പലിശപ്പേടി കുറയുന്നു; യുദ്ധഭീതി തുടരുന്നു; യുഎസ് വിപണി കുതിച്ചു; ഏഷ്യൻ വിപണികൾ ഉയർന്നു; ആവേശം കുറഞ്ഞ തുടക്കത്തിന് ഇന്ത്യ

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,079 വരെ കയറിയിട്ട് 24,016-ലേക്കു താഴ്ന്നു; ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
Stock Market Pre-opening Analysis
Morning Business NewsDhanam Media
Published on

പലിശപ്പേടി ഗണ്യമായി കുറഞ്ഞു. ക്രൂഡ് ഓയിൽ വില ചെറിയ ചാഞ്ചാട്ടം മാത്രം കാണിക്കുന്നു. ഇറാൻ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലായി. ഹോർമുസിലെ ആക്രമണം നിർത്താതെ ഇറാനുമായ ചർച്ച ഇല്ലെന്ന് അമേരിക്ക പറഞ്ഞു.

യു.എസ് വിപണി ഇന്നലെ കുതിച്ചുകയറി. ഇന്ന് ഏഷ്യൻ വിപണികൾ ചെറിയ മുന്നേറ്റത്തിലാണ്. എങ്കിലും ഇന്ത്യൻ വിപണി വലിയ ആവേശം കാണുന്നില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക വ്യാഴാഴ്ച രാത്രി 24,072.50-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,079 വരെ കയറിയിട്ട് 24,016-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണി കുതിച്ചു

കടപ്പത്ര വിപണി കുറേക്കൂടി ശാന്തമായി. ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടായില്ല. യുഎസ് ഓഹരികൾ ഇന്നലെ കുതിച്ചു കയറി. പലിശ നിരക്കു കൂട്ടുന്നതിന് താൻ അനുകൂലമല്ലെന്ന് ഫെഡറൽ റിസർവിൽ നിർണായക സ്വാധീനമുള്ള ഗവർണർ ക്രിസ്റ്റഫർ വോളർ പറഞ്ഞു. ഇതോടെ പലിശ കൂട്ടൽ സാധ്യത 50 ശതമാനമായി താഴ്ന്നെന്ന് വിപണി വിലയിരുത്തി. നേരത്തേ 70 ശതമാനമായിരുന്നു സാധ്യത. പലിശ കുറയ്ക്കുകയാണു വേണ്ടതെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പറഞ്ഞതും ഫെഡിനെ സ്വാധീനിക്കും.

കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞു. എങ്കിലും പാർപ്പിട വായ്പയുടെ പലിശനിരക്ക് കൂടിത്തന്നെ നിൽക്കുന്നു. 30 വർഷ മോർട്ഗേജിന് 6.71 ശതമാനമാണു പലിശ. ശരാശരി പലിശ 6.91 ശതമാനമായി.

ഇന്നു വരുന്ന ഓഗസ്റ്റിലെ യു.എസ് തൊഴിൽ കണക്ക് പ്രധാനമാണ്. കാർഷികേതര തൊഴിൽ സംഖ്യയിൽ 53,000 കൂടുമെന്നാണ് പ്രതീക്ഷ. ജൂലൈയിൽ 23,000 കുറഞ്ഞിരുന്നു. തൊഴിലില്ലായ്മ 4.1 ശതമാനത്തിൽ തുടർന്നേക്കും.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 624.16 പോയിൻ്റ് (1.18 ശതമാനം) ഉയർന്ന് 53,686.11 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 81.11 പോയിൻ്റ് (1.06%) നേട്ടത്തോടെ 7747.71 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 366.23 പോയിൻ്റ് (1.40%) കുതിച്ച് 26,584.06 ൽ ക്ലോസ് ചെയ്തു.

എ.ഐ ചിപ്പ് ഭീമൻ എൻവിഡിയ ഓപ്പൺ സോഴ്‌സ് എ.ഐ പ്ലാറ്റ്ഫോം ആയ ഹഗ്ഗിംഗ് ഫേയ്സിനെ 1,290 കോടി ഡോളറിന് വാങ്ങി. എൻവിഡിയ അടക്കം മാഗ്‌നിഫിസൻ്റ് സെവൻ ഓഹരികൾ ഇന്നലെ ഗണ്യമായി ഉയർന്നു.

സ്റ്റിയറിംഗ് വീലും പെഡലും ഇല്ല എന്നു പോസ്‌റ്റ് ഇട്ട്, ഇലോൺ മസ്ക് തൻ്റെ പുതിയ സൈബർകാബ് ഇന്നലെ അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലെ വിവരങ്ങൾ പുറത്ത് അറിവായില്ലെങ്കിലും ടെസ്‌ല ഓഹരി ആറു ശതമാനം കുതിച്ചു.

ഫ്യൂച്ചേഴ്സ് കയറുന്നു

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 17 പോയിൻ്റും (0.03%) എസ് ആൻഡ് പി 3 പോയിൻ്റും (0.04%) നാസ്ഡാക് 14 പോയിൻ്റും (0.05%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.30 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.04% താഴ്ന്ന് 23.27 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.20% കുറഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.36 ശതമാനം താഴ്ന്ന് 30.41 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.00% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 12.09 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടർന്നും മാറ്റമില്ലാതെ 1.80 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഉയർന്നു

യൂറോപ്യൻ ഓഹരിവിപണികൾ വ്യാഴാഴ്ച മികച്ച മുന്നേറ്റം നടത്തി. പലിശവർധന തുടർക്കഥ ആകില്ലെന്ന ധാരണയാണു വിപണിക്കുള്ളത്. ലക്ഷുറി റീട്ടെയിൽ കമ്പനികൾ ഇന്നലെയും താഴ്ന്നു.

ഏഷ്യ മുന്നേറുന്നു

ഏഷ്യൻ വിപണികൾ ഇന്നു മുന്നേറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.85 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.10 ശതമാനം താഴ്‌ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 1.2 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 2.15 ശതമാനം കയറി. തായ്‌‍വാൻ സൂചിക 0.40 ശതമാനം നേട്ടത്തിലായി. ഷാങ്ഹായ് സൂചിക 0.85 ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി താഴ്ന്നു തന്നെ

പ്രതീക്ഷയിലും അധികം വിദേശനാണ്യം രാജ്യത്തേക്കു വന്നതിൻ്റെ ആവേശത്തിൽ വ്യാപാരം തുടങ്ങിയ വിപണിക്ക് അതു നിലനിർത്താനായില്ല. രൂപയുടെ നിരക്കു ഗണ്യമായി കൂടുകയും പലിശപ്പേടി കുറയുകയും ചെയ്തെങ്കിലും നാലാം ദിവസവും ഓഹരിവിപണി താഴ്ന്നു.

ക്ലോസിംഗ് ഓക്‌ഷൻ സെഷൻ (കാസ്) ഇന്നലെ നഷ്‌ടം ഗണ്യമായി വർധിപ്പിച്ചു. ക്യാഷ് വ്യാപാരം തീരുമ്പോൾ 16 പോയിൻ്റ് നഷ്‌ടത്തിലായിരുന്ന സെൻസെക്സ് പിന്നീടു 417.49 പോയിൻ്റ് ഇടിവിലായി. കാസിൽ വേണ്ടത്ര പങ്കാളിത്തം ഇനിയും ഉണ്ടാകുന്നില്ല. അതിനാൽ ചെറിയ ഇടപാടുകൾ വിലയിൽ വലിയ മാറ്റം വരുത്തുന്നു.

വിദേശനിക്ഷേപകർ ഇന്നലെ വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 2,345.87 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 4,977.46 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 417.49 പോയിൻ്റ് (0.55%) താഴ്ന്ന് 76,570.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41.00 പോയിൻ്റ് (0.17%) കുറഞ്ഞ് 23,873.45-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 208.60 പോയിൻ്റ് (0.36%) നേട്ടത്തോടെ 57,380.60-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 233.60 പോയിൻ്റ് (0.37%) ഉയർന്ന് 63,235.20-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 238.50 പോയിൻ്റ് (1.20%) കുതിച്ച് 20,050.75-ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 2480 ഓഹരികൾ കയറി, 1855 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2194 എണ്ണം ഉയർന്നപ്പോൾ 1295 എണ്ണം താഴ്ന്നു.

ബാങ്കുകളുടെ ലക്ഷ്യവില കൂട്ടി

വിദേശനിക്ഷേപ പ്രവാഹത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പ്രമുഖ ബാങ്കുകളുടെ ലക്ഷ്യവിലകൾ ഉയർത്തി. മിക്ക ബാങ്കുകൾക്കും വാങ്ങൽ ശിപാർശ നൽകി. എസ്.ബി.ഐ 1370 രൂപ, എച്ച്.ഡി.എഫ്.സി ബാങ്ക് 925 രൂപ, ഐ.സി.ഐ.സി.ഐ ബാങ്ക് 1750 രൂപ, ആക്സിസ് ബാങ്ക് 1500 രൂപ, ഫെഡറൽ ബാങ്ക് 400 രൂപ, പഞ്ചാബ് നാഷണൽ ബാങ്ക് 135 രൂപ, കനറാ ബാങ്ക് 160 രൂപ, ഇന്ത്യൻ ബാങ്ക് 1025 രൂപ എന്നിങ്ങനെയാണു ലക്ഷ്യവിലകൾ.

4,500 ഡോളറിനടുത്തു സ്വർണം

പലിശപ്പേടി മാറിയതോടെ സ്വർണം ബുൾ കുതിപ്പിലേക്കു മാറി. ഇന്നലെ ഔൺസിന് 4511.70 ഡോളർ വരെ ഉയർന്ന സ്വർണം രണ്ടു ശതമാനത്തോളം നേട്ടത്തിലാണു ക്ലോസ് ചെയ്തത്. വ്യാഴാഴ്ച സ്വർണം 85.20 ഡോളർ (1.94%) കൂടി 4474.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4480 ഡോളർ വരെ കയറിയിട്ടു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 2,440 രൂപ വർധിച്ച് 1,13,920 രൂപ ആയി. ഇന്നും വില ഉയർന്നേക്കാം. വെള്ളിവില വ്യാഴാഴ്ച രണ്ടര ശതമാനം കയറി ഔൺസിന് 67.11 ഡോളറിൽ ക്ലോസ് ചെയ്തു.

പ്ലാറ്റിനം 1,813 ഡോളർ, പല്ലാഡിയം 1,396 ഡോളർ, റോഡിയം 8925 ഡോളർ എന്നിങ്ങനെ നിൽക്കുന്നു. 4,500 ഡോളറിൻ്റെ പ്രതിരോധം ഭേദിക്കുന്നതോടെ സ്വർണത്തിൽ ബുൾ മുന്നേറ്റം പുനരാരംഭിക്കുമെന്നു ഫ്രഞ്ച് ബാങ്ക് സൊസിയേറ്റേ ഷനറാൾ വിശകലന റിപ്പോർട്ടിൽ പറഞ്ഞു.

ലോഹങ്ങൾ കയറി

പ്രധാന വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഉയർന്നു. ചെമ്പ് 0.04 ശതമാനം കൂടി ടണ്ണിന് 14,358.85 ഡോളർ ആയി. അലൂമിനിയം 1.03 ശതമാനം കുതിച്ച് 3286.64 ഡോളറിൽ എത്തി. ലെഡും സിങ്കും താഴ്ന്നു. ടിന്നും നിക്കലും ഉയർന്നു.

റബർ വീണ്ടും താഴ്ന്നു

രാജ്യാന്തര വിപണിയിലും കേരളത്തിലും റബർവില വീണ്ടും കുറഞ്ഞു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 278.30 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 274.90 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,300 രൂപയിലേക്കു താഴ്ന്നു. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.

കൊക്കോ താഴ്ചയിൽ

കൊക്കോ വില 1.58 ശതമാനം കുറഞ്ഞു ടണ്ണിന് 6174.00 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസവും വില ഇടിഞ്ഞിരുന്നു. 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20-ഉം ഘാനയിൽ 13-ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. അറബിക്ക കാപ്പി 0.92 ശതമാനം താഴ്ന്നു പൗണ്ടിന് 2.954 ഡോളറിൽ എത്തി. പാം ഓയിൽ 5.51 ശതമാനം ഉയർന്നു ടണ്ണിന് 4904 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ ഇടിവിൽ

യു.എസ് ഡോളർ സൂചിക വ്യാഴാഴ്ച ഇടിഞ്ഞ് 98.91 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.99 വരെ എത്തി. യൂറോ 1.1627 ഡോളറിലേക്കും പൗണ്ട് 1.353 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.98 യെന്നിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.768 ശതമാനത്തിലേക്കു താഴ്ന്നു.

രൂപ വലിയ നേട്ടത്തിൽ

ബുധനാഴ്ച രൂപ വലിയ നേട്ടം കുറിച്ചു. ഡോളർ 48 പൈസ കുറഞ്ഞ് 94.49 രൂപയിൽ ക്ലോസ് ചെയ്തു. ഒരവസരത്തിൽ ഡോളർ 94.27 വരെ താഴ്ന്നതാണ്. വിദേശനാണ്യ സമാഹരണം പ്രതീക്ഷയെ മറികടന്നു വലിയ വിജയമായതാണു രൂപയെ രണ്ടു മാസത്തെ ഉയർന്ന നിലയിൽ എത്തിച്ചത്. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.50 രൂപയിലാണ്. ചൈനീസ് യുവാൻ 14.06 രൂപയിലേക്കു താഴ്ന്നു. യൂറോ 109.88 രൂപയായി.

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ക്രൂഡ് ഓയിൽ ഇന്നലെ ചെറിയ ചാഞ്ചാട്ടത്തിൽ നിന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ നാമമാത്ര കുറവോടെ 95.52 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്നു 96.12 ഡോളറിൽ എത്തിയിട്ടു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 91.80 ഡോളറിലാണ്.

ക്രിപ്റ്റോകൾ കുതിച്ചു

ക്രിപ്റ്റോ കറൻസികൾ അഞ്ചു ശതമാനത്തോളം കുതിച്ചു. ബിറ്റ്കോയിൻ 80,900 ഡോളറിനു മുകളിൽ എത്തി. ഈഥർ ഇന്ന് 2,500 ഡോളറിനും സൊലാന 103.50 ഡോളറിനും മുകളിൽ ആയി.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 03, വ്യാഴാഴ്ച)

  • സെൻസെക്സ്: 76,152.86 -0.55%

  • നിഫ്റ്റി-50: 23,873.45 -0. 17%

  • ബാങ്ക് നിഫ്റ്റി: 57,380.60 +0.36%

  • മിഡ് ക്യാപ്-100: 63,235.20 +0.37%

  • സ്മോൾ ക്യാപ്-100: 20,050.75 +1.20%

  • ഡൗജോൺസ്: 53,686.11 +1.18%

  • എസ്ആൻഡ്പി: 7747.71 +1.06%

  • നാസ്ഡാക്: 26,584.06 +1.40%

  • ഡോളർ: ₹94.49 -₹0.48

  • സ്വർണം (ഔൺസ്): $4474.20 +$85.20

  • സ്വർണം (പവൻ): ₹1,13,920 +₹2440

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $95.52 -0.11

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com