ആശങ്കകൾ അകലുന്നു; വിപണിയിൽ പ്രത്യാശ; ബുള്ളുകൾ ആവേശത്തിൽ; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ക്രൂഡ് ഓയിൽ താഴുന്നു

രണ്ടാം പാദ കമ്പനി ഫലങ്ങൾ പ്രതീക്ഷയിലും മെച്ചമായി
Morning business news
Morning business newsCanva
Published on

അമേരിക്കയിൽ നിർമിതബുദ്ധി മേഖലയിൽ കുമിള പൊട്ടുമോ എന്ന ആശങ്ക ഒട്ടൊന്നു ശമിച്ചു. എങ്കിലും വിഷയം തീർന്നിട്ടില്ല. അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാരകരാർ കാര്യത്തിൽ നിർണായക പ്രഖ്യാപനം ഈയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ കശുവണ്ടിപ്പരിപ്പും സുഗന്ധവ്യഞ്ജനങ്ങളും അടക്കം 200 ലേറെ കാർഷിക ഉൽപന്നങ്ങൾക്ക് അമേരിക്ക ചുങ്കം കുറച്ചതും ആശ്വാസകരമായി. വിലക്കയറ്റം താഴ്ത്താനാണു ഡോണൾഡ് ട്രംപ് ഇതു ചെയ്തത്. ഇന്ത്യയിൽ ബിഹാർ തെരഞ്ഞെടുപ്പുഫലത്തെ തുടർന്ന് രാഷ്ട്രീയ ആശങ്കകൾ മാറി. രണ്ടാം പാദ കമ്പനി ഫലങ്ങൾ പ്രതീക്ഷയിലും മെച്ചമായി. ഇതെല്ലാം ഇന്ന് ഇന്ത്യൻ വിപണിക്കു മുന്നേറ്റത്തിനു വഴിയൊരുക്കുന്നു.

വെള്ളിയാഴ്ച ഉയർന്ന അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലായി. ഏഷ്യൻ വിപണികൾ നിന്ന ദിശകളിലാണ്. ഇതെല്ലാം വിപണിക്ക് പ്രതീക്ഷ നൽകുന്നു.

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുകയാണ്. സ്വർണം ചാഞ്ചാടുന്നു. ഡോളർ അൽപം കരുത്തു നേടി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,962-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,021 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഇടിവിൽ

നിർമിതബുദ്ധി കുമിള പൊട്ടും എന്ന ഭീതി തുടർന്നതു വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെ താഴ്ത്തി. മിക്ക സൂചികകളും ഒരു ശതമാനത്തിലധികം താഴ്ചയിലായി. ഡെന്മാർക്കിലെ ഔഷധ കമ്പനി നോവോ നോർഡിസ്ക് സ്വതന്ത്ര ഡയറക്ടർമാരെ മാറ്റാൻ ഓഹരി ഉടമകൾ സമ്മതിച്ചതോടെ ഓഹരി 2.4 ശതമാനം ഇടിഞ്ഞു. ഭാരം കുറയ്ക്കൽ ഔഷധവിപണിയിൽ വലിയ വെല്ലുവിളി നേരിടുന്ന കമ്പനിയുടെ ഓഹരി ഈ വർഷം ഇതുവരെ 52 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ബ്രിട്ടനിലെ ലേബർ മന്ത്രിസഭ നികുതി കൂട്ടൽ നീക്കം പിൻവലിക്കും എന്ന സൂചന അവിടെ സർക്കാർ കടപ്പത്രങ്ങളുടെ വില താഴ്ത്തി. പൗണ്ട് സ്‌റ്റെർലിങ്ങും ദുർബലമായി.

യുഎസ് വിപണി തിരിച്ചുകയറി

യു എസ് വിപണി വെള്ളിയാഴ്ച തുടക്കത്തിൽ ഇടിവ് തുടർന്നിട്ട് ഉച്ചയ്ക്കു ശേഷം വലിയ തിരിച്ചു കയറ്റം നടത്തി. താഴ്ചയിൽ വാങ്ങുക എന്ന നിക്ഷേപക സമീപനമാണ് ഇതിലേക്കു നയിച്ചത്. മൂന്നു ദിവസം തുടർച്ചയായി ഇടിഞ്ഞ ടെക് ഓഹരികൾ നേട്ടത്തിലായതോടെ രാവിലെ 1.9 ശതമാനം താഴ്ന്ന നാസ്ഡാക് സൂചിക പച്ചയിൽ അവസാനിച്ചു. ഒന്നര ശതമാനത്തിനടുത്തു താഴ്ന്ന എസ് ആൻഡ് പി നാമമാത്ര നഷ്ടത്തിലും 1.3 ശതമാനം താഴ്ന്ന ഡൗ 0.65 ശതമാനം നഷ്ടത്തിലും ക്ലോസ് ചെയ്തു. പ്രതിവാര നില നോക്കിയാൽ ഡൗ 0.3 ഉം എസ് ആൻഡ് പി 0.1ഉം ശതമാനം ഉയർന്നു. നാസ്ഡാക് 0.5 ശതമാനം ഇടിഞ്ഞു. എൻവിഡിയ ബുധനാഴ്ച പുറത്തുവിടുന്ന റിസൽട്ട് ടെക് ഓഹരികളുടെ ഗതി നിർണയിക്കും.

വോൾമാർട്ടിനെ 12 വർഷം നയിച്ച ഡഗ് മക്മിലൺ ജനുവരിയിൽ വിരമിക്കുമ്പോൾ കമ്പനിയുടെ അമേരിക്കൻ ബിസിനസ് മേധാവി ജോൺ ഫർണർ പ്രസിഡൻറും സിഇഒയുമായി സ്ഥാനമേൽക്കും. ഓൺലൈൻ മത്സരം ഫലപ്രദമായി നേരിട്ടു മുന്നേറാൻ വോൾമാർട്ടിനെ പ്രാപ്തമാക്കിയ മക്മിലൻ്റെ കാലത്ത് കമ്പനിയുടെ ഓഹരി 300 ശതമാനം ഉയർന്നു. എന്നും വിമർശിക്കപ്പെട്ട തീരെക്കുറഞ്ഞ വോൾമാർട്ട് വേതനം ഉയർത്താൻ അദ്ദേഹം തയാറായി. ഒപ്പം ഡോളർ സ്റ്റാേറുകൾ മുതൽ ഇ കൊമേഴ്സ് വരെ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചു.

വോൾമാർട്ടും എതിരാളികളായ ടാർഗറ്റും ഹോം ഡിപ്പോയും ഈയാഴ്ച റിസൽട്ട് പുറത്തുവിടും.

ഭരണസ്തംഭനം മൂലം പ്രസിദ്ധീകരിക്കാത്ത സാമ്പത്തിക സൂചകങ്ങൾ ഈയാഴ്ച മുതൽ ലഭ്യമായേക്കാം എന്ന പ്രതീക്ഷ ഉണ്ട്. സെപ്റ്റംബറിലെ തൊഴിൽ കണക്ക് വ്യാഴാഴ്ച പരസ്യപ്പെടുത്തും. ഫെഡിൻ്റെ മിനിറ്റ്സും ഈയാഴ്ച പുറത്തുവിടും.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 309.74 പോയിൻ്റ് (0.65%) താഴ്ന്ന് 47,147.48 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി സൂചിക ചാഞ്ചാട്ടങ്ങൾക്കു ശേഷം 3.38 പോയിൻ്റ് (0.05%) കുറഞ്ഞ് 6734.11 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിയ 30.23 പോയിൻ്റ് (0.13%) ഉയർന്ന് 22,900.59 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ 0.05 ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.29 ഉം നാസ്ഡാക് 0.53 ഉം ശതമാനം ഉയർന്നും നീങ്ങുന്നു.

മിക്ക ഏഷ്യൻ വിപണികളും താഴ്ചയിലാണ്. ജപ്പാനും ചൈനയും തമ്മിലുള്ള സംഘർഷം വർധിക്കുന്നതാണു കാരണം. ജപ്പാനിലേക്കുള്ള യാത്രകൾ നിരുത്സാഹപ്പെടുത്തി ചൈന മുന്നറിയിപ്പ് നൽകി ഇതു ജപ്പാനിൽ ടൂറിസം അധിഷ്ഠിത ഓഹരികൾക്കു തിരിച്ചടിയായി. സെപ്റ്റംബർ പാദത്തിൽ ജാപ്പനീസ് ജിഡിപി 0.4 ശതമാനം ചുരുങ്ങി. ആശങ്കപ്പെട്ടതിലും കുറവാണിത്. ജാപ്പനീസ് നിക്കൈ സൂചിക 0.5 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ സൂചിക കോസ്പി 1.78 ശതമാനം കുതിച്ചു. ചൈനീസ്, ഹോങ് കോങ് സൂചികകൾ താഴ്ചയിലാണ്.

അഞ്ചാം ദിനവും കയറ്റം

വലിയ കയറ്റിറക്കങ്ങൾക്കു ശേഷം ഇന്ത്യൻ വിപണി വെള്ളിയാഴ്ച നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഇതോടെ തുടർച്ചയായ അഞ്ചുദിവസത്തെ കയറ്റമായി. ആഗോള സൂചനകൾ നെഗറ്റീവ് ആയിരുന്നെങ്കിലും ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ തകർപ്പൻ വിജയമാണ് വിപണിയെ ഉയർത്തി നിർത്തിയത്. സെൻസെക്സ് 650 ഉം നിഫ്റ്റി 200 ഉം പോയിൻ്റ് ചാഞ്ചാടി. അവസാന അരമണിക്കൂറിലെ കുതിപ്പിലാണു വിപണി പച്ചയിലേക്ക് ഉറപ്പിച്ചത്.

പ്രതിരോധ ഓഹരികളാണു വെള്ളിയാഴ്ച ഗണ്യമായ നേട്ടം കുറിച്ചത്. പരസ് ഡിഫൻസ് 6.5ഉം ഡൈനാമാറ്റിക് ടെക്‌നോളജീസ് 6.35 ഉം ഭാരത് ഡൈനാമിക്സ് 6.13 ഉം ഗാർഡൻ റീച്ച് 5.61 ഉം സെൻ ടെക്നോളജീസ് 4.78 ഉം ശതമാനം കുതിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് 1.24 ശതമാനം കയറി.

പൊതുമേഖലാ ബാങ്കുകളും ഫാർമയും എഫ്എംസിജിയും ഹെൽത്ത് കെയറും നല്ല മുന്നേറ്റം നടത്തി. ഐടിയും മെറ്റലും ഓട്ടോയും ഇടിഞ്ഞു.

വെള്ളിയാഴ്ച സെൻസെക്സ് 84.11 പോയിൻ്റ് (0.10%) ഉയർന്ന് 84,562.78 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 30.90 പോയിൻ്റ് (0.12%) കയറി 25,910.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 135.60 പോയിൻ്റ് (0.23%) നേട്ടത്തോടെ 58,517.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 47.15 പോയിൻ്റ് (0.08%) ഉയർന്ന് 60,739.20ലും സ്മോൾ ക്യാപ് 100 സൂചിക 68.85 പോയിൻ്റ് (0.38%) കയറി 18,252.50 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1900 ഓഹരികൾ ഉയർന്നപ്പോൾ 2270 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1476 ഓഹരികൾ കയറി, 1623 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 59 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 116 എണ്ണം താഴ്ന്ന വിലയിൽ എത്തി. 85 ഓഹരികൾ അപ്പർ സർകീട്ടിലും 71 ഓഹരികൾ ലോവർ സർകീട്ടിലും എത്തി.

വെള്ളിയാഴ്ചയും വിദേശനിക്ഷേപകർ വലിയ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 4968.22 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 8461.47 കോടിയുടെ അറ്റവാങ്ങൽ നടത്തി. കഴിഞ്ഞയാഴ്ച വിദേശഫണ്ടുകൾ ഇന്ത്യൻ ഓഹരിവിപണിയിൽ 30.5 കോടി ഡോളർ (2700 കോടി രൂപ) നിക്ഷേപിച്ചു. ഐപിഒകൾ അടക്കമാണ് ഇത്.

കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകൾ മിക്കവാറും അവസാനിച്ചു. വരുമാനം എട്ടു ശതമാനം വർധിച്ചപ്പോൾ അറ്റാദായം 15 ശതമാനം കൂടി.

റഷ്യൻ എണ്ണവില കുറഞ്ഞതിൻ്റെ ബലത്തിൽ റിഫൈനറികളും ഡിമാൻഡ് വർധിച്ചതിനെ തുടർന്നു സിമൻ്റ്, സ്റ്റീൽ കമ്പനികളും ഗണ്യമായ നേട്ടം കുറിച്ചു. ജിഎസ്ടി കുറച്ചതും കയറ്റുമതിയും ഓട്ടോ മേഖലയെ തുണച്ചു. ഫാർമയും മുന്നേറി. ബാങ്കുകളും പവർ കമ്പനികളും ലാഭവർധനയിൽ പിന്നിലായി. ഐടിയും എഫ്എംസിജിയും ദൗർബല്യം തുടർന്നു.

വിപണിയിലെ ബുള്ളുകൾ ആവേശത്തിലാണ്. 25,910 ൽ ക്ലോസ് ചെയ്ത നിഫ്റ്റി 26,000 കടക്കുമെന്നും റെക്കോർഡ് തകർക്കാനുള്ള മുന്നേറ്റം തുടരുമെന്നും ആണ് അവരുടെ വിലയിരുത്തൽ. 26,100 - 26,200 തടസമേഖലയായി തുടരുന്നു. താഴ്ചയിൽ 25,700 ശക്തമായ പിന്തുണ നൽകുന്നു. അവിടെ നിന്നില്ലെങ്കിൽ 25,500 നു താഴേക്കു വീഴും. ഇന്നു നിഫ്റ്റിക്ക് 25,790 ലും 25,745 ലും പിന്തുണ ഉറപ്പാക്കാം. 25,945 ലും 25,990 ലും പ്രതിരോധം നേരിടാം.

കമ്പനികൾ, വാർത്തകൾ

അദാനി എൻ്റർപ്രൈസസ് ഓഹരി ഇന്നു മുതൽ എക്സ് റൈറ്റ്സിലാണു വ്യാപാരം. ഇന്നാണ് അവകാശ ഇഷ്യുവിൻ്റെ റെക്കോർഡ് തീയതി. ഓഹരി ഒന്നിന് 1800 രൂപ വച്ചാണ് ഇഷ്യു. ഒരു രൂപ മുഖവിലയിലാണ് ഭാഗികമായി അടച്ചുതീർത്ത ഓഹരികൾ നൽകുന്നത്. 24,930 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.

മാക്സ് ഹെൽത്ത് കെയർ രണ്ടാം പാദ വരുമാനം 25 ശതമാനം കൂട്ടിയപ്പോൾ അറ്റാദായം 74.3 ശതമാനം കുതിച്ചു.

രണ്ടാം പാദത്തിൽ വരുമാനം 86.5 ശതമാനം വർധിപ്പിച്ച വി2 റീട്ടെയിലിൻ്റെ അറ്റാദായം ഒൻപതു മടങ്ങായി.

നാരായണ ഹൃദയാലയ രണ്ടാം പാദത്തിൽ വരുമാനം 20.3 ഉം അറ്റാദായം 29.6 ഉം ശതമാനം വർധിപ്പിച്ചു.

ജിഎംആർ പവറിന് വരുമാനം 30.8% കൂടിയപ്പോൾ അറ്റാദായം 248.2% കുതിച്ചു.

അശോക ബിൽഡ്കോൺ രണ്ടാം പാദത്തിൽ വരുമാനം 25.6 ശതമാനം കുറവായപ്പോൾ അറ്റാദായം 82.9 ശതമാനം ഇടിഞ്ഞു. 219.3 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടവും ഉണ്ടായി.

പ്രശ്നങ്ങളിൽ ഉലയുന്ന കർണാടക ബാങ്ക് സിഇഒയും എംഡിയുമായി രാഘവേന്ദ്ര ഭട്ടിനെ ഒരു വർഷത്തേക്കു നിയമിച്ചു. കഴിഞ്ഞ ജൂലൈയിൽ ഇദ്ദേഹത്തെ മൂന്നു മാസത്തേക്കും പിന്നീട് ഒരു മാസത്തേക്കും നിയമിച്ചതാണ്. ജൂലൈയിൽ ശ്രീകൃഷ്ണ ഹരി ശർമ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ബാങ്കിൻ്റെ ഉന്നതതലത്തിൽ വേറെയും രാജികൾ ഉണ്ടായി. ബാങ്കിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണു ഭട്ട്.

സ്വർണം വീണ്ടും ചാഞ്ചാടുന്നു

സ്വർണം കഴിഞ്ഞയാഴ്ച രണ്ടു ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വിപണി വ്യാഴാഴ്ചത്തെ ഉയരത്തിൽ നിന്നു ഗണ്യമായി ഇടിഞ്ഞു. ഇതു വിപണിയുടെ വിശ്വാസത്തിനു കോട്ടം വരുത്തി. 4200 ഡോളറിനു മുകളിൽ പലവട്ടം എത്തിയിട്ടും അവിടെയോ 4100 ഡോളറിലോ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. 4000 ഡോളർ ആണ് ഇപ്പോൾ ശക്തമായ പിന്തുണ നിലയായി കാണുന്നത്. ആദ്യം കണക്കാക്കിയതു പോലെ ഡിസംബർ രണ്ടാം വാരത്തിലെ യോഗത്തിൽ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് തീരുമാനിക്കില്ല എന്ന ധാരണ പരന്നതാണു സ്വർണക്കുതിപ്പിനെ പിടിച്ചു നിർത്തിയത്. വാരാരംഭത്തിൽ പലിശ കുറയ്ക്കൽ സാധ്യത 95.5 ശതമാനം ആയിരുന്നത് വാരാന്ത്യത്തിൽ 55 ശതമാനം ആയി കുറഞ്ഞു. ഫെഡ് ഗവർണർമാരുടെ പരാമർശങ്ങളാണ് ഇടിവിനു കാരണം. ഈയാഴ്ച ഫെഡ് മിനിറ്റ്സ് പുറത്തുവരുമ്പോൾ വിപണി പുതിയ സൂചനയ്ക്കു വേണ്ടി കൂലങ്കഷമായ പരിശോധന നടത്തും.

വോൾസ്ട്രീറ്റ് അനാലിസ്റ്റുകളിൽ പകുതിയോളം പേർ ഈയാഴ്ച വില കുറയും എന്ന അഭിപ്രായക്കാരായി. അതേ സമയം ഓൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ 65 ശതമാനം പേർ സ്വർണം കുറയും എന്ന് അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച 2.25 ശതമാനം ഇടിഞ്ഞ് ഔൺസിന് 4082.70 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ഇന്നുരാവിലെ വില 4107.70 വരെ കയറിയ ശേഷം 4096 ഡോളറിലേക്കു താഴ്ന്നു.

അവധിവില 4096 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 4105 ലേക്കു കയറിയിട്ട് 4099 ഡോളർ ആയി.

വെള്ളി കഴിഞ്ഞയാഴ്ച സ്പോട്ട് വിപണിയിൽ ഔൺസിന് 53.60 ഡോളർ വരെ കയറിയിട്ട് 50.59 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 50.98 ഡോളറിലേക്കു കയറി. അവധിവില 50.85 ഡാേളറിലാണ്.

ലോഹങ്ങൾ താഴ്ന്നു

സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഗണ്യമായ ഇടിവിലാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. ചെമ്പ് ടണ്ണിന് 0.83 ശതമാനം താഴ്ന്ന് 10,850.75 ഡോളർ ആയി. അലൂമിനിയം 1.95 ശതമാനം ഇടിഞ്ഞു ടണ്ണിന് 2840.05 ഡോളറിൽ എത്തി. നിക്കൽ, ടിൻ, ലെഡ് എന്നിവ ഇടിഞ്ഞപ്പോൾ സിങ്ക് 2.35 ശതമാനം കുതിച്ചു.

റബർ വില രാജ്യാന്തര വിപണിയിൽ 0.76 ശതമാനം ഉയർന്നു കിലോഗ്രാമിന് 173 സെൻ്റ് ആയി.

കൊക്കോ വിലയിലെ ഇടിവ് തുടരുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കയിൽ വിളവ് മെച്ചമായതാണു കാരണം. മേയ് മുതൽ നിരന്തരം താഴ്ന്ന കൊക്കോ വെള്ളിയാഴ്ച 3.65 ശതമാനം ഇടിഞ്ഞ് ടണ്ണിന് 5287 ഡോളറിൽ എത്തി. കഴിഞ്ഞ ഡിസംബറിൽ 12,000 ഡോളറിനടുത്തു വില എത്തിയതാണ്. അമേരിക്ക ഇറക്കുമതിച്ചുങ്കം കുറച്ചതു വില കയറ്റുമോ എന്ന് ഈ ദിവസങ്ങളിൽ അറിയാം.

കാപ്പി വില 0.47 ശതമാനവും തേയില വില 0.08 ശതമാനവും കുറഞ്ഞു. പാമാേയിൽ 0.02 ശതമാനം കുറഞ്ഞു.

ഡോളർ നേട്ടത്തിൽ

ഡോളർ സൂചിക വെള്ളിയാഴ്ച 98.99 വരെ താഴ്ന്നെങ്കിലും പിന്നീടു കയറി 99.30 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം ഉയർന്ന് 99.36 ൽ എത്തി.

ഡോളർ മിക്ക കറൻസികളോടും നേട്ടത്തിലായി. യൂറോ 1.1605 ഡോളറിലേക്കും പൗണ്ട് 1.315 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 154.59 യെന്നിലേക്കു താഴ്ന്നു.

ചൈനീസ് കറൻസി ഒരു ഡോളറിന് 7.10 യുവാനിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.79 ഡോളറിലേക്ക് ഉയർന്നു.

വെള്ളിയാഴ്ച ഇന്ത്യൻ രൂപ ദുർബലമായി. ഡോളർ എട്ടു പെെസ കയറി 88.74 രൂപ ആയി.

കഴിഞ്ഞയാഴ്ച കയറിയിറങ്ങിയ യുഎസ് കടപ്പത്ര വില ഒടുവിൽ താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.15 ശതമാനമായി ഉയർന്നു.

ക്രൂഡ് ഓയിൽ താഴുന്നു

കരിങ്കടലിലെ റഷ്യൻ തുറമുഖത്തെ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. തുറമുഖത്തെ എണ്ണ കയറ്റുമതി പുനരാരംഭിച്ചു. വെള്ളിയാഴ്ച വീപ്പയ്ക്ക് 64.39 ഡോളറിൽ ക്ലാേസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ ഒരു ശതമാനം ഇടിഞ്ഞ് 63.76 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 59.45 ലും യുഎഇയുടെ മർബൻ ക്രൂഡ് 66.18ലും എത്തി. പ്രകൃതിവാതക വില രണ്ടു ശതമാനം താഴ്ന്ന് 4.47 ഡോളർ ആയി.

ക്രിപ്റ്റോകൾ ഇടിയുന്നു

ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുകയാണ്. ക്രിപ്റ്റോ വിപണിയിൽ തിരിമറികൾ വർധിക്കുന്നതായ ആശങ്കയും ചില വലിയ ഫണ്ടുകളുടെ വിൽപനയും ആണു കാരണം. ക്രിപ്റ്റോ ട്രഷറികൾ, ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ, ക്രിപ്റ്റോ ഇടിഎഫുകൾ എന്നിവയും തളർച്ചയിലാണ്. ബിറ്റ്കോയിൻ കഴിഞ്ഞ ആഴ്ച ഒൻപതു ശതമാനം ഇടിഞ്ഞു. മുൻപ് 1,26,000 ഡോളർ വരെ കയറിയ ബിറ്റ്കോയിൻ ഇപ്പോൾ 95,000 ഡോളറിനു താഴെയായി. ഇന്നലെ 92,962 ഡോളർ വരെ താഴ്ന്ന ബിറ്റ് കോയിൻ ഇന്നു രാവിലെ 94,700 ഡോളറിനു സമീപത്താണ്. 3005.90 ഡോളർ വരെ ഇടിഞ്ഞ ഈഥർ 3115 ഡോളർ വരെ ഉയർന്നു. 134 ഡോളർ വരെ താഴ്ന്ന സൊലാന 138 തിരിച്ചു പിടിച്ചു.

വിപണിസൂചനകൾ

(2025 നവംബർ 14 വെള്ളി)

സെൻസെക്സ് 84,562.78 +0.10%

നിഫ്റ്റി50 25,910.05 +0.12%

ബാങ്ക് നിഫ്റ്റി 58,517.55 +0.23%

മിഡ്ക്യാപ്100 60,739.20 +0.08%

സ്മോൾക്യാപ്100 18,252.50 +0.38%

ഡൗ ജോൺസ് 47,147.48 -0.65%

എസ് ആൻഡ് പി 6734.11 -0.05%

നാസ്ഡാക് 22,900.59 +0.13%

ഡോളർ ₹88.74 +0.08

സ്വർണം(ഔൺസ്) $4082.70 -$89.60

സ്വർണം (പവൻ) ₹93,160 -₹1160

ശനി ₹91,7200 -₹1440

ക്രൂഡ് ഓയിൽ ബ്രെൻ്റ് $64.39 +$1.27

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com