പ്രതീക്ഷയോടെ ബുള്ളുകൾ; വിൽപന സമ്മർദം തുടരുന്നു; വിദേശനിക്ഷേപകർ ആവേശത്തിൽ; ജപ്പാനിൽ വിപണി തകർച്ച; ക്രൂഡ് ഓയിൽ കയറുന്നു

വെള്ളിയാഴ്ച നേരിയ താഴ്ചയിലായ വിപണി ഇന്നു തിരിച്ചു കയറും എന്ന പ്രതീക്ഷയിലാണ് ബുള്ളുകൾ. വിപണിയുടെ ബുള്ളിഷ് മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നു വിലയിരുത്തുന്ന നിരീക്ഷകർ വിൽപന സമ്മർദം കുറയുന്നില്ലെന്നു മുന്നറിയിപ്പ് നൽകുന്നു. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ വലിയ താൽപര്യം എടുക്കുന്നുണ്ട്. അതു പ്രതീക്ഷ പകരുന്നു. ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ കയറ്റത്തിലായതും വിപണിക്ക് അനുകൂലമാണ്. ജപ്പാനിൽ പ്രധാനമന്ത്രി മാറുന്നതിൻ്റെ പേരിലാണു വിപണി തകർച്ച.

ഇന്ത്യയിലെ കാതൽ വ്യവസായ മേഖലയുടെ ഉൽപാദന സൂചിക, കേന്ദ്രത്തിൻ്റെ കമ്മി, കറൻ്റ് അക്കൗണ്ട് കമ്മി തുടങ്ങിയവ ഇന്നു വൈകുന്നേരം അറിവാകും. നാളെ ഫാക്ടറി ഉൽപാദന സൂചിക (പിഎംഐ)യും പുറത്തു വരും. ഈ കണക്കുകളിലൊന്നും നാടകീയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,289 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 26,315 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ചൈനീസ് ഉത്തേജക പദ്ധതിയാണു കാരണം. ആഡംബര ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കു കുതിപ്പുണ്ടായി.

യുഎസ് വിപണികൾ വെള്ളിയാഴ്ച ഭിന്നദിശകളിലായിരുന്നു. ഡൗ ജോൺസ് ചെറിയ നേട്ടത്താേടെ റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. മറ്റു രണ്ടു പ്രധാന സൂചികകളും നാമമാത്രമായി താഴ്ന്നു. എങ്കിലും എല്ലാ സൂചികകളും പ്രതിവാരത്തിലും

പ്രതിമാസത്തിലും നല്ല നേട്ടത്തിലാണ്. സെപ്റ്റംബറിൽ ഡൗ 1.8 ഉം എസ് ആൻഡ് പി 1.6 ഉം നാസ്ഡാക് 2.3 ഉം ശതമാനം കയറി നിൽക്കുന്നു. ഓഗസ്റ്റിലെ പേഴ്സണൽ കൺസഷൻ എക്സ്പെൻഡിച്ചർ എന്ന ചില്ലറവിലക്കയറ്റ സൂചിക 2.2 ശതമാനം മാത്രമേ ഉയർന്നുള്ളു. വിപണിയുടെ പ്രതീക്ഷയിലും കുറവായി. ഈയാഴ്ച സെപ്റ്റംബറിലെ തൊഴിൽ കണക്ക് വരുന്നതാണു പ്രധാന ശ്രദ്ധ കേന്ദ്രം. തൊഴിലില്ലായ്മ 4.2 ശതമാനത്തിൽ തുടരുമെന്നും തൊഴിൽ വർധന 1.3 ലക്ഷം ആയിരിക്കും എന്നുമാണു നിഗമനം.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 137.89 പോയിൻ്റ് (0.33%) കയറി 42,313.00 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.20 പോയിൻ്റ് (0.13%) താഴ്ന്ന് 5738.17 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 70.70 പോയിൻ്റ് (0.39%) നഷ്ടത്തോടെ 18,119.59 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേരിയ കയറ്റത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.18 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.75 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്നു വിരുദ്ധ ദിശകളിലാണ്. ജപ്പാനിൽ നിക്കെെ നാലു ശതമാനം ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. ഷിഗേരു ഇഷിബ പ്രധാനമന്ത്രിയാകുന്നത് പലിശ നിരക്ക് കൂടാനും മറ്റും കാരണമാകും എന്ന ആശങ്കയിലാണു വിപണി. എന്നാൽ ഓസ്ട്രേലിയൻ സൂചിക രാവിലെ റെക്കോർഡ് തിരുത്തി. ഉത്തേജക പാക്കേജിൻ്റെ ബലത്തിൽ ചൈനീസ് വിപണി കഴിഞ്ഞയാഴ്ച 15.7 ശതമാനം കുതിച്ചു കയറി. 2008 നവംബറിനു ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിവാര നേട്ടമാണത്. ചൈനയിലെ ഫാക്ടറി ഉൽപാദന കണക്കുകൾ ഇന്നു വരുന്നതു നിർണായകമാകും.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടങ്ങൾക്കു ശേഷം താഴ്ന്ന് അവസാനിച്ചു. ഉയർന്ന നിലവാരത്തിൽ വിൽപന സമ്മർദം വർധിച്ചതാണു കാരണം. ഇൻട്രാഡേയിൽ സൂചികകൾ റെക്കോർഡ് തിരുത്തുകയും ചെയ്തു. സെൻസെക്സ് 85,978.25 ഉം നിഫ്റ്റി 26,277.35 ഉം വരെ കയറി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേരിയ താഴ്ചയിൽ അവസാനിച്ചു.

വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 1209.10 കോടി രൂപയുടെ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6886.65 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശികൾ ഓഹരികളിൽ 283 കോടി ഡോളർ നിക്ഷേപിച്ചു. സെപ്റ്റംബറിൽ ഇതുവരെ 684 കോടി ഡോളറും (57,539 കോടി രൂപ). കഴിഞ്ഞ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.

വെള്ളിയാഴ്ച എൻഎസ്ഇയിൽ 1420 ഓഹരികൾ ഉയർന്നപ്പോൾ 1391 ഓഹരികൾ താണു. ബിഎസ്ഇയിൽ 1932 എണ്ണം കയറി, 2017 എണ്ണം താഴ്ന്നു.

വെള്ളിയാഴ്ച സെൻസെക്സ് 264.27 പാേയിൻ്റ് (0.31%) താഴ്ന്ന് 85,571.85 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 37.10 പോയിൻ്റ് (0.14%) കുറഞ്ഞ് 26,178.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി ഒരു ശതമാനം (541.05 പോയിൻ്റ്) നഷ്ടത്തോടെ 53,834.30 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.15 ശതമാനം താഴ്ന്ന് 60,381.15 ലും സ്മോൾ ക്യാപ് സൂചിക 0.10% കുറഞ്ഞ് 19,242.00 ലും വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ, മെറ്റൽ, പൊതുമേഖലാ ബാങ്ക്, , ഐടി, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളാണ് കയറ്റത്തിനു മുന്നിൽ നിന്നത്. ബാങ്ക്, എഫ്എംസിജി, ധനകാര്യ സേവന, റിയൽറ്റി, മീഡിയ 6 മേഖലകൾ ഇടിഞ്ഞു.

വിപണിയുടെ ബുള്ളിഷ് മനോഭാവം തുടരുകയാണ്. നിഫ്റ്റി 26,000 നു മുകളിൽ തുടരുന്നിടത്തോളം 26,300-26,500 മേഖല ലക്ഷ്യം വച്ചു നീക്കങ്ങൾ നടക്കും. താഴ്ന്നാൽ 25,800- 26,000 ശക്തമായ പിന്തുണ നിലവാരമാണ്.

ഇന്നു നിഫ്റ്റിക്ക് 26,150 ലും 26,125 ലും പിന്തുണ ഉണ്ട്. 26,250 ഉം 26,280 ഉം തടസങ്ങളാകും.

സ്വർണം ചാഞ്ചാടുന്നു

വാരാന്ത്യത്തിൽ ലാഭമെടുക്കലുകാർ സ്വർണത്തെ അൽപം താഴ്ത്തി. എന്നാൽ ഇന്നു രാവിലെ മഞ്ഞലോഹം കയറിയിറങ്ങി. വെള്ളിയാഴ്ച ഔൺസിന് 2658.90 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2666 വരെ കയറിയിട്ട് 2659 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച 320 രൂപകൂടി പവന് 56,800 രൂപ എന്ന റെക്കോർഡിൽ എത്തി. ശനിയാഴ്ച 40 രൂപ കുറഞ്ഞ് 56,760 രൂപ ആയി.

വെള്ളിവില അൽപം താണ് ഔൺസിന് 31.66 ഡോളർ ആയി.

ഡോളർ വീണ്ടും താഴ്ന്നു. വെള്ളിയാഴ്ച ഡോളർ സൂചിക 100.38 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.40 ലേക്കു കയറി.

ഇന്ത്യൻ രൂപ വീണ്ടും ദുർബലമായി. വെള്ളിയാഴ്ച ഡോളർ ആറു പെെസ കയറി 83.70 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ അൽപം കയറി. ബ്രെൻ്റ് ഇനം 72.31 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.56 ഡോളർ ആയി ഉയർന്നു. ഡബ്ല്യുടിഐ ഇനം 68.39 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.00 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വാരാന്ത്യത്തിൽ ഗണ്യമായി കയറിയിട്ട് ഇന്നു രാവിലെ താഴ്ചയിലായി. ബിറ്റ്കോയിൻ 66,000 ഡോളറിനു മുകളിലായിട്ട് ഇന്നു രാവിലെ 65,500ലേക്കു വന്നു.. ഈഥർ 2720 ഡോളർ വരെ കയറിയിട്ട് ഇന്ന് 2655 ലായി.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.99 ശതമാനം താഴ്ന്നു ടണ്ണിന് 9846.36 ഡോളറിൽ എത്തി. അലൂമിനിയം 1.35 ശതമാനം നേട്ടത്തോടെ ടണ്ണിന് 2646.67 ഡോളർ ആയി. സിങ്ക് 0.23 ഉം ടിൻ 0.10 ഉം നിക്കൽ 0.62 ഉം ശതമാനം ഉയർന്നു. ലെഡ് 1.10 ശതമാനം താണു.

വിപണിസൂചനകൾ.

(2024 സെപ്റ്റംബർ 27, വെള്ളി)

സെൻസെക്സ് 30 85,571.85 -0.31%

നിഫ്റ്റി50 26,178.95 -0.14%

ബാങ്ക് നിഫ്റ്റി 53,834.30 -1.00%

മിഡ് ക്യാപ് 100 60,381.15 -0.15%

സ്മോൾ ക്യാപ് 100 19,242.00 -0.10%

ഡൗ ജോൺസ് 30 42,313.00

+0.62%

എസ് ആൻഡ് പി 500 5738.17 -0.13%

നാസ്ഡാക് 18,119.59 -0.39%

ഡോളർ($) ₹83.70 +₹0.06

ഡോളർ സൂചിക 100.38 -0.14

സ്വർണം (ഔൺസ്) $2658.90 -$15.60

സ്വർണം (പവൻ) ₹56,800 +₹320

(ശനി 56760 -₹40)

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.31 +$00.71

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it