

രാഷ്ട്രപതിയുടെ പ്രസംഗത്തിലും സാമ്പത്തിക സർവേയിലും ഇടത്തരക്കാർ എന്നു നിരവധി തവണ പറഞ്ഞതിൻ്റെ ആവേശത്തിലായിരുന്നു ഇന്നലെ ഇന്ത്യൻ വിപണി. ഇടത്തരക്കാർക്കു നികുതിയിളവും മറ്റും ഉണ്ടാകുമെന്നു വിപണി കണക്കാക്കി. ലക്ഷ്മി ദേവി ദരിദ്രരെ അനുഗ്രഹിക്കട്ടെ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും വിപണിയെ സന്തോഷിപ്പിച്ചു. അതുകൊണ്ടു തന്നെ വളർച്ചയിലെ തളർച്ച അടക്കമുള്ള വിഷയങ്ങൾ വിപണി തട്ടിനീക്കി. മുഖ്യ സൂചികകൾ ഒരു ശതമാനവും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനവും കുതിച്ചു.
ഇന്നു 11 നു നിർമല സീതാരാമൻ തൻ്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിപണിയുടെ പ്രതീക്ഷകൾ എത്ര മാത്രം ശരിയായി എന്ന് അറിയാം. വിപണി സമീപകാല ഇടിവ് തുടർന്ന് തിരുത്തൽ മേഖലയിലേക്കു വീഴുമോ എന്നു പലരും സംശയിക്കുന്നു. തുടർച്ചയായി നാലു ദിവസം വിപണി കയറിയെങ്കിലും തുടർച്ചയായ നാലു മാസം നിഫ്റ്റി നഷ്ടത്തിലാണ് അവസാനിച്ചത് എന്നതു മറക്കാനാവില്ല. കഴിഞ്ഞ ജൂലൈയിലെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഉള്ള നിലയിൽ നിന്നു 2900 പോയിൻ്റ് താഴെയാണു സെൻസെക്സ് എന്നതും ഓർക്കണം.
ഇന്നലെ യുഎസ് വിപണി നഷ്ടത്തിലായി. ട്രംപിൻ്റെ ചുങ്കം ചുമത്തലിൻ്റെ ഒന്നാം ഘട്ടം ഇന്നു തുടങ്ങുന്നതാണു തകർച്ചയ്ക്കു കാരണം. ചുങ്കം വിഷയം വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയെയും ഉലയ്ക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,533ൽ ക്ലോസ് ചെയ്തു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അനിശ്ചിതത്വങ്ങൾക്കു നടുവിൽ യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. സ്റ്റോക്സ് 600 സൂചിക ജനുവരിയിൽ ആറു ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്.
യുഎസ് വിപണി ഇന്നലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തിലേക്കു വീണു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുങ്കം ചുമത്തൽ ഇന്നു തുടങ്ങും എന്ന് അറിയിച്ചതാണു താഴ്ചയ്ക്കു കാരണം. കാനഡയിലും മെക്സിക്കോയിലും നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 10 ശതമാനവും ചുങ്കമാണു ചുമത്തുന്നത്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 337.47 പോയിൻ്റ് (0.38%) ഇടിഞ്ഞ് 44,544.66 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 30.64 പോയിൻ്റ് (0.50%) നഷ്ടത്തോടെ 6040.53 ലും നാസ്ഡാക് സൂചിക 54.31 പോയിൻ്റ് (0.28%) താഴ്ന്ന് 19,627.44 ലും ക്ലോസ് ചെയ്തു.യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.543 ശതമാനത്തിലേക്കു കയറി.
അനിശ്ചിതത്വങ്ങൾ തുടരുകയാണെങ്കിലും ഇന്നലെ ഇന്ത്യൻ വിപണി മികച്ച കുതിപ്പ് നടത്തി. ഇന്നു വരാനിരിക്കുന്ന ബജറ്റ് വളർച്ചയെ ഉത്തേജിപ്പിക്കാനും ഇടത്തരക്കാർക്ക് ആശ്വാസം പകരാനുമുള്ള നടപടികൾ പ്രഖ്യാപിക്കും എന്നാണു വിപണിയിലെ സംസാരം. ഇന്നലെ പുറത്തുവിട്ട സാമ്പത്തിക സർവേയിലെ ദുസ്സൂചനകൾ വിപണി കണ്ടതായി നടിച്ചില്ല.എല്ലാ വ്യവസായമേഖലകളും ഇന്നലെ ഉയർന്നു. എഫ്എംസിജിയും കൺസ്യൂമർ ഡ്യൂറബിൾസും വാഹനങ്ങളും റിയൽറ്റിയും ഓയിൽ - ഗ്യാസും നേട്ടത്തിനു മുന്നിൽ നിന്നു.
വെള്ളിയാഴ്ച നിഫ്റ്റി 258.90 പോയിൻ്റ് (1.11%) കുതിച്ച് 23,508.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 740.76 പോയിൻ്റ് (0.97%) കയറി 77,500.57 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 275.25 പോയിൻ്റ് (0.56%) ഉയർന്നു 49,587.20 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.89 ശതമാനം (997.95 പോയിൻ്റ്) നേട്ടവുമായി 53,712.20 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 2.11 ശതമാനം (350 പോയിൻ്റ്) കുതിച്ച് 16,910.50 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1188.99 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2232. 22 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2664 ഓഹരികൾ ഉയർന്നപ്പോൾ 1275 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 230 എണ്ണം ഉയർന്നു, താഴ്ന്നത് 711 എണ്ണം.
വിപണി നാലാം ദിവസവും കയറി ബുള്ളുകളുടെ മേധാവിത്വം ഉറപ്പിച്ചു. എന്നാൽ ബജറ്റ് കഴിഞ്ഞ ശേഷമേ മുന്നേറ്റത്തിൻ്റെ തുടർച്ചയെപ്പറ്റി പറയാനാകൂ.
നിഫ്റ്റിക്ക് ഇന്ന് 23,340 ലും 23,275 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,550 ഉം 23,610 ഉം തടസങ്ങൾ ആകാം.
ആരതി ഇൻഡസ്ട്രീസ്, അനന്ത് രാജ്, വിനതി ഓർഗാനിക്സ്, ജയപ്രകാശ് പവർ, ജിആർ ഇൻഫ്രാ തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.
ഒഎൻജിസിയുടെ മൂന്നാം പാദ വരുമാനം 0.5 ശതമാനം കുറഞ്ഞപ്പോൾ ലാഭം 31.2 ശതമാനം ഇടിഞ്ഞു.
സൺ ഫാർമസ്യൂട്ടിക്കൽസിന് വരുമാനം 10.5 ശതമാനം വർധിച്ചപ്പോൾ ലാഭം 15 ശതമാനം കൂടി.
ഇൻഡസ് ഇൻഡ് ബാങ്കിന് അറ്റ പലിശ വരുമാനം 1.3 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 39 ശതമാനം ഇടിഞ്ഞു. വകയിരുത്തൽ ഇരട്ടിയോളമായി. നിഷ്ക്രിയ ആസ്തി വർധിച്ചു.
അറ്റ പലിശ വരുമാനം 12.1 ശതമാനം കൂടിയെങ്കിലും ബന്ധൻ ബാങ്കിൻ്റെ അറ്റാദായം 41.8 ശതമാനം ഇടിഞ്ഞു. വകയിരുത്തൽ ഇരട്ടിയിലധികമായി. നിഷ്ക്രിയ ആസ്തി വർധിച്ചില്ല.
പലിശ വരുമാനം അഞ്ചു ശതമാനം കുറഞ്ഞെങ്കിലുംഎൽഐസി ഹൗസിംഗ് ഫിനാൻസിൻ്റെ ലാഭം 23 ശതമാനം വർധിച്ചു.
വിശാൽ മെഗാ മാർട്ടിൻ്റെ വരുമാനം 19.5 ഉം ലാഭം 28 ഉം ശതമാനം വർധിച്ചു.
അറ്റ പലിശ വരുമാനം 22.2 ശതമാനം കൂടിയെങ്കിലും പൂനാവാല ഫിൻകോർപിൻ്റെ അറ്റാദായം 92.9 ശതമാനം ഇടിഞ്ഞു. ആസ്തികളിലെ നഷ്ടം കുത്തനേ കൂടി.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ വരുമാനം 10 ശതമാനം കൂടിയപ്പോൾ അറ്റാദായം 68.3 ശതമാനം ഇടിഞ്ഞു.
അടുത്ത ധനകാര്യ വർഷവും രാജ്യത്തെ സാമ്പത്തികവളർച്ച മെച്ചപ്പെടുകയില്ല എന്നാണു ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ നൽകുന്ന മുന്നറിയിപ്പ്.മാർച്ച് 31 ന് അവസാനിക്കുന്ന വർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) 6.4 ശതമാനം വളരും. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന വർഷം വളർച്ച 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലാകും വളർച്ച എന്നു സർവേ പറയുന്നു. ചുരുക്കം - ഇക്കൊല്ലത്തേതിലും കൂടുതൽ ആകില്ല അടുത്ത വർഷത്തെ വളർച്ച. ജിഡിപി വളർച്ച ജനങ്ങൾക്കു വരുമാനവും തൊഴിലും ആയാണ് അനുഭവപ്പെടുക. വളർച്ചനിരക്ക് കൂടുന്നില്ല എന്നു വന്നാൽ തൊഴിലും വരുമാനവും കൂടുകയില്ല എന്നർഥം.വിലക്കയറ്റവും സാവധാനമേ കുറയൂ എന്നാണു സർവേ പറയുന്നത്. ഈ വർഷം ഏപ്രിൽ- ഡിസംബർ കാലത്തു ചില്ലറ വിലക്കയറ്റം 4.9 ശതമാനമായിരുന്നു. അടുത്ത വർഷം മാർച്ച് ആകുമ്പോഴേക്ക് വിലക്കയറ്റം നാലു ശതമാനമാകും എന്നാണ് പ്രതീക്ഷ.ഉൽപന്ന കയറ്റുമതിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. എന്നാൽ സേവനമേഖലയിലെ കയറ്റുമതി മികച്ചതായി. ഏപ്രിൽ - ഡിസംബറിൽ സേവന കയറ്റുമതി 12.8 ശതമാനം വർധിച്ചു. സേവനങ്ങളും ഉൽപനങ്ങളും ചേർന്നു മൊത്തം കയറ്റുമതിയിൽ വർധന ആറു ശതമാനം മാത്രമാണ്.ഈ ധനകാര്യ വർഷം കാർഷിക വളർച്ച 3.8 ശതമാനം മാത്രമാണ്. വ്യവസായ വളർച്ച 6.2 ശതമാനം പ്രതീക്ഷിക്കുന്നു. സർക്കാർ നയപരമായ മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകതയാണ് സർവേയിൽ വെളിപ്പെടുന്നത്. ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിച്ചു വളർച്ചയും ജനക്ഷേമവും കൂട്ടുന്ന നയസമീപനമല്ല ഇപ്പോൾ കേന്ദ്ര സർക്കാരിൻ്റേത്. മറിച്ചു സർക്കാരും സ്വകാര്യമേഖലയും കൂടി മൂലധന നിക്ഷേപം നടത്തി അതുവഴി വളർച്ചയും ജനങ്ങളുടെ വരുമാനവും കൂട്ടുക എന്നതാണു നിലവിലെ കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട്. അതു ഫലിക്കുന്നില്ല എന്നു വളർച്ചയിലെ തുടർച്ചയായ തളർച്ച കാണിക്കുന്നു.
പ്രസിഡൻ്റ് ട്രംപിൻ്റെ ചുങ്കം ചുമത്തൽ ഇന്ന് ആരംഭിക്കാനിരിക്കെ ആശങ്കകൾ സ്വർണത്തെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ഫെബ്രുവരി അവധി വില ഔൺസിന് 2850 ഡോളർ കടന്നു. സ്പോട്ട് വില 2800 ഡോളറിനു മുകളിലായി.
വെള്ളിയാഴ്ച സ്വർണം ഔൺസിന് 3.90 ഡോളർ കയറി 2801.20 ഡോളറിൽ ക്ലോസ് ചെയ്തു.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 960 രൂപ വർധിച്ച് 61,840 രൂപ എന്ന റെക്കോർഡ് കുറിച്ചു.
വെള്ളിവില അൽപം താഴ്ന്ന് ഔൺസിന് 31.28 ഡോളറിൽ എത്തി.
ഡോളർ സൂചിക ഇന്നലെ കുതിച്ച് 108 108.50 ൽ ക്ലോസ് ചെയ്തു. ഇന്നു വിദേശനാണ്യ വിപണി അവധിയായതിനാൽ ഡോളർ കയറ്റത്തിൻ്റെ ആഘാതം തിങ്കളാഴ്ചയേ അറിയൂ.രൂപ ഇന്നലെ നാമമാത്രമായി കയറി. ഡോളർ രണ്ടു പൈസ താഴ്ന്ന് 86.61 രൂപയിൽ അവസാനിച്ചു.
ആദ്യത്തെ ചുങ്കം നടപടികളിൽ നിന്നു ക്രൂഡ് ഓയിൽ ഒഴിവാക്കും എന്ന പ്രസിഡൻ്റ് ട്രംപിൻ്റെ നിലപാട് ഇന്നലെ ക്രൂഡ് ഓയിൽ വില അൽപം കുറച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.76 ഡോളറിൽ ക്ലാേസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 72.53 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 78.94 ഡോളറിലും നിൽക്കുന്നു. ക്രിപ്റ്റോകൾ ചാഞ്ചാടുന്നുക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാട്ടത്തിലായി. ബിറ്റ് കോയിൻ 1,02,100 ഡോളറിലേക്കു താഴ്ന്നു. ഈഥർ വില 3280 ഡോളറിനു മുകളിലേക്കു കയറി. ട്രംപിൻ്റെ ചുങ്കം നടപ്പാക്കലിനെ തുടർന്നു വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്നു. ചെമ്പ് 0.89 ശതമാനം കുറഞ്ഞ് ടണ്ണിന് 8928.47 ഡോളറിലെത്തി. അലൂമിനിയം 1.28 ശതമാനം ഇടിഞ്ഞ് 2592.63 ഡോളർ ആയി. ടിൻ 0.58 ഉം ലെഡ് 0.77 ഉം സിങ്ക് 1.14 ഉം നിക്കൽ 1.04 ഉം ശതമാനം താഴ്ന്നു.
(2024 ജനുവരി 31, വെള്ളി)
സെൻസെക്സ് 30 77,500.57 +0.97%
നിഫ്റ്റി50 23,508.40 +1.11%
ബാങ്ക് നിഫ്റ്റി 49,587.20 +0.56%
മിഡ് ക്യാപ് 100 53,712.20 +1.89%
സ്മോൾ ക്യാപ് 100 16,910.50 +2.11%
ഡൗ ജോൺസ് 44,544. 66 -0.75%
എസ് ആൻഡ് പി 6040.53 -0.50%
നാസ്ഡാക് 19,627.44 -0.2 S%
ഡോളർ($) ₹86.61 -₹0.02
ഡോളർ സൂചിക 108.50 +0.31
സ്വർണം (ഔൺസ്) $2801.20 +$03.90
സ്വർണം(പവൻ) ₹61,840 +₹ 960.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.7 -$00.26
Read DhanamOnline in English
Subscribe to Dhanam Magazine