

യുദ്ധം മൂലം വിപണികൾ വലിയ തകർച്ചയിലേക്കു നീങ്ങുകയാണ്. ദുസഹമായ വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണു ലോകരാജ്യങ്ങൾ നേരിടാൻ പോകുന്നത്. യുദ്ധം വേഗം അവസാനിക്കാൻ വഴി തെളിയുന്നുമില്ല.
ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിൽ എത്തി. വിലക്കയറ്റം ഒരു ചെറിയ കാര്യമാണെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വില വീണ്ടും കൂടാൻ വഴിതെളിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉണ്ടായിരുന്ന ഉപരോധം മുഴുവൻ നീക്കി എണ്ണലഭ്യത കൂട്ടുമെന്നു യുഎസ് പറഞ്ഞിട്ടുണ്ട്. ഹോർമുസ് കടലിടുക്കു തുറക്കാനുള്ള സാധ്യത കുറഞ്ഞു.
വധിക്കപ്പെട്ട പരമോന്നത നേതാവ് അലി ഖമനയിയുടെ പുത്രൻ മുജ്താബ ഖമനയിയെ പരമോന്നത നേതാവായി ഇറാൻ്റെ ഉന്നത ഭരണസമിതി പ്രഖ്യാപിച്ചു. മുജ്താബയെ വധിക്കുമെന്നു ട്രംപും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാൻ്റെ ആക്രമണം തുടരുന്നതു യുദ്ധം വ്യാപകമാകാൻ വഴിതുറക്കുന്നതാണ്. അതു കൂടുതൽ ഭീതിദമായ സാഹചര്യം സൃഷ്ടിക്കും.
ഇതിനിടെ സ്വർണവില ഇടിഞ്ഞു. ക്രിപ്‌റ്റോ കറൻസികളും താഴ്‌ന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,300.00 ൽ എത്തി. ഇന്നു രാവിലെ 23,700 വരെ താഴ്‌ന്നിട്ട് 23,800 നു മുകളിൽ കയറി. നിഫ്റ്റി രണ്ടു ശതമാനത്തിലധികം നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണികൾ വെള്ളിയാഴ്ച വലിയ ഇടിവിലായി. ഇടയ്ക്കു ഡൗ 950 പോയിൻ്റ് തകർന്ന ശേഷം നഷ്ടം പകുതി കുറച്ചാണു ക്ലോസ് ചെയ്തത്. മറ്റു സൂചികകൾ കൂടുതൽ നഷ്ടത്തിലായി. ഡൗ ജോൺസ് 453.19 പോയിൻ്റ് (0.95%) ഇടിഞ്ഞ് 47,501.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 90.69 പോയിൻ്റ് (1.33%.) താഴ്‌ന്ന് 6740.02 ലും നാസ്ഡാക് 361.31 പോയിൻ്റ് (1.59%) നഷ്‌ടത്തോടെ 22,387.68 ലും ക്ലോസ് ചെയ്തു.
സൂചികകളുടെ പ്രതിവാര നഷ്ടം 11 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലാണ്. കഴിഞ്ഞ ആഴ്ച ഡൗ മൂന്നും എസ് ആൻഡ് പി രണ്ടും നാസ്ഡാക് 1.2 ഉം ശതമാനം താഴ്ചയിലായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കുത്തനേ ഇടിഞ്ഞു. ഡൗ ജോൺസ് 992 പോയിൻ്റും (2.09%) എസ് ആൻഡ് പി 138 പോയിൻ്റും (2.05%) നാസ്ഡാക് 600 പോയിൻ്റും (2.45%) നഷ്ടത്തിൽ നീങ്ങുന്നു. യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
ഏഷ്യൻ വിപണികൾ ഇന്നും കുത്തനേ ഇടിയുകയാണ്. ജപ്പാനിലെ നിക്കൈ ഇന്നു രാവിലെ 6.7 ശതമാനം താഴ്‌ന്നു. ഓസ്ട്രേലിയൻ സൂചിക നാലു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്‌പി എഴു ശതമാനം താഴ്ചയിലായി. ഹോങ് കോങ് സൂചിക മൂന്നും ചൈനീസ് വിപണി 0.75 ഉം ശതമാനം താഴ്ന്നു.
വ്യാഴാഴ്ച ആശ്വാസറാലി നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആ നേട്ടമെല്ലാം നഷ്‌ടപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 78,812- 79,753 പരിധിയിൽ നീങ്ങിയ സെൻസെക്സും 24,415-24,700 ൽ നീങ്ങിയ നിഫ്റ്റിയും താഴ്ന്ന നിലയുടെ അടുത്തു ക്ലോസ് ചെയ്തു. ആഴ്ചയിലെ നഷ്‌ടം മൂന്നു ശതമാനം.
സെൻസെക്‌സ് 1097.00 പോയിൻ്റ് (1.37%) ഇടിഞ്ഞ് 78,918.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 315.45 പോയിൻ്റ് (1.27%) താഴ്‌ന്ന് 24,450.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1272.60 പോയിൻ്റ് (2.15%) നഷ്ടപത്തോടെ 57,783.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 399.20 പോയിൻ്റ് (0.69%) താലേന്ന് 57,393.35 ലും സ്മോൾ ക്യാപ് 100 സൂചിക 39.90 പോയിൻ്റ് (0.24%) കുറഞ്ഞ് 16,498.90 ലും അവസാനിച്ചു.
വിപണിയിൽ ഭൂരിപക്ഷം ഓഹരികളും ഇടിവിലായി. ബിഎസ്ഇയിൽ 1812 ഓഹരികൾ ഉയർന്നപ്പോൾ 2396 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1308 എണ്ണം ഉയർന്നപ്പോൾ 1868 എണ്ണം ഇടിഞ്ഞു.വിദേശനിക്ഷേപകർ വെള്ളിയാഴചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 6030.38 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6971.51 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
പ്രതിരോധ മേഖല (2.77 ശതമാനം) മാത്രമാണ് വെള്ളിയാഴ്ച ഗണ്യമായി ഉയർന്നത്. ഐടി നാമമാത്രമായി (0.4%) ഉയർന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും റിയൽറ്റിയും വലിയ വീഴ്ച കണ്ടു. മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച്, കൊച്ചിൻ ഷിപ്പ് യാർഡ്, ഡാറ്റാ പാറ്റേൺസ്, ബെൽ, ബിഡിഎൽ, എം ടാർ, എച്ച്എഎൽ തുടങ്ങിയവ ഉയർന്നു.
വെള്ളിയാഴ്ച നല്ല നേട്ടം കാഴ്ചവച്ച സ്വർണം ഇന്നു വലിയ ഇടിവിലായി. ഔൺസിന് 91.70 ഡോളർ (1.81%) കയറി 5174 ഡോളറിലാണു സ്വർണം വാരാന്ത്യത്തിലേക്കു കടന്നത്. എന്നാൽ ഇന്നു രാവിലെ വില കുത്തനേ ഇടിഞ്ഞു. ഏഷ്യൻ വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനകം വില 160 ഡോളർ (3.2 ശതമാനം) താഴ്‌ന്ന് ഔൺസിന് 5013.90 ൽ എത്തി. പിന്നീട് ഉയർന്ന് 5075 ഡോളറിലായി.
റഷ്യയും പോളണ്ടും സ്വർണം വിൽക്കുന്നതും ഡോളറിൻ്റെ കരുത്തും ദുബായിയിലെ വ്യാപാര പ്രതിസന്ധിയുമാണ് സ്വർണത്തെ താഴ്‌ത്തുന്നത്. വെള്ളി രാവിലെ നാലു ഡോളർ (4.75 ശതമാനം) ഇടിഞ്ഞ് ഔൺസിന് 80.60 ഡോളറിൽ എത്തി. പ്ലാറ്റിനം 2040 ഡോളർ, പല്ലാഡിയം 1576 ഡോളർ, റോഡിയം 11,250 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം വെള്ളിയാഴ്ച 1280 രൂപ ഇടിഞ്ഞു പവന് 1,18,160 രൂപയിൽ എത്തി. ശനിയാഴ്ച 1840 ന രൂപ കയറി 1,20,000 രൂപ ആയി.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,58,030 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി 2,70,500 രൂപ വരെ കയറിയ ശേഷം 2,68,569 രൂപയിൽ അവസാനിച്ചു.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.26 ശതമാനം താഴ്‌ന്നു ടണ്ണിനു 12,807.15 ഡോളർ ആയി. അലൂമിനിയം 3.87 ശതമാനം കുതിച്ച് ടണ്ണിന് 3418.73 ഡോളറിൽ ക്ലോസ് ചെയ്തു. ഖത്തറിലും ബഹറിനിലും നിന്നുള്ള അലൂമിനിയം കയറ്റുമതി മുടങ്ങിയതാണു പ്രധാന കാരണം. ടിന്നും നിക്കലും ഉയർന്നു, ലെഡും സിങ്കും താഴ്‌ന്നു.
റബർ രാജ്യാന്തര വിപണിയിൽ താഴ്ച തുടർന്നു. വെള്ളിയാഴ്ച 1.62 ശതമാനം താഴ്‌ന്ന് കിലോഗ്രാമിന് 194 .20 സെൻ്റിൽ എത്തി. സാമ്പത്തികമാന്ദ്യ ആശങ്ക മൂലമാണു താഴ്ച. കൃത്രിമ റബർ വില 1.31 ശതമാനം ഉയർന്നു ടണ്ണിന് 14,158.33 ഡോളർ ആയി.
കൊക്കോ വില 5.73 ശതമാനം കുതിച്ചു ടണ്ണിന് 3230 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 1.56 ശതമാനം കയറി. പാം ഓയിൽ വില ടണ്ണിനു 4375 മലേഷ്യൻ റിംഗിറ്റിലേക്കു കയറി.
ക്രൂഡ് വിലക്കയറ്റത്തെ തുടർന്നു പിവിസി, പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ തുടങ്ങിയവയുടെ വില വെള്ളിയാഴ്ചയും ഉയർന്നു. യൂറിയ വില ടണ്ണിന് 583.50 ഡോളറിൽ തുടർന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നു 99.59 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.67 ലേക്കു കയറി. യൂറോ 1.1525 ഡോളറിലേക്കും പൗണ്ട് 1.3308 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഡോളറിന് 158.48 യെൻ എന്ന നിലയിലേക്ക് ഇടിഞ്ഞു ക. ചൈനീസ് യുവാൻ ഡോളറിന് 6.90 യുവാൻ എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.191 ശതമാനമായി ഉയർന്നു. എണ്ണവിലയിലെ വലിയ കയറ്റം പലിശ നിരക്ക് കൂട്ടാൻ കാരണമാകും എന്ന ഭീതിയിലാണിത്.
വെള്ളിയാഴ്ച രൂപ വീണ്ടും ദുർബലമായി. ഡോളർ 14 പൈസ കൂടി 91.74 രൂപയിൽ ക്ലോസ് ചെയ്തു. കയറ്റുമതി തടസപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചു കയറുന്നതും ഇന്ത്യയുടെ വ്യാപാര കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും കൂട്ടും. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞു പോകുന്നതും കമ്മി വർധിപ്പിക്കും. ഇതെല്ലാം രൂപയെ ഇനിയും താഴ്ത്തും.
ഇന്നു രൂപ ദുർബലമാകാം എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 91.94 രൂപയിലാണ്. ചൈനീസ് യുവാൻ 13.38 രൂപയിലേക്കു കയറി. യൂറോ 106.86 രൂപയായി ഉയർന്നു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
ഹോർമുസ് കടലിടുക്കിലുടെയുള്ള കപ്പൽ നീക്കം പുനരാരംഭിക്കാൻ വഴി തെളിയുന്നില്ല. ക്രൂഡ് ഓയിൽ വില അതിവേഗം കുതിക്കുകയാണ്. വെള്ളിയാഴ്ച വീപ്പയ്ക്ക് 92.61 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 109.7 ഡോളറിൽ എത്തി. ഇറാനിൽ ആക്രമണം തുടങ്ങുന്നതിനു തലേന്ന് 72.87 ഡോളർ ആയിരുന്നു വില. 10 ദിവസം കൊണ്ടു വർധിച്ചത് 50 ശതമാനം. 1973- ഒക്‌ടോബറിൽ ഒപെക് രാജ്യങ്ങൾ ഒന്നിച്ചു വില നാലിരട്ടി ആക്കിയപ്പോഴും 1979-80 ൽ ഇറാനിലെ വിപ്ലവവും ഇറാഖിൻ്റെ ആക്രമണവും നടന്നപ്പോഴും മാത്രമേ ഇതിലധികം വിലക്കുതിപ്പ് ഉണ്ടായിട്ടുള്ളു.
ഡബ്ള്യുടിഐ ഇനം ക്രൂഡ് ഇന്നു രാവിലെ 20 ശതമാനം കുതിച്ച് 109 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് ഒമ്പതു ശതമാനം കുതിച്ച് 112.5 ഡോളറിലായി. പ്രകൃതിവാതകവില 3.423 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുകയാണ്. കഴിഞ്ഞയാഴ്ച 74,000 ഡോളറിന് അടുത്തെത്തിയ ബിറ്റ്കോയിൻ ഇന്നു രാവിലെ 66,400 ഡോളറിനു താഴെയാണ്. ഈഥർ 1950 ഡോളറിനും സൊലാന 82 ഡോളറിനും താഴെ നിൽക്കുന്നു.
(2026 മാർച്ച് 06, വെള്ളി)
സെൻസെക്സ് 78,918.90 -1.37%
നിഫ്റ്റി50 24,450.45 -1.27%
ബാങ്ക് നിഫ്റ്റി 57,783.25 -2.15%
മിഡ്ക്യാപ്100 57,393.35 -0.69%
സ്മോൾക്യാപ്100 16,498.90 -0.24%
ഡൗ ജോൺസ് 47,501.55 -0.95%
എസ് ആൻഡ് പി 6740.02 -1.33%
നാസ്ഡാക് 22,387.68 -1.59%
ഡോളർ ₹91.74 +₹0.14
സ്വർണം (ഔൺസ്) $5174.00 +$91.70
സ്വർണം (പവൻ) ₹1,18,160 -₹1280
ശനി ₹1,20,000 +₹1840
ക്രൂഡ്ഓയിൽ ബ്രെൻ്റ് $92.69 +$8.34
Read DhanamOnline in English
Subscribe to Dhanam Magazine