പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നു; ഹോർമുസിലെ കപ്പലുകളെ പുറത്തെത്തിക്കും എന്നു ട്രംപ്; ക്രൂഡ് ഓയിൽ താഴ്ന്നിട്ടു ചാഞ്ചാട്ടം; ഏഷ്യൻ വിപണികൾ പലദിശകളിൽ

ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ വാരം 24,208.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,293 വരെ കയറിയിട്ട് താഴ്ന്നു. നിഫ്റ്റി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
Pre Market Analysis
Morning business newsCanva
Published on

ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ വിലക്കിനെ തുടർന്നു കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്നുമുതൽ പുറത്തേക്കു നയിക്കും എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാൻ- യുഎസ് ചർച്ചയ്ക്ക് ഇറാൻ ഞായറാഴ്ച വച്ച നിർദേശവും ട്രംപ് നിരാകരിച്ചു. ഹോർമുസ് തുറക്കാൻ പുതിയ ക്രമീകരണം, ഉപരോധങ്ങൾ നീക്കിയ ശേഷം മാത്രം ആണവ ചർച്ച, 15 വർഷത്തേക്ക് യുറേനിയം സമ്പുഷ്‌ടീകരണത്തിന് ഇടവേള തുടങ്ങിയ നിർദ്ദേശങ്ങളാണ് ഞായറാഴ്ച നൽകിയത്. അതു തള്ളിയ ശേഷമാണ് കപ്പലുകളെ യുഎസ് സംരക്ഷണയിൽ കടത്തും എന്ന പ്രഖ്യാപനം. അതു യുദ്ധപ്രഖ്യാപനമാണെന്നു വിശേഷിപ്പിച്ച ഇറാൻ ബദൽ നടപടികൾ പറഞ്ഞില്ല. അമേരിക്ക നൽകിയ മറുപടി പഠിക്കുകയാണെന്ന് ഇറാൻ അറിയിച്ചു.

നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും ക്രൂഡ് ഓയിൽ വില 108 ഡോളറിനടുത്തു ചാഞ്ചാടുകയാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ വാരം 24,208.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,293 വരെ കയറിയിട്ട് താഴ്ന്നു. നിഫ്റ്റി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി കയറി

ഇറാൻ- യുഎസ് നയതന്ത്ര നീക്കങ്ങൾ മന്ദഗതിയിലാണെങ്കിലും തുടരുന്നത് കഴിഞ്ഞയാഴ്ച യുഎസ് വിപണിയെ നേട്ടത്തിൽ നിർത്തി. വ്യാഴാഴ്‌ച മൂന്നു സൂചികകളും മികച്ച മുന്നേറ്റം നടത്തി. വെള്ളിയാഴ്ച ഡൗ ജോൺസ് താഴുകയും മറ്റു രണ്ട് സൂചികകൾ ഉയരുകയും ചെയ്തു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് കുറിച്ചു. ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 152.87 പോയിൻ്റ് (0.31%) താഴ്‌ന്ന് 49,499.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.11 പോയിൻ്റ് (0.29%) ഉയർന്ന് 7230.12 ൽ അവസാനിച്ചു. നാസ്ഡാക് 222.13 പോയിൻ്റ് (0.89%) കയറി 25,114.44 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് പലവഴി

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം ഉയർന്നു. ഡൗ ജോൺസ് 24 പോയിൻ്റ് (0.05%) താഴ്ന്നു. എസ് ആൻഡ് പി 8 പോയിൻ്റും (0.11%) നാസ്ഡാക് 72 പോയിൻ്റും (0.26%) നേട്ടത്തോടെ നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾ ഭിന്നദിശകളിൽ

ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വെള്ളിയാഴ്ച 0.91 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.12 ശതമാനം കൂടി കുറഞ്ഞ് 25.15 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.64 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 2.12 ശതമാനം കുതിച്ച് 26.98 ഡോളറിൽ ആയി. ഇൻഫോസിസ് എഡിആർ 0.16 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.56 ശതമാനം കയറി 12.55 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 0.49 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.99 ശതമാനം കയറി 2.05 ഡോളർ ആയി.

യൂറോപ്പ്, ഏഷ്യ

ക്രൂഡ് ഓയിൽ വില 126 ഡോളർ വരെ കയറിയിട്ട് ഗണ്യമായി ഇടിഞ്ഞതിനെ തുടർന്ന് യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മുന്നേറി. യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശനിരക്കിൽ മാറ്റം വരുത്താത്തതും വിപണികളെ സഹായിച്ചു. യൂറോപ്യൻ കാറുകൾക്ക് 25 ശതമാനം തീരുവ പുന:സ്ഥാപിക്കുന്നതായി യുഎസ് പ്രസിഡൻ്റ് വാരാന്ത്യത്തിൽ അറിയിച്ചു.

ഏഷ്യൻ വിപണികൾ മിക്കവയും ഇന്നു നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈ അവധിയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി റെക്കോർഡ് കുറിച്ചു വ്യാപാരം തുടങ്ങി. ഓസ്ട്രേലിയൻ സൂചിക 0.20 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ് കോങ് വിപണികൾ ചെറിയ കയറ്റത്തിലാണ്.

ദുർബലമായി ഇന്ത്യൻ വിപണി

ക്രൂഡ് ഓയിൽ വില 126 ഡോളറിനു മുകളിൽ കയറിയത് വ്യാഴാഴ്ച ഇന്ത്യൻ വിപണിയെ തുടക്കത്തിൽ വലിയ തകർച്ചയിലാക്കി. എങ്കിലും പിന്നീടു വിലയിടിവ് കണ്ടതോടെ നഷ്‌ടം ഗണ്യമായി കുറച്ചാണു സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി താഴ്ചയിൽ നിന്ന് 200 പോയിൻ്റ് തിരിച്ചുകയറി. ഐടിയും ഫാർമയും ഒഴികെ എല്ലാ മേഖലകളും വ്യാഴാഴ്ച നഷ്ടത്തിലായി. മെറ്റൽ, പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയ്ക്കായിരുന്നു വലിയ താഴ്ച.

വ്യാഴാഴ്ച വിദേശനിക്ഷേപകരുടെ വിൽപന വലിയ തോതിൽ നടന്നു. വിദേശികൾ ക്യാഷ് വിപണിയിൽ 8047.86 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 3487.10 കോടി രൂപയുടെ വാങ്ങലും നടത്തി.

സെൻസെക്‌സ് വ്യാഴാഴ്ച 582.86 പോയിൻ്റ് (0.75%) താഴ്‌ന്ന് 76,913.50 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 180.10 പോയിൻ്റ് (0.74%) നഷ്‌ടത്തോടെ 23,997.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 540.25 പോയിൻ്റ് (0.98%) ഇടിഞ്ഞ് 54,863.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 592.05 പോയിൻ്റ് (0.98%) താഴ്‌ന്ന് 59,784.85 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 86.00 പോയിൻ്റ് (0.48%) കുറഞ്ഞ് 18,007.15 ൽ ക്ലോസ് ചെയ്തു. വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ നഷ്ടത്തിലായി. എൻഎസ്ഇയിൽ 1288 എണ്ണം ഉയർന്നപ്പോൾ 1961 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നാലാം പാദ അറ്റ പലിശ വരുമാനം എട്ടു ശതമാനം കൂടിയപ്പോൾ അറ്റാദായം 13 ശതമാനം വർധിച്ചു. അറ്റപലിശ മാർജിൻ 0.30 ശതമാനം കുറഞ്ഞു. നിഷ്ക്രിയ ആസ്തിയിൽ ഗണ്യമായ കുറവുണ്ട്. ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ താല്പര്യം ഉണ്ടെന്നു മാനേജ്മെൻ്റ് പറഞ്ഞു. ഡി മാർട്ട് റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യൂ സൂപ്പർമാർട്സ് നാലാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവർത്തനലാഭ മാർജിൻ 0.42 ശതമാനം കൂടി. പ്രവർത്തന ലാഭം 27 ശതമാനവും വിറ്റുവരവ് 19 ശതമാനവും വർധിച്ചു. അറ്റാദായം 19.2 ശതമാനം കൂടി.

മസഗോൺ ഡോക്ക് ഷിപ്‌ ബിൽഡേഴ്സ് നാലാം പാദത്തിൽ ലാഭമാർജിൻ 3.8 ൽ നിന്നു 14.1 ശതമാനമാക്കി. പ്രവർത്തന ലാഭം 355 ശതമാനം കുതിച്ചു. വിറ്റുവരവ് 21 ശതമാനം വർധിച്ചു. എന്നാൽ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാന വളർച്ച ഏഴു ൾതമാനമാണ്. പ്രവർത്തന ലാഭം 38 ശതമാനം കുറഞ്ഞു. ലാഭമാർജിൻ 10 ശതമാനം ഇടിഞ്ഞു. ഇൻഡസ് ടവേഴ്‌സിനു നാലാം പാദത്തിൽ വരുമാനം 4.8 ശതമാനം കൂടി. എന്നാൽ മൂന്നാം പാദത്തെ അപേക്ഷിച്ചു വരുമാനം 0.6 ശതമാനം കുറഞ്ഞു. ലാഭമാർജിനിലും നാമമാത്ര കുറവ് സംഭവിച്ചു.

വോഡഫോൺ ഐഡിയയുടെ എജിആർ കുടിശിക ടെലികോം വകുപ്പ് 27 ശതമാനം കുറച്ച് 64,046 കോടി രൂപയാക്കി. 50 ശതമാനം കുറയ്ക്കുമെന്നാണു വിപണി പ്രതീക്ഷിച്ചിരുന്നത്. കമ്പനിക്കു മൊത്തം 1.2 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം കുടിശികയും ഉണ്ട്. ഇതിൽ 49,000 കോടി രൂപ മൂന്നു വർഷത്തിനകം അടയ്ക്കണം.

സെൻ ടെക്നോളജീസിൻ്റെ നാലാം പാദ ഫലം മോശമായി. വരുമാനം 45.2 ശതമാനവും പ്രവർത്തനലാഭം 63 ശതമാനവും ഇടിഞ്ഞു. ലാഭമാർജിൻ 42.5 ൽ നിന്ന് 28.6 ശതമാനമായി താഴ്ന്നു. അറ്റാദായം മൂന്നിലൊന്നായി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ പലിശ വരുമാനം 17 ശതമാനം കൂടിയെങ്കില അറ്റാദായം നാലിലൊന്നു കുറഞ്ഞു. അദാനി എൻ്റർപ്രൈസസിൻ്റെ നാലാം പാദ വരുമാനം 20.3 ശതമാനം വർധിച്ചെങ്കിലും കമ്പനി ലാഭത്തിൽ നിന്നു നഷ്ടത്തിലേക്കു വീണു. 3844.9 കോടി ലാഭത്തിൻ്റെ സ്ഥാനത്ത് 220.7 കോടി രൂപ നഷ്ടം.

സ്വർണം താഴ്ന്നു

പശ്ചിമേഷ്യൻ അനിശ്ചിതത്വത്തിൽ സ്വർണവിപണി കഴിഞ്ഞ ആഴ്ച ചാഞ്ചാടി. വ്യാഴാഴ്ച 4623 ഡോളർ വരെ ഉയർന്നു ക്ലോസ് ചെയ്ത സ്വർണവില വെള്ളിയാഴ്ച നാമമാത്ര നഷ്ടത്തോടെ ഔൺസിന് 4615.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4600 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ശനിയാഴ്ച 240 രൂപ വർധിച്ച് 1,10,680 രൂപയിൽ എത്തി.

വെള്ളിവില വെള്ളിയാഴ്ച ഔൺസിന് 75.45 ഡോളറിൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 75.68 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2000 ഡോളർ, പല്ലാഡിയം 1513 ഡോളർ, റോഡിയം 9650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ പലവഴി

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച പലവഴി നീങ്ങി. ചെമ്പ് 0.93 ശതമാനം താഴ്ന്നു ടണ്ണിന് 12,895.00 ഡോളറിൽ എത്തി. അലൂമിനിയം 1.08 ശതമാനം കയറി ടണ്ണിന് 3513.14 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും താഴ്ന്നു, ലെഡ് ഉയർന്നു.

റബർ വില കൂടി

ബാങ്കോക്ക് വിപണിയിൽ വ്യാഴാഴ്ച ആർഎസ്എസ് 3 റബർ വില 1.95 ഡോളർ കയറി ക്വിൻ്റലിന് 285.35 ഡോളർ ആയി. കൃത്രിമ റബർ വില താഴ്ന്നു 16,350.00 യുവാനിൽ എത്തി. കൊക്കോ വില 0.76 ശതമാനം കയറി ടണ്ണിന് 3596.00 ഡോളർ ആയി. തേയിലവില 9.74 ശതമാനം കുതിച്ചു കിലോഗ്രാമിനു 199.66 രൂപയിൽ എത്തി. കാപ്പി പൗണ്ടിന് 286.40 സെൻ്റ് ആയി. പാം ഓയിൽ വില 0.17 ശതമാനം കുറഞ്ഞു ടണ്ണിനു 4570 മലേഷ്യൻ റിംഗിറ്റ് ആയി. പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.64 ശതമാനം വരെ ഉയർന്നു.

യൂറിയ ഇടിഞ്ഞു

യൂറിയ വില വെള്ളിയാഴ്ച 14.23 ശതമാനം ഇടിഞ്ഞു ടണ്ണിന് 585 ഡോളറിൽ എത്തി. രണ്ടു ദിവസം കൊണ്ടു 15 ശതമാനത്തിലധികം ഇടിവുണ്ടായി. ഡൈ അമോണിയം ഫോസ്ഫേറ്റ് 0.33 ശതമാനം കുറഞ്ഞ് ടണ്ണിന് 757.50 ഡോളർ ആയി.

ഡോളർ സൂചിക ഇടിഞ്ഞു

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച ഇടിഞ്ഞ് 98.16 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.04 ലേക്കു താഴ്ന്നിട്ടു 98.18 ലേക്കു കയറി. യൂറോ 1.1723 ഡോളറിലേക്കും പൗണ്ട് 1.3579 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 156.98 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.83 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) കുത്തനേ കൂടി 4.372 ശതമാനമായി കുറഞ്ഞു.

രൂപ 95 കടന്നു, തിരിച്ചിറങ്ങി

ഡോളറുമായുള്ള വിനിമയത്തിൽ രൂപ വ്യാഴാഴ്ചയും വലിയ ഇടിവിലായി. ഡോളർ 95.33 രൂപ എന്ന റെക്കോർഡ് വരെ ഉയർന്നു. ക്രൂഡ് ഓയിൽ വിലയിലെ വലിയ കയറ്റമാണു തകർച്ചയ്ക്കു നിമിത്തമായത്. പിന്നീടു ക്രൂഡ് കുറഞ്ഞതും റിസർവ് ബാങ്ക് വലിയ തോതിൽ ഇടപെട്ടതും ഡോളറിനെ 94.91 രൂപയിലേക്കു താഴ്‌ത്തി. ജപ്പാനിൽ കേന്ദ്രബാങ്ക് യെന്നിനെ പിടിച്ചു നിർത്താൻ വളരെ വലിയ ഡോളർ വിൽപന നടത്തിയതും വിപണിയെ സ്വാധീനിച്ചു

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.98 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.90 രൂപയിലും യൂറോ 111.34 രൂപയിലും എത്തി.

ക്രൂഡ് ഓയിൽ താഴ്ന്നു

ഇറാൻ സമാധാന ചർച്ചയ്ക്കു പുതിയ ഫോർമുല അയച്ചതു വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില താഴാൻ സഹായിച്ചു. വെള്ളിയാഴ്ചയും വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 108.17 ഡോളറിൽ ക്ലോസ് ചെയ്തു. യുഎഇ പിന്മാറിയ ശേഷമുള്ള ഒപെക് പ്ലസിലെ ഏഴു രാജ്യങ്ങൾ പ്രതിദിന ഉൽപാദനം 1.88 ലക്ഷം വീപ്പ കണ്ടു വർധിപ്പിക്കാൻ ശനിയാഴ്ച തീരുമാനിച്ചു. എങ്കിലും വിലയിൽ നേരിയ താഴ്ചയേ ഉള്ളൂ. ഇന്നു രാവിലെ വീപ്പയ്ക്ക് 107.65 ഡോളറിലേക്കു വില താഴ്ന്നിട്ട് 108.20 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം ക്രൂഡ് 101.80 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 103.76 ഡോളറിലാണ്. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിൻ്റെ (ഇന്ത്യൻ ബാസ്കറ്റ്) വില വ്യാഴാഴ്ച 116.52 ഡോളർ ആയി.

ക്രിപ്റ്റോകൾ ചാഞ്ചാടി

ക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാട്ടത്തിലായി. ബിറ്റ്കോയിൻ 79,000 കടന്ന ശേഷം ഇന്നു രാവിലെ 78,400 ഡോളറിനു താഴെ ആയി. ഈഥർ 2315 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഏപ്രിൽ 30, വ്യാഴം)

  • സെൻസെക്സ് 76,913.50 -0.75%

  • നിഫ്റ്റി50 23,997.55 -0.74%

  • ബാങ്ക് നിഫ്റ്റി 54,863.35 -0.98%

  • മിഡ്ക്യാപ്100 59,784.85 -0.98%

  • സ്മോൾക്യാപ്100 18,007.15 -0.48%

  • ഡൗജോൺസ് 49,652.14 +1.62%

  • എസ്ആൻഡ്പി 7209.01 +1.02%

  • നാസ്ഡാക് 24,892.31 +0.89%

  • ഡോളർ ₹94.91 +₹0.07

  • സ്വർണം(ഔൺസ്)$4623.40 +78.500

  • സ്വർണം(പവൻ) ₹1,12,000 +₹1680

  • ബ്രെൻ്റ് ക്രൂഡ്ഓയിൽ $110.40 -$7.63

(2026 മേയ് 01, വെള്ളി)

  • ഡൗജോൺസ് 49,499.27 -0.31%

  • എസ്ആൻഡ്പി 7230.12 +0.29%

  • നാസ്ഡാക് 25,114.44 +0.89%

  • സ്വർണം(ഔൺസ്)$4615.40 -$8.00

  • സ്വർണം(പവൻ) ₹1,10,440 -₹1560

ശനി ₹1,10,680 +₹ 240

  • ബ്രെൻ്റ് ക്രൂഡ്ഓയിൽ $108.17 -$2.23

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com