വ്യാപാരകരാർ അകലുന്നു, രൂപ കൂടുതൽ ദുർബലം; യുഎസ്, ഏഷ്യൻ വിപണികൾ താഴ്ന്നു; ക്രൂഡ് താഴ്ചയിൽ

ഈയാഴ്ച രണ്ടു തലങ്ങളിൽ ഇന്ത്യ-അമേരിക്ക ചർച്ചകൾ നടക്കും
Morning business news
Morning business newsCanva
Published on

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ അകന്നു പോകുന്നു എന്ന ധാരണയും വിദേശികളുടെ നിരന്തര വിൽപനയും വിപണിയെ വലിച്ചു താഴ്ത്തി. രൂപയുടെ തളർച്ചയും വിപണിയെ ആശങ്കയിലാക്കുന്നു. നാളെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ എന്നതിലെ അവ്യക്തത വിദേശ വിപണികളെയും ഉലച്ചു. ഇന്നലെ വലിയ താഴ്ചയിലായ ഇന്ത്യൻ വിപണിയുടെ ഇന്നത്തെ തുടക്കവും താഴ്ന്നാകും എന്നാണു നിഗമനം.

ഈയാഴ്ച രണ്ടു തലങ്ങളിൽ ഇന്ത്യ-അമേരിക്ക ചർച്ചകൾ നടക്കും. അവയിൽ തീരുമാനമൊന്നും പ്രതീക്ഷിക്കുന്നില്ല. ജനുവരിയിൽ നിയുക്ത അംബാസഡർ സെർജിയോ ഗോർ സ്ഥാനമേറ്റ ശേഷമേ വ്യാപാര കരാർ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു സൂചന.

യുക്രെയ്ൻ സമാധാനത്തിനു പുതിയ ഫോർമുല അമേരിക്കയും യുക്രെയ്നും ചർച്ച ചെയ്യുന്നുണ്ട്. ഈ പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,952.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,930 വരെ താഴ്ന്നിട്ട് 25,958 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ദിശ കാണാതെ യൂറോപ്പ്

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും പല ദിശകളിൽ നീങ്ങി. പലിശക്കാര്യത്തിലെ അനിശ്ചിതത്വം തന്നെ കാരണം. ജർമൻ സൂചിക നാമമാത്രമായി ഉയർന്നു. പാൻ യൂറോപ്യൻ സ്റ്റോക്സ് 600 ഉം യുകെ, ഫ്രഞ്ച് സൂചികകളും താഴ്ന്നു. യുക്രെയ്ൻ സമാധാന ചർച്ച പുരോഗതി നേടാത്തതു മൂലം പ്രതിരോധ ഓഹരികൾ അഞ്ചര ശതമാനം വരെ ഉയർന്നു.

യുഎസ് താഴ്ചയിൽ

ഫെഡറൽ റിസർവ് നാളെ പലിശ തീരുമാനം പ്രഖ്യാപിക്കാൻ ഇരിക്കെ യുഎസ് വിപണികൾ ആശങ്കയിലായി. പ്രധാന സൂചികകൾ ഇന്നലെ താഴ്ന്നു. നാളെയാണ് പലിശ പ്രഖ്യാപനം. പലിശ കുറയ്ക്കും എന്നതിന് 89 ശതമാനം സാധ്യത കൽപിക്കുന്നുണ്ട്. എങ്കിലും സംശയം മാറുന്നില്ല. യുഎസ് കടപ്പത്ര വിലകൾ താഴുകയും അവയിലെ നിക്ഷേപനേട്ടം കൂടുകയും ചെയ്യുന്നതാണു വിപണിയെ ചിന്താക്കുഴപ്പത്തിലാക്കുന്നത്.

ശതമാനത്തിലേക്കു കുറയ്ക്കാനുളള സാധ്യത 87 ശതമാനമായി വിപണി വിലയിരുത്തുന്നു.

വാർണർ ബ്രദേഴ്സ്- ഡിസ്കവറിയെ 7200 കോടി ഡോളറിന് ഏറ്റെടുക്കാനുള്ള നെറ്റ്ഫ്ലിക്സ് തീരുമാനത്തെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. ട്രംപിൻ്റെ മരുമകൻ ജാറെഡ് കുഷ്നറുടെ പിന്തുണയോടെ പാരമൗണ്ട് - സ്കൈ ഡാൻസ് ഗ്രൂപ്പ് വാർണർ ബ്രദേഴ്സിനെ വാങ്ങാൻ ബദൽ ഓഫർ വച്ചു ഓഹരി ഒന്നിനു 30 ഡോളർ ആണ് ഓഫർ. ഇതനുസരിച്ച് വാർണർ ബ്രദേഴ്സ് - ഡിസ്കവറിയുടെ വില 12,000 കോടി ഡോളർ വരും. കുഷ്നറുടെ നിക്ഷേപ കമ്പനി അഫിനിറ്റി പാർട്ട്നേഴ്സും സൗദി അറേബ്യ, അബുദാബി, ഖത്തർ എന്നീ രാജ്യങ്ങളുടെ നിക്ഷേപനിധികളും പാരമൗണ്ടിൻ്റെ നീക്കത്തിൽ പങ്കാളികളാണ്. ഇലക്ട്രോണിക് ആർട്സിനെ 5500 കോടി ഡോളറിന് ഏറ്റെടുക്കുന്ന നീക്കത്തിലും കുഷ്നർ പശ്ചിമേഷ്യൻ സർക്കാർ ഫണ്ടുകളുടെ പങ്കാളിയാണ്. വാർണർ ബ്രദേഴ്സ് ഓഹരി ഇന്നലെ എട്ടു ശതമാനം വരെ കയറിയിട്ട് 4.4 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. പാരമൗണ്ട് സ്കൈഡാൻസ് ഇന്നലെ 9.02 ശതമാനം കുതിച്ചു. നെറ്റ്ഫ്ലിക്സ് 3.44 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 215.67 പോയിൻ്റ് (0.45%) ഇടിഞ്ഞ് 47,739.32 ലും എസ് ആൻഡ് പി 500 സൂചിക 23.89 പോയിൻ്റ് (0.35%) താഴ്ന്ന് 6846.51 ലും നാസ്ഡാക് കോംപസിറ്റ് 32.22 പോയിൻ്റ് (0.14%) നഷ്ടത്തോടെ 23,545.90 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്.. ഡൗ 0.04 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.17 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

ഏഷ്യ താഴ്ചയിൽ

ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നു.. ജപ്പാനിലെ നിക്കൈ, ഓസ്ട്രേലിയൻ എഎസ്എക്സ്,. ദക്ഷിണ കൊറിയൻ കോസ്പി സൂചികകൾ തുടക്കത്തിൽ താഴ്ന്നു.. ചൈനയുടെ നവംബറിലെ കയറ്റുമതി എട്ടു ശതമാനവും ഇറക്കുമതി 1.7 ശതമാനവും കയറി. വ്യാപാരമിച്ചവും കുതിച്ചു. പ്രതീക്ഷയിലും വളരെ കൂടുതലാണ് ഇവ.

ആശങ്കകളിൽ ഉലഞ്ഞ് ഇന്ത്യ

പലിശ കുറയ്ക്കലിൻ്റെ ആവേശം ഉപേക്ഷിച്ച ഇന്ത്യൻ വിപണിആശങ്കകളിലേക്കു മടങ്ങി. ഇന്ത്യ -യുഎസ് വ്യാപാര കരാർ വേഗം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞതും രൂപയുടെ തകർച്ചയുമാണു വിപണിയെ വിഷമിപ്പിക്കുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ വരവിൽ സൈനികമായോ സാമ്പത്തികമായോ പുതിയ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല എന്നതു വിപണിയെ നിരാശപ്പെടുത്തി.

വിദേശനിക്ഷേപകരുടെ വിൽപന തിങ്കളാഴ്ചയും തുടർന്നു. 655.59 കോടി രൂപയുടെ അറ്റവിൽപന അവർ ക്യാഷ് വിപണിയിൽ നടത്തി. സ്വദേശിഫണ്ടുകൾ 2542.49 കോടിയുടെ അറ്റവാങ്ങൽ നടത്തി.

നിഫ്റ്റി തിങ്കളാഴ്ച 25,992 ഉം സെൻസെക്സ് 84,875 ഉം വരെ താഴ്ന്ന ശേഷമാണ് അൽപം കയറി ക്ലോസ് ചെയ്തത്. എല്ലാ മേഖലകളും ഇടിഞ്ഞു. റിയൽറ്റി, പ്രതിരോധം, പൊതുമേഖലാ ബാങ്ക്, ടൂറിസം, മീഡിയ, മെറ്റൽ തുടങ്ങിയവയാണു കൂടുതൽ ഇടിഞ്ഞത്.

തിങ്കളാഴ്ച സെൻസെക്സ് 609.68 പോയിൻ്റ് (0.71%) താഴ്ന്ന് 85,102.69 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 225.90 പോയിൻ്റ് (0.86%) ഇടിഞ്ഞ് 25,960.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 538.65 പോയിൻ്റ് (0.90%) നഷ്ടത്തോടെ 59,238.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1106.50 പോയിൻ്റ് (1.83%) താഴ്ന്ന് 59,488.10 ലും സ്മോൾ ക്യാപ് 100 സൂചിക 456.10 പോയിൻ്റ് (2.61%) ഇടിഞ്ഞ് 17,051.65 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 843 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 3460 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 577 ഓഹരികൾ കയറി, 2569 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 52 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 471 എണ്ണം താഴ്ന്ന വിലയിൽ എത്തി. ഒരോഹരി അപ്പർ സർകീട്ടിൽ എത്തിയപ്പോൾ നാലെണ്ണം ലോവർ സർകീട്ടിൽ എത്തി.

25,960 ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ആവരേജുകൾക്കു താഴെയായി. ഇന്ന് 25,840 ലെ പിന്തുണ നഷ്ടപ്പെടുത്തിയാൽ 25,700 ലാണു പിൻബലം പ്രതീക്ഷിക്കാവുന്നത്. 26,100 - 26,200 പുതിയ തടസമേഖലയാണ്. ഇന്നു നിഫ്റ്റിക്ക് 25,890 ലും 25,830 ലും പിന്തുണ പ്രതീക്ഷിക്കാം. 26,100 ലും 26,190 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ നില കൂടുതൽ പരുങ്ങലിലായി. വിപണിയുടെ 65 ശതമാനത്തിലധികം ഇൻഡിഗോയ്ക്ക് എന്ന അവസ്ഥ മാറ്റാനും ശരാശരി 20 -30 ശതമാനം പങ്കാളിത്തം ഉള്ള മൂന്നുനാലു കമ്പനികൾക്കായി വ്യോമയാന മേഖല പൊളിച്ചെഴുതാനും ഗവണ്മെൻ്റ് തീരുമാനിക്കും എന്നാണു സൂചന. ഷോ കോസ് നോട്ടീസിനു കമ്പനി മറുപടി നൽകിയ ശേഷം ഗവണ്മെൻ്റ് വലിയ പിഴ ചുമത്തും എന്നു സംസാരമുണ്ട്. റീഫണ്ടുകൾക്കും മറ്റും കമ്പനി വലിയ തുക നൽകേണ്ടി വരും. രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച നിർദേശങ്ങളും നിബന്ധനകളും നടപ്പാക്കാൻ കമ്പനി ശ്രമിച്ചില്ലെന്നു വിമർശനമുണ്ട്. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയവും പ്രതിക്കൂട്ടിലാണ്. ഘടക കക്ഷിയായ തെലുങ്കുദേശത്തിൻ്റെ പ്രതിനിധിയാണ് മന്ത്രി. കമ്പനിയുടെ മേധാവികളെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നാളെ ചോദ്യം ചെയ്തേക്കും. കമ്പനിയുടെ ഡയറക്ടർ ബോർഡ് അഴിച്ചു പണിയാൻ ഗവണ്മെൻ്റ് സമ്മർദം ചെലുത്തുമെന്നും സംസാരമുണ്ട്.

സീമെൻസിൻ്റെ ലോ വോൾട്ടേജ് മോട്ടോറുകൾ, ഗിയേഡ് മോട്ടോറുകൾ എന്നിവയുടെ ബിസിനസ് 2200 കോടി രൂപയ്ക്കു ഇന്നോമോട്ടിക്സ് ഇന്ത്യ എന്ന കമ്പനിക്കു വിൽക്കാൻ തീരുമാനമായി.

വെൽസ്പൺ കോർപിൻ്റെ ഉപകമ്പനി ഈസ്റ്റ് പൈപ്സിനു സൗദി അറേബ്യയിൽ 1165 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ചു.

നവംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിൽപന 19.6 ശതമാനം വർധിച്ചു.

ഫൂജിയാമ പവർ സിസ്റ്റംസ് രണ്ടാം പാദത്തിൽ 72.6 ശതമാനം റവന്യു വർധിച്ചപ്പോൾ അറ്റാദായം 97.2 ശതമാനം ഉയർത്തി.

ഇന്ത്യയിൽ നിന്നുള്ള അരിക്കു കൂടുതൽ തീരുവ ചുമത്താൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അരി കയറ്റുമതിക്കാരായ എൽടി ഫുഡ്സിനും കെആർബിഎലിനും ഇതു വിഷയമാകാം.

സ്വർണം ദുർബലം

ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം കാക്കുന്ന സ്വർണവും വെള്ളിയും ദിശാബോധം കിട്ടാതെ കയറിയിറങ്ങി പിന്നീടു ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ഫെഡ് പലിശ കൂട്ടാതിരുന്നാൽ വില ഇടിയും എന്നു ഭയന്നു വിൽക്കുന്നവരും ഉണ്ട്.

ഔൺസിന് 4220 ഡോളർ വരെ കയറിയ സ്വർണം 4191.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4190 ഡോളറിലേക്കു താഴ്ന്നു. അവധിവില ഇന്ന് 4219 ഡോളർ ആയി.

കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവൻ തിങ്കളാഴ്ച 200 രൂപ കൂടി 95,640 രൂപയിൽ എത്തി.

വെള്ളി സ്പോട്ട് വിപണിയിൽ അൽപം താഴ്ന്ന് ഔൺസിന് 58.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.15 ഡോളറിലേക്കു താഴ്ന്നു. അവധിവില 58.42 ഡോളർ ആയി.

പ്ലാറ്റിനം 1650 ഡോളർ, പല്ലാഡിയം 1457 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ ചാഞ്ചാടുന്നു

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലെ നീക്കം തുടരുന്നു ചെമ്പ് 0.43 ശതമാനം ഉയർന്നു ടണ്ണിന് 11,695.00 ഡോളറിൽ ക്ലാേസ് ചെയ്തു. അലൂമിനിയം 0.65 ശതമാനം താഴ്ന്നു ടണ്ണിന് 2888.00 ഡോളറിൽ അവസാനിച്ചു. ടിന്നും സിങ്കും ഉയർന്നു. നിക്കലും ലെഡും താഴ്ന്നു.

റബർ വില രാജ്യാന്തര വിപണിയിൽ 0.65 ശതമാനം കയറി കിലോഗ്രാമിന് 171.50 സെൻ്റ് ആയി. കൊക്കോ 2.01 ശതമാനം താഴ്ന്നു ടണ്ണിന് 5529.45 ഡോളറിൽ എത്തി. കാപ്പി വില 2.30 ശതമാനം കുറഞ്ഞു. തേയില വില 0.30 ശതമാനം കൂടി. പാമാേയിൽ 1.40 ശതമാനം താഴ്ന്നു.

ഡോളർ സൂചിക കയറി

ഡോളർ സൂചിക ഉയർന്ന് 99.09 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.07 ലേക്കു താഴ്ന്നു.

ഡോളർ വിനിമയനിരക്ക് തിങ്കളാഴ്ച നേരിയ മാറ്റം മാത്രം കാണിച്ചു. യൂറോ 1.1637 ഡോളറിലേക്കും പൗണ്ട് 1.332 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.89 യെൻ ആയി താഴ്ന്നു.

യുഎസ് ഡോളർ 7.07 യുവാൻ എന്ന നിരക്കിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.8066 ഡോളറിലേക്കു കയറി.

യുഎസിൽ കടപ്പത്ര വിലകൾ വീണ്ടും കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.17 ശതമാനമായി കുതിച്ചു.

ഡോളർ കയറിയിറങ്ങി

ഡോളർ - രൂപ വിനിമയ നിരക്ക് ചാഞ്ചാട്ടം തുടർന്നു. തിങ്കളാഴ്ച ഡോളർ 90.20 രൂപവരെ കയറിയിട്ട് 90.07 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായ ഇടപെടൽ നടത്തിയാണു ഡോളറിനെ പിടിച്ചു നിർത്തിയത്.

ചൈനയുടെ കറൻസി യുവാൻ ഇന്നലെ 12.74 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ താഴുന്നു

യുക്രെയ്ൻ സമാധാനത്തിനു പുതിയ ഫോർമുലയുമായി യുഎസ് - യുക്രെയ്ൻ ചർച്ച തുടങ്ങിയതും പലിശ കുറയ്ക്കൽ പ്രതീക്ഷയും ക്രൂഡ് ഓയിൽ വിലയെ താഴ്ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് തിങ്കളാഴ്ച 1.4 ശതമാനം കുറഞ്ഞ് 62.53 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 62.49 ഡോളറിലും ഡബ്ള്യുടിഐ ഇനം 58.89 ലും യുഎഇയുടെ മർബൻ ക്രൂഡ് 64.24 ലും എത്തി. പ്രകൃതിവാതക വില രണ്ടു ശതമാനം താഴ്ന്ന് 4.864 ഡോളർ ആയി.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ തിങ്കളാഴ്ച വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 90,400 നു താഴെയാണ്. ഈഥർ താഴ്ന്ന് 3115 ഡോളറിൽ എത്തി. സൊലാന 133 ൽ വന്നു.

വിപണിസൂചനകൾ

(2025 ഡിസംബർ 08, തിങ്കൾ)

സെൻസെക്സ് 85,102.69 -0.71%

നിഫ്റ്റി50 25,960.55 -0.86%

ബാങ്ക് നിഫ്റ്റി 59,238. 55 -0.90%

മിഡ്ക്യാപ്100 59,488.10 -1.83%

സ്മോൾക്യാപ്100 17,051.65 -2.61%

ഡൗ ജോൺസ് 47,739.32 -0.45%

എസ് ആൻഡ് പി 6846.51 -0.35%

നാസ്ഡാക് 23,545.90 -0.44%

ഡോളർ ₹90.07 +0.09

സ്വർണം(ഔൺസ്)$4191.60 -$07.70

സ്വർണം (പവൻ) ₹95,640 -₹200

ക്രൂഡ്ഓയിൽബ്രെൻ്റ് $62.53 -1.22

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com