ യുഎസ്- ഇറാൻ ചർച്ചയ്ക്കു തീയതി പ്രഖ്യാപിക്കാത്തത് പ്രതീക്ഷകൾ കെടുത്തുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,781.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,769 ലേക്കു താഴ്ന്നു. വിപണി ഇന്നു കുറഞ്ഞ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. പ്രധാന സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. ബാർക്ലേയ്സ്, ഡോയിച്ച് ബാങ്കുകൾ ഒരു ദശകത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഈ ഓഹരികൾക്ക് ഇനിയും വലിയ വളർച്ച സാധ്യത ഉള്ളതായി സിറ്റിയും ജെപി മോർഗനും വിലയിരുത്തി. യുദ്ധസാഹചര്യത്തിലെ അയവും വാണിജ്യ കരാറുകളുടെ സാധ്യതയുമാണ് പൊതുവേ ഓഹരികളെ കയറ്റിയത്. യൂറോയും പൗണ്ട് സ്റ്റെർലിംഗും സ്വിസ് ഫ്രാങ്കും കറൻസി വിപണിയിൽ വീണ്ടും കയറി. 

വെള്ളിയാഴ്ചയും യുഎസ് വിപണി നല്ല മുന്നേറ്റം നടത്തി. യുഎസ് ഫെഡറൽ റിസർവ് നിരക്കു നിർണയത്തിനു കണക്കിലെടുക്കുപ്രതിപൊതുവേഡറ എന്ന'ൽല്ലറവിലക്കയറ്റ മാപിനിയായ വ്യക്തിഗത ചെലവ് സൂചിക (പിസിഇ) മേയ് മാസത്തിൽ 2.3 ശതമാനം വർധിച്ചു. ഇതു പ്രതീക്ഷയിലും കൂടുതലായി. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 2.7 ശതമാനം കൂടി. ജൂലൈയിലെ യോഗത്തിൽ ഫെഡ് പലിശ താഴ്ത്താനുള്ള  സാധ്യത കുറയ്ക്കുന്നതാണ് ഈ കണക്കുകൾ.

ചൈനയുമായുള്ള വ്യാപാരകരാറിൻ്റെ രൂപരേഖ അംഗീകരിച്ചതും മറ്റു രാജ്യങ്ങൾക്കുള്ള ജൂലൈ ഒൻപത് കാലാവധി നീട്ടിയേക്കും എന്ന സൂചനയും വിപണി ഉയരുന്നതിൽ വലിയ പങ്ക് വഹിച്ചു. എന്നാൽ വിപണി അടച്ച ശേഷവും ശനിയാഴ്ചയും തീരുവ വിഷയത്തിൽ ട്രംപിന് അയവില്ലെന്നു കാണിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായി. 

വലിയ ടെക് കമ്പനികൾക്കു ചുമത്താൻ തയറാക്കിയ ഡിജിറ്റൽ സർവീസസ് ടാക്സ് പിൻവലിക്കാതെ കാനഡയുമായി ചർച്ച ഇല്ലെന്ന ട്രംപിൻ്റെ പ്രഖ്യാപനം വീണ്ടും ആശങ്ക വളർത്തി. എസ് ആൻഡ് പി 500 സൂചികയും നാസ്ഡാക് കോംപസിറ്റ് സൂചികയും ഉയർന്ന നിലയിൽ നിന്ന്  അൽപം താഴ്ന്നാണു ക്ലോസ് ചെയ്തത്. എങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് ഇന്ന് ഉയർന്നു നീങ്ങുന്നു. 

 എസ് ആൻഡ് പി 500 സൂചിക  ഇൻട്രാ ഡേ റെക്കോർഡും ക്ലോസിംഗ് റെക്കോർഡും തിരുത്തി.

ഡൗ ജോൺസ് 432.43 പോയിൻ്റ് (1.00%) കുതിച്ച് 43,819.27 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 32.05 പോയിൻ്റ് (0.52%) ഉയർന്ന് 6173.07 ൽ അവസാനിച്ചു. നാസ്ഡാക് 105.54 പോയിൻ്റ് (0.52%) കയറി 20,273.46 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.51 ഉം എസ് ആൻഡ് പി 0.28 ഉം  നാസ്ഡാക് 0.36 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ ഒന്നര ശതമാനം ഉയർന്നു. കൊറിയൻ വിപണി 0.85 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികൾ ചെറിയ താഴ്ചയിലാണു തുടങ്ങിയത്.

കുതിപ്പു തുടർന്ന് ഇന്ത്യൻ വിപണി 

വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലുകാരായതും ആഗോള പ്രശ്നങ്ങൾക്ക് അയവു വന്നതും ഇന്ത്യൻ വിപണിയെ കഴിഞ്ഞയാഴ്ച ഉയർത്തി. നിഫ്റ്റിയും സെൻസെക്സും കഴിഞ്ഞ ആഴ്ച രണ്ടു ശതമാനത്തിലധികം കയറി. ഇനി 640 പോയിൻ്റ് കൂടി കയറിയാൽ നിഫ്റ്റിക്ക് 26,277.35ലെ റെക്കോർഡ് മറികടക്കാം. 2025 ൻ്റെ ഒന്നാം പകുതിയിൽ നിഫ്റ്റി എട്ടു ശതമാനം ഉയർന്നാണു നിൽക്കുന്നത്. ഏപ്രിൽ ആദ്യം 21,743.65 എന്ന ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ ശേഷമാണ് ഈ കയറ്റം എന്നതു ശ്രദ്ധേയമാണ്. 

വിദേശ നിക്ഷേപകർ കടപ്പത്രങ്ങളിൽ നിന്ന് ഓഹരികളിലേക്കു മാറുന്നതാണ് ഈ മാസം കണ്ടത്. രൂപയുടെ കയറ്റമാണു കടപ്പത്രങ്ങളിൽ നിന്നുള്ള മാറ്റത്തിനു പ്രേരകം.

അമേരിക്കയുമായുളള വാണിജ്യ ചർച്ചയിൽ എന്തുണ്ടാകും എന്നതാണു വിപണിയുടെ പ്രധാന ചിന്താവിഷയം. ധാരണ ഉണ്ടാകാതിരിക്കുകയും പകരച്ചുങ്കം ആയ 26 ശതമാനം ഇന്ത്യക്കു മേൽ ചുമത്തുകയും ചെയ്താൽ വിപണി വലിയ വീഴ്ചയിലാകും. കുറേ വിട്ടുവീഴ്ചകളോടെ ആണെങ്കിലും വാണിജ്യകരാർ ഉണ്ടാക്കാനായാൽ വിപണി കുതിക്കും.

ഇന്ന് അവസാനിക്കുന്ന ഒന്നാം പാദത്തിലെ കമ്പനികളുടെ ഫലം ഒരാഴ്ചയ്ക്കു ശേഷമേ വന്നു തുടങ്ങൂ. ഐടി സേവന കമ്പനികൾ ദുർബലവളർച്ചയേ കാണിക്കൂ എന്നാണു നിഗമനം. ബാങ്ക്, ധനകാര്യ കമ്പനി ഓഹരികളും വലിയ മുന്നേറ്റം കാണിക്കാനിടയില്ല. വാഹന, എഫ്എംസിജി കമ്പനികൾക്കു മോശം പാദമാണു കടന്നു പോകുന്നത്. നിഫ്റ്റി കമ്പനികളുടെ ലാഭവളർച്ച 12 ശതമാനം ഉണ്ടാകും എന്നാണു വിപണി കരുതുന്നത്. അതിൽ കുറവായാൽ സൂചിക ഇടിയും.

വെള്ളിയാഴ്ച നിഫ്റ്റി 88.80 പോയിൻ്റ് (0.35%)  കയറി 25,637.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 303.03 പോയിൻ്റ് (0.36%) നേട്ടത്തോടെ 84,058.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 237.20 പോയിൻ്റ് (0.41%) ഉയർന്ന് 57,443.90 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 157.75 പോയിൻ്റ് (0.27 ശതമാനം) നേട്ടത്തോടെ 59,385.15 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 171.20 പോയിൻ്റ് (0.91 ശതമാനം) കയറി 18,976.80 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു.  ബിഎസ്ഇയിൽ 2251 ഓഹരികൾ ഉയർന്നപ്പോൾ 1760 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1681 എണ്ണം. താഴ്ന്നത് 1229 ഓഹരികൾ.

എൻഎസ്ഇയിൽ 86 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 24 എണ്ണമാണ്. 105 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 40 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1397.02 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 588.93 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജൂണിൽ വിദേശികൾ 13,107 കോടി രൂപയാണ് ഓഹരികളിൽ നിക്ഷേപിച്ചത്.

നിഫ്റ്റിയും സെൻസെക്സും ബ്രേക്ക് ഔട്ട് കഴിഞ്ഞെന്നും ഇനി റെക്കോർഡുകൾ തിരുത്താനുളള മുന്നേറ്റം തുടരും എന്നുമാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. പ്രതീക്ഷ പോലെ കമ്പനികളുടെ ലാഭവളർച്ച ഉണ്ടായില്ലെങ്കിൽ ആഴ്ചകൾക്കു ശേഷം തിരുത്തൽ ഉണ്ടാകും.

26,000ലേക്കുള്ള നിഫ്റ്റിയുടെ പ്രയാണത്തിന് 25,750 -25,800 മേഖലയിൽ പ്രതിബന്ധം പ്രതീക്ഷിക്കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,555 ഉം 25,485 ഉം പിന്തുണയാകും. 25,675 ലും 25,745 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് പെട്രോളിയം ശുദ്ധീകരണ -വിതരണ കമ്പനിയായ നയാര (പഴയ എസാർ ഓയിൽ) യിൽ ഉള്ള 49.5 ശതമാനം ഓഹരി വാങ്ങാൻ റിലയൻസ് ചർച്ച തുടങ്ങി. രണ്ടു കോടി ടൺ ശേഷിയുള്ള എണ്ണശുദ്ധീകരണശാലയും 6750 പെട്രോൾ പമ്പുകളും നയാരയ്ക്ക് ഉണ്ട്. 2000 കോടി ഡോളർ വിലയിട്ട് ഓഹരി കൈമാറാം എന്നാണു റോസ്നെഫ്റ്റ് പറയുന്നത്.

കർണാടക ബാങ്കിൽ ധനകാര്യ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മേധാവികൾ രാജിവച്ചു. എംഡിയും സിഇഒയുമായ ശ്രീകൃഷ്ണൻ ഹരിഹര ശർമയും എക്സിക്യൂട്ടീവ് ഡയറക്ടർ ശേഖർ റാവുവും ആണു രാജിവച്ചത്. രാജി ഡയറക്ടർ ബോർഡ് സ്വീകരിച്ചു. പകരം ഒരു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിച്ചു. 

ടൊറൻ്റ് ഫാർമ 18,000 കോടി രൂപയ്ക്ക് ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെ വാങ്ങാൻ തീരുമാനമായി ഇന്ത്യൻ ഔഷധ നിർമാണ മേഖലയിൽ സൺ ഫാർമ, റാൻബാക്സിയെ വാങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഇടപാടാണിത്.

സ്വർണം ഇടിയുന്നു

യുദ്ധസാഹചര്യവും തീരുവ വിഷയത്തിലെ സന്ദിഗ്ധാവസ്ഥയും മാറിയതോടെ സ്വർണവില താഴോട്ടായി. പുതിയ പ്രശ്നങ്ങൾ ഉണ്ടാകും വരെ താഴ്ച തുടരാം. വെള്ളിയാഴ്ച ഔൺസിന് 3274.80 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ ചാഞ്ചാട്ടത്തിനു ശേഷം 3273 ലായി.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണം പവന് 680 രൂപ കുറഞ്ഞ് 71,880 രൂപയായി. ശനിയാഴ്ച 440 രൂപകൂടി കുറഞ്ഞ് 71,440  രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 35.95 ഡോളറിലേക്കു താഴ്ന്നു. 

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.61 ശതമാനം താഴ്ന്നു ടണ്ണിന് 10,050.65 ഡോളറിൽ എത്തി. അലൂമിനിയം O.01 ശതമാനം കയറി 2580.41 ഡോളർ ആയി. നിക്കലും സിങ്കും ടിന്നും ഉയർന്നപ്പോൾ ലെഡ് താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.13 ശതമാനം കയറി 162.90 സെൻ്റിൽ എത്തി. കൊക്കോ 3.28 ശതമാനം ഉയർന്ന് ടണ്ണിന് 9446.27 ഡോളർ ആയി. കാപ്പി 0.20 ശതമാനം താഴ്ന്നു. തേയില വില 4.43 ശതമാനം കുറഞ്ഞു. പാം ഓയിൽ വിലയിൽ മാറ്റമില്ല.

ഡോളർ താഴ്ന്നു

 യുഎസ് ഡോളർ വീണ്ടും പിന്നോട്ടു മാറി. വെള്ളിയാഴ്ച സൂചിക 97.40 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 97.17 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1732 ഡോളറിലും പൗണ്ട് 1.3723 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 144.27 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ ഞാൻ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.279 ശതമാനത്തിലേക്ക് കയറി.

വെള്ളിയാഴ്ചയും രൂപ മികച്ച നേട്ടം കുറിച്ചു. ഡോളർ 23 പൈസ നഷ്ടപ്പെട്ട്  85.48 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.17 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ചയിലായി. ഒപെക് ഉൽപാദനം കൂട്ടും എന്ന സൂചന ഉണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 0.90 ശതമാനം താഴ്സ് 67.13 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 64.75 ഡോളറിലും  മർബൻ ക്രൂഡ് 68.50 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില രണ്ടേകാൽ ശതമാനം  കുറഞ്ഞു.

ക്രിപ്റ്റോ കറൻസികൾ അൽപം കയറി. ബിറ്റ് കോയിൻ 1,08,800  ഡോളറിൽ എത്തി. ഈഥർ 2520 ഡോളറിനു സമീപമായി. 

വിപണിസൂചനകൾ

(2025 ജൂൺ 27, വെള്ളി)

സെൻസെക്സ്30  84,058.90     +0.36%

നിഫ്റ്റി50       25,637.80          +0.35%

ബാങ്ക് നിഫ്റ്റി   57,443.90       +0.41%

മിഡ് ക്യാപ്100   59,385.15     +0.27%

സ്മോൾക്യാപ്100  18,976.80    +0.91%

ഡൗജോൺസ്   43,819.27      +1.00%

എസ്ആൻഡ്പി  6173.07      +0.52%

നാസ്ഡാക്      20,273.46       +0.52%

ഡോളർ($)     ₹85.48        -₹0.23

സ്വർണം(ഔൺസ്) $3274.80    -$53.00

സ്വർണം(പവൻ)       ₹71,880       -₹680                   

ശനി         ₹71,440       -₹440                                

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.33   -$0.49

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com