ഇനി നോട്ടം അമേരിക്കൻ പലിശയിൽ; ഏഷ്യൻ വിപണികൾ ദുർബലം; ഇന്ത്യ - അമേരിക്ക ചർച്ച ഈയാഴ്ച; ഡോളർ ശ്രദ്ധാകേന്ദ്രം

ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചാൽ ആഗാേള വിപണികൾ നേട്ടം കുറിക്കും
Morning business news
Morning business newsCanva
Published on

റിസർവ് ബാങ്കിൻ്റെ പലിശ കുറയ്ക്കലും രൂപ- ഡോളർ ലഭ്യത വർധിപ്പിക്കലും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ വീണ്ടും റെക്കോർഡുകൾക്ക് അടുത്ത് എത്തിച്ചു. ഈ ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചാൽ ആഗാേള വിപണികൾ നേട്ടം കുറിക്കും; ഇന്ത്യൻ വിപണിയും കയറ്റം തുടരും എന്നു പ്രതീക്ഷിക്കാം.

ഫെഡ് തീരുമാനത്തിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ സ്വിസ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യൻ സെൻട്രൽ ബാങ്കും നയതീരുമാനം എടുക്കും. വിലക്കയറ്റം വർധിക്കുന്ന ജപ്പാനിൽ പലിശ കൂട്ടിയേക്കും. ഇവയെല്ലാം കാത്തിരിക്കുന്ന വിപണികൾ ആദ്യ ദിവസങ്ങളിൽ ചെറിയ ചാഞ്ചാട്ടങ്ങൾക്കാണു മുതിരുക.ഇന്ന് ഏഷ്യൻ വിപണികൾ പലതും താഴ്ചയിലാണ്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ച ഈയാഴ്ച പുനരാരംഭിക്കും. എന്നാൽ ഡൽഹിയിലേക്കു വരുന്ന സംഘം തീരുമാനങ്ങൾ എടുക്കാൻ മാത്രം ഉന്നത തലത്തിൽ ഉള്ളതല്ല. മുൻപു ചർച്ച നയിച്ചിട്ടുള്ളവരേക്കാൾ താഴ്ന്ന പദവിയിൽ ഉള്ളവരാണു വരുന്നത്. അതിനാൽ വിശദീകരണങ്ങൾ കൈമാറുന്നതിനപ്പുറം നിർദേശങ്ങളോ തീരുമാനങ്ങളോ പ്രതീക്ഷിക്കാനില്ല. അതിനു മുൻപ് അമേരിക്കൻ വിദേശകാര്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥ പ്രതിരോധ - ബഹിരാകാശ സഹകരണകാര്യം ചർച്ച ചെയ്യാൻ വരുന്നുണ്ട്. അതും താഴ്ന്ന പദവിയിൽ ഉള്ളവരാണ്. വ്യാപാര കരാർ കാര്യത്തിൽ ഗണ്യമായ പുരോഗതി പ്രതീക്ഷിക്കാനില്ല.

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ സന്ദർശനത്തിനു നൽകിയ പ്രാധാന്യത്തിന് അനുസരിച്ചു കരാറുകൾ ഉണ്ടായിട്ടില്ല എന്നതു യുഎസ് ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യ ആവശ്യപ്പെട്ട എസ് 500 മിസൈൽ പ്രതിരോധ സംവിധാനവും എസ്‌യു 57 പോർവിമാനങ്ങളും ആണവ അന്തർവാഹിനിയും ഉടനേ ലഭിക്കില്ല. പുടിൻ്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തെ ഉലയ്ക്കുന്നതായില്ല എന്നു ചുരുക്കം.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,332.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,340 വരെ കയറിയിട്ട് 26,312 വരെ താഴ്ന്നു. വീണ്ടും കയറി. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഭിന്ന ദിശകളിൽ

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച പല ദിശകളിൽ നീങ്ങി. ജർമൻ സൂചിക ഉയർന്നു. പാൻ യൂറോപ്യൻ സ്റ്റോക്സ് 600 ഉം യുകെ, ഫ്രഞ്ച് സൂചികകളും താഴ്ന്നു. മൂന്നാം പാദത്തിലെ യൂറോ മേഖലയുടെ ജിഡിപി വളർച്ച 0.3 ശതമാനമായി ശതമാനമായി പുതുക്കി. നേരത്തേ 0.2 ശതമാനമാണു പ്രതീക്ഷിച്ചത്.

ഈ വർഷം നാമമാത്ര ലാഭവർധന മാത്രം പ്രതീക്ഷിക്കുന്ന റീ ഇൻഷ്വറൻസ് കമ്പനി സ്വിസ് റീയുടെ ഓഹരി 6.5 ശതമാനം ഇടിഞ്ഞു.

യുഎസ് നേട്ടത്തിൽ

തുടർച്ചയായ നാലാം ദിവസവും യുഎസ് വിപണി ഉയർന്നു. പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) പ്രകാരമുളള യുഎസ് ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 2.8 ശതമാനമായിരുന്നു. ഇതു പ്രതീക്ഷയിലും കുറവായി. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ്റെ ഉപഭോക്തൃ വിശ്വാസ സൂചിക പ്രതീക്ഷയിലും മെച്ചമായി. ഇവയെല്ലാം ഈ ബുധനാഴ്ച പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിനെ സഹായിക്കും എന്നു വിപണി കരുതുന്നു. 3.75- 4.00 ശതമാനത്തിൽ നിന്നു പലിശകളുടെ താക്കോൽനിരക്ക് 3.5-3.75 ശതമാനത്തിലേക്കു കുറയ്ക്കാനുളള സാധ്യത 87 ശതമാനമായി വിപണി വിലയിരുത്തുന്നു.

വാർണർ- ഡിസ്കവറിയെ 7200 കോടി ഡോളറിന് ഏറ്റെടുക്കാനുള്ള നെറ്റ്ഫ്ലിക്സ് തീരുമാനത്തെ വിപണി എങ്ങനെ കാണുന്നു എന്ന് ഇന്ന് അറിയാം.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 104.05 പോയിൻ്റ് (0.22%) ഉയർന്ന് 47,954.99 ലും എസ് ആൻഡ് പി 500 സൂചിക 13. 28 പോയിൻ്റ് (0.19%) കയറി 6870.40 ലും നാസ്ഡാക് കോംപസിറ്റ് 72.99 പോയിൻ്റ് (0.31%) നേട്ടത്തോടെ 23,578.13 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്നദിശകളിലാണ്. ഡൗ 0.04 ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നും നീങ്ങുന്നു.

ഏഷ്യ ദുർബലം

ഏഷ്യൻ വിപണികൾ ഇന്നു ദുർബലമാണ്. ജപ്പാനിലെ നിക്കൈ അര ശതമാനം താഴ്ന്നു. ജപ്പാൻ്റെ ജൂലൈ - സെപ്റ്റംബർ ജിഡിപി ഇടിവ് നേരത്തേ കണക്കാക്കിയതിലും കൂടുതലായി. ഓസ്ട്രേലിയൻ സൂചിക നാമമാത്ര നഷ്ടത്തിലാണ്. ദക്ഷിണ കൊറിയൻ കോസ്പി സൂചിക തുടക്കത്തിൽ താഴ്ന്നു. ഹോങ് കോങ് സൂചിക നാമമാത്രമായി താഴ്ന്നു.. ചൈനീസ് സൂചിക 0.20 ശതമാനം കയറി. ചൈനയുടെ നവംബർ കയറ്റുമതി കണക്ക് ഇന്ന് അറിവാകും. കയറ്റുമതി 3.8 ശതമാനം കൂടും എന്നാണു നിഗമനം.

കുതിച്ചു കയറി ഇന്ത്യൻ വിപണി

റിസർവ് ബാങ്ക് വെള്ളിയാഴ്ച പലിശകളുടെ താക്കോൽ നിരക്കായ റീപോ നിരക്ക് കാൽശതമാനം കുറയ്ക്കുകയും വിപണിയിൽ പണലഭ്യതയും ഡോളർ ലഭ്യതയും കൂട്ടാൻ നടപടി എടുക്കുകയും ചെയ്തു. ഇത് ഓഹരി വിപണിയെ സന്തോഷിപ്പിച്ചു. ഓഹരി സൂചികകൾ മികച്ച നേട്ടം ഉണ്ടാക്കി. എന്നാൽ വിദേശനാണ്യ വിപണിയിലെ ആശങ്ക നീക്കിയില്ല. രൂപ ഉയരാൻ ശ്രമിച്ചിട്ടു വിജയിക്കാതെ ചാഞ്ചാട്ടങ്ങൾക്കു ശേഷം തലേ ദിവസത്തെ നിലയിൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകരുടെ വിൽപന വെള്ളിയാഴ്ചയും തുടർന്നു. 438.90 കോടി രൂപയുടെ അറ്റവിൽപന അവർ ക്യാഷ് വിപണിയിൽ നടത്തി. സ്വദേശിഫണ്ടുകൾ 4189.17 കോടിയുടെ അറ്റവാങ്ങൽ നടത്തി. ഡിസംബർ ആദ്യ ആഴ്ചയിൽ വിദേശികൾ മൊത്തം 11,820 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു. ഈ വർഷം ഇതുവരെ പിൻവലിച്ചത് 1.55 ലക്ഷം കോടി രൂപയായി.

നിഫ്റ്റി വെള്ളിയാഴ്ച 25,985 ൽ നിന്ന് 26,202 വരെയും സെൻസെക്സ് 85,078 ൽ നിന്ന് 85,796 വരെയും ഉയർന്ന ശേഷമാണ് അൽപം താഴ്ന്നു ക്ലോസ് ചെയ്തത്. ബാങ്ക്, ധനകാര്യ, ഐടി, റിയൽറ്റി, ഓട്ടോ, മെറ്റൽ മേഖലകൾ നല്ല മുന്നേറ്റം നടത്തി. ഡിഫൻസ്, ടൂറിസം, മീഡിയ തുടങ്ങിയവ താഴ്ന്നു.

വെള്ളിയാഴ്ച സെൻസെക്സ് 447.05 പോയിൻ്റ് (0. 52%) ഉയർന്ന് 85,712.37 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 152.70 പോയിൻ്റ് (0.59%) കയറി 26,186.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 488.50 പോയിൻ്റ് (0.82%) കുതിച്ച് 59,777.20 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 294.80 പോയിൻ്റ് (0.49%) നേട്ടത്തോടെ 60,594.60 ലും സ്മോൾ ക്യാപ് 100 സൂചിക 100.10 പോയിൻ്റ് (0.57%) താഴ്ന്ന് 17,507.75 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 17 40 ഓഹരികൾ ഉയർന്നപ്പോൾ 2423 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1323 ഓഹരികൾ കയറി, 1764 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 36 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 249 എണ്ണം താഴ്ന്ന വിലയിൽ എത്തി. നാല് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ രണ്ടെണ്ണം ലോവർ സർകീട്ടിൽ എത്തി.

നിഫ്റ്റി 26,160 നു മുകളിൽ ക്ലോസ് ചെയ്തതു ബുള്ളുകൾക്ക് ആവേശം ഉയർത്തുന്നതായി. 26,300-26,500 മേഖലയിലേക്ക് കയറാം എന്നാണ് അവർ കരുതുന്നത്. 26,000-26,850 മേഖലയിൽ ശക്തമായ പിന്തുണ നിലനിൽക്കുന്നു. ഇന്നു നിഫ്റ്റിക്ക് 26,050 ലും 25,950 ലും പിന്തുണ പ്രതീക്ഷിക്കാം. 26,200 ലും 26,260 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

ഈയാഴ്ച അഞ്ചു കമ്പനികൾ മൊത്തം 14,500 കോടി രൂപ സമാഹരിക്കാനായി വിപണിയിൽ എത്തുന്നു. 10,602 കോടി രൂപ ലക്ഷ്യമിടുന്ന ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസിയാണ് ഏറ്റവും വലുത്. 2061- 2165 രൂപയാണു വില ലക്ഷ്യം. റീട്ടെയിൽ ഓഫർ 35 ശതമാനം ഉണ്ട്. കുറഞ്ഞത് ആറ് ഓഹരിക്ക് അപേക്ഷിക്കണം. പുതിയ ഓഹരികൾ അല്ല, പ്രൊമോട്ടർമാരുടെ ഓഹരികൾ ഓഫർ ഫോർ സെയിലിൽ നൽകുന്നതാണ്. മറ്റ് ഐപിഒ കളിൽ ഭൂരിപക്ഷം ഒഎഫ്എസ് വിൽപനയാണ്.

കഴിഞ്ഞയാഴ്ച 82 മടങ്ങ് അപേക്ഷകളോടെ ക്ലോസ് ചെയ്ത മീഷോ ഐപിഒ ബുധനാഴ്ച ലിസ്റ്റ് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.

സമീപകാലത്ത് ഐപിഒ നടത്തിയ കമ്പനികളിൽ എട്ടെണ്ണത്തിലെ ആങ്കർ ഇൻവെസ്റ്റർമാരുടെ 6523 കോടി രൂപയുടെ ഓഹരികൾ ലോക്ക് ഇൻ പീരിയഡ് കഴിഞ്ഞ് ഇന്നു വിപണിയിൽ എത്തും. ഗ്രോ, ലെൻസ് കാർട്ട്, പൈൻ ലാബ്സ് തുടങ്ങിവയാണു കമ്പനികൾ.

ഫാക്ടറിയിൽ വെള്ളം കയറിയതിനെ തുടർന്ന് സുപ്രീം പെട്രോകെമിൻ്റെ മണാലി (ചെന്നൈ) യൂണിറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു.

അപ്പോളാേ ടയേഴ്സിൽ നിന്ന് 279 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് ഉന്നയിച്ചുള്ള നടപടികൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഇൻഡിഗാേ വിമാന സർവീസുകൾ ബുധനാഴ്ചയോടെ സാധാരണ നിലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു. കമ്പനിക്കു കൂടുതൽ ശക്ഷ സർക്കാർ നൽകിയേക്കും. പൈലറ്റുമാരുടെ കുറവായിരുന്നു കാരണം. ജോലി, വിശ്രമസമയങ്ങൾ പരിഷ്കരിച്ചു രണ്ടു വർഷം മുൻപ് ഇറക്കിയ ഉത്തരവ് നടപ്പാക്കൽ സർക്കാർ നീട്ടിവച്ചാണു കമ്പനിയെ സർവീസ് പുനരാരംഭിക്കാൻ സഹായിച്ചത്. ഇതിൽ പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്.

സ്വർണം ചാഞ്ചാടി

സ്വർണവും വെള്ളിയും ചാഞ്ചാട്ടം തുടരുകയാണ്. ഈ ബുധനാഴ്ച ഫെഡറൽ റിസർവ് പലിശ തീരുമാനം പ്രഖ്യാപിക്കും വരെ ഈ രീതി തുടരും. വെള്ളിയാഴ്ച ഔൺസിന് 4260 ഡോളറിൽ നിന്ന് 4191 ഡോളർ വരെ താഴ്ന്നിട്ട് അൽപം കയറി 4199.30 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4210 ഡോളറിലേക്കു കയറി. അവധിവില ഇന്ന് 4239 ഡോളർ ആയി.

കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവൻ വെള്ളിയാഴ്ച 95,840 രൂപയിലേക്കു കയറിയിട്ട് ശനിയാഴ്ച 95,440 രൂപയായി കുറഞ്ഞു.

വെള്ളി സ്പോട്ട് വിപണിയിൽ വെള്ളിയാഴ്ച രണ്ടു ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 58.39 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.61 ഡോളറിലേക്കു കയറി. അവധിവില 59.04 ഡോളർ ആയി.

പ്ലാറ്റിനം 1640 ഡോളർ, പല്ലാഡിയം 1442 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

സ്വർണക്കുതിപ്പ് 2026 ലും തുടരുമെന്നു പ്രവചനം

അൻപതിലേറെ തവണ സ്വർണവിലയിലെ റെക്കോർഡ് തിരുത്തിയ അപൂർവ വർഷമാണു കടന്നു പോകുന്ന 2025. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിയതും നിക്ഷേപാവശ്യക്കാർ വർധിച്ചതുമാണു വിലയെ 1979-നു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിൽ എത്തിച്ചത്. ചൈനീസ് കേന്ദ്രബാങ്ക് ഔദ്യോഗികമായി അറിയിച്ചതിലും വളരെ കൂടുതൽ സ്വർണം വാങ്ങി എന്ന പല വിപണി നിരീക്ഷകരും കണക്കാക്കുന്നു. റഷ്യ യുദ്ധച്ചെലവിനായി തങ്ങളുടെ റിസർവിൽ നിന്നു സ്വർണം വിറ്റു എന്നും സൂചനയുണ്ട്. ചില്ലറ നിക്ഷേപകർ സ്വർണ ഇടിഎഫുകളിൽ കൂടുതൽ നിക്ഷേപം നടത്തി. ആഭരണ ആവശ്യവും വർധിച്ചു.

അടുത്ത വർഷവും സ്വർണം കയറ്റം തുടരുമെന്നാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവചനം. 2026-ൽ വില ഔൺസിന് 4950 ഡോളർ എത്തിയിട്ടു ശരാശരി വില 4450 ഡോളർ ആകുമെന്ന് ഡോയിച്ച് ബാങ്ക് പറയുന്നു. ഗോൾഡ്മാൻ സാക്സ് 4900, മോർഗൻ സ്റ്റാൻലി 4400, സിഎൽഎസ്എ 5100 ഡോളർ എന്നിങ്ങനെയാണു പ്രവചനം. വേൾഡ് ഗോൾഡ് കൗൺസിൽ മൂന്നു സാധ്യതകൾ ചൂണ്ടിക്കാട്ടി അഞ്ചു മുതൽ 30 വരെ ശതമാനം വരെ കയറ്റം (ലക്ഷ്യവില 4500 മുതൽ 5800 വരെ ഡോളർ) കണക്കാക്കുന്നു.

വെള്ളിത്തിളക്കം തുടരും

ഈ വർഷം ഇരട്ടിയോടടുത്ത വെള്ളിവില അടുത്ത വർഷവും കുതിക്കുമെന്നാണു പ്രവചനങ്ങൾ. ഔൺസിന് 70 - 75 ഡോളറാണ് മോട്ടിലാൽ ഓസ്വാൾ പറയുന്നത്. 100 ഡോളറിലേക്കു കയറും എന്നു കണക്കാക്കുന്നവരും ഉണ്ട്. ഇന്ത്യയിലെ വില 2026 ആദ്യം രണ്ടു ലക്ഷം രൂപയും വർഷാവസാനം 2.4 ലക്ഷം രൂപയും എന്നാണു പലരുടെയും പ്രവചനം. മുൻകാലത്തേക്കാൾ വെള്ളിയുടെ വ്യാവസായിക ആവശ്യം വർധിച്ചിട്ടുണ്ട്. നിർമിത ബുദ്ധി ചിപ്പുകളും പുനരുൽപാദന ഊർജോൽപാദനവും വ്യാവസായിക ആവശ്യം കൂട്ടി. ഇന്ത്യയിൽ നിക്ഷേപ - ആഭരണ ഡിമാൻഡ് നാലായിരം ടണ്ണിലേക്കു കുതിച്ചതും ഖനികളിലെ ഉൽപാദനം കുറഞ്ഞു വരുന്നതും വെള്ളിവില പരിധികൾ തകർക്കാൻ വഴി തെളിച്ചു.

ലോഹങ്ങൾ പല വഴി

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഭിന്നദിശകളിലായി. ചെമ്പ് 1.51 ശതമാനം കുതിച്ചു ടണ്ണിന് 11,645.00 ഡോളറിൽ ക്ലാേസ് ചെയ്തു. അലൂമിനിയം 0.01 ശതമാനം താഴ്ന്നു ടണ്ണിന് 2907.00 ഡോളറിൽ അവസാനിച്ചു ലെഡും ടിന്നും ഉയർന്നു. നിക്കലും സിങ്കും താഴ്ന്നു.

റബർ വില രാജ്യാന്തര വിപണിയിൽ 0.53 ശതമാനം താഴ്ന്നു കിലോഗ്രാമിന് 170.40 സെൻ്റ് ആയി. കൊക്കോ 3.85 ശതമാനം ഉയർന്നു ടണ്ണിന് 5643.00 ഡോളറിൽ എത്തി. കാപ്പി വില 0.89 ശതമാനം കുറഞ്ഞു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാമാേയിൽ 1.12 ശതമാനം ഉയർന്നു.

ഡോളർ സൂചിക ചാഞ്ചാടി

ഡോളർ സൂചിക ചാഞ്ചാട്ടങ്ങൾക്കു ശേഷം മാറ്റമില്ലാതെ 98.99 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.89 ലേക്കു താഴ്ന്നു.

ഡോളർ വിനിമയനിരക്ക് വെള്ളിയാഴ്ച താഴ്ന്നു. യൂറോ 1.165 ഡോളറിലേക്കും പൗണ്ട് 1.333 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.95 യെൻ ആയി ഉയർന്നു.

യുഎസ് ഡോളർ 7.07 യുവാൻ എന്ന നിരക്കിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.8039 ഡോളറിലേക്കു കയറി.

യുഎസിൽ കടപ്പത്ര വിലകൾ വീണ്ടും കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.139 ശതമാനമായി കുതിച്ചു.

ഡോളർ കയറിയിറങ്ങി

ഡോളർ - രൂപ വിനിമയ നിരക്ക് ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനത്തെ തുടർന്നു കയറുകയും താഴുകയും ചെയ്ത ഡോളർ ഒടുവിൽ മാറ്റമില്ലാതെ 89.98 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായ ഇടപെടൽ നടത്തി. രൂപയുടെ നിരക്കിൽ റിസർവ് ബാങ്ക് ഇടപെടുന്നില്ലെന്നും വലിയ വ്യതിയാനം പെട്ടെന്നു വരുന്നതു തടയുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമുള്ള പതിവു വിശദീകരണമാണു റിസർവ് ബാങ്ക് ഗവർണർ നൽകിയത്.

ചൈനയുടെ കറൻസി യുവാൻ ഇന്നു രാവിലെ 12.72 രൂപയിലേക്കു കയറി. കഴിഞ്ഞ ആഴ്ച 12.80 രൂപവരെ കയറിയിട്ടു താഴ്ന്നതാണ്.

ക്രൂഡ് ഓയിൽ ഉയർന്നു

യുക്രെയ്ൻ സമാധാന ചർച്ച പരാജയപ്പെട്ടതാേടെ ക്രൂഡ് ഓയിൽ ഉയരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച 63.75 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 63.83 ഡോളറിലും ഡബ്ള്യുടിഐ ഇനം 60.17 ലും യുഎഇയുടെ മർബൻ ക്രൂഡ് 65.60 ലും എത്തി. പ്രകൃതിവാതക വില മൂന്നു ശതമാനം താഴ്ന്ന് 5.117 ഡോളർ ആയി.

ക്രിപ്റ്റോകൾ ചാഞ്ചാട്ടം തുടരുന്നു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞിട്ട് അൽപം തിരിച്ചു കയറി. പല കറൻസികളും താഴ്ന്നു തന്നെ നിൽക്കുന്നു. 88,000 ഡോളറിനു താഴെ പോയ ബിറ്റ് കോയിൻ ഇന്നു രാവിലെ 91,000 നു മുകളിലാണ്. 2950 വരെ താഴ്ന്ന ഈഥർ ഇന്ന് 3110 ഡോളറിനു മുകളിൽ എത്തി. 127 ഡോളർ വരെ താഴ്ന്ന ശേഷം സൊലാന 133 ൽ വന്നു.

വിപണിസൂചനകൾ

(2025 ഡിസംബർ 05, വെള്ളി)

സെൻസെക്സ് 85,712.37 +0.52%

നിഫ്റ്റി50 26,186.45 +0.59%

ബാങ്ക് നിഫ്റ്റി 59,777.20 +0.82%

മിഡ്ക്യാപ്100 60,594.60 +0.49%

സ്മോൾക്യാപ്100 17,507.75 -0.57%

ഡൗ ജോൺസ് 47,954.99 +0.22%

എസ് ആൻഡ് പി 6870.40 +0.19%

നാസ്ഡാക് 23,578.13 +0.31%

ഡോളർ ₹89.98 +0.00

സ്വർണം(ഔൺസ്)$4199.30 -$09.90

സ്വർണം (പവൻ) ₹95,840 +₹760

ശനി ₹95,440 -₹400

ക്രൂഡ്ഓയിൽബ്രെൻ്റ് $63.75 +0.41

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com