ബുള്ളുകൾക്കു റെക്കോർഡ് തകർക്കാൻ മോഹം; വിപണിയിൽ ആശങ്കകൾ കുറയുന്നില്ല; വ്യാപാര കരാറിൽ അനിശ്ചിതത്വം; കരാർ ഇല്ലെങ്കിൽ ഡോളർ 90 രൂപ കടക്കും

അടുത്തയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പലിശ കാൽ ശതമാനം കുറയ്ക്കും എന്നാണു പ്രതീക്ഷ
Morning business news
Morning business newsCanva
Published on

ബുള്ളുകൾ വലിയ മുന്നേറ്റ പ്രതീക്ഷ നിലനിർത്തുന്നു. നിഫ്റ്റിയുടെ റെക്കോർഡ് മറികടക്കാം എന്നാണ് അവരുടെ മോഹം. പക്ഷേ പലവിധ ആശങ്കകൾ വിപണിയെ അലട്ടുന്നു. ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഇനിയും പ്രഖ്യാപിക്കാത്തതാണു വലിയ പ്രശ്നം. കരാർ ഉണ്ടായില്ലെങ്കിൽ കയറ്റുമതി ഇടിയുമെന്ന് ഒക്ടോബറിലെ കണക്ക് കാണിച്ചു. അത് കറൻ്റ് അക്കൗണ്ട് കമ്മി കൂട്ടും. ഈ ആശങ്കയിലാണ് വെള്ളിയാഴ്ച രൂപ ഇടിഞ്ഞ് ഡോളറിന് 89.48 രൂപയായത്. റിസർവ് ബാങ്ക് ശക്തമായി ഇടപെടില്ലെങ്കിൽ ഡോളർ 90 രൂപയും കടന്നു മുന്നോട്ടു പോകും എന്നതാണ് അവസ്ഥ. ഇത്തരം ആശങ്കകൾ വിപണിയുടെ മുന്നേറ്റത്തിനു തടസമാകും.

ഈയാഴ്ച വിപണി പലിശ കുറയ്ക്കൽ പ്രതീക്ഷയിലാകും മുന്നോട്ടു പോകുക. അടുത്തയാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പലിശ കാൽ ശതമാനം കുറയ്ക്കും എന്നാണു പ്രതീക്ഷ. അമേരിക്കൻ ഫെഡ് ഡിസംബർ 10 ന് പലിശ തീരുമാനം പ്രഖ്യാപിക്കും.

യുക്രെയ്ൻ സമാധാന നീക്കത്തിൻ്റെ പുരോഗതി ഈയാഴ്ച ലോകവിപണികൾക്കൊപ്പം ഇന്ത്യയെയും സ്വാധീനിക്കും. സമാധാനം റഷ്യക്കെതിരായ ഉപരോധം നീക്കാനും 25 ശതമാനം പിഴച്ചുങ്കം ഇല്ലാതാക്കാനും സഹായിക്കും എന്നാണു പ്രതീക്ഷ.

ചൊവ്വാഴ്ച അമേരിക്കയിലെ ഒക്ടോബറിലെ റീട്ടെയിൽ വിൽപന കണക്കും മൊത്തവില കണക്കും വരും. മൂന്നാം പാദത്തിലെ ജിഡിപിയുടെ പ്രാരംഭകണക്കും പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ എന്ന ചില്ലറവിലക്കയറ്റ കണക്കും പ്രതിവാര തൊഴിൽ ആനുകൂല്യ അപേക്ഷകളുടെ കണക്കും പുതിയ പാർപ്പിട വിൽപന കണക്കും ബുധനാഴ്ച വരും. വ്യാഴാഴ്ച യുഎസ് വിപണിക്ക് അവധിയാണ്.

വെള്ളിയാഴ്ച ഇന്ത്യ രണ്ടാം പാദ ജിഡിപി കണക്കും ഒക്ടോബറിലെ വ്യവസായ ഉൽപാദന പുറത്തുവിടും. ഒന്നാം പാദത്തിൽ 7.8 ശതമാനം വളർന്ന ഇന്ത്യ രണ്ടാം പാദത്തിൽ 7.5 ശതമാനം വളരുമെന്നാണ് എസ്ബിഐ റിസർച്ചിൻ്റെ നിഗമനം. റേറ്റിംഗ് ഏജൻസികളായ ഇൻഡ്- റാ 7.2 ഉം ഇക്രാ ഏഴും ശതമാനമാണു പ്രതീക്ഷിക്കുന്നത്. ഏഴു ശതമാനമാണ് റിസർവ് ബാങ്ക് നിഗമനം.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,185.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,150 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് നഷ്ടത്തിൽ

ആഗോള വിപണികളിലെ കോളിളക്കത്തെ തുടർന്ന് വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ താഴ്ന്നു. സെമികണ്ടക്ടർ കമ്പനികളും ചിപ്പ് നിർമാണ യന്ത്ര ഉൽപാദകരും ഇടിവിലായി. യുക്രെയ്ൻ സമാധാനകരാർ ചർച്ച നടക്കുന്നതു പ്രതിരോധ നിർമാതാക്കളെ തുടർച്ചയായ നാലാം ദിവസവും താഴ്ത്തി.

യുഎസ് വിപണി ഉയർന്നു

യുഎസ് വിപണി വെള്ളിയാഴ്ച ഗണ്യമായ നേട്ടത്തിൽ ക്ലോസ് ചെയതെങ്കിലും ആഴ്ചയിലെ പ്രകടനം നഷ്ടത്തിലായിരുന്നു. ഡൗവും എസ് ആൻഡ് പിയും രണ്ടു ശതമാനവും നാസ്ഡാക് 2.7 ശതമാനവും ഇടിഞ്ഞു. നവംബറിൽ ഇതുവരെ എസ് ആൻഡ് പി 3.5 ഉം നാസ്ഡാക് 6.1ഉം ഡൗ 28ഉം ശതമാനം നഷ്ടത്തിലാണ്. നിർമിതബുദ്ധി മേഖലയിലെ ആശങ്കകളാണു പ്രധാനകാരണം. പലിശ കുറയ്ക്കൽ നീണ്ടു പോകും എന്ന സൂചനയും വിപണിയെ ഇടിച്ചിട്ടു.

എൻവിഡിയയുടെ മികച്ച റിസൽട്ടിനു ശേഷവും വ്യാഴാഴ്ച വിപണി തളർന്നു. വെള്ളിയാഴ്ച വിപണിയെ ഉയർത്തിയത് ഡിസംബറിൽ പലിശ കുറയ്ക്കാവുന്നതാണ് എന്ന് ഫെഡ് ഗവർണറും ചെയർമാൻ പവലിൻ്റെ പക്ഷക്കാരനുമായ ക്രിസ്റ്റഫർ വോളറുടെ പ്രസ്താവനയാണ്. എന്നിട്ടും സൂചികകൾ എത്തിപ്പെട്ട ഉയരത്തിൽ നിന്ന് ഗണ്യമായി താഴ്ന്നാണ് അവസാനിച്ചത്. എൻവിഡിയ ദിവസത്തിലെ ഉയരത്തിൽ നിന്നു മൂന്നു ശതമാനം താഴ്ന്നു ക്ലാേസ് ചെയ്തത് എഐ ആശങ്കകൾ തുടരുന്നു എന്നു സൂചിപ്പിച്ചു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 493.15 പോയിൻ്റ് (1.08%) ഉയർന്ന് 46,245.41 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 64.23 പോയിൻ്റ് (0.98%) നേട്ടത്തോടെ 6602.99 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 195.04 പോയിൻ്റ് (0.88%) കയറി 22,273.08 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ 0.24 ഉം എസ് ആൻഡ് പി 0.41 ഉം നാസ്ഡാക് 0.61 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

ഏഷ്യയിൽ കയറ്റം

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഓസ്ട്രേലിയയിലെ ലോജിസ്റ്റിക് കമ്പനിയായ ക്യൂബ് ഹോൾഡിംഗ്സിനെ ഏറ്റെടുക്കാൻ മക്കാറീ അസറ്റ് മാനേജ്മെൻ്റ് കമ്പനി ശ്രമം തുടങ്ങി. ഓഹരിക്ക് 28 ശതമാനം പ്രീമിയം ഓഫർ ചെയ്തു. ഇതേ തുടർന്ന് ക്യൂബ് ഓഹരികൾ 20 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ വിപണി രാവിലെ ഒരു ശതമാനം കയറി. ദക്ഷിണ കൊറിയൻ കോസ്പി സൂചിക 1.3 ശതമാനം ഉയർന്നു. ഹോങ് കോങ് സൂചിക ഒന്നും ചൈനീസ് സൂചിക 0.10 ഉം ശതമാനം കയറി.

വീണ്ടും താഴ്ന്ന് ഇന്ത്യ

റെക്കോർഡ് മറികടക്കും എന്ന പ്രതീക്ഷയോടെ നിന്ന വെള്ളിയാഴ്ച ഇന്ത്യൻ വിപണി കുത്തനേ ഇടിഞ്ഞു. രൂപയുടെ തകർച്ചയും ഇന്ത്യ - അമേരിക്ക വ്യാപാര കരാറിലെ അനിശ്ചിതത്വവും ആണു വിപണിയെ ഉലച്ചത്. മുൻ ദിവസങ്ങളിൽ വാങ്ങലുകാരായിരുന്ന വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായതും വിപണിക്കു ക്ഷീണമായി.

മെറ്റൽ കമ്പനികളും പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസുംഐടിയും ഓയിലും പ്രതിരോധകമ്പനികളും ഇടിവിലായിരുന്നു. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ വലിയ താഴ്ചയിലായി.

വെള്ളിയാഴ്ച സെൻസെക്സ് 400.76 പോയിൻ്റ് (0.47%) താഴ്ന്ന് 85,231.92 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 124.00 പോയിൻ്റ് (0.47%) വീണ് 26,068.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 480.00 പോയിൻ്റ് (0.81%) നഷ്ടത്തോടെ 58,807.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 687.25 പോയിൻ്റ് (1.13%) താഴ്ന്ന് 60,276.30 ലും സ്മോൾ ക്യാപ് 100 സൂചിക 219.75 പോയിൻ്റ് (1.22%) ഇടിഞ്ഞ് 17,847.50 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1197 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2981 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 779 ഓഹരികൾ കയറി, 2297 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 51 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 200 എണ്ണം താഴ്ന്ന വിലയിൽ എത്തി. എട്ട് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ ആറ് എണ്ണം ലോവർ സർകീട്ടിൽ എത്തി.

വെള്ളിയാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 1766.05 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3161.61 കോടിയുടെ അറ്റവാങ്ങലും നടത്തി.

വെള്ളിയാഴ്ച പാശ്ചാത്യ വിപണികൾ ഉയർന്നതും ഇന്ന് ഏഷ്യൻ വിപണികൾ കയറുന്നതും ബുള്ളുകളിൽ ആവേശം നിലനിർത്തുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഉയരുന്നതും ബുള്ളുകൾക്ക് അനുകൂലമാണ്. നിഫ്റ്റിക്കു രാവിലെ 26,100 നു മുകളിൽ കടക്കാനായാൽ 26,300 - 26,500 മേഖലയിലേക്ക് ഈയാഴ്ച മുന്നേറ്റം തുടരാൻ പറ്റും മറിച്ച് 26,000 നു താഴേക്കു നിഫ്റ്റി നീങ്ങിയാൽ 25,800 ലാണു പിന്തുണ കണ്ടെത്താനാവുക. ഇന്നു നിഫ്റ്റിക്ക് 26,045 ലും 26,015 ലും പിന്തുണ പ്രതീക്ഷിക്കാം. 26,145 ലും 26,180 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

ബുധനാഴ്ച എച്ച്ഡിഎഫ്സി എഎംസി ഓഹരി എക്സ് ബോണസ് ആകും.

തൈറോകെയർ ടെക്നോളജീസിൻ്റെ ബോണസ് ഇഷ്യുവിന് വെള്ളിയാഴ്ച ആണു റെക്കോർഡ് തീയതി. ഒരോഹരിക്കു രണ്ട് ഓഹരി വച്ചാണ് ബോണസ് ഇഷ്യൂ.

ട്രാൻസ് അമേരിക്കയുമായുള്ള 2019 ലെ ഇടപാടിൻ്റെ പേരിലെ കേസിൽ ടിസിഎസിനു വീണ്ടും തിരിച്ചടി. 19.4 കോടി ഡോളർ (1736 കോടി രൂപ) നൽകണം എന്ന കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു.

ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിളിനു പകരം ഇൻ്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ) ഡിസംബർ 22 ന് സെൻസെക്സ് 30 -ൽ സ്ഥാനം പിടിക്കും.

വീണ്ടും കുതിക്കാൻ സ്വർണം

വർഷാവസാനത്തിലേക്കു നീങ്ങുമ്പോൾ സ്വർണവിപണിക്ക് ഇനിയും വലിയ കുതിപ്പിനു തക്ക സാഹചര്യമാണുള്ളത്. മൂന്നു കാര്യങ്ങളാണ് അതിനു പിന്നിൽനിന്നു.

ഒന്ന്: യുഎസ് ഫെഡ് പലിശ നിരക്ക് താഴ്ത്തും എന്ന പ്രതീക്ഷ ശക്തമായി. ഫെഡ് ഗവർണർ ക്രിസ്റ്റഫർ വോളർ പലിശ കുറയ്ക്കലിന് അനുകൂലമായി കഴിഞ്ഞ ദിവസം സംസാരിച്ചത് പലിശ കുറയ്ക്കൽ സാധ്യത 70 ശതമാനത്തിന് അടുത്തേക്ക് ഉയർത്തി. ഡിസംബർ 10 നാണു ഫെഡ് തീരുമാനം.

രണ്ട്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ തുടരുന്നു. മിക്ക രാജ്യങ്ങളുടെയും റിസർവിൻ്റെ 20 ശതമാനം സ്വർണം ആണ്. ചൈനയുടേത് എട്ടു ശതമാനം മാത്രം. ചെെന കൂടുതൽ സ്വർണം വാങ്ങി ശേഖരം വർധിപ്പിക്കുന്നതു തുടരും. അവരുടെ വാങ്ങലിൽ ഗണ്യമായ ഭാഗം പരസ്യപ്പെടുത്തുന്നില്ല എന്നാണു വിപണിയുടെ നിഗമനം.

മൂന്ന്: സ്വർണ ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)കൾ കൂടുതൽ സ്വർണം വാങ്ങുന്നു. സ്വർണവില ഉയർന്നു പോകുന്നത് സ്വർണ ഇടിഎഫുകളിലേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. സ്വാഭാവികമായും ഫണ്ടുകൾക്ക് കൂടുതൽ സ്വർണം വാങ്ങേണ്ടതുണ്ട്. ഈ വർഷം ഇതുവരെ സ്വർണ ഇടിഎഫുകളിൽ 17 ശതമാനം നിക്ഷേപ വർധന ഉണ്ട്.

ഈ വർഷം 55 ശതമാനം ഉയർന്ന സ്വർണം അടുത്ത വർഷം ഔൺസിന് 5000 ഡോളർ എത്തുമെന്ന നിഗമനമാണു വിപണിക്കുള്ളത്. കഴിഞ്ഞയാഴ്ച 4000- 4100 ഡോളർ പരിധിയിൽ കയറിയിറങ്ങിയ സ്വർണം ഈയാഴ്ച പലിശയെപ്പറ്റിയുളള ഊഹാപോഹങ്ങളെ ആശ്രയിച്ചു നീങ്ങും. ഈയാഴ്ച വില കൂടുമെന്ന് ഓൺലൈൻ സർവേയിലെ 61 ശതമാനം പേർ പറഞ്ഞപ്പോൾ 19 ശതമാനം വില താഴുമെന്നു കരുതുന്നു. 20 ശതമാനം വില പാർശ്വനീക്കത്തിൽ ആകുമെന്നു പറയുന്നു. 13സ്വർണ അനാലിസ്റ്റുകളിൽ രണ്ടു പേർ വില കൂടുമെന്നും നാലു പേർ വില താഴുമെന്നും ഏഴു പേർ പാർശ്വനീക്കത്തിൽ ആകുമെന്നും കരുതുന്നു.

വെള്ളിയാഴ്ച സ്വർണം ചാഞ്ചാട്ടങ്ങൾക്കു ശേഷം ഔൺസിന് 4066.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4078 ഡോളറിലേക്കു കയറിയിട് 4048 ലേക്കു താഴ്ന്നു.

വെള്ളി സ്പോട്ട് വിപണിയിൽ ഔൺസിന് 49.94 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 50.42 ഡോളർ വരെ കയറിയിട്ട് 49.70 ലേക്കു താഴ്ന്നു.

പ്ലാറ്റിനം 1522 ഡോളർ, പല്ലാഡിയം 1369 ഡോളർ, റോഡിയം 7630 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ ഇടിവിൽ

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചൈനീസ് ലോഹ ഇറക്കുമതി ഒക്ടോബറിൽ ഇടിഞ്ഞതും നവംബറിലെ ഇറക്കുമതി സൂചന താഴ്ന്നതുമാണ് പ്രധാന കാരണം. ചെമ്പ് ടണ്ണിന് 0.96 ശതമാനം താഴ്ന്ന് 10,685.50 ഡോളർ ആയി. അലൂമിനിയം ഒരു ശതമാനം ഇടിഞ്ഞു ടണ്ണിന് 2786.00 ഡോളറിൽ എത്തി. നിക്കൽ, ടിൻ, സിങ്ക്, ലെഡ് എന്നിവ താഴ്ന്നു.

റബർ വില രാജ്യാന്തര വിപണിയിൽ 0.81 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.40 സെൻ്റ് ആയി.

കൊക്കോ 0.47 ശതമാനം ഉയർന്ന് ടണ്ണിന് 5084.00 ഡോളറിൽ എത്തി.

കാപ്പി വില 0.66 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാമാേയിൽ 2.05 ശതമാനം ഇടിഞ്ഞു.

ഡോളർ ചാഞ്ചാടി

ഡോളർ സൂചിക വെള്ളിയാഴ്ച 100.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.24 ലേക്കു കയറി.

ഡോളർ വിനിമയ നിരക്കു വെള്ളിയാഴ്ച അൽപം മെച്ചപ്പെട്ടു. യൂറോ 1.1504 ഡോളറിലേക്കും പൗണ്ട് 1.3092 ഡോളറിലേക്കും താഴ്ന്നു. എന്നാൽ ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.67 യെൻ ആയി ഉയർന്നു.

ചൈനീസ് കറൻസി ഒരു ഡോളറിന് 7.11 യുവാനിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.8082 ഡോളറിലായി.

യുഎസിൽ പലിശ കുറയാൻ സാധ്യത വർധിച്ചതു കടപ്പത്ര വിലകളെ ഉയർത്തി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.067 ശതമാനമായി താഴ്ന്നു.

രൂപയ്ക്കു തകർച്ച

ഇന്ത്യൻ രൂപ വെള്ളിയാഴ്ച വലിയ തകർച്ച നേരിട്ടു. മേയ് എട്ടിനു ശേഷം ഉണ്ടായ ഏറ്റവും വലിയ തകർച്ചയായിരുന്നു അത്. ഡോളർ 98 പൈസ കൂടി 89.665 രൂപ വരെ എത്തി. 89.48 രൂപയിൽ ക്ലോസ് ചെയ്തു.

അമേരിക്കയുമായുള്ള വ്യാപാരകരാർ അനിശ്ചിതത്വത്തിലായി എന്ന നിഗമനവും റിസർവ് ബാങ്കിൻ്റെ ഇടപെടൽ ഇല്ലാതായതുമാണു വീഴ്ചയ്ക്കു കാരണം. രൂപയ്ക്കു നിശ്ചിത നിരക്ക് എന്ന വാശിയില്ല എന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര തലേന്നു പറഞ്ഞിരുന്നു. ഡോളർ 89.50 രൂപവരെ എത്തിയ ശേഷമാണു കേന്ദ്രബാങ്ക് ഡോളർ വിറ്റത്.

ഒക്ടോബറിൽ കയറ്റുമതിയിൽ ഉണ്ടായ വലിയ ഇടിവ് തുടർന്നാൽ ഇന്ത്യയുടെ വാണിജ്യകമ്മി, കറൻ്റ് അക്കൗണ്ട് കമ്മി എന്നിവ വർധിക്കും. അടവുശിഷ്ട നില (Balance of Payment) വഷളാകും. വ്യാപാരകരാർ ഉടനേ എന്നു പല തവണ സൂചിപ്പിച്ചിരുന്നതാണ്. പക്ഷേ യുഎസ് ആവശ്യപ്പെടുന്നത്ര വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ തയാറല്ല. റഷ്യൻ എണ്ണ വാങ്ങൽ നിർത്താനും ജനിതകമാറ്റം വരുത്തിയ സോയാബീൻ ഇറക്കുമതി ചെയ്യാനും വരെ ഇന്ത്യ സന്നദ്ധമാണ്. പക്ഷേ റഷ്യയുമായുള്ള പ്രതിരോധ സഹകരണം മാറ്റി എല്ലാ കരാറും അമേരിക്കയ്ക്കു നൽകാൻ ഇന്ത്യ തയാറില്ല. വിയോജിപ്പിൻ്റെ വേറേയും വശങ്ങൾ ഉണ്ട്. ഈ സാഹചര്യം തുടർന്നാൽ ഡോളർ 90 രൂപ കടന്നു മുന്നോട്ടു പോകും എന്നാണു ഭീതി.

വെള്ളിയാഴ്ചത്തെ വീഴ്ചയോടെ രൂപയുടെ നിരക്ക് 2025-ൽ നാലര ശതമാനം ഇടിഞ്ഞു. വികസ്വരരാജ്യ കറൻസികളിൽ ഏറ്റവും ദുർബലം എന്ന നിലയിലേക്കു രൂപ താഴ്ന്നു.

ചൈനയുടെ കറൻസി വെള്ളിയാഴ്ച 12.58 രൂപ വരെ ഉയർന്നു.

ക്രൂഡ് ഓയിൽ താഴോട്ട്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ക്രൂഡ് ഓയിൽ വിലയെ താഴ്ത്തി നിർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച താഴ്ന്ന് 62.56 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെയും താഴ്ന്ന് ബ്രെൻ്റ് 62.44 ൽ എത്തി. ഡബ്ള്യുടിഐ ഇനം 57.94 ലും യുഎഇയുടെ മർബൻ ക്രൂഡ് 64.09 ലും ആണ്. പ്രകൃതിവാതക വില 4.454 ഡോളർ ആയി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ ഇടിവു തുടരുകയാണ്. വലിയ നിക്ഷേപകരുടെ പിന്മാറ്റം ആണു മുഖ്യവിഷയം. വെള്ളിയാഴ്ച 80,760 ഡോളർ വരെ താഴ്ന്ന ബിറ്റ് കോയിൻ പിന്നീട് കയറി 87,700 വരെ എത്തി.

2620 ഡോളർ വരെ ഇടിഞ്ഞ ഈഥർ 2850 ഡോളറിനു താഴെ നിൽക്കുന്നു. 122 ഡോളർ വരെ വീണ സൊലാന ഇന്ന് 133 ഡോളറിലേക്കു കയറി.

വിപണിസൂചനകൾ

(2025 നവംബർ 21, വെള്ളി)

സെൻസെക്സ് 85,231.92 -0.47%

നിഫ്റ്റി50 26,068.15 -0.47%

ബാങ്ക് നിഫ്റ്റി 58,807.70 -0.81%

മിഡ്ക്യാപ്100 60,276.30 -1.13%

സ്മോൾക്യാപ്100 17,847.25 -1.22%

ഡൗ ജോൺസ് 46,245.41 +1.08%

എസ് ആൻഡ് പി 6602.99 +0.18%

നാസ്ഡാക് 22,273.08 +0.88%

ഡോളർ ₹89.48 +0.77

സ്വർണം(ഔൺസ്)$4066.20 -$11.40

സ്വർണം (പവൻ) ₹90,920 -₹1200

ശനി ₹92,280 +₹1360

ക്രൂഡ്ഓയിൽബ്രെൻ്റ് $62.56 -$0.63

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com