ഹോർമുസ് ശാന്തം; ഏഷ്യൻ വിപണികൾ ചാഞ്ചാടുന്നു; യുഎസ് ഫ്യൂച്ചേഴ്‌സ് കയറ്റത്തിൽ; ക്രൂഡ് ഓയിൽ താഴുന്നു; സ്വർണം 4,200 ഡോളറിനു മുകളിൽ

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,398 വരെ കയറിയിട്ട് തിരിച്ചിറങ്ങി. ഇന്നു ഇന്ത്യൻ ഓഹരി വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
Pre Market Analysis
Morning business newsCanva
Published on

ആഗോള സാഹചര്യങ്ങളിൽ മാറ്റമില്ല. ഹോർമുസ് ശാന്തമാണ്. ഇറാനിൽ ഖമനയിയുടെ സംസ്കാരം കഴിയും വരെ ആക്രമണം പ്രതീക്ഷിക്കുന്നില്ല. യുഎസ് -ഇറാൻ ചർച്ച ശനിയാഴ്ച പാക്കിസ്ഥാനിൽ പുനരാരംഭിക്കും.

ചിപ് ഓഹരികളിലെ വിൽപനപ്രളയം അവസാനിച്ചു. എങ്കിലും ഓഹരികൾ വലിയ കുതിപ്പ് നടത്തുന്നില്ല. ഡോളർ താഴ്ന്നു നിൽക്കുന്നു. സ്വർണം ഔൺസിനു 4200 ഡോളറിനു മുകളിലായി. ക്രൂഡ് ഓയിൽ താഴുന്നു.

ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തിൽ ആരംഭിച്ചിട്ടു നഷ്‌ടത്തിലേക്കു മാറി. യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,350.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,398 വരെ കയറിയിട്ട് തിരിച്ചിറങ്ങി. ഇന്നു വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ: കമ്മി 24%

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂലൈ അഞ്ചിലെ നിലവച്ച് 24 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരാഴ്ച മുൻപ് 40 ശതമാനം കുറവുണ്ടായിരുന്നു വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്കു മഴ എത്തിയതും മധ്യേന്ത്യയിൽ നല്ല മഴ ലഭിച്ചതുമാണു കമ്മി കുറച്ചത്. ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷിക്കുന്ന മഴ. ജൂൺ 25 വരെയുള്ള കണക്കനുസരിച്ചു ഖാരിഫ് കൃഷിയിറക്കൽ 20 ശതമാനം കുറവാണ്.

യുഎസ് വിപണി അവധി

വെള്ളിയാഴ്ച യുഎസ് വിപണി അവധിയായിരുന്നു. വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 594.83 പോയിൻ്റ് (1.14 ശതമാനം) കുതിച്ച് 52,900.07 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.01 പോയിൻ്റ് (0.00%) കൂടി 7483.24 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 207.36 പോയിൻ്റ് (0.80%) ഇടിഞ്ഞ് 25,832.67 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു: യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 86 പോയിൻ്റും (0.16%) എസ് ആൻഡ് പി 32 പോയിൻ്റും (0.42%) നാസ്ഡാക് 278 പോയിൻ്റും (0.94%) ഉയർന്നു നീങ്ങുന്നു.

യൂറോപ്പ് ഉയർന്നു: യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികൾ ചാഞ്ചാടുന്നു

ഏഷ്യൻ വിപണികൾ ഇന്നു ചാഞ്ചാട്ടത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി മൂന്നു ശതമാനം കയറിയിട്ടു നേട്ടം കുറച്ചു. ജാപ്പനീസ് സൂചിക നിക്കൈ ഒരു ശതമാനം വരെ ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി. ഓസ്ട്രേലിയൻ സൂചിക 0.15 ശതമാനം ഉയർന്നു. ഹോങ് കോങ് വിപണി ഒരു ശതമാനം നേട്ടത്തിൽ നിന്നു താഴ്ന്നു. ഷാങ്ഹായ് സൂചിക അര ശതമാനം കയറി.

ഇന്ത്യൻ വിപണിക്കു മുന്നേറ്റം

തുടർച്ചയായ മൂന്നാം ദിവസവും അ ഇന്ത്യൻ വിപണി മുന്നേറ്റം കാഴ്ചവച്ചു. സെൻസെക്സ് 77,750നു മുകളിൽ ക്ലോസ് ചെയ്തു. ഐടി, റിയൽറ്റി, ഹെൽത്ത് കെയർ ഓഹരികൾ ആണു വെള്ളിയാഴ്ച വിപണിയെ ഉയരത്തിൽ എത്തിച്ചത്. ഐടി സൂചിക 1.76 ശതമാനം ഉയർന്നു.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച് അറ്റ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1355.33 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1953.89 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.

ഇന്ത്യൻ വിപണി മൊത്തം എടുത്താൽ വിദേശനിക്ഷേപകർ കഴിഞ്ഞ ആഴ്ച വാങ്ങലുകാരായി മാറി. ഓഹരികളും കടപ്പത്രങ്ങളും എല്ലാം ചേർന്നു കഴിഞ്ഞ വാരം 16,461.84 കോടി രൂപയുടെ അധിക നിക്ഷേപമാണ് അവർ നടത്തിയത്. ജൂണിൽ അവർ ഓഹരികളിൽ നിന്ന് 49,340.45 കോടി രൂപ പിൻവലിച്ചപ്പോൾ കടപ്പത്ര വിപണിയിൽ 55,518.4 കോടി രൂപ നിക്ഷേപിച്ചു.

വെള്ളിയാഴ്ച സെൻസെക്‌സ് 261.79 പോയിൻ്റ് (0.34%) ഉയർന്ന് 77,763.91 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 95.15 പോയിൻ്റ് (0.39%) നേട്ടത്തോടെ 24,270.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 93.15 പോയിൻ്റ് (0.16%) താഴ്‌ന്ന് 57,938.50 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 117.60 പോയിൻ്റ് (0.19%) നഷ്ടത്തോടെ 62,190.30 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 7.30 പോയിൻ്റ് (0.04%) കയറി 19,175.10 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2195 ഓഹരികൾ കയറി, 2060 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1812 എണ്ണം ഉയർന്നപ്പോൾ 1497 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാം പാദത്തിൽ വായ്പാ വിതരണം 15.4 ശതമാനം വർധിപ്പിച്ചു. അഞ്ചു പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടുതലായി. നിക്ഷേപങ്ങൾ 14.7 ശതമാനം കൂടി.

വായ്പകളും നിക്ഷേപവും ഗണ്യമായി വർധിച്ച ഐഡിബിഐ ബാങ്കിൻ്റെ ഒന്നാം പാദ ബിസിനസ് 15 ശതമാനം കൂടി. ഇൻഡസ് ഇൻഡ് ബാങ്കിന് ഒന്നാം പാദ വായ്പാ വിതരണം 2.3 ശതമാനം കുറഞ്ഞു. ഒന്നാം പാദ വരുമാനവും ലാഭവും ഇരട്ടയക്ക വളർച്ച കാണിക്കുമെന്നു ഡാബർ ഇന്ത്യ അറിയിച്ചു.

ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ഒന്നാം പാദ വിൽപനയിൽ 15 ശതമാനത്തിലധികം വർധന കണക്കാക്കുന്നു. ഒന്നാം പാദ വിൽപനയിൽ 30 ശതമാനം വർധന ഉണ്ടെന്നു നൈകാ അറിയിച്ചു. ഒന്നാം പാദത്തിലെ വൈദ്യുതി വിൽപന 38 ശതമാനം വർധിച്ചെന്നു വേദാന്ത പവർ വെളിപ്പെടുത്തി.

സ്വർണം കയറി

പലിശവർധന ഉടനെയില്ല എന്ന സൂചന സ്വർണത്തെ ഉയർത്തി. വെള്ളിയാഴ്ച സ്വർണം 1.27 ശതമാനം നേട്ടത്തോടെ ഔൺസിന് 4176.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4202 ഡോളർ വരെ ഉയർന്നിട്ടു 4180 ഡോളറിലേക്കു താഴ്ന്നു. വീണ്ടും 4200 ലേക്കു കയറി.

ഭൂരിപക്ഷം അനാലിസ്റ്റുകളും സ്വർണത്തിൽ ബുള്ളിഷ് ആയി മാറിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുന്നതും താഴ്ന്ന പലിശയും സ്വർണത്തെ കയറ്റും എന്നാണു നിഗമനം. മന്ത്ലി ഗോൾഡ് മോണിറ്റർ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബൽ അഡ്വൈസേഴ്സ് അടുത്ത മാർച്ചിൽ ഔൺസിന് 5500 ഡോളറിൽ സ്വർണവില എത്തും എന്ന അഭിപ്രായം പ്രകടിപ്പിച്ചു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വാരാന്ത്യത്തിൽ 800 രൂപ വർധിച്ച് 1,07,600 രൂപ ആയി. വെള്ളി വില വാരാന്ത്യത്തിൽ ഔൺസിന് 62.52 ഡോളറിൽ എത്തി. ഇന്നു രാവിലെ 62.85 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1646 ഡോളർ, പല്ലാഡിയം 1262 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കയറി

വെള്ളിയാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും ഉയർന്നു. ചെമ്പ് 0.73 ശതമാനം ഉയർന്നു ടണ്ണിനു 13,298.50 ഡോളർ ആയി. അലൂമിനിയം 0.04 ശതമാനം കയറി 3085.85 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും നിക്കലും ടിന്നും ഉയർന്നു.

റബർ വില വീണ്ടും കയറി

വെള്ളിയാഴ്ച രാജ്യാന്തര റബർ വില വീണ്ടും വർധിച്ചു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 288.60 ഡോളറിലും ആർഎസ്എസ് മൂന്ന് 285.10 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,900 രൂപയിൽ തുടർന്നു.

കൊക്കോ വില വെള്ളിയാഴ്ച ടണ്ണിന് 5017.24 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ. അവധിവില 5000 ഡോളറിനു മുകളിലാണ്. അറബിക്ക കാപ്പിവില പൗണ്ടിന് 3.02 ഡോളർ ആയി.

ഡോളർ സൂചിക കയറുന്നു

യുഎസ് ഡോളർ വാരാന്ത്യത്തിൽ താഴ്ന്ന് 100.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.90 ലാണ്. യൂറോ 1.1438 ഡോളറിലേക്കും പൗണ്ട് 1.3351 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.52 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിലയിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.465 ശതമാനമായി താഴ്ന്നു.

രൂപയ്ക്കു നേട്ടം

വെള്ളിയാഴ്ച ഇന്ത്യൻ രൂപ ശക്തമായി. ഡോളർ 18 പൈസ കുറഞ്ഞ് 95.21 രൂപയിൽ അവസാനിച്ചു. എന്നാൽ വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.47 രൂപയിലേക്കു കയറിയിട്ട് 95.23 ലേക്കു താഴ്ന്നു. മറ്റു കറൻസികളുമായി രൂപയുടെ വിനിമയനിരക്ക് ഉയർന്നു. ചൈനീസ് യുവാൻ 14.04 രൂപയിലേക്കും യൂറോ 109.05 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയിൽ താഴുന്നു

ഹോർമുസ് ശാന്തമായി തുടരുന്നതും ഒപെക് പ്ലസ് ഉൽപാദനം വീണ്ടും കൂടുന്നതും ക്രൂഡ് ഓയിൽ വിലയെ താഴ്ത്തുന്നു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 71.65 ഡോളറിലും ഡബ്ള്യുടിഐ ഇനം 68.33 ഡോളറിലും ആയി. പിന്നീട് അൽപം കയറി.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

പലിശ കൂടുകയില്ല എന്ന യുഎസ് ഫെഡിൻ്റെ സൂചന ക്രിപ്റ്റോ കറൻസികളെ ഉയർത്തിയ ശേഷം ചാഞ്ചാട്ടത്തിലാക്കി. ബിറ്റ് കോയിൻ മൂന്നു ശതമാനം കയറി 63,500 ഡോളറിനു മുകളിൽ എത്തി. ഈഥർ 1790 ഡോളറിനും സൊലാന 82 ഡോളറിനും താഴെയായി.

വിപണി സൂചനകൾ

(2026 ജൂലൈ 03, വെള്ളി)

  • സെൻസെക്സ്: 77,763.91 +0.34%

  • നിഫ്റ്റി-50: 24,270.85 +0.39%

  • ബാങ്ക് നിഫ്റ്റി: 57,938.50 -0.16%

  • മിഡ്ക്യാപ്-100: 62,190.30 -0.19%

  • സ്മോൾക്യാപ്-100: 19,175.10 +0.04%

  • ഡൗജോൺസ്: 52,900.07 +1.14%

  • എസ്ആൻഡ്പി: 7483.24 +0.00%

  • നാസ്ഡാക്: 25,832.67 -0.80%

  • ഡോളർ: ₹95.21 -₹0.18

  • സ്വർണം (ഔൺസ്): $4176.10 +$52.20

  • സ്വർണം (പവൻ): ₹1,07,600 +₹ 800

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $72.12 +$0.32

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com