വിപണിക്ക് ട്രംപിൻ്റെ ഇരുട്ടടി; കയറ്റുമതി മേഖലകൾ വിഷമത്തിലാകും; ചർച്ച തുടരുന്നെന്ന് ഇന്ത്യ; പാക്കിസ്ഥാനുമായി പെട്രോളിയം സഹകരണത്തിനും ട്രംപ് നീക്കം

ഡോളർ ഉയരുന്നു, യൂറോ താഴുന്നു; സ്വർണം ഇടിഞ്ഞു; ക്രൂഡ് ഓയിൽ കയറ്റത്തിൽ; ദിശ കാണാതെ ഇന്ത്യൻ വിപണി
Morning business news
Morning business newsCanva
Published on

ഇന്ത്യക്ക് 25 ശതമാനം ചുങ്കവും പുറമേ പിഴച്ചുങ്കവും പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നടപടിയുടെ നിഴലിലാണ് ഇന്നു വിപണി തുറക്കുന്നത്. ഇത്ര വലിയ ആഘാതം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ കയറ്റുമതിയിൽ 18 ശതമാനം നേരിട്ട് പോകുന്നത് അമേരിക്കയിലേക്കാണ്. വേറൊരു നാലഞ്ചു ശതമാനം മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങി പരിഷ്കരിച്ചും റീപായ്ക്ക് ചെയ്തും അമേരിക്കയിലേക്ക് അയയ്ക്കുന്നു. ഇത്രയും വലിയ വിപണിയിലേക്കു കയറ്റുമതി അസാധ്യമാക്കുന്ന തരത്തിലാണു ട്രംപിൻ്റെ നടപടി.

പാക്കിസ്ഥാനുമായി വലിയ പെട്രോളിയം ഖനന സഹകരണം ഇന്നു രാവിലെ ട്രംപ് പ്രഖ്യാപിച്ചതും ഇന്ത്യക്ക് ആഘാതമാണ്.

വ്യാപാര കാര്യത്തിൽ ഇന്ത്യ അമേരിക്കയുമായി ചർച്ച തുടരുകയാണ്. ഏതാനും മണിക്കൂറുകൾക്കുളളിൽ എന്തെങ്കിലും ധാരണ ഉണ്ടായില്ലെങ്കിൽ നാളെ മുതൽ യുഎസിലേക്കുള്ള കയറ്റുമതി നിലയ്ക്കാം. 

എൻജിനിയറിംഗ് ഉൽപന്നങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, ടെക്സ്റ്റെെൽസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, രത്നങ്ങളും ആഭരണങ്ങളും, കാർഷികോൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, തുകലുൽപന്നങ്ങൾ തുടങ്ങിയവയുടെ ഏറ്റവും വലിയ കയറ്റുമതിലക്ഷ്യം അമേരിക്കയാണ്. അവ തടസപ്പെടുന്നതു വലിയ നഷ്ടം വരുത്തും.

ഇന്ത്യ റഷ്യയിൽ നിന്ന് ആയുധങ്ങളും ഇന്ധനവും വാങ്ങുന്നത് നിർത്തണം എന്നാണു ട്രംപ് ആവശ്യപ്പെടുന്നത്. കൃഷി, ക്ഷീര മേഖലകളിൽ യുഎസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുക, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ജനിതകമാറ്റം വരുത്തിയ ഉൽപന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുക, ടെക്‌നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റുക തുടങ്ങിയവയാണ് ട്രംപിൻ്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല.

ഇന്നു ഗവണ്മെൻ്റിൽ നിന്ന് പ്രതീക്ഷയ്ക്കു വകയുള്ള എന്തെങ്കിലും പ്രഖ്യാപനം വിപണി സ്വപ്നം കാണുന്നുണ്ട്. അതുണ്ടായില്ലെങ്കിൽ വിപണി വലിയ ഇടിവിലാകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,655.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  24,711 ൽ ഓപ്പൺ ചെയ്തെങ്കിലും താമസിയാതെ 24,650 ലേക്കു താഴ്ന്നു. പിന്നീട് 24,675 ആയി.  ഇന്ത്യൻവിപണി ഇന്നു വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്നദിശകളിൽ ക്ലോസ് ചെയ്തു. യൂറോ സോൺ ജിഡിപി രണ്ടാം പാദത്തിൽ 0.1 ശതമാനം വളർന്നു എന്ന അറിയിപ്പ് വിപണിക്ക് ആശ്വാസമായി. വളർച്ച ഉണ്ടാകില്ലെന്നായിരുന്നു നിഗമനം ഒന്നാം പാദ വളർച്ച 0.6 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം കുത്തനേ ഇടിഞ്ഞ നോവാേ നോർഡിസ്ക് കൂടുതൽ താഴ്ന്നു. ബാങ്ക് ഭീമൻ എച്ച്എസ്ബിസി  റിസൽട്ട് പ്രതീക്ഷയിലും താഴെയായി. ബാങ്ക് 300 കോടി ഡോളറിൻ്റെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചു. അഡിഡാസ്, പോർഷെ, ല് ഓറിയൽ' ബിഎഎസ്എഫ് തുടങ്ങിയ കമ്പനികൾ വ്യാപാരയുദ്ധം നഷ്ടം വരുത്തുമെന്ന മുന്നറിയിപ്പ് നൽകി.

അമേരിക്കൻ വിപണിയും ബുധനാഴ്ച ഭിന്നദിശകളിലായി. രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു ഫെഡറൽ റിസർവ് തീരുമാനത്തെ തുടർന്നു വിപണി താഴ്ന്നു. എന്നാൽ ടെക്നോളജി മേഖലയുടെ കരുത്തിൽ നാസ്ഡാക് ഉയർന്നു ക്ലോസ് ചെയ്തു. 

പ്രസിഡൻ്റ് ട്രംപിൻ്റെ സമ്മർദം തുടർന്നിട്ടും ഫെഡ് പലിശ നിരക്ക് കുറച്ചില്ല. വിലക്കയറ്റ സാധ്യത ശക്തമാണെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. സെപ്റ്റംബറിൽ കുറയ്ക്കുന്ന കാര്യം അന്നേ പറയാനാകൂ എന്നാണു പവൽ പറഞ്ഞത്. ഫെഡ് കമ്മിറ്റിയിൽ രണ്ടു പേർ നിരക്കു കുറയ്ക്കാൻ വാദിച്ചു.

ജൂണിൽ അവസാനിച്ച പാദത്തിൽ യുഎസ് ജിഡിപി മൂന്നു ശതമാനം വളർന്നതു വിപണിക്ക് ആശ്വാസമായി. 2.3 - 2.4 ശതമാനമായിരുന്നു വിദഗ്ധനിഗമനം. ഒന്നാം പാദത്തിൽ ജിഡിപി 0.5% ചുരുങ്ങിയതാണ്. തീരുവപ്പേടി മൂലം രണ്ടാം പാദത്തിൽ യുഎസ് ഇറക്കുമതി 30.3 ശതമാനം കുറഞ്ഞതു ജിഡിപി വളരാൻ സഹായിച്ചു. ആദ്യപാദത്തിൽ ഇറക്കുമതി 37.9% കുതിച്ചതാണ്. ജനങ്ങളുടെ ഉപഭാേഗവളർച്ച കേവലം 1.4 ശതമാനം മാത്രമാണ്.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 171.71 പോയിൻ്റ് (0.38%) താഴ്ന്നു 44,461.28 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 7.96 പോയിൻ്റ് (0.12%) കുറഞ്ഞ 6362. 90 ൽ  അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 31.38 പോയിൻ്റ് (0.15%) നേട്ടത്തോടെ 21,129.67 ൽ ക്ലോസ് ചെയ്തു. 

വ്യാപാരസമയത്തിനു ശേഷം ടെക്നോളജി ഭീമന്മാർ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടത് ഫ്യൂച്ചേഴ്സിനെ നല്ല നേട്ടത്തിലാക്കി. ഡൗ 0.22 ഉം എസ് ആൻഡ് പി 0.84 ഉം  നാസ്ഡാക് 1.23 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. മാർക്ക് സക്കർബർഗിൻ്റെ മെറ്റാ പ്ലാറ്റ്ഫോംസ് വരുമാനത്തിലും അറ്റാദായത്തിലും വിദഗ്ധനിഗമനങ്ങളെ മറികടന്നു. വ്യാപാരസമയത്തിനു ശേഷം ഓഹരി 11 ശതമാനം കയറി.വരുമാനത്തിൽ 18 ശതമാനം വളർച്ച നേടിയ മൈക്രോസോഫ്റ്റ് പ്രവർത്തനലാഭമാർജിൻ 46.6 ശതമാനമാക്കി. അറ്റാദായവും ഗണ്യമായി കൂടി. ഓഹരി വ്യാപാര സമയത്തിനു ശേഷം ഒൻപതു ശതമാനം കുതിച്ചു. ഇന്നു വ്യാപാരത്തിൽ നേട്ടം നിലനിർത്തിയാൽ നാലു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യം ഉള്ള രണ്ടാമത്തെ കമ്പനിയാകും. ആദ്യത്തേത് എൻവിഡിയ.ഇന്ത്യക്ക് ചുങ്കം 25 ശതമാനവും പിഴച്ചുങ്കവും പ്രഖ്യാപിച്ച ട്രംപ് ദക്ഷിണകൊറിയയുടെ ചുങ്കം 25 ൽ നിന്ന് 15 ശതമാനമായി കുറച്ചു.ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ്, ദക്ഷിണ കൊറിയൻ വിപണികൾ 0.75 ശതമാനം ഉയർന്നു.  ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ചയിലാണ്. 

ദിശ കാണാതെ ഇന്ത്യൻ വിപണി

വ്യാപാരകരാറിലെ അനിശ്ചിതത്വവും ആശങ്കയും ഇന്നലെ ഇന്ത്യൻ വിപണിയെ ബാധിച്ചു. ഏതു ദിശയിൽ നീങ്ങണം എന്നറിയാതെ ആയിരുന്നു വ്യാപാരം. മുഖ്യസൂചികകൾ നാമമാത്ര നേട്ടം ഉണ്ടാക്കിയെങ്കിലും പ്രധാനവ്യവസായ മേഖലകൾ താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇടിവിലായി.

നിഫ്റ്റി ബുധനാഴ്ച 33.95 പോയിൻ്റ് (0.14%) ഉയർന്ന് 24,855.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 143.91 പോയിൻ്റ് (0.18%) നേട്ടത്തോടെ 81,481.86 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 71.30 പോയിൻ്റ് (0.13%) കുറഞ്ഞ് 56,150.70 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 42.60 പോയിൻ്റ് (0.07%) താഴ്ന്ന് 57,942.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 94.60 പോയിൻ്റ് (0.52%) കുറഞ്ഞ് 18,156.85 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ  ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1992 ഓഹരികൾ ഉയർന്നപ്പോൾ 2023 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് 1507 എണ്ണം. താഴ്ന്നത് 1463 ഓഹരികൾ.

എൻഎസ്ഇയിൽ 85 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 35 എണ്ണമാണ്. 94 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 26 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 850.04 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1829.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വിപണി കരടികളുടെ പിടിയിലേക്കു വീഴും എന്ന ആശങ്കയോടെയാണ് ഇന്നു വ്യാപാരം തുടങ്ങുന്നത്. നിഫ്റ്റിയുടെ പിന്തുണനിലവാരം 24,650 - 24,600 ലേക്കു താഴ്ന്നു. ഇന്നു നിഫ്റ്റിക്ക് 24,795 ഉം 24,710 ഉം പിന്തുണയാകും. 24,895 ലും 24,975 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഹിന്ദുസ്ഥാൻ യൂണിലീവർ, മാരുതി സുസുകി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, അദാനി എൻ്റർ പ്രൈസസ്, പിബി ഫിൻടെക്, ടിവിഎസ് മോട്ടോർ, ഡാബർ  തുടങ്ങിയ കമ്പനികൾ ഇന്നു റിസൽട്ട് പുറത്തുവിടും.

ടാറ്റാ സ്റ്റീലിൻ്റെ ഒന്നാം പാദ ലാഭം ഇരട്ടിയിലേറെയായി. ഹ്യുണ്ടായി മോട്ടോറിന് ഒന്നാംപാദ വിൽപന കുറവായതു മൂലം ലാഭം എട്ടു ശതമാനം താഴ്ന്നു. വ്യോമനിയന്ത്രണങ്ങളും യുദ്ധസാഹചര്യവും ഇൻഡിഗോയുടെ ഒന്നാം പാദ ലാഭം 20 ശതമാനം കുറച്ചു. 

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഒന്നാം പാദവിൽപന 22.76 ശതമാനം കൂടിയപ്പോൾ അറ്റാദായം 24 ശതമാനം വർധിച്ചു. എംപി ബിർല ഗ്രൂപ്പിലെ സിമൻ്റ് കമ്പനി ബിർല കോർപറേഷൻ വിറ്റുവരവ് 12 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 267 ശതമാനം കൂടി.

സ്വർണം ഇടിഞ്ഞു

യുഎസ് ഫെഡ് പലിശ കുറയ്ക്കാത്തതും തീരുവക്കാര്യങ്ങളിൽ യുഎസ് കാർക്കശ്യം കാണിച്ചതും ഡോളറിൻ്റെ കുതിപ്പും ഇന്നലെ സ്വർണത്തെ 3300 ഡോളറിൻ്റെ പിന്തുണയ്ക്കു താഴേക്കു വീഴ്ത്തി. ഔൺസിന് 51 ഡോളർ ഇടിഞ്ഞ് 3276.30 ഡോളറിലാണു സ്വർണം ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 3287 ഡോളറിലേക്കു കയറി.

കേരളത്തിൽ ബുധനാഴ്ച പവൻ വില 480 രൂപ വർധിച്ച് 73,680 രൂപ ആയി. ഡോളർ നിരക്ക് കൂടിയതാണ് ഇന്നലെ ഇന്ത്യയിൽ വില കൂട്ടിയത്. ഡോളർ ഇന്നും കയറ്റം തുടർന്നാൽ വിദേശത്തെ ഇടിവിൻ്റെ ചെറിയൊരു ഭാഗമേ ഇവിടെ കുറയൂ.

വെള്ളിവില ബുധനാഴ്ച മൂന്നു ശതമാനം താഴ്ന്ന് ഔൺസിന് 37.07 ഡോളറിൽ അവസാനിച്ചു. വെള്ളി ഔൺസിന് 40 ഡോളറിലേക്ക് ഉടൻ എത്തുമെന്നു കരുതിയിരുന്ന ബുള്ളുകൾക്കു വിപണിനീക്കം തിരിച്ചടിയായി.

ചെമ്പിനു കനത്ത ചുങ്കം

അമേരിക്കയിലേക്കുള്ള ചെമ്പിൻ്റെ ഇറക്കുമതിച്ചുങ്കം 50 ശതമാനം ആക്കുന്ന ഉത്തരവിൽ ട്രംപ് ഇന്നലെ ഒപ്പുവച്ചു. ഇത് അമേരിക്കൻ വിപണിയിൽ വലിയ കോളിളക്കം ഉണ്ടാക്കി. അവധിവില 20 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ കാര്യമായ ചലനം ഇന്ന് ഉണ്ടാകാം.

അലൂമിനിയം അടക്കം വ്യാവസായിക ലോഹങ്ങൾ മിക്കതും ബുധനാഴ്ച ഇടിവ് തുടർന്നു. ചെമ്പ് 0.35 ശതമാനം താഴ്ന്നു ടണ്ണിന് 9699 ഡോളറിൽ എത്തി. അലൂമിനിയം 3.52 ശതമാനം ഇടിഞ്ഞ് 2612.19 ഡോളർ ആയി. തലേന്ന് ഉണ്ടാക്കിയ നേട്ടമെല്ലാം ഇന്നലെ നഷ്ടമായി. നിക്കലും ലെഡും താഴ്ന്നപ്പോൾ സിങ്കും ടിന്നും ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.94 ശതമാനം കയറി 171.90 സെൻ്റിൽ എത്തി. കൊക്കോ 0.16 ശതമാനം താഴ്ന്നു ടണ്ണിന് 8207.00 ഡോളർ ആയി. കാപ്പി 1.26 ശതമാനം താഴ്ന്നു. തേയിലയ്ക്കു  മാറ്റമില്ല. പാം ഓയിൽ വില വീണ്ടും 0.02 ശതമാനം ഉയർന്നു.

ഡോളർ ഉയരുന്നു, യൂറോ താഴുന്നു

 യുഎസ് ഡോളർ സൂചിക ഇന്നലെയും ഒരു ശതമാനത്തോളം ഉയർന്നു 99.82 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.79 ലാണ്. 

കറൻസി വിപണിയിൽ യൂറോ 1.143 ഡോളറിലേക്കും പൗണ്ട്  1.325 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 149.27 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.364 ശതമാനത്തിലേക്കു കയറി.

ഡോളർ രാജ്യാന്തര വിപണിയിൽ കയറിയപ്പോൾ രൂപ കുത്തനേ ഇടിഞ്ഞു. ബുധനാഴ്ച രാവിലെ തന്നെ ഡോളർ 87 രൂപ കടന്നു. ഒരിടയ്ക്ക് ഡോളർ 87.80 രൂപവരെ കയറി. 60 പൈസ നേട്ടത്തോടെ 87.42 രൂപയിൽ ആയിരുന്നു ക്ലോസിംഗ്. അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണു രൂപ. ഇന്ത്യക്കു കനത്ത ചുങ്കം ചുമത്തിയത് കയറ്റുമതി കുറച്ച് വ്യാപാര കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും എന്നതാണു രൂപയെ ഇടിച്ചിട്ടത്. റിസർവ് ബാങ്ക് ഇന്നലെയും വിപണിയിൽ ഇടപെട്ടെങ്കിലും രൂപയുടെ വീഴ്ച തടയാനായില്ല. രൂപ ഇന്നു കൂടുതൽ താഴാവുന്ന നിലയാണുള്ളത്.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറ്റത്തിൽ

ക്രൂഡ് ഓയിൽ വിപണി ഇന്നലെയും കുതിച്ചു. ഇറാനു പുതിയ ഉപരോധം ചുമത്താനുള്ള നീക്കമാണു വിലയെ  ഉയർത്തുന്നത്. ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 73.24 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 73.15 ഡോളറിലും ഡബ്ല്യുടിഐ 70.05 ഡോളറിലും  മർബൻ ക്രൂഡ് 76.00 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം കൂടി.

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടി. ബിറ്റ് കോയിൻ താഴ്ന്ന് 1,18, 300 ഡോളറിനു മുകളിലായി. ഈഥർ 3840 ഡോളറിലാണ്. ഈഥർ വലിയ മുന്നേറ്റത്തിനു തക്ക നിലയിലായി എന്നാണു വിപണിയുടെ വിലയിരുത്തൽ.

വിപണിസൂചനകൾ

(2025 ജൂലൈ 30, ബുധൻ)

സെൻസെക്സ്30 81,481.86    +0.18%

നിഫ്റ്റി50       24,855.05         +0.14%

ബാങ്ക് നിഫ്റ്റി   56,150.70     -0.13%

മിഡ് ക്യാപ്100  57,942.25    -0.07%

സ്മോൾക്യാപ്100 18,156.85   -0.52%

ഡൗജോൺസ്  44,461.28   -0.38%

എസ്ആൻഡ്പി  6362.90    -0.12%

നാസ്ഡാക്      21,129.67     +0.15%

ഡോളർ($)     ₹87.42       +₹0.60

സ്വർണം(ഔൺസ്) $3276.30    -$51.00

സ്വർണം(പവൻ)   ₹73,680    +₹480

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $73.24   +$0.73

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com