

പശ്ചിമേഷ്യയിൽ സമാധാന ചർച്ച നടക്കുമ്പോഴും സംഘർഷം വർധിക്കുകയാണ്. ഇന്നലെ 98 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ ഇന്ന് അൽപം താഴ്ന്നു. ഇന്നലെ വലിയ തകർച്ച കണ്ട യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഇന്നും ഇടിവിലാണ്. ഏഷ്യൻ വിപണികൾ ഇന്നു വലിയ നഷ്‌ടത്തിലായി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,332.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,161 വരെ ഇടിഞ്ഞു. നിഫ്റ്റി ഇന്നും വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്നു കേരളത്തിൽ പ്രവേശിച്ചേക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
റിസർവ് ബാങ്കിൻ്റെ പണനയം നാളെ രാവിലെ പ്രഖ്യാപിക്കും.
രാജേഷ് എക്‌സ്പോർട്സ് എന്ന ആഭരണ കയറ്റുമതി കമ്പനിയുടെ കണക്കുകൾ വ്യാജമാണെന്ന സെബി കണ്ടെത്തൽ ഇന്ന് ആ ഓഹരിയുടെ വില ഇടിയാൻ കാരണമാകും. കേരളത്തിൽ യൂണിറ്റ് ഉള്ള കമ്പനിയാണിത്.
ഇറാൻ സംഘർഷത്തിന് പെട്ടെന്നു പരിഹാരം ഇല്ലെന്നും സമാധാനം പ്രഖ്യാപിച്ചാലും ക്രൂഡ് ഓയിൽ വില വേഗം താഴുകയില്ലെന്നും വിപണി കരുതുന്നു. വിലക്കയറ്റം നീണ്ടു നിൽക്കും എന്നാണ് ഇതിനർഥം. ഇന്നലെ യുഎസ് വിപണി ഇടിഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. എസ് ആൻഡ് പി സൂചിക തുടർച്ചയായ ഒൻപതു ദിവസം ഉയർന്ന ശേഷം ഇന്നലെ താഴ്ന്നു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 620.72 പോയിൻ്റ് (1.21%) ഇടിഞ്ഞ് 50,687.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 56.10 പോയിൻ്റ് (0.74%) താഴ്ന്ന് 7553.68 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 239.93 പോയിൻ്റ് (0.89%) നഷ്ടത്തോടെ 26,853.98 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും നഷ്‌ടത്തിലാണ്. എന്നാൽ ഡൗ ജോൺസ് 10 പോയിൻ്റ് (0.02%) ഉയർന്നു. എസ് ആൻഡ് പി 29 പോയിൻ്റും (0.37%) നാസ്ഡാക് 148 പോയിൻ്റും (0.48%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.04 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.83 ശതമാനം കുതിച്ച് 23.98 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 0.87 ശതമാനം കയറിയിട്ട് തുടർ വ്യാപാരത്തിൽ 0.12 ശതമാനം ഉയർന്ന് 25.62 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 4.74 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.16 ശതമാനം കയറി 12.48 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 3.62 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.47 ശതമാനം കയറി 2.14 ഡോളറിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഉയർന്നതും അമേരിക്ക പുതിയ തീരുവ ചുമത്താൻ ഒരുങ്ങുന്നതും ഇന്നലെ യൂറോപ്യൻ ഓഹരികളെ താഴ്ത്തി. ജപ്പാനിലെ നിപ്പോൺ പെയിൻ്റ്സും അമേരിക്കയിലെ ഷെർവിൻ വില്യംസും ചേർന്ന് ആക്സോ നൊബേലിനെ ഏറ്റെടുക്കാൻ നടത്തിയ രണ്ടാമത്തെ ശ്രമവും ഉപേക്ഷിച്ചു. ആക്സോ ഓഹരി 17.2 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.8 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 1.2 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ വിപണി 1.25 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി ഒരു ശതമാനവും ഷാങ്ഹായ് വിപണി 0.50 ശതമാനവും നഷ്ടത്തോടെ വ്യാപാരം തുടങ്ങി.
വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്നലെ കരുത്തോടെ തിരിച്ചു കയറിയെങ്കിലും ഗണ്യമായ നഷ്‌ടത്തിൽ തന്നെ ക്ലോസ് ചെയ്തു. ദിവസത്തിലെ താഴ്‌ന്ന നിലയിൽ നിന്നു സെൻസെക്സ് ആയിരം പോയിൻ്റും നിഫ്റ്റി 300 പോയിൻ്റും തിരിച്ചു കയറിയ ശേഷമാണു സൂചികകൾ അവസാനിച്ചത്. നിർമിതബുദ്ധിയുടെ മുന്നേറ്റം ഐടി സേവന കമ്പനികളുടെ പ്രസക്‌തി ഇല്ലാതാക്കും എന്ന ആശങ്ക ഇന്നലെ ഐടി കമ്പനികളെ വല്ലാതെ ഉലച്ചു. വിദേശനിക്ഷേപകർക്കു കടപ്പത്ര വ്യാപാരത്തിലെ ദീർഘകാല മൂലധനാദായ നികുതി (എൽടിസിജി) യിൽ ഇളവ് പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ ബാങ്കുകൾ ഗണ്യമായി ഉയർന്നതാണു വിപണിയെ വലിയ തകർച്ചയിൽ നിന്നു കയറ്റിയത്. ബാങ്ക് നിഫ്റ്റി താഴ്ന്ന നിലയിൽ നിന്ന് 1250 ലേറെ പോയിൻ്റ് തിരിച്ചുകയറി.
ഐടി ഓഹരി സൂചിക ഇന്നലെ 5.57 ശതമാനം നഷ്‌ടത്തിലായി. ടിസിഎസ് 8.25 ഉം പെർസിസ്റ്റൻ്റ് 7.14 ഉം എൽടി മൈൻഡ് ട്രീ 6.63 ഉം കോഫോർജ് 6.59 ഉം ടെക് മഹീന്ദ്ര 6.45 ഉം ശതമാനം ഇടിഞ്ഞു.
ധനകാര്യ, ഫാർമ, ഹെൽത്ത്, മേഖലകൾ ഉയർന്നു. റിയൽറ്റി,
കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി, മീഡിയ തുടങ്ങിയവ താഴ്ന്നു.
ബുധനാഴ്ച സെൻസെക്‌സ് 303.67 പോയിൻ്റ് (0.41%) താഴ്ന്ന് 74,346.17 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77.95 പോയിൻ്റ് (0.33%) കുറഞ്ഞ് 23,405.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 471.30 പോയിൻ്റ് (0.88%) നേട്ടത്തോടെ 54,185.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 254.80 പോയിൻ്റ് (0.42%) താഴ്ന്ന് 60,687.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 20.25 പോയിൻ്റ് (0.11%) കുറഞ്ഞ് 18,032.05 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ താഴ്ന്നു. ബിഎസ്ഇയിൽ 1758 ഓഹരികൾ കയറി, 2452 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1373 എണ്ണം ഉയർന്നപ്പോൾ 1901 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകർ ഇന്നലെയും വലിയ വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 5616.56 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5740.89 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
സ്വർണ- രത്ന ആഭരണങ്ങൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന രാജേഷ് എക്സ്പോർട്സിൻ്റെ കണക്കുകൾ വ്യാജമെന്ന് സെബി. വിദേശത്തെ ഉപകമ്പനികളിൽ നിന്നാണു കമ്പനിയുടെ വരവിൻ്റെ സിംഹഭാഗവും. പക്ഷേ ഒരു ഉപകമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കിൽ അതു കാണാനില്ല. വേറൊരു ഉപകമ്പനി ഇടപാട് നിഷേധിച്ചു. 2020 മുതൽ 2025 വരെയുള്ള കാലത്ത് 15.15 ലക്ഷം കോടി രൂപ (15,830 കോടി ഡോളർ) യുടെ വ്യാജ വരുമാനം കാണിച്ചു എന്നാണു സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. കമ്പനിയുടെ ചെയർമാൻ രാജേഷ് മേത്തയെ കമ്പനിയുടെ ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സെബി വിലക്കി. വിഷയം ഉചിത നടപടിക്കായി നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അഥോറിറ്റി (എൻഎഫ്ആർഎ) ക്കു സെബി റഫർ ചെയ്തു. കണക്കുകളിൽ കുറ്റപരിശോധനയ്ക്കായി പുതിയ ഫൊറൻസിക് ഓഡിറ്ററെ നിയമിച്ചു. 2024 മാർച്ചിൽ ഒരു ഓഹരിയുടമ നൽകിയ പരാതിയിലാണ് ഈ നടപടി.
കമ്പനിയുടെ ഓഹരി ഇന്നലെ 2.99 ശതമാനം ഉയർന്ന് 109.99 രൂപയിൽ ക്ലോസ് ചെയ്തു. 2026-ൽ 36 ശതമാനം ഇടിഞ്ഞ ഓഹരിയുടെ വില അഞ്ചു വർഷം കൊണ്ട് 80 ശതമാനത്തിലധികം നഷ്‌ടപ്പെടുത്തി.
കഴിഞ്ഞ വർഷം 7.79 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കാണിച്ച കമ്പനി നാമമാത്രമായ 112 കോടി രൂപയുടെ അറ്റാദായമേ ഓഡിറ്റ് ചെയ്യാത്ത കണക്കിൽ കാണിച്ചുള്ളൂ. മുൻ വർഷം 4.43 ലക്ഷം കോടി വരവാണു കാണിച്ചത്.
കൊച്ചി കാക്കനാട് പ്രത്യേക കയറ്റുമതി സംസ്കരണ മേഖലയിൽ കമ്പനിക്കു യൂണിറ്റ് ഉണ്ട്. അവിടെ നിന്നുളള ഏറ്റവും വലിയ കയറ്റുമതി സ്ഥാപനമാണ് രാജേഷ് എക്സ്പോർട്സ്.
ഇല്ലാത്ത വരുമാനത്തിൻ്റെ കണക്കുകളിലൂടെ നിക്ഷേപകരെ പറ്റിച്ച സത്യം കംപ്യൂട്ടർ സർവീസസിൻ്റെ ചതി 2009-ൽ പുറത്തുവന്ന ശേഷം അത്തരത്തിലുളള ആദ്യ സംഭവമാണിത്. രാജ്യത്തെ നാലാമത്തെ വലിയ ഐടി സേവന കമ്പനി ആയി കണക്കുകളിൽ കാണിച്ചിരുന്നതാണു സത്യം. സ്ഥാപകനും ചെയർമാനുമായ ബി. രാമലിംഗ രാജു തന്നെയാണു തട്ടിപ്പ് പുറത്തുവിട്ടത്. പിന്നീട് അന്വേഷണങ്ങൾക്കു ശേഷം സത്യത്തിൻ്റെ ബിസിനസ് ടെക് മഹീന്ദ്രയ്ക്കു കൈമാറി പതിനായിരക്കണക്കിനു പേരുടെ ജോലി രക്ഷിച്ചു. ഓഹരിവില 99 ശതമാനം ഇടിഞ്ഞു. നിക്ഷേപകർക്ക് 200 കോടിയിലേറെ ഡോളർ നഷ്‌ടമായി. കമ്പനിയുടെ ഓഡിറ്ററായിരുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു യുഎസിൽ വലിയ പിഴശിക്ഷ കിട്ടി. രാജുവിനും കമ്പനിയിലെ ഉന്നതർക്കും 2015-ൽ പ്രത്യേക കോടതി ഏഴുവർഷം കഠിനതടവ് വിധിച്ചു.
ഇറാനിലെ സമാധാനസാധ്യത മാറുന്നതിനനുസരിച്ചു സ്വർണവില കയറിയിറങ്ങുകയാണ്.
ബുധനാഴ്ച ഔൺസിനു 4423 ഡോളർ വരെ താഴ്ന്നിട്ട് 53.40 ഡോളർ നഷ്ടത്തോടെ 4435.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4465 ഡോളറിലേക്കു കയറി.
കേരളത്തിൽ ബുധനാഴ്ചയും 22 കാരറ്റ് സ്വർണം വിലമാറ്റമില്ലാതെ പവന് 1,14,560 രൂപയിൽ തുടർന്നു.
വെള്ളിവില താഴ്ന്ന് ഇന്നു രാവിലെ ഔൺസിന് 73.72 ഡോളർ ആയി.
പ്ലാറ്റിനം 1873 ഡോളർ, പല്ലാഡിയം 1295 ഡോളർ, റോഡിയം 7525 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ മിക്കതും ഇന്നലെ താഴ്ന്നു. ചെമ്പ് 0.33 ശതമാനം കുറഞ്ഞ് ടണ്ണിനു 13,920.15 ഡോളർ ആയി. അലൂമിനിയം 0.60 ശതമാനം താഴ്ന്ന് 3727.83 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും നേട്ടം ഉണ്ടാക്കി. നിക്കലും ടിന്നും താഴ്ന്നു.
റബർ വില ഇന്ത്യയിലും രാജ്യാന്തര വിപണിയിലും മുന്നേറുകയാണ്.
ബാങ്കോക്കിൽ ഇന്നലെ അവധിയായിരുന്നു. റബർ അവധിവില 2017 നുംശഷമുള്ള ഏറ്റവും ഉയർന്ന വിലയിലായി. എൽ നിനോ പ്രതിഭാസം റബർ ലഭ്യത കുറയ്ക്കും എന്നാണു സൂചന. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 26,200 രൂപയിലേക്കു കയറി.
കൊക്കോ രാജ്യാന്തര വിപണിയിൽ താഴ്ന്നു. ബുധനാഴ്ച 0.88 ശതമാനം താണു 4037 ഡോളർ ആയി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്.
യുഎസ് ഡോളർ സൂചിക ബുധനാഴ്ച ഉയർന്ന് 99.53 ൽ എത്തി. ഇന്നു രാവിലെ 99.45 വരെ താഴ്ന്നു.
യൂറോ 1.161 ഡോളറിലേക്കും പൗണ്ട് 1.3425 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160 യെൻ എന്ന നിലയിലേക്ക് ഇടിഞ്ഞ ശേഷം 159.87ലായി ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.479 ശതമാനമായി കയറി.
ബുധനാഴ്ചയും രൂപ ദുർബലമായി. 44 പൈസ നഷ്ടപ്പെട്ടു. ഡോളർ 95.71 രൂപയിൽ അവസാനിച്ചു. റിസർവ് ബാങ്ക് കഴിഞ്ഞ മാസം സ്വർണം വിറ്റെന്ന റിപ്പോർട്ട് ബാങ്കും ഗവണ്മെൻ്റും നിഷേധിച്ചു. ഡോളർ വരവ് കൂട്ടാനുള്ള ചില നടപടികൾ റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷ വിപണിയിലുണ്ട്.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.81 രൂപയിൽ എത്തി. ചൈനീസ് യുവാൻ 14.14 രൂപയിലേക്കും യൂറോ 110.11 രൂപയിലേക്കും കയറി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 98 ഡോളറിലേക്കു കയറി. എങ്കിലും ഇന്നു രാവിലെ വില ഒരു ശതമാനം താഴ്ന്ന് വീപ്പയ്ക്ക് 96.70 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 95.03 ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോ കറൻസികൾ താഴുകയാണ്. ക്രിപ്റ്റോ ട്രഷറി കമ്പനിയായ സ്ട്രാറ്റജി കൂടുതൽ ബിറ്റ്കോയിനുകൾ വിറ്റതായ റിപ്പോർട്ടിനെ തുടർന്നു വിപണി വീണ്ടും ഇടിഞ്ഞു. ഇന്നലെ ഏഴു ശതമാനം വീണ ബിറ്റ് കോയിൻ 62,500 ഡോളറിനു താഴെയായി. ഈഥർ ഇന്നലെയും ഏഴു ശതമാനം ഇടിഞ്ഞ് 1770 ഡോളർ വരെ എത്തി. എട്ടു ശതമാനത്തിലധികം ഇടിഞ്ഞ സൊലാന 69 ഡോളറിനു താഴെയാണ്.
(2026 ജൂൺ 03, ബുധൻ)
സെൻസെക്സ് 74,346.17 -0.41%
നിഫ്റ്റി50 23,405.60 -0.33%
ബാങ്ക് നിഫ്റ്റി 54,185.95 +0.88%
മിഡ്ക്യാപ്100 60,687.20 -0.42%
സ്മോൾക്യാപ്100 18,032.05 -0.11%
ഡൗജോൺസ് 50,687.07 -1.21%
എസ്ആൻഡ്പി 7553.68 -0.74%
നാസ്ഡാക് 26,853.98 -0.89%
ഡോളർ ₹95.71 +₹0.44
സ്വർണം(ഔൺസ്)$4435.70 -$53.40
സ്വർണം(പവൻ) ₹1,14,560 +₹00
ക്രൂഡ്ഓയിൽബ്രെൻ്റ്$97.81 +$1.81
Read DhanamOnline in English
Subscribe to Dhanam Magazine