തീരുവപ്പേടി യാഥാർഥ്യമാകുന്നു; മിത്ര രാജ്യങ്ങൾക്കും ഉയർന്ന നിരക്ക് ചുമത്തി ട്രംപിൻ്റെ കത്ത്; ഇന്ത്യക്കു കരാറോ കത്തോ എന്നറിവായില്ല; എണ്ണക്കപ്പലിൽ ആക്രമണം, ക്രൂഡ് വില ഉയർന്നു

ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍; സ്വര്‍ണം വീണ്ടും കുതിപ്പില്‍; ഡോളറിന് ചാഞ്ചാട്ടം
Morning business news
Morning business newsCanva
Published on

യുഎസ് തീരുവ ആശങ്കകൾ യാഥാർഥ്യമാകുന്നു. യുഎസിനു വഴങ്ങിയാലും അല്ലെങ്കിലും ഏപ്രിലിൽ പ്രഖ്യാപിച്ച ഉയർന്ന നിരക്കിനടുത്തു നൽകേണ്ടി വരും എന്നാണു സൂചന. ഓഗസ്റ്റ് ഒന്നു വരെ ചർച്ചയ്ക്കു സമയമുണ്ടെന്ന കാര്യം മാത്രമാണ് ആശ്വാസകരം.

മിത്രരാജ്യങ്ങൾ അടക്കം 14 രാജ്യങ്ങൾക്ക് ഉയർന്ന ചുങ്കം ചുമത്തിക്കൊണ്ടു യുഎസ് പ്രസിഡൻ്റ് കത്ത് അയച്ചു. ഓഗസ്റ്റ് ഒന്നിനു നടപ്പാക്കുന്ന ചുങ്കം ഏപ്രിൽ ആദ്യം പ്രഖ്യാപിച്ച ഉയർന്ന നിരക്കിനോട് അടുത്തുവരുന്നതാണ്. ചിലത് കൂട്ടി, ചിലതു നാമമാത്രമായി കുറച്ചു. എന്നാൽ ഓഗസ്റ്റ് വരെ ചർച്ച നടത്തി കരാർ ഉണ്ടാക്കാൻ അവസരം ഉണ്ടെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതു പല രാജ്യങ്ങളും ആശ്വാസകരമായാണ് കണക്കാക്കുന്നത്. അതിനാൽ ഏഷ്യൻ വിപണികൾ ഇന്നുരാവിലെ ഉയർന്നു വ്യാപാരം നടത്തുന്നു.

ഇന്ത്യയുമായുള്ള കരാർ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഇന്നലെ കരാർ പ്രഖ്യാപനം ഉണ്ടാകുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതു നടന്നില്ല. ഇന്ത്യക്കും ഏകപക്ഷീയ കത്ത് നൽകാനാണോ ട്രംപ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. ഏപ്രിലിൽ പ്രഖ്യാപിച്ച 26 ശതമാനമോ അതിനടുത്തതോ ആകും കത്തിൽ നിർദ്ദേശിക്കുന്ന തീരുവ എന്നാണ് ഇപ്പോഴത്തെ നിഗമനം. കരാർ ഉണ്ടാക്കിയ വിയറ്റ്നാമിന് 20-ഉം കരാർ ഉണ്ടാക്കാത്ത ബംഗ്ലാദേശിനു 35 -ഉം ശതമാനമാണ് തീരുവ. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 40 ശതമാനം വീതം. ഇന്തോനീഷ്യയ്ക്ക് 32 ശതമാനം ചുമത്തി. ഇന്ത്യക്കു കാര്യമായ പ്രതീക്ഷ വേണ്ടെന്നാണ് ഇതു കാണിക്കുന്നത്. തീരുവപ്പേടിയിൽ ഇന്നലെ രൂപ ദുർബലമായി.

യെമനിലെ ഹൗതികൾ രണ്ടാം ദിവസവും എണ്ണടാങ്കർ ആക്രമിച്ചത് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം ഉയരാൻ കാരണമായി. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,475.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,515 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. യുഎസിൻ്റെ വ്യാപാര തീരുമാനത്തിൽ പ്രതീക്ഷ അർപ്പിച്ചാണു യൂറോപ്പ് നീങ്ങിയത്. യൂറോ ഇന്നലെയും കയറി.യുഎസ് വിപണി തുടങ്ങിയതു തന്നെ താഴ്ചയിലാണ്. ജപ്പാനും ദക്ഷിണ കൊറിയുമടക്കമുള്ള 10 രാജ്യങ്ങൾക്ക് ഉയർന്ന ചുങ്കം പ്രഖ്യാപിച്ചതോടെ വിപണി വലിയ താഴ്ചയിലായി. എങ്കിലും ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് അര ശതമാനം തിരിച്ചു കയറിയായിരുന്നു ക്ലോസിംഗ്. ഡൗ ജോൺസ് സൂചിക 422.17 പോയിൻ്റ് (0.94%) താഴ്ന്ന് 44,406.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 49.37 പോയിൻ്റ് (0.79%) നഷ്ടത്തോടെ 6229.98 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 188.59 പോയിൻ്റ് (0.92%) ഇടിഞ്ഞ് 20,412.52 ൽ എത്തി.യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.22 ഉം എസ് ആൻഡ് പി 0.16 ഉം  നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.55 ശതമാനം താഴ്ന്നു. കൊറിയൻ വിപണി 0.50 ശതമാനം താഴ്ചയിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. 

ആശങ്ക കൂടി, ഇന്ത്യൻ വിപണി ഫ്ലാറ്റ്

വ്യാപാര കരാർ കാര്യത്തിൽ ആശങ്ക കടുത്തു നിന്ന ഇന്നലെ ഇന്ത്യൻ വിപണി ചെറിയ മേഖലയിൽ കയറിയിറങ്ങിയിട്ടു കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. എഫ്എംസിജി കമ്പനികളും റിലയൻസുമാണ് ഇന്നലെ വിപണിയെ താഴ്ന്ന് അവസാനിക്കുന്നതിൽ നിന്നു രക്ഷിച്ചത്.

തിങ്കളാഴ്ച നിഫ്റ്റി 0.30 പോയിൻ്റ് (0.0%) കൂടി 25,461.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 9.61 പോയിൻ്റ് (0.01%) കയറി 83,442.50 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 82.70 പോയിൻ്റ് (0.15%) താഴ്ന്ന് 56,949.20 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 162.00 പോയിൻ്റ് (0.27%) താഴ്ന്ന് 59,515.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 82.90 പോയിൻ്റ് (0.44%) നഷ്ടത്തോടെ 18,950.15 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി.  ബിഎസ്ഇയിൽ 1649 ഓഹരികൾ ഉയർന്നപ്പോൾ 2436 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1152 എണ്ണം. താഴ്ന്നത് 1791 ഓഹരികൾ.

എൻഎസ്ഇയിൽ 61 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 38 എണ്ണമാണ്. 115 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 74 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. തിങ്കളാഴ്ച ക്യാഷ് വിപണിയിൽ അവർ 321.16 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1853.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

ഇന്ത്യ - യുഎസ് വ്യാപാര കരാറിൻ്റെ അവസ്ഥയും യുഎസ് തീരുവ തീരുമാനവും ആണ് ഈ ദിവസങ്ങളിൽ വിപണിഗതിയെ നിയന്ത്രിക്കുക. ഇപ്പോഴത്തെ സൂചന ഇന്ത്യക്കു നേട്ടം ലഭിക്കുന്ന ധാരണയ്ക്കു സാധ്യത ഇല്ലെന്നാണ്. വിപണിയിൽ വലിയ കോളിളക്കം പ്രതീക്ഷിക്കാം. ഇന്നു നിഫ്റ്റിക്ക് 25,420 ഉം 25,370 ഉം പിന്തുണയാകും. 25,485 ലും 25,540 ലും തടസം ഉണ്ടാകാം.

സ്വർണം വീണ്ടും കുതിപ്പിൽ

സ്വർണം വീണ്ടും റെക്കോർഡ് നിലവാരത്തിലേക്കുള്ള യാത്ര തുടങ്ങി. ഏപ്രിൽ ആദ്യം പ്രഖ്യാപിച്ചതിൽ നിന്നു കാര്യമായ മാറ്റം ഒന്നുമില്ലാത്ത തീരുവ നിരക്കുകളാണു യുഎസ് ഇന്നലെ പ്രഖ്യാപിച്ചു തുടങ്ങിയത്. നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നടപ്പിൽ വരുന്നതോടെ

ലോക വാണിജ്യം കുറയുകയും മാന്ദ്യത്തിൻ്റെ വക്കിലേക്കു പല രാജ്യങ്ങളും എത്തുകയും ചെയ്യും എന്നാണു ഭീതി. അതു സ്വർണത്തെ ഏപ്രിലിലെ നിലയിലേക്കോ (ഔൺസിന് 3504 ഡോളർ) അതിനു മുകളിലേക്കോ എത്തിച്ചെന്നു വരാം.

ഇന്നലെ 3300 ഡോളറിനു താഴെ പോയ സ്വർണവില തീരുവ പ്രഖ്യാപനത്തെ തുടർന്ന് തിരിച്ചു കയറി ഔൺസിന് 3337.39 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3335 ഡോളറിലേക്കു താഴ്ന്നു. പ്രഖ്യാപിച്ച തീരുവകളിൽ ഇനിയും ചർച്ചയ്ക്ക് അവസരം ഉണ്ടെന്നു ട്രംപ് പറഞ്ഞതിൻ്റെ ആശ്വാസത്തിലാണു വിപണി താഴ്ന്നത്.

കേരളത്തിൽ തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയായി. 

വെള്ളിവില ഔൺസിന് 36.68 ഡോളറിലേക്ക് താഴ്ന്നു. 

എല്ലാ വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഇടിഞ്ഞു. ചെമ്പ് 0.79 ശതമാനം താഴ്ന്നു ടണ്ണിന് 9892.00 ഡോളറിൽ എത്തി. അലൂമിനിയം 0.71 ശതമാനം കുറഞ്ഞ് 2573.50 ഡോളർ ആയി. നിക്കലും ലെഡും  സിങ്കും ടിന്നും ഒന്നര ശതമാനത്തോളം ഇടിഞ്ഞു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.73 ശതമാനം കുറഞ്ഞ് 162.70 സെൻ്റിൽ എത്തി. കൊക്കോ 2.89 ശതമാനം ഉയർന്നു ടണ്ണിന് 8179.52 ഡോളർ ആയി. കാപ്പി 3.5 ശതമാനം താഴ്ന്നപ്പോൾ തേയില വില 0.58 ശതമാനം കൂടി. പാം ഓയിൽ വില 0.20 ശതമാനം കയറി..

ഡോളർ കയറി, ഇറങ്ങി

 യുഎസ് ഡോളർ ഇന്നലെ ഗണ്യമായ കയറ്റം കാഴ്ചവച്ചിട്ട് താഴ്ന്നു. ഡോളർ സൂചിക ഉയർന്നു 97.48 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.32 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ യൂറോ 1.1746 ഡോളറിൽ നിൽക്കുന്നു. പൗണ്ട് കുറച്ചു താഴ്ന്ന ശേഷം 1.3635 ഡോളറിലേക്കു കയറി. ജാപ്പനീസ് യെൻ ഡോളറിന് 145.87 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.381 ശതമാനത്തിലേക്ക് കയറി.

രൂപ തിങ്കളാഴ്ച ദുർബലമായി. ഒരവസരത്തിൽ  ഡോളർ 86.03 രൂപ വരെ ഉയർന്നു. പിന്നീട് 46 പൈസ നേട്ടത്തോടെ  85.85 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.175 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. ചെങ്കടലിൽ യെമനിലെ ഹൗതികൾ തുടർച്ചയായ രണ്ടാം ദിവസവും എണ്ണക്കപ്പലിനെ ആക്രമിച്ചതാണു കാരണം. ഞായറാഴ്ച ഒരു ഗ്രീക്ക് ടാങ്കറും തിങ്കളാഴ്ച ഒരു ലൈബീരിയൻ ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ചത്തെ ആക്രമണശേഷം ഹൗതി നിയന്ത്രണത്തിലുള്ള ഒരു തുറമുഖത്തിനു നേരേ ഇസ്രയേൽ മിസൈൽ പ്രയോഗിച്ചിരുന്നു. പക്ഷേ തിങ്കളാഴ്ചയും കപ്പൽ ആക്രമിക്കപ്പെട്ടത് ആശങ്ക വർധിപ്പിച്ചു. ക്രൂഡ് ഓയിൽ രണ്ടു ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് 69. 27 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 67.60 ഡോളറിലും  മർബൻ ക്രൂഡ് 71.11 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില 0.85 ശതമാനം കുറഞ്ഞു. 

ക്രിപ്റ്റോ കറൻസികൾ ഭിന്ന ദിശകളിലാണ്. ബിറ്റ് കോയിൻ 1,08,300 ഡോളറിലേക്കു താഴ്ന്നു. ഈഥർ 2550 ഡോളറിലേക്കു കയറി. 

വിപണിസൂചനകൾ

(2025 ജൂലൈ 07, തിങ്കൾ)

സെൻസെക്സ്30 83,442.50  +0.01%

നിഫ്റ്റി50       25,461.30         +0.00%

ബാങ്ക് നിഫ്റ്റി   56,949.20    -0.15%

മിഡ് ക്യാപ്100  59,515.75    -0.27%

സ്മോൾക്യാപ്100 18,950.15  -0.44%

ഡൗജോൺസ്  44,406.40   -0.94%

എസ്ആൻഡ്പി  6229.98    -0.79%

നാസ്ഡാക്      20,412.50     -0.92%

ഡോളർ($)     ₹85.85       +₹0.46

സ്വർണം(ഔൺസ്)$3337.39   +$10.18

സ്വർണം(പവൻ)   ₹72,080     -₹400

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.60  +$1.30

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com