ചോരപ്പുഴയ്ക്കു ശേഷം ആശ്വാസകയറ്റം വരാം; യുഎസ് ആസ്തികൾ വിൽക്കാൻ യൂറോപ്യൻ ഫണ്ടുകൾ; ഇന്നു ദാവോസിൽ ട്രംപിൻ്റെ പ്രസംഗം ശ്രദ്ധാകേന്ദ്രം; സ്വർണം കടിഞ്ഞാൺ പൊട്ടിച്ചു പായുന്നു

രാവിലെ ഏഷ്യൻ വിപണികൾ താഴ്‌ന്നാണു വ്യാപാരം തുടങ്ങിയത്, എങ്കിലും ചൊവ്വാഴ്ചത്തെ തകർച്ച ആവർത്തിക്കുന്നില്ല
Morning business news
Morning business newsCanva
Published on

ആഗോള വിപണികൾ ഇന്നലെ ചോരപ്പുഴയിൽ മുങ്ങി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഇടിവ് തുടരുകയാണ്. ഗ്രീൻലാൻഡ് സ്വന്തമാക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കത്തിലെ ആശങ്കയും അമർഷവും എല്ലാം വിപണികളിൽ പ്രകടമാണ്. 

ഇന്നു സ്വിറ്റ്സർലൻഡിലെ ദാവോസിൽ ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. അതിൽ അനുനയത്തിൻ്റെ സൂചന ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ട്രംപ് ഗ്രീൻലാൻഡിനെ ബലമായി പിടിച്ചടക്കിയാൽ നാറ്റോ സഖ്യം തകരും. അതു യൂറോപ്പിൽ റഷ്യൻ തേർവാഴ്ചയ്ക്കു വഴി തെളിക്കും. ദാവോസിൽ വിവിധ രാഷ്‌ട്രീയ - ബിസിനസ് മേധാവികൾ ട്രംപിനെ ഇതു ബോധ്യപ്പെടുത്താൻ ശ്രമിക്കും.

ട്രംപിൻ്റെ നീക്കത്തിൽ അസ്വസ്ഥരായ യൂറോപ്യൻ പെൻഷൻ ഫണ്ടുകളും നിക്ഷേപകരും അമേരിക്കൻ ഓഹരികളും കടപ്പത്രങ്ങളും വിറ്റഴിക്കുകയാണ്. പകരം സ്വർണത്തിലേക്കും വികസ്വര രാജ്യങ്ങളിലേക്കും അവർ പണം നീക്കും. ഇതേ തുടർന്ന് ഇന്നലെ യുഎസ് ഓഹരിവിപണി രണ്ടു ശതമാനം ഇടിഞ്ഞു. യുഎസ് കടപ്പത്രവില ഇടിഞ്ഞു. സ്വർണം മൂന്നു ശതമാനം കുതിച്ച് ഔൺസിനു 4800 ഡോളർ കടന്നു.

ആഗോള വിഷയങ്ങളും കമ്പനികളുടെ മോശം റിസൽട്ടും ഇന്ത്യൻ വിപണിയെ ഇന്നലെ വലിച്ചു താഴ്‌ത്തി. ബിഎസ്ഇയുടെ വിപണിമൂല്യം 10 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. 

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്‌ന്നാണു വ്യാപാരം തുടങ്ങിയത്. എങ്കിലും ചൊവ്വാഴ്ചത്തെ തകർച്ച ആവർത്തിക്കുന്നില്ല. 

തിങ്കളാഴ്ച ഒന്നര ശതമാനം ഇടിഞ്ഞ യൂറോപ്യൻ വിപണികൾ ഇന്നലെ ഒരു ശതമാനം മാത്രമേ താഴ്‌ന്നുള്ളു.

ചൊവ്വാഴ്ച രണ്ടു ശതമാനം ഇടിഞ്ഞ യുഎസ്  വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു മുന്നേറ്റമാണു സൂചിപ്പിക്കുന്നത്. ഡൗ ജോൺസ് 0.22 ഉം എസ് ആൻഡ് പി 0.31 ഉം നാസ്‌ഡാക് 0.33 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

 ഇന്നു രാവിലെ ഗിഫ്‌റ്റ് സിറ്റിയിൽ ഗിഫ്റ്റ് നിഫ്റ്റി 25,310 ലേക്കു കയറി. നിഫ്റ്റി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

കുത്തനേ ഇടിഞ്ഞ് ഇന്ത്യൻ വിപണി

ആഗോള വിഷയങ്ങൾ രൂക്ഷവും കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശവും ആകുന്നത് ഇന്നലെ ഇന്ത്യൻ വിപണിയെ കുത്തനേ ഇടിച്ചു. മുഖ്യ സൂചികകൾ കഴിഞ്ഞ ഒക്ടോബർ പകുതിയിലെ നിലവരെ വീണു. സെൻസെക്സ് 1200 പോയിൻ്റിലധികം താഴ്‌ന്ന ശേഷം അൽപം തിരിച്ചു കയറി. നിഫ്റ്റി 400 ലധികം പോയിൻ്റ് നഷ്ടപ്പെടുത്തിയ ശേഷം അറുപതോളം പോയിൻ്റ് തിരിച്ചു കയറി. വിശാലവിപണി കൂടുതൽ നഷ്‌ടം കാണിച്ചു. 

ഇന്നലെ സെൻസെക്സ് 1065.71 പോയിൻ്റ് (1.28%) താഴ്ന്ന് 82,180.47 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 353 പോയിൻ്റ് (1.38%) ഇടിഞ്ഞ് 25,232.50 പോയിൻ്റിൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 487.15 പോയിൻ്റ് (0.81%) താഴ്‌ന്ന് 59,404.20 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1562.30 പോയിൻ്റ് (2.62%) കുറഞ്ഞ് 58,085.35 ലും സ്മോൾ ക്യാപ് 100 സൂചിക 489.65 പോയിൻ്റ് (2.85%) ഇടിഞ്ഞ് 16,701.05 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ കയറ്റ ഇറക്ക അനുപാതം ഇറക്കത്തിന് അനുകുലമായി തുടർന്നു. ബിഎസ്ഇയിൽ 707 ഓഹരികൾ കയറിയപ്പോൾ 3590 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 538 എണ്ണം ഉയർന്നു, 2684 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 67 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 638 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 40 എണ്ണം അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 154 എണ്ണം ലോവർ സർകീട്ടിൽ എത്തി.

എല്ലാ വ്യവസായ മേഖലകളും തളർച്ചയിലായി. റിയൽ എസ്റ്റേറ്റാണ് ഏറ്റവും തകർച്ച നേരിട്ടത്. ശോഭ 10.26 ഉം ഓബറോയ് 7.69 ഉം ലോധ 6.32 ഉം ഗോദ്റെജ് 5.95 ഉം പ്രസ്റ്റീജ് 5.83 ഉം ശതമാനം ഇടിഞ്ഞു. റിയൽറ്റി സൂചിക 5.04 ശതമാനം വീണു. റിയൽറ്റി സൂചിക കഴിഞ്ഞ 10 ദിവസവും താഴുകയായിരുന്നു. ഈ മാസം ഇതുവരെ സൂചിക ഒൻപതു ശതമാനം ഇടിഞ്ഞു. കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, ഓട്ടോ, ഐടി, ഫാർമ, മെറ്റൽ, മീഡിയ തുടങ്ങിയവയും വലിയ ഇടിവിലായി.

വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 2938.33 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 3665.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി മൂന്നരമാസം മുൻപത്തെ നിലയിലേക്കു താഴ്ന്നതു തിരിച്ചുകയറ്റത്തിനു സാധ്യത കാണിക്കുന്നതായി സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. എങ്കിലും 25,300-25,400 മേഖലയിൽ തടസം ഉണ്ടാകും. ഇന്നു നിഫ്റ്റിക്ക് 25,175 ലും 25,075 ലും പിന്തുണ പ്രതീക്ഷിക്കാം. 25,490 ലും 25,590 ലും പ്രതിരോധം കാണാം.

കമ്പനികൾ, വാർത്തകൾ

പെർസിസ്റ്റൻ്റ് സിസ്റ്റംസ് മികച്ച മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. വരുമാനം 5.5 ശതമാനം വർധിച്ച് 3778 കോടി രൂപയിൽ എത്തി. എന്നാൽ പ്രവർത്തനലാഭ മാർജിൻ 16.3 ൽ നിന്നു 14 .4 ശതമാനമായി കുറഞ്ഞു. ലേബർ കോഡ് 89 കോടി രൂപയുടെ അധികബാധ്യത വരുത്തിയതാണു കാരണം. അറ്റാദായം 6.7 ശതമാനം താഴ്‌ന്ന് 439.4 കോടി രൂപയായി.

അനാലിസ്റ്റുകളുടെ പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസൽട്ടാണു യുനൈറ്റഡ് സ്പിരിറ്റ്സിസിൻ്റേത്. വരുമാനം 7.3 ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭ 5.1 ശതമാനവും അറ്റാദായം 11.8 ശതമാനവും വർധിച്ചു. എന്നാൽ പ്രവർത്തന ലാഭ മാർജിൻ 16.8 ശതമാനമായി താഴ്ന്നു.

ഡിസിഎം ശ്രീറാമിൻ്റെ വരുമാനം 13.8 ശതമാനം വർധിച്ചെങ്കിലും അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 212 കോടി രൂപയായി. പ്രവർത്തനലാഭ മാർജിൻ 141 ൽ നിന്ന് 13.3 ശതമാനമായി കുറഞ്ഞു.

ഷോപ്പേഴ്സ് സ്റ്റോപ്പിൻ്റെ വിറ്റുവരവ് 2.6 ശതമാനം വർധിച്ച് 1415 കോടി രൂപയായെങ്കിലും പ്രവർത്തന ലാഭം 11.1 ശതമാനം കുറഞ്ഞു. അറ്റാദായം 352 കോടി രൂപയിൽ നിന്ന് 16.1 കോടി രൂപയായി ഇടിഞ്ഞു.

ഇന്ത്യാമാർട്ട് ഇൻ്റർമെഷിൻ്റെ വിറ്റുവരവ് 13.4 ശതമാനം വർധിച്ച് 401.6 കോടി രൂപയായപ്പോൾ പ്രവർത്തനലാഭം 2.9 ശതമാനം കുറഞ്ഞു. എന്നാൽ അറ്റാദായം 55.6 ശതമാനം വർധിച്ച് 188.3 കോടി രൂപയായി.

എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ അറ്റ പലിശ വരുമാനം 26.3 ശതമാനം വർധിച്ചപ്പോൾ അറ്റാദായവും 26.3 ശതമാനം കുതിച്ചു.

സുപ്രീം പെട്രോകെമിൻ്റെ മൂന്നാം പാദം മോശമായി. വരുമാനം 66 ശതമാനവും പ്രവർത്തനലാഭം 70 ശതമാനവും കുറഞ്ഞപ്പോൾ അറ്റാദായം 80 ശതമാനം ഇടിഞ്ഞു.

റാലിസ് ഇന്ത്യയുടെ വരുമാനം 19.3 ഉം പ്രവർത്തന ലാഭം 31.8 ഉം ശതമാനം ഉയർന്നെങ്കിലും അറ്റാദായം 81.8 ശതമാനം ഇടിഞ്ഞു. പുതിയ ലേബർ കോഡും ചില അസാധാരണ ഇനങ്ങളും ചേർന്നാണു ലാഭം ഇടിച്ചത്.

ഇലക്ട്രോണിക് ഉൽപന്ന നിർമാണകമ്പനി സിയൻ്റ് ഡിഎൽഎം വരുമാനം 31.7 ശതമാനം കുറഞ്ഞു, അറ്റാദായം 2.7 ശതമാനം കൂടി.

സ്വർണം, വെള്ളി കുതിപ്പ് തുടരുന്നു

ഡോണൾഡ് ട്രംപിൻ്റെ ഗ്രീൻലാൻഡ് പിടിക്കൽ നീക്കം യുഎസ് ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു നിക്ഷേപകരെ മാറ്റുകയാണ്. ട്രംപിനെ പാഠം പഠിപ്പിക്കാൻ യൂറോപ്യൻ പെൻഷൻ ഫണ്ടുകളും മറ്റും അവ വിറ്റ് സ്വർണത്തിലേക്കും മറ്റും പണം മാറ്റുകയാണ്. സ്വർണത്തിൻ്റെ അവിചാരിത കുതിപ്പിന് ഇതു വഴിതെളിച്ചു.

സ്വർണവില ഇന്നലെ രണ്ടു ശതമാനത്തോളം കയറി ഔൺസിന് 4767.20 ഡോളർ വരെ എത്തി. പിന്നീടു നാമമാത്രമായി താഴ്ന്ന് 4764.40 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം 91.70 ഡോളർ (1.96%). ഇന്നു രാവിലെ വില 4760 വരെ താഴ്‌ന്ന ശേഷം 4843 ഡോളറിലേക്കു കയറി. വിലക്കയറ്റം തുടരും എന്നാണു സൂചന.

വെള്ളി ഇന്നലെ ഔൺസിന് 95.99 ഡോളർ വരെ കയറിയ ശേഷം ലാഭമെടുക്കലിനെ തുടർന്ന് 94.72 ഡോളറിലേക്കു താഴ്‌ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 95.43 ഡോളറിലേക്കു വില കയറിയെങ്കിലും വേഗം താഴ്‌ന്ന് 94.50 ഡോളർ ആയി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 1,10,400 വരെ ഉയർന്ന ശേഷം അല്പം താഴ്‌ന്ന് 1,09,840 രൂപയിൽ ക്ലോസ് ചെയ്തു. ഏകദിന കയറ്റം പവന് 2600 രൂപ. രാജ്യാന്തര വില ഉയരുന്നതിനാൽ ഇന്നും കേരളത്തിൽ വില കുതിക്കും.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 24 കാരറ്റ് സ്വർണം 10 ഗ്രാമിന് ഇന്നലെ 1,52,500 വരെ എത്തിയിട്ട് താഴ്‌ന്നു.

എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,27,998 രൂപ വരെ കയറിയിട്ട് അൽപം താഴ്ന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. അലൂമിനിയം 0.99 ശതമാനം താഴ്‌ന്ന് ടണ്ണിന് 3116.51 ഡോളറിൽ ക്ലോസ് ചെയ്തു. ചെമ്പ് 0.20 ശതമാനം കയറി ടണ്ണിന് 13,058.85 ഡോളർ ആയി. ലെഡും നിക്കലും സിങ്കും താഴ്ന്നപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ടിൻ 7.54 ശതമാനം കുതിച്ചു.

റബർ രാജ്യാന്തര വിപണിയിൽ 0.39 ശതമാനം താഴ്‌ന്നു കിലോഗ്രാമിന് 180.80 സെൻ്റ് ആയി. കൊക്കോ 8.56 ശതമാനം ഇടിഞ്ഞ് ടണ്ണിനു 4652.41 ഡോളറിൽ എത്തി. കാപ്പി 2.72 ശതമാനം താഴ്ന്നു. പാം ഓയിൽ 0.64 ശതമാനം കയറി.

ഡോളറും കടപ്പത്രങ്ങളും ഇടിഞ്ഞു

അമേരിക്കൻ ആസ്തികൾ വിൽക്കുന്നതിലേക്കു വിപണികൾ മാറി. ഗ്രീൻലാൻഡ് പിടിക്കലാണു വിഷയം. ഇതിൻ്റെ ഭാഗമായി യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപം യൂറോപ്യൻ ഫണ്ടുകൾ കുറച്ചു തുടങ്ങി. സ്വാഭാവികമായും ഡോളർ നിരക്ക് താഴ്‌ന്നു. അമേരിക്കൻ കടപ്പത്രങ്ങളുടെ വിൽപന കൂടിയതിനാൽ അവയുടെ വില ഇടിഞ്ഞു, അവയിലെ നിക്ഷേപനേട്ടം (Yield) കൂടി.

ഡോളർ സുചിക ഇന്നലെ ഒരു ശതമാനത്തോളം ഇടിഞ്ഞ് 98.56 ആയി. പ്രധാനപ്പെട്ട ആറു കറൻസികളുമായുള്ള ഡോളർ വിനിമയനിരക്ക് പരിഗണിച്ചാണു സൂചിക കണക്കാക്കുന്നത്. ഒരു വർഷം കൊണ്ട് ഡോളർ സൂചികയിൽ 8.79 ശതമാനം ഇടിവാണ് ഉണ്ടായത്.

ഇന്നു രാവിലെ യൂറോ 1.1719 ഡോളറിലേക്കും പൗണ്ട് 1.3435 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.21 യെന്നിലേക്കു താഴ്‌ന്നു. നികുതി കുറയ്ക്കലും ഇടക്കാല പൊതു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ച ജപ്പാനിൽ കടപ്പത്രം വിറ്റഴിക്കൽ തകൃതിയായി നടക്കുകയാണ്. സ്വിസ് ഫ്രാങ്ക് 0.7901 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.96 യുവാനിലേക്ക് ഉയർന്നു.

അമേരിക്കൻ കടപ്പത്ര വിൽപന വർധിച്ചതോടെ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.285 ശതമാനമായി കയറി. 30 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 4.92 ശതമാനമായി.

രൂപ റെക്കോർഡ് താഴ്ചയിലേക്ക്

ഡോളർ രാജ്യാന്തര വിപണിയിൽ ദുർബലമാകുമ്പോഴും ഇന്ത്യൻ രൂപ കൂടുതൽ താഴുകയാണ്. വാണിജ്യകമ്മി വർധിക്കുന്നതും വിദേശനിക്ഷേപകർ ഇന്ത്യയിൽ നിന്നു വിറ്റുമടങ്ങുന്നതുമാണു കാരണം. അമേരിക്കയുമായി വ്യാപാരകരാർ ഉണ്ടാകും വരെ വിദേശ ഫണ്ടുകൾ മടങ്ങിവരില്ല എന്നാണു നിഗമനം. അടുത്തയാഴ്ച ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉണ്ടാകുമെങ്കിലും അതു രൂപയെ പെട്ടെന്നു സഹായിക്കാൻ ഇടയില്ല. എന്നാൽ അമേരിക്കൻ ഓഹരികളും കടപ്പത്രങ്ങളും വിറ്റൊഴിയുന്ന യൂറോപ്യൻ രാജ്യങ്ങൾ ആ പണത്തിൽ ഒരു പങ്ക് ഇന്ത്യയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ രൂപ രക്ഷപ്പെടും.

ഇന്നലെ ഡോളർ 91.08 രൂപ എന്ന സർവകാല റെക്കോർഡിന് അടുത്തു വരെ ചെന്നിട്ട് താഴ്‌ന്ന് 90.98 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്നതാണു രൂപയെ സഹായിച്ചത്. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായ ഇടപെടൽ നടത്തി. ജനുവരിയിൽ രൂപ 1.2 ശതമാനം താഴ്ന്നു. ഈ ധനകാര്യവർഷം ഇതുവരെ രൂപ 6.5 ശതമാനം ഇടിഞ്ഞു.

ചൈനീസ് യുവാൻ ഇന്നലെ 13.09 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ കയറി

കസാഖ്‌സ്ഥാനിലെ ടെംഗിഷ്‌ചെവ്റോയിൽ കമ്പനി രണ്ടു വലിയ എണ്ണപ്പാടങ്ങളിലെ ഉൽപാദനം നിർത്തിയതും ക്രൂഡ് ഓയിൽ വിൽപന രണ്ടാഴ്ച മുടങ്ങും എന്നറിയിച്ചതും ഇന്നലെ ക്രൂഡ് ഓയിൽ വിലയെ ഒന്നര ശതമാനം ഉയർത്തി. ബ്രെൻ്റ് ഇനം ബാരലിന് 64.92 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 60.34 ഉം യുഎഇയുടെ മർബൻ 65.85 ഉം ഡോളറിലാണ്. പ്രകൃതി വാതക വില 25 ശതമാനം കുതിച്ച് 3.91ഡോളറിൽ എത്തിയിട്ട് അൽപം താഴ്‌ന്നു.

ക്രിപ്റ്റോ ഇടിവ് തുടരുന്നു

ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുകയാണ്. സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ക്രിപ്റ്റോകൾ സുരക്ഷിതമല്ല എന്ന ഭീതിയാണു കാരണം. ബിറ്റ് കോയിൻ നാലര ശതമാനം ഇടിഞ്ഞ് 89,000 ഡോളറിനു താഴെ വന്നു. ഈഥർ എട്ടു ശതമാനം തകർച്ചയോടെ 3000 ഡോളറിനും സൊലാന 5.5 ശതമാനം ഇടിവോടെ 128 ഡോളറിനും താഴെയായി.

വിപണിസൂചനകൾ

(2026 ജനുവരി 20, ചൊവ്വ)

സെൻസെക്സ് 82,180.47   -1.28%  

നിഫ്റ്റി50     25,232.50     -1.38%

ബാങ്ക് നിഫ്റ്റി     59,404.20    -0.81%

മിഡ്ക്യാപ്100    58,085.35    -2.62%

സ്മോൾക്യാപ്100 16,701.05   -2.85%

ഡൗ ജോൺസ്   48,488.59     -1.76%

എസ് ആൻഡ് പി   6796.86     -2.06%

നാസ്ഡാക്    22,954.3 2      -2.39%

ഡോളർ      ₹90.98      +0.07

സ്വർണം(ഔൺസ്) $4764.40  +$92.90

സ്വർണം (പവൻ)  ₹1,09,840   +₹2600

ക്രൂഡ്ഓയിൽബ്രെൻ്റ് $64.07   +0.13

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com