വിപണികളിൽ ആവേശം; മികച്ച തുടക്കത്തിനു നിഫ്റ്റി; തകായിച്ചിയുടെ വിജയത്തിൽ ഏഷ്യൻ കുതിപ്പ്; സ്വർണം വലിയ ചാഞ്ചാട്ടത്തിൽ

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ രൂപരേഖ പുറത്തുവന്നു, മാർച്ചിൽ ഇടക്കാല കരാർ തയാറാക്കും
Morning business news
Morning business newsCanva
Published on

വിപണികൾ ആവേശത്തിലാണ്. ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ രൂപരേഖ പുറത്തു വന്നത് വിപണിക്കു മുന്നേറ്റത്തിനു വഴിയൊരുക്കും. ജപ്പാനിൽ പ്രധാനമന്ത്രി തകായിച്ചിയുടെ പാർട്ടി ചരിത്രവിജയം നേടിയത് ജാപ്പനീസ് വിപണിയെ അപൂർവ നേട്ടത്തിലേക്കു നയിച്ചു. മറ്റ് ഏഷ്യൻ വിപണികളും കുതിച്ചു കയറി. വെള്ളിയാഴ്ച അമേരിക്കൻ വിപണി വമ്പൻ മുന്നേറ്റത്തിലൂടെ ഡൗ സൂചികയെ 50,000 നു മുകളിൽ എത്തിച്ചു. ഇതെല്ലാം ഇന്നുരാവിലെ ഇന്ത്യൻ വിപണിക്കു നല്ല കുതിപ്പു നൽകും.

അമേരിക്കൻ വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ വലിയ ചാഞ്ചാട്ടം ഈ ആഴ്ചകളിലും തുടരാമെന്ന് ഗോൾഡ്മാൻ സാക്സ് ബാങ്ക് നിക്ഷേപകർക്കു മുന്നറിയിപ്പ് നൽകി. അൽഗോരിഥം വ്യാപാരമാണു വലിയ കയറ്റിറക്കങ്ങൾക്കു പിന്നിൽ എന്നു ബാങ്ക് പറയുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,837.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,975 ലേക്കു കയറിയിട്ട് അല്പം താഴ്‌ന്നു. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം  തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് നാമമാത്രമായി ഉയർന്നും വിപ്രോ 1.57 ശതമാനം താഴ്ന്നും അവസാനിച്ചു. എന്നാൽ വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ വിപ്രോ തിരിച്ചു കയറി. 

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ രൂപരേഖ പുറത്തുവന്നു. മാർച്ചിൽ ഇടക്കാല കരാർ തയാറാക്കും. അപ്പോൾ മാത്രമേ ഇന്ത്യൻ കമ്പനികൾക്കു വരുന്ന മാറ്റങ്ങൾ അറിവാകൂ.

ഒമാനിൽ നടന്ന അമേരിക്ക- ഇറാൻ ചർച്ചയുടെ തുടർച്ച ഈയാഴ്ച നടക്കും.

യുഎസ് വിപണിക്കു വൻകുതിപ്പ്

ടെക്നോളജി മേഖലയിലെ ആശങ്കകൾ ദൂരെയെറിഞ്ഞ യുഎസ് വിപണി വെള്ളിയാഴ്ച വലിയ കുതിച്ചു കയറ്റം നടത്തി. ഡൗ ജോൺസ് സൂചിക 1200 -ലധികം പോയിൻ്റ് ഉയർന്ന് ആദ്യമായി 50,000 മറികടന്നു ക്ലോസ് ചെയ്തു. ഇതോടെ എസ് ആൻഡ് പി സൂചിക 2026 ൽ നേട്ടത്തിലേക്കു തിരിച്ചു കയറി. എൻവിഡിയ എട്ടും ബ്രോഡ്കോം ഏഴും ഓറക്കിളും പലാൻ്റിറും നാലു ശതമാനം വീതവും നേട്ടം ഉണ്ടാക്കി. സോഫ്‌റ്റ് വേർ ഓഹരികൾ ദൗർബല്യം തുടർന്നു.

ഡൗ ജോൺസ് വെള്ളിയാഴ്ച 1206.95 പോയിൻ്റ് (2.47%) കുതിച്ച് 50,115.67 ൽ അവസാനിച്ചു. എസ് ആൻഡ് പി 133.90 പോയിൻ്റ് (1.97%) നേട്ടത്തോടെ 6932.30 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 490.63 പോയിൻ്റ് (2.18%) കയറി 23,031.21 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും  നേട്ടത്തിലേക്കു വിരൽ ചൂണ്ടുന്നു. ഡൗ ജോൺസ്  0.20 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക്  0.38 ഉം ശതമാനം ഉയർന്നു  നീങ്ങുകയാണ്.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ഷ്‌ടത്തിലായി. കാർ കമ്പനി സ്റ്റെല്ലാൻ്റിസ് 2600 കോടി ഡോളറിൻ്റെ ബിസിനസ് അഴിച്ചുപണി പ്രഖ്യാപിച്ചതിനെ തുടർന്ന് 24 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലാണ്. ജപ്പാനിൽ ഞായറാഴ്ച നടന്ന  പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സനേ തകായിച്ചിയുടെ എൽഡിപി തകർപ്പൻ വിജയം നേടി. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഭരണകക്ഷിക്കു കിട്ടി. ഇതോടെ നിക്കൈ സൂചിക 5.6 ശതമാനം കുതിച്ചുയർന്ന് 57,000 കടന്നു. തക്കായിച്ചിയെ യുഎസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപ് പിന്തുണച്ചിരുന്നു.

ഓസ്ട്രേലിയൻ സൂചിക രണ്ടും ദക്ഷിണ കൊറിയൻ സൂചിക നാലും ശതമാനം ഉയർന്നു.  ഹോങ് കോങ് സൂചിക ഒന്നരയാ ചൈനീസ് സൂചിക ഒന്നും ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി.

വിപണി ദുർബലം

താഴ്ന്നു വ്യാപാരം തുടങ്ങിയ വെള്ളിയാഴ്ച മുഖ്യ സൂചികകൾ മിതമായ നേട്ടത്തിൽ അവസാനിച്ചു. എന്നാൽ വിശാലവിപണി ദുർബലമായി.

സെൻസെക്സ് 266.47 പോയിൻ്റ് (0.32%) ഉയർന്ന് 83,580.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50.90 പോയിൻ്റ് (0.20%) കയറി 25,693.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 56.90 പോയിൻ്റ് (0.09%) ഉയർന്ന് 60,120.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 14.40 പോയിൻ്റ് (0.09%) താഴ്‌ന്ന് 59,502.70 ലും സ്മോൾ ക്യാപ് 100 സൂചിക 45.25 പോയിൻ്റ് (0.27%) കുറഞ്ഞ് 16,938.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി നിന്നു. ബിഎസ്ഇയിൽ 1885 ഓഹരികൾ കയറിയപ്പോൾ 2309 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1336 എണ്ണം ഉയർന്നു, 1772 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 29 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 80 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. അഞ്ചെണ്ണം അപ്പർ സർകീട്ടിലും നാലെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച വാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 1950.77 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 1265.06 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

വിദേശികൾ കഴിഞ്ഞ ആഴ്ച 8129 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു. 2025 ൽ 1.66 ലക്ഷം കോടി രൂപയും ജനുവരിയിൽ 35,962 കോടി രൂപയും പിൻവലിച്ച ശേഷമുള്ളതാണ് ഈ നിക്ഷേപം. അമേരിക്കയുമായുളള വ്യാപാര കരാർ ധാരണയെ തുടർന്നു വിദേശനിക്ഷേപകർ ഇന്ത്യയോടുള്ള സമീപനം മാറ്റി എന്നാണ് ഇതു കാണിക്കുന്നത്. ഇനിയുള്ള ആഴ്ചകളിൽ വിദേശികൾ ഇന്ത്യൻ വിപണിയിലേക്കു കൂടുതൽ പണം ഒഴുക്കും. അതു വിപണിയെ വലിയ ഉയരങ്ങളിലേക്കു നയിക്കും.

നിഫ്റ്റി വെള്ളിയാഴ്ച ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. 26,000 - 26,300 മേഖല കടക്കാനാകും വിപണിയുടെ ഉദ്യമം.25,450 ലെ പിന്തുണ നിലനിർത്താനായില്ലെങ്കിൽ 25,000 നു സമീപത്തേക്കു വീഴാം. ഇന്ന് 25,550 ഉം 24,500 ഉം പിന്തുണയാകാം. 25,755 ലും 25,820 ലും തടസം ഉണ്ടാകാം.

വിദേശികളുടെ നിരന്തരപിന്മാറ്റവും ഐടി ഓഹരികളുടെ തളർച്ചയും ഇന്ത്യൻ വിപണിയുടെ റേറ്റിംഗ് താഴ്ത്തി. എംഎസ് സിഐ എമേർജിംഗ് മാർക്കറ്റ് ഇൻഡെക്സിൽ ഇന്ത്യ നാലാം സ്ഥാനത്തായി. വെയിറ്റ് 13.34 ശതമാനം. ചൈന (26.6%), തായ്‌വാൻ(21.04%), ദക്ഷിണ കൊറിയ (15.65%) എന്നിവയാണ് ഇന്ത്യക്കു മുന്നിൽ. സെമികണ്ടക്ടർ നിർമാതാക്കൾ അടക്കം ടെക്നോളജി കമ്പനികളുടെ നേട്ടമാണു മറ്റു വിപണികളെ ഉയർത്തുന്നത്. വ്യാപാരകരാർ ധാരണ വിദേശനിക്ഷേപകരെ തിരിച്ചെത്തിക്കുമ്പോൾ സ്ഥിതി മാറും.

കമ്പനികളും യുഎസ് കരാറും

വിറ്റുവരവിൻ്റെ 20 ശതമാനത്തോളം അമേരിക്കയിൽ നിന്നു ലഭിക്കുന്ന സംവർധന മദർസണിന് വ്യാപാര കരാർ ഗുണകരമാകുമെന്നു ബ്രോക്കറേജുകൾ വിലയിരുത്തി.

വരുമാനത്തിൽ 40 ശതമാനം അമേരിക്കയിൽ നിന്നു കിട്ടുന്ന പ്രിസിഷൻ ഫോർജിംഗ് കമ്പനി സോനാ ബിഎൽഡബ്ല്യുവിനും ഫോർജിംഗ്, വാഹനഘടക കമ്പനി ഭാരത് ഫോർജിനും യുഎസ് വ്യാപാര കരാർ നേട്ടമാകും.

യുഎസ് വ്യാപാരനിയന്ത്രണങ്ങൾ നീങ്ങുന്നതു ടാറ്റാ മോട്ടോഴ്സിൻ്റെ ജഗ്വാർ ലാൻഡ് റോവർ വിൽപന കൂടാൻ സഹായിക്കും. കമ്പനിയുടെ വരുമാനത്തിൽ 86 ശതമാനം ഇതിൽ നിന്നാണ്.

ബാലകൃഷ്ണ ഇൻഡസ്ടീസിൻ്റെ ഓഫ് ഹൈവേ ടയറുകളുടെ വിൽപന കൂട്ടാൻ കരാർ സഹായിക്കും. കഴിഞ്ഞ വർഷം 17 ശതമാനം വരുമാനം യുഎസിൽ നിന്നായിരുന്നു.

കമ്പനികൾ, വാർത്തകൾ

കല്യാൺ ജ്വല്ലേഴ്സിൻ്റെ മൂന്നാം പാദ വരുമാനം 42 ശതമാനം കൂടിയപ്പോൾ മൊത്തലാഭം 74.3 ഉം  അറ്റാദായം 90 ഉം ശതമാനം കുതിച്ചു. ലാഭമാർജിൻ 5.9 ൽ നിന്ന് 7.3 ശതമാനമായി.

മൂന്നാം പാദത്തിൽ സൺ ടിവി വരുമാനം നാലു ശതമാനം കൂടിയപ്പോൾ മൊത്ത ലാഭം 5.6 ഉം അറ്റാദായം 10.7 ഉം ശതമാനം താഴ്‌ന്നു. ലാഭമാർജിൻ 53.7 ൽ നിന്നു 48.7 ശതമാനമായി.

റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ്റെ (ആർഇസി) 52.63 ശതമാനം ഓഹരി പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്സി) വാങ്ങി. ഇനി ആർഇസി, പിഎഫ്സിയുടെ ഉപകമ്പനി ആയിരിക്കും. ബജറ്റ് പ്രഖ്യാപനത്തെ തുടർന്നാണിത്.

ബോഷ് കമ്പനിയുടെ വിറ്റുവരവ് 9.4 ശതമാനം കൂടിയപ്പോൾ അറ്റാദായം 16.1 ശതമാനം വർധിച്ചു.

വേൾപൂൾ ഇന്ത്യയുടെ വിറ്റുവരവ് നാലു ശതമാനം വർധിച്ചപ്പോൾ അറ്റാദായം 39.8 ശതമാനം ഇടിഞ്ഞു.

ടാറ്റാ സ്റ്റീൽ മൂന്നാം പാദ വരുമാനം നാമമാത്രമായി വർധിപ്പിച്ചപ്പോൾ അറ്റാദായം 295 കോടിയിൽ നിന്ന് 2730 കോടിയിലേക്കു കുതിച്ചു കയറി. ഒരു ഉപകമ്പനിയിലെ ശിഷ്ടഓഹരികൾ വാങ്ങിയതിലെ 919 കോടി രൂപയുടെ നേട്ടം ലാഭം കൂട്ടാൻ സഹായിച്ചു.

എസ്ബിഐയുടെ അറ്റ പലിശ വരുമാനം 9.04 ശതമാനം കൂടിയപ്പോൾ പ്രവർത്തനലാഭം 39.54 ഉം അറ്റാദായം 24.49 ഉം ശതമാനം കുതിച്ചു. 57 ലക്ഷം കോടിയിലധികം രൂപ ബാങ്കിൽ നിക്ഷേപമുണ്ട്. മൊത്തം ബിസിനസ് 103 ലക്ഷം കോടി രൂപ കടന്നു. വായ്പകൾ 15.4 ശതമാനം വർധിച്ചു. നിഷ്‌ക്രിയ ആസ്തി അനുപാതം കുറഞ്ഞു.

സ്വർണം വീണ്ടും 5000 നു മുകളിൽ

വ്യാഴാഴ്ച 5000 ഡോളർ കടന്നശേഷം കുത്തനേ വീണ സ്വർണം വെള്ളിയാഴ്ച നാലു ശതമാനം കുതിച്ച് ഔൺസിന് 4968 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒന്നര ശതമാനം കുതിച്ച് 5047.60 ഡോളറിൽ എത്തി. പിന്നീടു താഴ്ന്ന് 4997 ഡോളർ ആയി. വെള്ളിയും ഇതേ പാത പിന്തുടന്ന് ഔൺസിന് 81.79 ഡോളറിലേക്കു കയറിയിട്ട് 81.47 ലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 520 രൂപ കുറഞ്ഞ് 1,12,720 രൂപയായി. ശനിയാഴ്ച 2120 രൂപ ഉയർന്ന് 1,14.840 രൂപയിൽ എത്തി. 

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,55,756 രൂപ വരെ ഉയർന്നു.

വെള്ളിയാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,51,288 രൂപ വരെ എത്തി.

പ്ലാറ്റിനം 2140 ഉം പല്ലാഡിയം 1730 ഉം റോഡിയം 9,900 ഉം ഡോളറിലാണ്. 

സ്വർണവില കുതിക്കുമെന്നും ഇടിയുമെന്നും

ബുള്ളിയൻ വിലകൾ ഇനിയും ഗണ്യമായി ഉയരും എന്നാണു വിപണി കണക്കാക്കുന്നത്. വില പരമാവധി കയറിയെന്ന അഭിപ്രായം വിപണിയിലെ ബുള്ളുകൾക്ക് ഇല്ല. 4000 ഡോളറിലേക്ക് ഇടിയും എന്ന ചില വിലയിരുത്തലുകൾ കഴിഞ്ഞ ആഴ്ച വന്നിരുന്നു. എച്ച്എസ്ബിസി 3200 ഡോളറിലേക്കു വില വീഴാനുളള സാധ്യത തള്ളിക്കളഞ്ഞില്ല. എന്നാൽ വർഷാന്ത്യവില ഔൺസിന് 6300 ഡോളർ ആകുമെന്ന പ്രവചനം ജെപി മോർഗൻ തിരുത്തിയിട്ടില്ല. മാർച്ചിൽ വില 6000 ഡോളർ കടക്കും എന്നാണു ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്. 

സ്വർണം അടുത്ത ആഴ്ചകളിൽ ഔൺസിന് 4500 വരെ താഴാമെങ്കിലും ജൂൺ - ജൂലൈയോടെ 6200 ഡോളറിൽ എത്തുമെന്ന് സ്വിസ് ബാങ്ക് യുബിഎസ് വിലയിരുത്തി. കാനഡയിലെ സിഐബിസി കാപ്പിറ്റൽ മാർക്കറ്റ്സ് ഈ വർഷം ശരാശരി വില 6000 ഡോളർ ആകുമെന്നു കരുതുന്നു.

ഔൺസിന് 4000 ഡോളറിലേക്കു താഴുമെന്ന് ബ്ലൂംബെർഗ്  ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്‌ഗ്ലോൺ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു

കേന്ദ്രബാങ്കുകളുടെ വാങ്ങലും നിക്ഷേപകരുടെ ആവശ്യവും ആണു വിലയെ കയറ്റുന്നതെന്നു ജെപി മോർഗൻ പറയുന്നു. നിക്ഷേപ ഡിമാൻഡ് 2025-ൽ 50 ശതമാനത്തിലധികം വർധിച്ചു. എന്നാൽ കേന്ദ്രബാങ്കുകൾ കഴിഞ്ഞ പാദത്തിൽ വാങ്ങലിൻ്റെ തോത് കുറച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആയിരം ടണ്ണിലധികം വാങ്ങിയിരുന്ന കേന്ദ്രബാങ്കുകൾ കഴിഞ്ഞ വർഷം വാങ്ങിയത് 863 ടൺ മാത്രം. കഴിഞ്ഞ വർഷം സ്വർണത്തിൻ്റെ മൊത്തം ഡിമാൻഡ് 5000 ടണ്ണിൽ അധികമായി. ഉൽപാദനം ഇതിനനുസരിച്ചു വർധിക്കുന്നില്ല.

ചൈനീസ് വ്യാപാരികളുടെ ഊഹക്കച്ചവടമാണു കഴിഞ്ഞ ആഴ്ചകളിലെ ബുള്ളിയൻ വിലയിടിവിനു കാരണമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്നലെ ആരോപിച്ചു

ലോഹങ്ങൾ കയറി

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.12 ശതമാനം വർധിച്ച് ടണ്ണിനു 12,837.35 ഡോളറിൽ എത്തി. അലൂമിനിയം 1.26 ശതമാനം കയറി ടണ്ണിന് 3070.27 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ലെഡും ഉയർന്നപ്പോൾ ടിൻ താഴ്‌ന്നു.

റബർ രാജ്യാന്തര വിപണിയിൽ 0.95 ശതമാനം താഴ്ന്നു കിലോഗ്രാമിന് 188.10 സെൻ്റ് ആയി. കൊക്കോ 1.02 ശതമാനം താഴ്‌ന്നു ടണ്ണിനു 4154.07 ഡോളറിൽ എത്തി. കാപ്പി 0.86 ശതമാനം താഴ്ന്നു. തേയില 3.97 ശതമാനം ഇടിഞ്ഞു. പാം ഓയിൽ 1.31 ശതമാനം താഴ്‌ന്നു.

ഡോളർ താഴുന്നു

ഡോളർ സൂചിക വെള്ളിയാഴ്ച താഴ്‌ന്ന്  97.63 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.61 ലേക്കു താഴ്ന്നു.

യൂറോ 1.1827 ഉം പൗണ്ട് 1.3607 ഉം ഡോളർ വരെ കയറി. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.91 യെൻ എന്ന നിലയിലേക്കു താഴ്‌ന്നു. തകായിച്ചി സർക്കാർ യെൻ ദുർബലമാകാൻ ആഗ്രഹിക്കുന്നു എന്നാണു വിലയിരുത്തൽ. സ്വിസ് ഫ്രാങ്ക് 0.7755 ഡോളറിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.94 യുവാൻ എന്ന നിരക്കിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.224 ശതമാനമായി ഉയർന്നു. 

രൂപ ഇടിവിൽ

പലിശമാറ്റം ഇല്ലാതെ പണനയം പ്രഖ്യാപിച്ച ശേഷം രൂപ അൽപം താഴ്ചയിലായി. ഡോളർ 33 പൈസ കയറി 90.65 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.60 രൂപ വരെ താഴ്ന്നു. ചൈനീസ് യുവാൻ 13.01 രൂപയിലേക്കു താഴ്‌ന്നു. 

ക്രൂഡ് ഓയിൽ താഴ്ചയിൽ

ക്രൂഡ് ഓയിൽ താഴ്ച തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഉയർന്ന് ബാരലിന് 68.05 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 67.66 ഉം ഡബ്ള്യുടിഐ ഇനം 63.21 ഉം യുഎഇയുടെ മർബൻ 68.38 ഉം ഡോളറിലാണ്. പ്രകൃതിവാതകവില താഴ്ന്നു 3.21 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ബിറ്റ്കോയിൻ 60,000 ഡോദർ വരെ ഇടിഞ്ഞിട്ട് വാരാന്ത്യത്തിൽ 70,000 നു മുകളിൽ കയറി. ഇന്നു രാവിലെ 70,500 ഡോളറിനു താഴെയാണ്. ഈഥർ 2080 ഡോളറിനും സൊലാന 87 ഡോളറിനും താഴെ എത്തി. 

വിപണിസൂചനകൾ

(2026 ഫെബ്രുവരി 06, വെള്ളി)

സെൻസെക്സ് 83,580.40   +0.32%  

നിഫ്റ്റി50     25,693.70     +0.20%

ബാങ്ക് നിഫ്റ്റി     60,120.55    +0.09%

മിഡ്ക്യാപ്100    59,502.70    -0.02%

സ്മോൾക്യാപ്100 16,938.65  -0.27%

ഡൗ ജോൺസ്   50,115.67    +2.47%

എസ് ആൻഡ് പി   6932.30     +1.97%

നാസ്ഡാക്    23,031.21     +2.18%

ഡോളർ      ₹90.65      +0.33

സ്വർണം(ഔൺസ്  $4968.00  +$189.50

സ്വർണം (പവൻ) ₹1,12,720   -₹520

                   ശനി ₹1,14,840   +₹ 2120

ക്രൂഡ്ഓയിൽബ്രെൻ്റ് $68.05  -$0.70

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com