Morning business news
Morning business newsCanva

വിപണിക്കു വീണ്ടും അനിശ്ചിതത്വ ഭീഷണി; പണനയം നാളെ; പലിശയിൽ മാറ്റം വരില്ലെന്നു പ്രതീക്ഷ; വ്യാപാര കരാറിൽ അവ്യക്തത തുടരുന്നു; ക്രിപ്റ്റോകൾ ഇടിയുന്നു

പ്രധാനമന്ത്രി മോദി ഇന്നു പാർലമെൻ്റിൽ സംസാരിച്ചാൽ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്നാണു കരുതപ്പെടുന്നത്
Published on

ഇന്ത്യൻ വിപണി വീണ്ടും അനിശ്ചിതത്വം മുന്നിൽ കാണുന്നു. ഐടി കമ്പനികളുടെ വരുമാനത്തിനു ഭീഷണി ഉയർത്തുന്ന ആന്ത്രോപിക് എഐ ഏജൻ്റ് വന്നതും വ്യാപാരകരാറിൽ വ്യക്തത വരാത്തതും നാളെ പണനയം വരുന്നതും ഒക്കെ അനിശ്ചിതത്വം കൂട്ടുന്നു.

റിസർവ് ബാങ്ക് നാളെ രാവിലെ പണനയം പ്രഖ്യാപിക്കും. പണനയ കമ്മിറ്റി (എംപിസി) ഇന്നലെ യോഗം ആരംഭിച്ചു. വിലക്കയറ്റം കുറഞ്ഞു നിൽക്കുന്നു. ബാങ്കുകളിൽ പണലഭ്യത മിച്ചം. വായ്പാവിതരണം കൂടുന്നു. ഈ സാഹചര്യത്തിൽ പലിശ കുറയ്ക്കുന്ന വിധം റീപോ നിരക്ക് മാറ്റാൻ സാധ്യത ഇല്ലെന്നാണു വിലയിരുത്തൽ.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,864.50 ൽ അവസാനിച്ചു. ഇന്നു രാവിലെ 25,888.00 ലേക്കു കയറിയിട്ട് 25,848 വരെ താഴ്‌ന്നു. നിഫ്‌റ്റി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് 3.35 ശതമാനം താഴ്‌ന്നു. വിപ്രോ ചാഞ്ചാടിയിട്ടു മാറ്റമില്ലാതെ അവസാനിച്ചു. എന്നാൽ വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ ഇൻഫി 1.67 ഉം വിപ്രോ 0.76 ഉം ശതമാനം ഉയർന്നു. ആൽഫബെറ്റ് റിസൽട്ട് നിഗമനങ്ങളേക്കാൾ മെച്ചമായത് ഫ്യൂച്ചേഴ്സിൽ ടെക് ഓഹരികളെ ഗണ്യമായി ഉയർത്തിയതാണ് എഡിആർ വില കയറാൻ സഹായിച്ചത് ഇതിൻ്റെ പ്രതിഫലനം ഇന്ന് ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി മോദി ഇന്നു പാർലമെൻ്റിൽ സംസാരിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്നാണു കരുതപ്പെടുന്നത്.

യുഎസ് വിപണിക്കു ക്ഷീണം

നിർമിതബുദ്ധി മേഖലയിലെ നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്കയിൽ ടെക്നോളജി ഓഹരികൾ ഇന്നലെയും താഴ്‌ന്നു. ചിപ്പ് നിർമ്മാണ കമ്പനി എഎംഡി 17.31 ശതമാനം ഇടിഞ്ഞു. മൈക്രോൺ 9.5 ഉം ബ്രോഡ്കോം 3.8 ഉം എൻവിഡിയ 3.41 ഉം ശതമാനം താഴ്‌ന്നു. എന്നാൽ വിപണി അടച്ച ശേഷം ഗൂഗിളിൻ്റെ (ആൽഫബെറ്റ്) റിസൽട്ട് വന്നപ്പോൾ മനോഭാവം മാറി. എഐ നിക്ഷേപം ആദായകരമാണെന്നു ഗൂഗിൾ കാണിച്ചു. വരുമാനം കഴിഞ്ഞ പാദത്തിൽ 40,000 കോടി ഡോളർ കടന്നു. യൂട്യൂബ് വരുമാനം കുതിച്ചു. ഇതോടെ പകൽ താഴ്‌ന്ന ടെക്നോളജി ഓഹരികൾ തിരിച്ചു കയറി.

ഡൗ ജോൺസ് ബുധനാഴ്ച 260.31 പോയിൻ്റ് (0.53%) ഉയർന്ന് 49,501.30 ൽ അവസാനിച്ചു. എസ് ആൻഡ് പി 35.09 പോയിൻ്റ് (0.51%) നഷ്‌ടത്തോടെ 6882.72 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 350.61 പോയിൻ്റ് (1.51%) ഇടിഞ്ഞ് 22,904.58 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.12 ഉം എസ് ആൻഡ് പി 0.40 ഉം നാസ്ഡാക്  0.60 ഉം ശതമാനം ഉയർന്നു  നീങ്ങുകയാണ്.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്നദിശകളിൽ അവസാനിച്ചു. 

ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. സോഫ്‌റ്റ്‌വേർ, ചിപ് കമ്പനികൾ ആണു തകർച്ചയ്ക്കു മുന്നിൽ. ജപ്പാനിൽ നിക്കൈ നാമമാത്ര ഇടിവിലാണ്. ഓസ്ട്രേലിയൻ സൂചിക 0.25 ഉം ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ സൂചിക 1.50 ശതമാനം ഇടിഞ്ഞു.  ഹോങ് കോങ്, ചൈനീസ് വിപണികൾ 0.60 ശതമാനം  താഴ്‌ന്നു വ്യാപാരം തുടങ്ങി.

ഐടി തകർച്ചയിൽ ഇന്ത്യൻ വിപണി ഉലഞ്ഞു

ഐടി കമ്പനികളുടെ വലിയ തകർച്ച മൂലം ഇന്നലെ ഇന്ത്യൻ വിപണിക്കു കാര്യമായ മുന്നേറ്റം സാധിച്ചില്ല. മുഖ്യ സൂചികകൾ നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. തുടക്കത്തിൽ വലിയ താഴ്ചയിലേക്കു പോയശേഷം സൂചികകൾ ഗണ്യമായി തിച്ചു കയറുകയായിരുന്നു.

ഐടി സൂചിക 5.87 ശതമാനം ഇടിഞ്ഞു. ഇൻഫോസിസ് 7.37 ഉം ടിസിഎസ് 6.99 ഉം കോഫോർജ് 6.02 ഉം മൈൻഡ് ട്രീ 5.84 ഉം ശതമാനം താഴ്ചയിലായി. മറ്റ് ഐടി കമ്പനികളും കുത്തനേ താണു.

വസ്ത്ര, സമുദ്രോൽപന്ന, രാസവസ്‌തു കയറ്റുമതി കമ്പനികൾ പലതും ഇന്നലെയും കുതിച്ചു. കിറ്റെക്സ് ഗാർമെൻ്റ്സ് രാവിലെ 17 ശതമാനം കുതിച്ചിട്ട് 8.41 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഗോകൽദാസ് എക്സ്പോർട്സ് രണ്ടാം ദിവസവും 20 ശതമാനം നേട്ടമുണ്ടാക്കി. ഇൻഡോ കൗണ്ട് 20% വരെ ഉയർന്നിട്ട് 13.24% നേട്ടത്തോടെ ക്ലോസ് ചെയ്തു. അപെക്സ് ഫ്രോസൺ ഫുഡ്‌സ് 15 ശതമാനം വരെ കയറിയിട്ട് ആറു ശതമാനം നേട്ടത്തിൽ അവസാനിച്ചു. അവന്തി ഫീഡ്സ് 20% കുതിച്ചിട്ട് 12.23% നേട്ടത്തോടെ ക്ലോസ് ചെയ്തു. 

സെൻസെക്സ് 78.56 പോയിൻ്റ് (0.09%) കൂടി 83,817.69 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 48.45 പോയിൻ്റ് (0.19%) ഉയർന്ന് 25,776.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 196.85 പോയിൻ്റ് (0.33%) നേട്ടത്തോടെ 60,238.15 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 376.50 പോയിൻ്റ് (0.63%) ഉയർന്ന് 59,683.60 ലും സ്മോൾ ക്യാപ് 100 സൂചിക 216.15 പോയിൻ്റ് (1.27%) കയറി 17,205.10 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2667 ഓഹരികൾ കയറിയപ്പോൾ 1535 എണ്ണം താഴ്‌ന്നു. എന്നാൽ എൻഎസ്ഇയിൽ 2148 എണ്ണം ഉയർന്നു, 1038 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 34 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 63 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. മൂന്നെണ്ണം അപ്പർ സർകീട്ടിലും ഏഴെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ലാഭമെടുക്കൽ വിൽപനയിലായിരുന്നു. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 29.79 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 249.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റി ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയില്ലെങ്കിലും കുതിപ്പിനുള്ള ആക്കം കാണിക്കുന്നുണ്ട്. 25,900 നു മുകളിൽ ഇന്നു കടന്നാൽ 26,300 ന് അപ്പുറത്തേക്ക് കരുത്തോടെ നീങ്ങാനാകും. ഇന്ന് 25,670 ഉം 24,570 ഉം പിന്തുണയാകാം. 25,820 ലും 25,890 ലും തടസം ഉണ്ടാകാം.

ഐടിയിൽ ആന്ത്രോപിക് ആക്രമണം

ആന്ത്രോപിക്  എഐ ഇറക്കിയ ക്ലോഡ് കോവർക്ക് എന്ന ഏജൻ്റിൻ്റെ പുതിയ പതിപ്പ് സോഫ്‌റ്റ്‌വേർ സേവന ദാതാക്കളുടെ പണി ഇല്ലാതാക്കും എന്നതാണ് ഐടി കമ്പനികളെ വീഴ്‌ത്തിയത്. കോഡ് റൈറ്റിംഗ് മുതൽ നിയമോപദേശം, ഡാറ്റാ അനാലിസിസ്, ഡിസൈനിംഗ്, മാർക്കറ്റിംഗ് തുടങ്ങിയവ സ്വയം നിർവഹിക്കാൻ ഈ ഏജൻ്റിനു കഴിയും. കരാറുകൾ തയാറാക്കാനും ചർച്ചകൾ നയിക്കാനും മേൽനോട്ടം ആവശ്യമില്ല. ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന ഇനങ്ങൾ ഗണ്യമായി കുറയ്ക്കുന്നതാണ് ഈ ആവിഷ്‌കാരം. പതിനായിരക്കണക്കിനു കോഡ് റൈറ്റർമാർക്കും ഡാറ്റാ അനാലിസ്റ്റുകൾക്കും പണി നഷ്ടമാകും. കോടികൾ ചെലവിട്ടു വാങ്ങുന്ന സേവനം ഏതാനും ആയിരം ഡോളറിനു കിട്ടുന്ന നിലയാണു വരുന്നത്. സോഫ്‌റ്റ്‌വേർ ആസ് എ സർവീസ് (Saas) അവസാനിപ്പിക്കുന്നത് എന്ന അർഥത്തിൽ saaspocalypse എന്ന വാക്കും രൂപപ്പെട്ടു കഴിഞ്ഞു.

സ്വർണത്തിൽ ചാഞ്ചാട്ടം

സ്വർണം വീണ്ടും 5000 ഡോളർ കടന്നെങ്കിലും ലാഭമെടുക്കലിൻ്റെ തിരക്കിൽ വില വീണ്ടും താഴ്‌ന്നു. ഇന്നലെ ഔൺസിന് 5092.70 ഡോളർ വരെ എത്തിയിട്ട് ഇടിഞ്ഞ് 4965.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 5020 ഡോളർ വരെ കയറിയിട്ട് 4955 വരെ താഴ്‌ന്നു. പിന്നീട് 4982 ലേക്കു കയറി.

വെള്ളി ഇന്നലെ ഔൺസിന് 92.32 ഡോളർ വരെ കയറിയിട്ട് 88.32 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം 3.58 ശതമാനം. ഇന്നു രാവിലെ ഉയർന്ന് 88.53 ഡോളറിൽ എത്തിയിട്ടു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 4040 രൂപ വർധിച്ച് 1,16,920 രൂപയായി. 

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ബുധനാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,60,755 രൂപ വരെ കയറിയ ശേഷം 1,53,390 രൂപയിൽ ക്ലോസ് ചെയ്തു.

ബുധനാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന്  2.91 ലക്ഷം രൂപ വരെ എത്തിയിട്ട് 2,70,549 രൂപയിൽ അവസാനിച്ചു.

പ്ലാറ്റിനം 224 2 ഉം പല്ലാഡിയം 1738 ഉം റോഡിയം 10,000 ഉം ഡോളറിലാണ്. 

സ്വർണം ഇടിയുമെന്ന്

സ്വർണം 4000 ഡോളറിലേക്കു താഴുമെന്ന് ബ്ലൂംബെർഗ്  ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്‌ഗ്ലോൺ വിലയിരുത്തി. സ്വർണം അതിൻ്റെ വിലയുടെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു എന്നു കരുതുന്ന അദ്ദേഹം 6000 വരെ കയറാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 4000 ഡോളറിലാണ് അദ്ദേഹം ശക്തമായ പിന്തുണ കാണുന്നത്. വെള്ളി 50 ഡോളറിലേക്ക് ഇടിയും എന്ന് അദ്ദേഹം കരുതുന്നു.

ലോഹങ്ങൾ താഴ്ന്നു

മിക്ക വ്യാവസായിക ലോഹങ്ങളും ബുധനാഴ്ച താഴ്ന്നു. ചെമ്പ് 0.36 ശതമാനം കുറഞ്ഞ് ടണ്ണിനു 13,246.85 ഡോളറിൽ എത്തി. അലൂമിനിയം 0.70 ശതമാനം താഴ്‌ന്നു ടണ്ണിന് 3069.88 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ഉയർന്നു. ടിന്നും ലെഡും താഴ്‌ന്നു.

റബർ രാജ്യാന്തര വിപണിയിൽ 0.97 ശതമാനം കയറി കിലോഗ്രാമിന് 186.90 സെൻ്റ് ആയി. കൊക്കോ 6.02 ശതമാനം ഇടിഞ്ഞു ടണ്ണിനു 4041 ഡോളറിൽ എത്തി. കാപ്പി 2.29 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ 0.07 ശതമാനം കയറി.

ഡോളർ കയറുന്നു

ഡോളർ സൂചിക ഇന്നലെ ഉയർന്ന്  97.62 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.65 ലേക്കു കയറി.

യൂറോ 1.1802 ഉം പൗണ്ട് 1.3641 ഉം ഡോളർ വരെ താഴ്‌ന്നു. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.92 യെൻ എന്ന നിലയിലേക്കു ദുർബലമായി. സ്വിസ് ഫ്രാങ്ക് 0.7765 ഡോളറിൽ എത്തി.  ചൈനീസ് യുവാൻ ഡോളറിന് 6.94 യുവാനിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.272 ശതമാനമായി താഴ്‌ന്നു. 

രൂപ ദുർബലം

ഇന്ത്യൻ രൂപ ഇന്നലെ ദുർബലമായി. ഡോളർ 17 പൈസ കയറി 90.44 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.44 രൂപ വരെ കയറി. ചൈനീസ് യുവാൻ 13.03 രൂപയിൽ തുടരുന്നു. 

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ ഇന്നലെ കയറിയിട്ട് ഇന്നുരാവിലെ താഴ്ന്നു .  ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ രണ്ടു ശതമാനം ഉയർന്ന് ബാരലിന് 68.67 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 68.49 ഉം ഡബ്ള്യുടിഐ ഇനം 64.26 ഉം യുഎഇയുടെ മർബൻ 70.25 ഉ ഡോളറിലാണ്. പ്രകൃതിവാതകവില ഉയർന്ന് 3.45 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്കോയിൻ ഇന്ന് 72,300 ഡോളറിനു താഴെ എത്തി. ഈഥർ 2150 ഡോളറിനും സൊലാന 92 ഡോളറിനും താഴെയായി. 

വിപണിസൂചനകൾ

(2026 ഫെബ്രുവരി 04, ബുധൻ)

സെൻസെക്സ് 83,817.69   +0.09%  

നിഫ്റ്റി50     25,776.00     +0.19%

ബാങ്ക് നിഫ്റ്റി     60,238.15    +0.33%

മിഡ്ക്യാപ്100    59,683.60    +0.63%

സ്മോൾക്യാപ്100 17,205.10  +1.27%

ഡൗ ജോൺസ്   49,501.30    +0.53%

എസ് ആൻഡ് പി   6882.72     -0.51%

നാസ്ഡാക്    22,904.58     -1. 51%

ഡോളർ      ₹90.44      +0.17

സ്വർണം(ഔൺസ്  $4965.80  +$18.00

സ്വർണം (പവൻ)  1,16,920   +₹4040

ക്രൂഡ്ഓയിൽബ്രെൻ്റ് $68.67  +$0.72

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com