വിപണികളിൽ ചാഞ്ചാട്ടം; ഏഷ്യൻ വിപണികൾ ദുർബലം; ലോഹങ്ങൾ നേട്ടത്തിൽ; കരുതൽ പണ അനുപാതം കൂട്ടരുതെന്നു ബാങ്കുകൾ

റിസർവ് ബാങ്കിൻ്റെ തീരുമാനം അടുക്കും തോറും വിപണികൾ ചില്ലറയല്ലാത്ത സംഭ്രമം കാണിക്കാറുണ്ട്. ഇപ്പോഴും അതു തന്നെ, സംഭവിക്കുന്നു. നേട്ടങ്ങൾ നിലനിർത്തി മുന്നോട്ടു പോകാൻ കഴിയുന്നില്ല. നിഫ്റ്റി 16,400-16,800 മേഖലയിൽ ചുറ്റിക്കറങ്ങുന്നു. നാമമാത്ര നഷ്ടത്തിൽ മുഖ്യസൂചികകൾ വീണ്ടും ക്ലോസ് ചെയ്തു. ഇന്നും വിപണി ചാഞ്ചാടാനാണു സാധ്യത.

വിദേശ നിക്ഷേപകർ ഓഹരികളുടെ വിൽപന തുടരുകയും സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിയുകയും ചെയ്യുന്നു. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 7.5 ശതമാനത്തിലേക്കു കയറി. ഒരാഴ്ച കഴിഞ്ഞു ഫെഡ് തീരുമാനം കാത്തിരിക്കുന്ന അമേരിക്കയിലും വിപണി ഇതേ വഴിക്കാണ്. രാവിലെ നല്ല നേട്ടത്തിൽ എത്തിയ മുഖ്യസൂചികകൾ ഒടുവിൽ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് സർക്കാരിൻ്റെ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം മൂന്നു ശതമാനത്തിനു മുകളിലായി.
ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്ത ശേഷം യൂറോപ്യൻ വിപണികൾ ഒരു ശതമാനത്തിലേറെ നേട്ടം ഉണ്ടാക്കി. യുഎസ് വിപണി തുടക്കത്തിൽ ഒരു ശതമാനത്തിലേറെ ഉയർന്നെങ്കിലും അവസാന മണിക്കൂറുകളിൽ നേട്ടം മിക്കവാറും നഷ്ടമാക്കി. ഡൗ ജോൺസ് സൂചിക നാമമാത്ര നേട്ടം മാത്രം ഉണ്ടാക്കി. എസ് ആൻഡ് പി 0.31 ശതമാനവും നാസ്ഡാക് 0.4 ശതമാനവും ഉയർന്നു ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലായി. യെൻ ദുർബലമായതിൻ്റെ പേരിൽ ജാപ്പനീസ് സൂചിക ആദ്യം ഉയർന്നെങ്കിലും പിന്നീടു താഴോട്ടു പോന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,490-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 16,430 വരെ എത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ താഴ്ന്നാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 93.91 പോയിൻ്റ് (0.17%) കുറഞ്ഞ് 55,675.32 ലും നിഫ്റ്റി 14.75 പോയിൻ്റ് (0.09%) താഴ്ന്ന് 16,569.55 ലും ക്ലോസ് ചെയ്തു. മെറ്റൽ, ഓയിൽ സൂചികകൾ ഒഴികെ എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലായിരുന്നു.
വിപണി നാമമാത്ര നഷ്ടം കുറിച്ചെങ്കിലും ഹ്രസ്വകാല മുന്നേറ്റത്തിനു സാധ്യത ഇല്ലാതില്ല. എന്നാൽ അതിനു തക്ക ബാഹ്യ പ്രേരണ ഉണ്ടാകണം. നിഫ്റ്റിക്ക് 16,475 ലും 16,375 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 16,640- ലും 16,710-ലും തടസം ഉണ്ടാകും.
വിദേശ നിക്ഷേപകർ ഇന്നലെ 2397.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1940 കോടിയുടെ നിക്ഷേപം നടത്തി.

വാതകവില കുതിച്ചു; ലോഹങ്ങളും

ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 119.6 ഡോളറിലാണ്. പ്രകൃതിവാതക വില ഇന്നലെ 10 ശതമാനം കുതിച്ച് യൂണിറ്റിന് 9.337 ഡോളർ ആയി.13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യൂറോപ്പിൽ വേനൽക്കാലം ചൂടേറിയതാകും എന്ന കാലാവസ്ഥാ മുന്നറിയിപ്പാണു വില കൂടാൻ കാരണം. റഷ്യ വാതകവിതരണം തടസപ്പെടുത്തും എന്ന ഭീതിയുമുണ്ട്.
വ്യാവസായിക ലോഹങ്ങൾ കുതിപ്പിലാണ്. ചൈന നിയന്ത്രണങ്ങൾ നീക്കുന്നതോടെ ലോഹങ്ങളുടെ ഡിമാൻഡ് കൂടും എന്നാണു വിപണി കണക്കാക്കുന്നത്. ചെമ്പ് 2.74 ശതമാനം കയറി ടണ്ണിന് 9712 ഡോളറിലെത്തി. അലൂമിനിയം 2783 ഡാേളറിലേക്കു കുതിച്ചു. നിക്കലിന് ആറു ശതമാനം കയറ്റമുണ്ടായി. ഇരുമ്പയിര് ടണ്ണിനു 145 ഡോളറിനടുത്തായി.

ഡോളർ കയറുന്നു, സ്വർണം താഴുന്നു

ഡോളർ സൂചിക ഉയർന്നതോടെ സ്വർണം താഴോട്ടായി. ഇന്നലെ 1857 ഡോളറിൽ നിന്ന് 1840-ലേക്കു വീണു. ഇന്നു രാവിലെ 1837-1839 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,280 രൂപയായി. ഇന്നു രൂപ - ഡോളർ നിരക്കിൽ നാടകീയ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ സ്വർണ വില കുറഞ്ഞേക്കും.
രൂപ ഇന്നലെ കയറിയിങ്ങി. ഒടുവിൽ ഡോളർ 77.66 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 102.42 വരെ കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 102.56 വരെ എത്തി. രൂപയ്ക്കു ക്ഷീണത്തിനാണു സാധ്യത. രൂപയെ താങ്ങി നിറുത്താൻ റിസർവ് ബാങ്ക് അധിക പരിശ്രമം ഇപ്പോൾ നടത്തുന്നില്ല. വിദേശനാണയ ശേഖരം 60,000 കോടി ഡോളറിനു മുകളിൽ നിർത്താൻ ബാങ്ക് ആഗ്രഹിക്കുന്നു. ഇടയ്ക്ക് കുറേ ആഴ്ചകളിൽ ശേഖരം അതിൽ കുറവായിരുന്നു.

ചാഞ്ചാട്ടത്തിനു പിന്നിൽ അവ്യക്തത

എതിർകാറ്റുകളോ പ്രതികൂല സംഭവങ്ങളോ ഉണ്ടായിട്ടല്ല വിപണി ചാഞ്ചാടുന്നത്. വിലക്കയറ്റം, പലിശവർധന, സാമ്പത്തിക വളർച്ച: ഈ മൂന്നും എങ്ങനെ നീങ്ങുമെന്നതിനെപ്പറ്റി വ്യക്തതയില്ല. വിലകൾ ഉയർന്നു നിൽക്കുന്നു. ഇനി എത്ര ഉയരും എന്നറിയില്ല. ഇതാണോ വിലകളുടെ പാരമ്യം എന്നും അറിയില്ല. പലിശ കൂട്ടും എന്നറിയാം. പക്ഷേ എത്ര വരെ കൂട്ടും എന്നറിയില്ല. ഇപ്പോൾ വിവിധ രാജ്യങ്ങൾ വളർച്ചയിലാണ്. അമേരിക്കയിൽ തൊഴിൽ അനായാസം വർധിക്കുന്നു. വേതനം കൂടുന്നു. പക്ഷേ പലിശ എത്രയാകുമ്പോൾ അതു മാറും എന്നറിയില്ല.
ഇതാണ് അനിശ്ചിതത്വത്തിനു പിന്നിൽ. യുഎസിൽ പലിശ ഇതുവരെ 0.75 -1.00 ശതമാനത്തിലേക്കു കയറ്റി. നേരത്തേ 0.00 - 0.25 ശതമാനമായിരുന്നു. ഇനി രണ്ടു തവണയായി നിരക്ക് 1.75-2.00 ശതമാനം ആക്കുമെന്നാണു നിഗമനം. അവിടെ നിൽക്കാൻ സാധ്യതയില്ല, നിരക്കു ഡിസംബറോടെ 2.5-2.75 ശതമാനമെങ്കിലും ആക്കണമെന്നു ചിലർ പറയുന്നു. ആ നിലവാരത്തിലേക്കു കയറിയാൽ വളർച്ച തടസപ്പെടും എന്നാണു ഭീതി.
ഇന്ത്യയിൽ 4.4 ശതമാനത്തിലുള്ള റീപാേ നിരക്ക് ആറു ശതമാനമാക്കും വരെ റിസർവ് ബാങ്കിനു വിശ്രമിക്കാനാവില്ല എന്നാണു പൊതു നിഗമനം. ആ നിരക്ക് എത്തുമ്പോൾ കടം വാങ്ങി സംരംഭങ്ങൾ നടത്തുന്നത് ലാഭകരമായിരിക്കുമോ എന്നതാണു ചോദ്യം. (വാണിജ്യ ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. ബാങ്കുകൾ മിച്ചമുള്ള പണം റിസർവ് ബാങ്കിനെ ഏൽപിച്ചാൽ കിട്ടുന്ന പലിശയാണു റിവേഴ്സ് റീപോ.)

കരുതൽ പണ അനുപാതം കൂട്ടുമോ?

റീപോ നിരക്ക് കഴിഞ്ഞ മാസം നാലിൽ നിന്നു 4.4 ശതമാനമായി ഉയർത്തിയിരുന്നു. ഒപ്പം ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) നാലിൽ നിന്നു നാലര ശതമാനമാക്കി. അതു ബാങ്കുകൾക്കു വായ്പ നൽകാനാവുന്ന തുകയിൽ 87,000 കോടി രൂപയുടെ കുറവു വരുത്തും.
ഇത്തവണ റീപോ നിരക്കു കൂട്ടുന്നതിനൊപ്പം സിആർആർ വീണ്ടും കൂട്ടരുതെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനാേട് അഭ്യർഥിച്ചിട്ടുണ്ട്. വായ്പയ്ക്ക് ആവശ്യം വർധിച്ചു വരുന്ന സമയമാണിത്. ഏപ്രിലിലെ വായ്പാവർധന 11.1 ശതമാനമാണ്. രണ്ടു വർഷത്തിനിടെ ഇത് ഇരട്ടയക്കത്തിൽ എത്തിയത് ആദ്യമാണ്. അപ്പോൾ അനുപാതം കൂട്ടുന്നത് ബാങ്കുകൾക്കും വ്യവസായങ്ങൾക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ചൂണ്ടിക്കാട്ടുന്നു.
നിരക്കു കൂട്ടുന്നതിനൊപ്പം വിപണിയിലെ അധിക പണലഭ്യത കുറയ്ക്കാനുള്ള ചില നടപടികളും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നു രാവിലെ പ്രഖ്യാപിക്കും. ഇന്നലെ തുടങ്ങിയ പണനയ കമ്മിറ്റിയുടെ യോഗതീരുമാനങ്ങൾ ഇന്നു രാവിലെ പത്തിനാണു ഗവർണർ ദാസ് വെളിപ്പെടുത്തുക.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it