

വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലാണ്. ആഗോള ബന്ധങ്ങളിലെ ഉലച്ചിലും അമേരിക്കൻ നയങ്ങളെപ്പറ്റിയുള്ള ആശങ്കയും ഒരു വശത്ത്. ഇന്ത്യയിൽ കമ്പനികൾ പ്രതീക്ഷയേക്കാൾ മോശം ലാഭവളർച്ച കാണിക്കുന്നതിൻ്റെയും വിദേശനിക്ഷേപകരുടെ നിരന്തരമായ വിൽപനയുടെയും ആശങ്ക മറുവശത്ത്.
ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കു യോജിച്ച നിലപാട് എടുക്കാൻ പറ്റില്ലെന്നും ട്രംപ് തൻ്റെ ലക്ഷ്യം അനായാസം നേടുമെന്നും വിപണി കരുതുന്നു. യുഎസ് - യൂറോപ്പ് വാണിജ്യയുദ്ധഭീതി കുറഞ്ഞു.
എന്നാൽ ട്രംപ് അമേരിക്കൻ ഫെഡറൽ റിസർവിനെ വരുതിയിലാക്കി പണനയം തന്നിഷ്ട പ്രകാരമാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിപണിക്ക് ആശങ്ക വളർത്തുന്നുണ്ട്. അതാണു യുഎസ് ഫ്യൂച്ചേഴ്സിനെ താഴ്ത്തുന്നത്.
ഇന്നു രാവിലെ ഗിഫ്റ്റ് സിറ്റിയിൽ ഗിഫ്‌റ്റ് നിഫ്റ്റി 25,593 വരെ താഴ്ന്നു. നിഫ്‌റ്റി വലിയ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഗ്രീൻലാൻഡ് വിഷയം രൂക്ഷമായതോടെ യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഇടിഞ്ഞു. വാണിജ്യയുദ്ധത്തിലേക്കു കാര്യങ്ങൾ നീങ്ങിയാൽ യൂറോപ്യൻ രാജ്യങ്ങളുടെ കയറ്റുമതിക്കു തിരിച്ചടി നേരിടും. വാഹനങ്ങൾ അടക്കമുള്ള തങ്ങളുടെ കയറ്റുമതി കുറയരുതെന്ന് ആഗ്രഹിക്കുന്ന ജർമനി ഗ്രീൻലാൻഡിലേക്ക് നിരീക്ഷണത്തിന് അയച്ച 15 സൈനികരുടെ സംഘത്തെ തിരിച്ചുവിളിച്ചത് ഈ പശ്ചാത്തലത്തിലാണ്. അമേരിക്കയ്ക്ക് എതിരെ യോജിച്ച നീക്കത്തിനു യൂറോപ്പ് ശക്തമല്ല എന്ന ധാരണ ഇതോടെ പരന്നിട്ടുണ്ട്. ഡെന്മാർക്കിൻ്റെ മുഖം രക്ഷിക്കാനുതകുന്ന എന്തെങ്കിലും നിർദേശം ട്രംപ് വയ്ക്കുമോ എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. ബലമായി പിടിച്ചടക്കാൻ ട്രംപ് ഉദ്യമിച്ചാൽ തടയാൻ ഡെന്മാർക്കിനോ യൂറോപ്യൻ രാജ്യങ്ങൾക്കോ കഴിയില്ല. അതിലുപരിയായി നാറ്റോ സഖ്യം ഇല്ലാതാകുന്ന അവസ്ഥ വരും. റഷ്യയെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആരുമില്ല എന്നുമാകും.
മാർട്ടിൻ ലൂഥർ കിംഗ് ദിനമായ ഇന്നലെ യുഎസ് വിപണികൾക്ക് അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് വലിയ നഷ്ടത്തിലാണ്. ഇന്ന് ഡൗ ജോൺസ് സൂചിക 500 പോയിൻ്റ് ഇടിഞ്ഞു വ്യാപാരം തുടങ്ങും എന്നാണു സൂചന. ഡൗ 0.92 ഉം എസ് ആൻഡ് പി 1.10 ഉം നാസ്ഡാക് 1.33 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. ജപ്പാൻ്റെ നിക്കൈ 0.92 ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങി. ജപ്പാനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് രാഷ്‌ട്രീയ അനിശ്ചിതത്വ ഭീതി വളർത്തുന്നു. ഫെബ്രുവരി എട്ടിനാണു തെരഞ്ഞെടുപ്പ്. ദക്ഷിണ കൊറിയയിൽ കോസ്പി സൂചിക അര ശതമാനവും ഓസ്ട്രേലിയയിൽ എഎസ്എക്സ് 0.40 ശതമാനവും താഴ്ന്നു. ചൈനയുടെ 2025ലെ ജിഡിപി ലക്ഷ്യമിട്ട അഞ്ചു ശതമാനം വളർച്ച സാധിച്ചു. എന്നാൽ പ്രതീക്ഷിച്ച പോലെ ഉപഭോഗം വളർന്നില്ല. കയറ്റുമതിയിലെ കുതിപ്പാണ് ജിഡിപി വളർച്ചയെ ലക്ഷ്യത്തിൽ എത്തിച്ചത്. ചൈനീസ് വിപണി ഉയർന്നു വ്യാപാരം ആരംഭിച്ചു. ഹോങ്കോങ്ങിൽ സൂചിക താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു മാറി.
ജിഡിപി വളർച്ചയിലെ മികവ് കമ്പനികളുടെ റിസൽട്ടുകളിൽ കാണുന്നില്ല. അതാണ് ഇന്നലെ ഇന്ത്യൻ വിപണിയെ തളർത്തിയത്. ഗ്രീൻലാൻഡ് വിഷയം തൽക്കാലം ഇന്ത്യയെ ബാധിക്കുന്നതല്ല എന്നാണു വിപണിയുടെ വിലയിരുത്തൽ.
മൂന്നാം പാദ കമ്പനി റിസൽട്ടുകൾ പ്രതീക്ഷയിലും താഴെയായി . ആദ്യം ഫലം പുറത്തുവിട്ട 143 കമ്പനികളുടെ ലാഭവർധന വെറും 3.5 ശതമാനമാണ്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ 11.2 ശതമാനം അറ്റാദായ വളർച്ച ഉണ്ടായിരുന്ന സ്ഥാനത്താണിത്. രണ്ടാം പാദത്തിൽ പോലും ഈ കമ്പനികൾ 10.2 ശതമാനം ലാഭവളർച്ച കാണിച്ചിരുന്നു. ബാങ്ക്, ധനകാര്യ കമ്പനികൾ ഒഴികെയുള്ളവയുടെ ലാഭത്തിൽ 2.4 ശതമാനം ഇടിവാണുണ്ടായത്. ബാങ്ക്, ധനകാര്യ, ഓയിൽ കമ്പനികൾ ഒഴികെയുള്ളവ മാത്രം എടുത്താൽ 7.9 ശതമാനം ഇടിവാണുള്ളത്. പുതിയ ലേബർ കോഡ് കമ്പനികളുടെ വേ വനച്ചെലവ് വർധിപ്പിച്ചതു ലാഭം കുറയാൻ ഒരു കാരണമായി.
റിലയൻസ് ഇൻഡസ്ട്രീസും വിപ്രോയും മറ്റ് ഐടി കമ്പനികളും ബാങ്കുകളും ഇന്നലെ വിപണിയെ താഴോട്ടു വലിച്ചു. റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഫാർമ, മീഡിയ എന്നിവയും വിപണിയെ നഷ്ടത്തിലാക്കി. ഇന്നലെ സെൻസെക്സ് 82,898 വരെയും നിഫ്റ്റി 25,494 വരെയും ഇടിഞ്ഞ ശേഷം തിരിച്ചു കയറിയാണു ക്ലോസ് ചെയ്തത്. 23 രൂപയിൽ ഐപിഒ നടത്തിയ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് ഇന്നലെ 45 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്തു.
വിദേശികൾ വിൽപന തുടരുകയാണ്. വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 3262.82 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4234.30 കോടിയുടെ അറ്റവാങ്ങലും നടത്തി.
തിങ്കളാഴ്ച സെൻസെക്സ് 324.17 പോയിൻ്റ് (0.39%) താഴ്‌ന്ന് 83,246.18 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 108.85 പോയിൻ്റ് (0.42%) നഷ്ടത്തിൽ 25,585.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 203.80 പോയിൻ്റ് (0.34%) കുറഞ്ഞ് 59,891.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 220.15 പോയിൻ്റ് (0.37%) താഴ്‌ന്ന് 59,647.65 ലും സ്മോൾ ക്യാപ് 100 സൂചിക 171.60 പോയിൻ്റ് (0.99%) ഇടിഞ്ഞ് 17,190.70 ലും അവസാനിച്ചു.
വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി നിന്നു. ബിഎസ്ഇയിൽ 1186 ഓഹരികൾ ഉയർന്നപ്പോൾ 3116 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 866 ഓഹരികൾ കയറി, 2308 എണ്ണം താഴ്ന്നു.
എൻഎസ്ഇയിൽ 85 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 420 എണ്ണം താഴ്ന്ന വിലയിൽ എത്തി. മൂന്ന് ഓഹരികൾ അപ്പർ സർകീട്ടിലും നാലെണ്ണം ലോവർ സർകീട്ടിലും എത്തി.
നിഫ്റ്റി 25,600 നു താഴെ നിന്നത് അപായസൂചനയായി പല സാങ്കതിക വിശകലനക്കാരും കണക്കാക്കുന്നു. ഇതിനു താഴെ 25,450 ലാണു പിന്തുണനില പ്രതീക്ഷിക്കാവുന്നത്. 25,700 - 25,800 മേഖലയിൽ വലിയ തടസം ഉണ്ടാകും.ഇന്നു നിഫ്റ്റിക്ക് 25,515 ലും 25,480 ലും പിന്തുണ പ്രതീക്ഷിക്കാം. 25,635 ലും 25,675 ലും പ്രതിരോധം നേരിടും.
പുതിയ ലേബർ കോഡ് വലിയ ഒറ്റത്തവണ അധികച്ചെലവ് വരുത്തിയത് എൽടിഐ മൈൻഡ് ട്രീയുടെ അറ്റാദായം കുത്തനേ ഇടിച്ചു. കഴിഞ്ഞ പാദത്തിൽ നിന്നു 30.5 ശതമാനം കുറവാണ് മൂന്നാം പാദത്തിലെ അറ്റാദായം. വരുമാനം 3.7 ശതമാനം വർധിച്ചപ്പോൾ പ്രവർത്തന ലാഭമാർജിൻ 16.1 ശതമാനത്തിലേക്കു കയറി. 1737 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 959.6 കോടി.
വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനുള്ള 4000 കോടി രൂപയുടെ റെസലൂഷൻ പ്ലാനിന് എതിരായ അപ്പീൽ തള്ളിയത്. അദാനി പവറിനു വലിയ നേട്ടമാകും. കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിൻ്റേതാണു വിധി.
ആദിത്യ ബിർല ലൈഫ് സ്റ്റൈൽ ബ്രാൻഡ്സിൻ്റെയും ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിലിൻ്റെയും മൂന്നു ശതമാനം ഓഹരികൾ വീതം ഇന്നു ബ്ലോക്ക് ഇടപാടിൽ കൈമാറ്റം ചെയ്യും. രണ്ടു കമ്പനികളുടെയും ഓഹരികൾ 8.4 ശതമാനം ഡിസ്‌കൗണ്ടിലാണു കൈമാറുന്നത്.
ടാറ്റാ കാപ്പിറ്റൽ മൂന്നാം പാദത്തിൽ അറ്റാദായം 19.7 ശതമാനം വർധിപ്പിച്ചു. അറ്റ പലിശ വരുമാനം 44 ശതമാനം ഉയർന്നു. വായ്പാവളർച്ച മികച്ചതായി.
ഹാവൽസ് ഇന്ത്യയുടെ മൂന്നാം പാദ അറ്റാദായം 6.4 ശതമാനം വർധിച്ചെങ്കിലും പ്രതീക്ഷയിലും കുറവായി. വിറ്റുവരവിൽ 14.2 ശതമാനം വർധന ഉണ്ട്.
ഓബറോയ് റിയൽറ്റിക്കു മൂന്നാം പാദത്തിൽ അറ്റാദായ വർധന 0.7 ശതമാനം മാത്രം. വിറ്റുവരവ് 5.8 ശതമാനം വർധിച്ചിരുന്നു. ലാഭമാർജിൻ 60.7 ൽ നിന്ന് 57.4 ശതമാനമായി കുറഞ്ഞു.
സിയറ്റിനു മൂന്നാം പാദത്തിൽ വിറ്റുവരവ് 26 ശതമാനം കൂടിയപ്പോൾ പ്രവർത്തനലാഭം 65.2 ശതമാനവും അറ്റാദായം 60.3 ശതമാനവും കുതിച്ചു.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഗ്രീൻലാൻഡ് പിടിക്കൽ നീക്കം സ്വർണം, വെള്ളി വിലകളെ റെക്കോർഡ് ഉയരത്തിലേക്കു നയിച്ചു. ഇന്നലെ സ്വർണം ഔൺസിന് 4683 ഡോളർ വരെ എത്തിയിട്ട് 4671.50 ഡോളറിൽ ക്ലോസ് ചെയ്തു ഇന്നു രാവിലെ വില 4676.90 ഡോളറിലേക്കു കയറി. വെള്ളിവില രാവിലെ നാമമാത്രമായി കുറഞ്ഞ് 94.00 ഡോളറിൽ എത്തി.
കേരളത്തിൽ തിങ്കളാഴ്ച 22 കാരറ്റ് സ്വർണം ഒരു പവന് 1800 രൂപ ഉയർന്ന് 1,07,240 രൂപയിൽ എത്തി റെക്കോർഡ് തിരുത്തി. വെള്ളിവില ഇന്നലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ കിലോഗ്രാമിന് 3,05,500 രൂപ വരെ ഉയർന്നിട്ട് അൽപം താഴ്‌ന്നു.
പ്ലാറ്റിനം 2360 ഡോളർ, പല്ലാഡിയം 1800 ഡോളർ, റോഡിയം 9850 ഡോളർ എന്നിങ്ങനെ ഉയർന്നു നീങ്ങുന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. അലൂമിനിയം 0.44 ശതമാനം ഉയർന്ന് ടണ്ണിന് 3147.78 ഡോളർ ആയി. ചെമ്പ് 0.26 ശതമാനം കയറി ടണ്ണിന് 13,033.05 ഡോളറിൽ ക്ലാേസ് ചെയ്തു. സിങ്കും ലെഡും ടിന്നും താഴ്‌ന്നു. നിക്കൽ ഉയർന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 99.39 ൽ നിന്ന് 99.05 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 99.08 ആയി.
യൂറോ 1.1639 ഡോളറിലേക്കും പൗണ്ട് 1.3416 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.21 യെൻ എന്ന നിലയിലേക്ക് താഴ്ന്നു.
യുഎസ് ഡോളർ 6.97 യുവാൻ എന്ന നിരക്കിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.7983 ഡോളറിലേക്കു താഴ്‌ന്നു.
യുഎസ് കടപ്പത്ര വിലകൾ വീണ്ടും താഴ്‌ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.255 ശതമാനമായി താഴ്ന്നു.
രൂപ വീണ്ടും ദുർബലമായി. തിങ്കളാഴ്ച 17 പൈസ താഴ്‌ന്നു വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 90.94 രൂപ വരെ ഉയർന്നു. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായി ഇടപെട്ടു. അഞ്ചു പൈസ നേട്ടത്തോടെ 90.91 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളും കടപ്പത്രങ്ങളും വിറ്റു മടങ്ങുന്നതാണു രൂപയെ കൂടുതൽ ദുർബലമാക്കുന്നത്.
ചൈനയുടെ കറൻസി യുവാൻ തിങ്കളാഴ്ച 13.04 രൂപയിലേക്കു കയറി. ഒരുമാസം കൊണ്ടു യുവാൻ്റെ വില 44 പൈസ കൂടി.
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 63.94 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 64.12 ഡോളറിലും ഡബ്ള്യുടിഐ ഇനം 59.39.ലും യുഎഇയുടെ മർബൻ ക്രൂഡ് 64.83 ലും എത്തി. പ്രകൃതിവാതക വില 15 ശതമാനം കുതിച്ച് 3.59 ഡോളർ ആയി.
ക്രിപ്‌റ്റോ കറൻസികൾ താഴ്‌ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 92,600 ഡോളറിനു മുകളിലാണ്. ഈഥർ 3200 ഡോളറിനും സൊലാന 134 ഡോളറിനും താഴെ തുടരുന്നു.
(2026 ജനുവരി 19, തിങ്കൾ)
സെൻസെക്സ് 83,246.18 -0.39%
നിഫ്റ്റി50 25,585.50 -0.42%
ബാങ്ക് നിഫ്റ്റി 59,891.35 -0.34%
മിഡ്ക്യാപ്100 59,647.65 -0.37%
സ്മോൾക്യാപ്100 17,190.70 -0.99%
ഡൗ ജോൺസ് 49,359.33 -0.00%
എസ് ആൻഡ് പി 6940.01 -0.00%
നാസ്ഡാക് 23,515.39 -0.00%
ഡോളർ ₹90.91 +0.05
സ്വർണം(ഔൺസ്) $4671.50 +$73.50
സ്വർണം (പവൻ) ₹1,07,240 +₹1800
ക്രൂഡ്ഓയിൽബ്രെൻ്റ് $63.94 -0.19
Read DhanamOnline in English
Subscribe to Dhanam Magazine