
പ്രതീക്ഷിച്ചതു പോലെ തീരുവയുദ്ധം തുടങ്ങിയ നിലയിൽ തുടരുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ അപ്പീൽ അനുവദിച്ചു. ഇനി കീഴ്ക്കോടതി വിധിക്കെതിരേ ട്രംപ് സുപ്രീം കോടതിയെ സമീപിക്കും. നീണ്ട നിയമയുദ്ധം തുടങ്ങുന്നു എന്നു ചുരുക്കം. അതായതു തീരുവകാര്യത്തിൽ അനിശ്ചിതത്വം തുടരും. അതു കൊണ്ടു തന്നെ വിപണികൾ തൽകാലം അധികം പ്രതികരിക്കുന്നില്ല.
ഇന്നലെ യുഎസിലെ തൊഴിലില്ലായ്മ വർധിച്ചതായി കണക്കുകൾ വന്നു. പക്ഷേ അതിൻ്റെ പേരിൽ യുഎസ് ഫെഡ് ജൂണിൽ പലിശ കുറയ്ക്കുകയില്ല എന്നാണു വിപണിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഫെഡ് ചെയർമാൻ ജെറോം പവൽ പ്രസിഡൻ്റ് ട്രംപിനെ കണ്ടപ്പോൾ പലിശ തീരുമാനം രാഷ്ട്രീയ തീരുമാനം അല്ല, വസ്തുതാ അധിഷ്ഠിത തീരുമാനം ആയിരിക്കും എന്നാണു പറഞ്ഞത്.
ഇന്ത്യയുടെ ജനുവരി - മാർച്ച് ജിഡിപി വളർച്ച കണക്ക് ഇന്നു വൈകുന്നേരം പുറത്തുവിടും. പാദ വളർച്ച ഏഴു ശതമാനമാകും എന്നാണു വിദഗ്ധർ കണക്കാക്കുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,939.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,956 വരെ കയറുകയും 24,932 വരെ താഴുകയും ചെയ്തു. ഇന്നു വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. വ്യാപാരയുദ്ധം സംബന്ധിച്ച പ്രതീക്ഷകൾ ഫലപ്രദമായില്ല എന്നതാണു കാരണം.
യുഎസ് വിപണി വീണ്ടും ദുർബലമായി. തുടക്കത്തിലെ ആവേശം താമസിയാതെ നഷ്ടപ്പെടുത്തിയ വിപണി പിന്നീട് ചെറിയ നേട്ടത്തിൽ അവസാനിച്ചു. തീരുവ വിലക്കിയ ഉത്തരവ് മറികടക്കാൻ ട്രംപ് ഏതടവും സ്വീകരിക്കും എന്നതു കൊണ്ടു
വിപണി കരുതൽ നയത്തിലേക്കു മാറി. പിന്നീടു ഫെഡറൽ അപ്പീൽ കോടതി തീരുവ വിലക്കിനു താൽക്കാലിക സ്റ്റേ അനുവദിച്ചു. ട്രംപ് ഇന്നു സമ്പൂർണ സ്റ്റേ കിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചേക്കും. സ്റ്റേ ഇല്ലെങ്കിലും വേറെ ചില നിയമങ്ങൾ ഉപയോഗിച്ച് തീരുവകൾ നടപ്പാക്കും എന്നാണു ട്രംപിൻ്റെ സഹായി പീറ്റർ നവാരോ പറഞ്ഞത്.
ഡൗ ജോൺസ് സൂചിക ഇന്നലെ 117.03 പോയിൻ്റ് (0.28%) ഉയർന്ന് 42,215.73 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 23.62 പോയിൻ്റ് (0.40%) നേട്ടത്തോടെ 5912.17 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 74.93 പോയിൻ്റ് (0.39%) ഉയർന്ന് 19,175.87 ൽ എത്തി.
വ്യാഴാഴ്ച രാത്രി യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 54 ഉം (0.13%) എസ് ആൻഡ് പി 14.25 ഉം (0.24%) നാസ്ഡാക് 71 ഉം (0.33%) പോയിൻ്റ് ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 1.65 ശതമാനവും കൊറിയയിൽ കോസ്പി അര ശതമാനവും താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി വീണ്ടും അനിശ്ചിതത്വത്തിൻ്റെ പിടിയിൽ പെട്ടു. രാവിലെ തീരുവവിഷയത്തിൽ ആവേശത്തോടെ ഉയർന്ന വിപണി താമസിയാതെ നഷ്ടത്തിലേക്കു വീണു. ഉച്ചയ്ക്കു ശേഷമാണു വിപണി ഉണർവ് വീണ്ടെടുത്തത്. ഒടുവിൽ മിതമായ നേട്ടത്തോടെ വിപണി അവസാനിച്ചു.
വ്യാഴാഴ്ച നിഫ്റ്റി 81.15 പോയിൻ്റ് (0.33%) ഉയർന്ന് 24,833.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 320.70 പോയിൻ്റ് (0.39%) നേട്ടത്തോടെ 81,633.02 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 129.08 പോയിൻ്റ് (0.23%) കയറി 55,546.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 315.85 പോയിൻ്റ് (0.55 ശതമാനം) കയറി 57,457.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 105.40 പോയിൻ്റ് (0.5 8 ശതമാനം) ഉയർന്ന് 17,889.40 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1933 ഓഹരികൾ ഉയർന്നപ്പോൾ 2056 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായിരുന്നു. എൻഎസ്ഇയിൽ ഉയർന്നത് 1510 എണ്ണം. താഴ്ന്നത് 1373 ഓഹരികൾ.
എൻഎസ്ഇയിൽ 58 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 24 എണ്ണമാണ്. 106 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 81 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 884.03 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 4286.50 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്നലെ 24,700 ലെ പിന്തുണ നിലനിർത്തി. ഇന്നും ഈ പിന്തുണ നിർണായകമാണ്. ഇതു നഷ്ടപ്പെടുത്തിയാൽ 24,450 - 24,500 ആകും അടുത്ത പിന്തുണ നില. 24,800 നു മുകളിൽ നിഫ്റ്റി നീങ്ങിയാൽ 25,100 ലേക്കു വഴി തുറക്കും. ഇന്നു നിഫ്റ്റിക്ക് 24,720 ഉം 24,670 ഉം പിന്തുണയാകും. 24,885 ലും 24,935 ലും തടസം ഉണ്ടാകാം.
തീരുവയുദ്ധത്തിൽ ട്രംപിനു തിരിച്ചടി കിട്ടിയപ്പോൾ താഴ്ന്ന സ്വർണവില പിന്നീട് അതിനു സ്റ്റേ ലഭിച്ചപ്പോൾ ഉയർന്നു. വ്യാഴാഴ്ച സ്വർണം ഔൺസിന് 30.80 ഡോളർ ഉയർന്ന് 3319.20 ഡോളറിൽ ക്ലോസ് ചെയ്തു. പിന്നീട് 3318 ഡോളറിലായി.
കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവൻ 320 രൂപ കുറഞ്ഞ് 71,160 രൂപയിൽ എത്തി. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിന് 32.91 ഡോളറിലാണ്.
വ്യഴാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴ്ന്നു. ചെമ്പ് 0.42 ശതമാനം കുറഞ്ഞു ടണ്ണിന് 9641.40 ഡോളറിൽ എത്തി. അലൂമിനിയം 0.46 ശതമാനം താഴ്ന്ന് 2480.15 ഡോളർ ആയി. ലെഡ്, സിങ്ക്, ടിൻ എന്നിവ താഴ്ന്നപ്പോൾ നിക്കൽ ഒന്നര ശതമാനം ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.24 ശതമാനം താഴ്ന്ന് 166.20 സെൻ്റ് ആയി. കൊക്കോ 5.10 ശതമാനം താഴ്ന്ന് ടണ്ണിന് 9166.85 ഡോളർ ആയി. കാപ്പി, തേയില എന്നിവയും താഴോട്ടാണ്.
ഡോളർ സൂചിക താഴ്ചയിലാണ്. ഇന്നലെ 99.28 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.33 ലാണ്.
മറ്റു കറൻസികളുമായി ഡോളർ ദുർബലമായി. യൂറോ 1.1373 ഡോളറിലേക്കു കയറി. പൗണ്ട് 1.349 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 143.69 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.428 ശതമാനത്തിലേക്കു കുറഞ്ഞു.
രൂപ ബുധനാഴ്ച 14 പെെസ താഴ്ന്നു. ഡോളർ 85.50 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില താഴ്ചയിലാണ്. ഇന്നു രാവിലെ ബ്രെൻ്റ് 63.99 ഉം ഡബ്ല്യുടിഐ 60.76 ഉം മർബൻ ക്രൂഡ് 63.54 ഉം ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ ദുർബലമാകുകയാണ്. ബിറ്റ് കോയിൻ രണ്ടു ശതമാനം താഴ്ന്ന് 1.05 ലക്ഷം ഡോളറിൽ എത്തി. ഈഥർ 2590 ഡോളറിനടുത്തായി.
(2025 മേയ് 29, വ്യാഴം)
സെൻസെക്സ്30 81,633.02 +0.39%
നിഫ്റ്റി50 24,833.60 +0.33%
ബാങ്ക് നിഫ്റ്റി 55,546.05 +0.23%
മിഡ് ക്യാപ്100 57,457.25 +0.55%
സ്മോൾക്യാപ്100 17,889.40 +0.58%
ഡൗജോൺസ് 42,215.73 +0.28%
എസ്ആൻഡ്പി 5912.17 +0.40%
നാസ്ഡാക് 19,175.87 +0.39%
ഡോളർ($) ₹85.50 +₹0.14
സ്വർണം(ഔൺസ്) $3319.20 +$30.80
സ്വർണം(പവൻ) ₹71,160 -₹320
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.90 +$0.89
Read DhanamOnline in English
Subscribe to Dhanam Magazine