

യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത കൂടുന്നു. ഒപ്പം അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള സാധ്യത വർധിച്ചു. ഇന്ത്യയുടെ റിസർവ് ബാങ്ക് അടുത്തയാഴ്ച പലിശ കുറയ്ക്കാൻ എല്ലാ സാഹചര്യവും ഒരുങ്ങി. അമേരിക്കവുമായുളള വ്യാപാര കരാർ നീണ്ടു പോയാലും ഇന്ത്യൻ വിപണിക്ക് ഉയരാൻ തക്ക അന്തരീക്ഷം റെഡി. ഇന്നു തുടങ്ങുന്ന ഡിസംബർ സിരീസ് എഫ് ആൻഡ് ഒ വ്യാപാരവും ആവേശം നൽകാം.
ഇന്നലെ കുതിച്ച അമേരിക്കൻ വിപണിക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികളും കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞു. സ്വർണം കയറ്റത്തിലാണ്.
യുക്രെയ്ൻ സമാധാന കരാറിൻ്റെ രൂപരേഖ ദുബായിയിൽ നടന്ന യുഎസ് - യുക്രെയ്ൻ ചർച്ചയിൽ അംഗീകരിച്ചു. കുറേ വിഷയങ്ങൾ പ്രസിഡൻ്റുമാരായ ഡോണൾഡ് ട്രംപും വൊളോഡിമിർ സെലൻസ്കിയും ചർച്ച ചെയ്തു ധാരണയിൽ എത്തണം. പിന്നീടാണു റഷ്യയുമായി ഔപചാരിക ചർച്ച.
അമേരിക്കയിൽ പലിശ കുറയ്ക്കാൻ രണ്ടു ഗവർണർമാർ കൂടി അനുകൂലമായി. ഡിസംബർ രണ്ടാം വാരത്തിലാണു ഫെഡ് യോഗം. മാർച്ചിൽ വിരമിക്കുന്ന ചെയർമാൻ ജെറോം പവലിനു പകരം വൈറ്റ് ഹൗസ് സാമ്പത്തിക കൗൺസിൽ ചെയർമാൻ കെവിൻ ഹാസറ്റ് നിയമിക്കപ്പെടും എന്നാണു റിപ്പോർട്ടുകൾ. ഹാസറ്റ് പലിശ കൂടുതലായി കുറയ്ക്കാൻ വാദിക്കുന്ന ആളാണ്. ഇതു വിപണിക്കു പ്രതീക്ഷ നൽകുന്നു.
ഇന്ത്യയിൽ വളർച്ച ത്വരിതപ്പെടുത്താൻ പലിശ കുറേക്കൂടി താഴ്ത്താൻ പറ്റുന്ന നിലയിലാണു വിലക്കയറ്റം. ഈ അവസരം ഗവർണർ സഞ്ജയ് മൽഹോത്രയും പണനയ കമ്മിറ്റിയും ഉപയോഗപ്പെടുത്തും എന്നാണു പ്രതീക്ഷ.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 26,169.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,188 വരെ കയറിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യുഎസിലെ പലിശ കുറയ്ക്കൽ സാധ്യതയും ടെക് ഓഹരികളുടെ തിരിച്ചു കയറ്റവും ഇന്നലെ യൂറോപ്യൻ സൂചികകളെ ഉയർത്തി.
5200 ജോലിക്കാരെ കുറയ്ക്കുമെന്നും പേഴ്സണൽ ലോണുകൾക്കുള്ള ഉപകമ്പനിയെ വിൽക്കുമെന്നും അറിയിച്ച ഡച്ച് ബാങ്ക് എബിഎൻ അമ്രോയുടെ ഓഹരി 6.5 ശതമാനം കുതിച്ചു. ഭാരം കുറയ്ക്കലിനു സഹായിക്കുന്ന ആമിക്രെറ്റിൻ എന്ന ഔഷധത്തിൻ്റെ പരീക്ഷണം വിജയം സൂചിപ്പിക്കുന്നു എന്നറിയിച്ചതിനെ തുടർന്ന് ഡാനിഷ് ഔഷധ കമ്പനി നോവോ നോർഡിസ്ക് 4.5 ശതമാനം കയറി. യുക്രെയ്ൻ സമാധാന ഫോർമുലയിലെ മാറ്റം പ്രതിരോധ ഓഹരികളെ ഉയർത്തി.
ഡിസംബറിൽ യുഎസ് ഫെഡ് പലിശ കുറയ്ക്കാനുള്ള സാധ്യത 80 ശതമാനത്തിനു മുകളിലായത് വിശാലവിപണി കുതിച്ചുയരാൻ കാരണമായി. നിർമിതബുദ്ധി പ്രോസസർ മേഖലയിൽ ഗൂഗിൾ ശക്തമായ വെല്ലുവിളി ഉയർത്തിയത് എൻവിഡിയ ഓഹരിയെ താഴ്ക്കുകയും ആൽഫബെറ്റിനെ ഉയർത്തുകയും ചെയ്തു.
ചെയർമാൻ ജെറോം പവലിനോടു ചേർന്നു നിൽക്കുന്ന രണ്ടു ഫെഡ് ഗവർണർമാർ കൂടി പലിശ കുറയ്ക്കലിനെ അനുകൂലിച്ചു. ഇതോടെ പലിശ കുറയ്ക്കൽ സാധ്യത 83 ശതമാനമായി. തുടർച്ചയായ മൂന്നാം ദിവസം കയറിയ ഡൗ ഇന്നലെ 650 ലധികം പോയിൻ്റ് ഉയർന്നു.
ഗൂഗിളിൻ്റെ ജെമിനൈ 3 പ്രോസസർ വാങ്ങാനുളള മെറ്റായുടെ തീരുമാനം എൻവിഡിയയുടെ കുത്തകയ്ക്കു വെല്ലുവിളി ആകുമെന്നു വിപണി കണക്കാക്കി. എൻവിഡിയ ഓഹരിയും നാസ്ഡാക് സൂചികയും രാവിലെ ഇടിഞ്ഞു. എന്നാൽ തങ്ങളുടെ ജിപിയു ജെമിനൈയേക്കാൾ ബഹുകാതം മുന്നിലാണെന്ന് എൻവിഡിയ വിശദീകരിച്ച ശേഷം നാസ്ഡാക് കയറി.
നിർമിതബുദ്ധിയിൽ ഗൂഗിളിൻ്റെ വമ്പൻ തിരിച്ചു കയറ്റം വിപണിയിൽ വലിയ മാറ്റം വരുത്തും എന്നാണു വിലയിരുത്തൽ. ജെൻസൻ ഹുവാങ് നയിക്കുന്ന എൻവിഡിയയുടെ ഓഹരി ഇന്നലെ 2.59 ശതമാനം താഴ്ന്നു. വിപണിമൂല്യം 4.3 ലക്ഷം കോടി ഡോളർ ആയി കുറഞ്ഞു. സുന്ദർ പിച്ചൈ നയിക്കുന്ന ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 1.53 ശതമാനം കയറി. വിപണിമൂല്യം 3.9 ലക്ഷം കോടി ഡോളർ ആയി ഉയർന്നു. ഇന്നു ഫ്യൂച്ചേഴ്സിൽ എൻവിഡിയ താഴ്ന്നപ്പോൾ ആൽഫബെറ്റ് ഉയർന്നു. വിപണി മൂല്യത്തിൽ ആൽഫബെറ്റ് എൻവിഡിയയെ പിന്നിലാക്കുമോ എന്നാണു വിപണി നോക്കുന്നത്.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 664.18 പോയിൻ്റ് (1.43%) കുതിച്ച് 47,112.45 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 60.76 പോയിൻ്റ് (0.91%) നേട്ടത്തോടെ 6765.88 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 153.59 പോയിൻ്റ് (0.67%) ഉയർന്ന് 23,025.59 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.26 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നും നല്ല നേട്ടത്തിലാണ്. ജാപ്പനീസ് നിക്കൈ 1.90 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി രാവിലെ 0.75 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ കോസ്പി സൂചിക 0.70 ശതമാനം ഉയർന്നു. ഹോങ് കോങ് സൂചിക 0.60 ശതമാനം കയറി. ചൈനീസ് സൂചിക അൽപം താഴ്ന്നു.
ഇന്ത്യൻ വിപണി ഇന്നലെ മികച്ച നേട്ടത്തിലേക്ക് കയറിയ ശേഷം വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ കുത്തനേ ഇടിയുകയായിരുന്നു ഇതോടെ മുഖ്യസൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലാേസ് ചെയ്തു. ഉയർന്ന നിലയിൽ നിന്നു നിഫ്റ്റി 175 പോയിൻ്റും സെൻസെക്സ് 575 പോയിൻ്റും ഇടിഞ്ഞ ശേഷമായിരുന്നു ക്ലോസിംഗ്. എന്നാൽ വിശാലവിപണി നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ ഉയർന്ന് അവസാനിച്ചു.
റിയൽറ്റി, പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ എന്നീ മേഖലകൾ ഇന്നലെ കയറി. ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ, മീഡിയ, ഓട്ടോ, ധനകാര്യം തുടങ്ങിയവ നഷ്ടത്തിലായി.
ചൊവ്വാഴ്ച സെൻസെക്സ് 313.70 പോയിൻ്റ് (0.37%) താഴ്ന്ന് 84,587.01 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 74.70 പോയിൻ്റ് (0.29%) ഇടിവോടെ 25,884.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 15.05 പോയിൻ്റ് (0.03%) നഷ്ടത്തോടെ 58,820.3 0 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 216.40 പോയിൻ്റ് (0.36%) ഉയർന്ന് 60,298.00 ലും സ്മോൾ ക്യാപ് 100 സൂചിക 33.80 പോയിൻ്റ് (0.19%) കയറി 17,730.30 ലും അവസാനിച്ചു.
വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2026 ഓഹരികൾ ഉയർന്നപ്പോൾ 2160 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1587 ഓഹരികൾ കയറി, 1530 എണ്ണം താഴ്ന്നു.
എൻഎസ്ഇയിൽ 43 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 243 എണ്ണം താഴ്ന്ന വിലയിൽ എത്തി. ഒൻപത് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ മൂന്ന് എണ്ണം ലോവർ സർകീട്ടിൽ എത്തി.
ചൊവ്വാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 785.32 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 3912.47 കോടിയുടെ അറ്റവാങ്ങലും നടത്തി.
ഇന്നലെ 26,000 നു മുകളിൽ കയറിയിട്ട് കുത്തനേ താഴ്ന്നെങ്കിലും നിഫ്റ്റി 25,850 നു മുകളിൽ നിന്നതു ബുള്ളുകൾക്ക് ആശ്വാസമായി. 25,850 ലെ പിന്തുണ നില സംരക്ഷിക്കാനായാൽ മുന്നേറ്റം തുടരാനാകും എന്നാണു വിശ്വാസം. ഇന്നു നിഫ്റ്റിക്ക് 25,855 ലും 25,815 ലും പിന്തുണ പ്രതീക്ഷിക്കാം. 25,995 ലും 26,035 ലും പ്രതിരോധം നേരിടും.
ആധാർ ഹൗസിംഗ് ഫിനാൻസ് ഓഹരിക്ക് 650 രൂപ ലക്ഷ്യവില നിശ്ചയിച്ച് 13 അനാലിസ്റ്റുകൾ വാങ്ങൽ ശിപാർശ നൽകി. ടിറ്റാഗഢ് റെയിൽ സിസ്റ്റത്തിന് 25 ശതമാനം വളർച്ച പ്രതീക്ഷയോടെ അനാലിസ്റ്റുകൾ വാങ്ങൽ റേറ്റിംഗ് നൽകി. ലക്ഷ്യവില 1047.60 രൂപ. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഓഹരിക്ക് 777.44 രൂപയാണ് അനാലിസ്റ്റുകൾ വാർഷികലക്ഷ്യം ഇട്ടത്. ഫെെവ് സ്റ്റാർ ബിസിനസ് ഫിനാൻസിന് 744.36 രൂപ ലക്ഷ്യവില നൽകി.
എച്ച്ഡിഎഫ്സി എഎംസി ഇന്നു മുതൽ എക്സ് ബോണസ് ആണ്. ഇന്നലെ വൈകുന്നേരം ഓഹരി കൈവശം ഉള്ളവർക്ക് ഒന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി കിട്ടും.
ഗുവാഹട്ടി മെഡിക്കൽ കോളജ് പുനർനിർമാണത്തിന് 2063 കോടി രൂപയുടെ കരാർ എൻസിസി ലിമിറ്റഡിനു ലഭിച്ചു.
കൊങ്കൺ റെയിൽവേയിൽ നിന്ന് 162 കോടി രൂപയുടെ നിർമാണ കരാർ ജയന്ത് ഇൻഫ്രാടെക്കിനു ലഭിച്ചു.
2022-23 ലെ കണക്കിൽ 835 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ഇന്ത്യൻ ഓവർസീസ് ബാങ്കിനു ലഭിക്കും. ബാങ്കിൻ്റെ അപ്പീലിൽ ലഭിച്ച വിധിപ്രകാരമാണിത്.
സ്വർണം ഇന്നലെ 4109-4159.70 ഡോളർ പരിധിയിൽ കയറിയിറങ്ങിയ ശേഷം നേരിയ താഴ്ചയിൽ അവസാനിച്ചു. ഔൺസിന് 4.20 ഡോളർ കുറഞ്ഞു 4131.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4150 ഡോളറിലേക്കു കയറി. സ്വർണം അവധിവില 4138 ഡോളറിലാണ്.
വെള്ളി സ്പോട്ട് വിപണിയിൽ നാമമാത്രമായി ഉയർന്ന് ഔൺസിന് 51.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 51.46 ഡോളർ വരെ കയറി. അവധിവില 51.18 ഡോളർ ആയി.
പ്ലാറ്റിനം 1546 ഡോളർ, പല്ലാഡിയം 1377 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് ടണ്ണിന് 0.75 ശതമാനം ഉയർന്ന് 10,876.00 ഡോളർ ആയി. അലൂമിനിയം 0.38 ശതമാനം താഴ്ന്നു ടണ്ണിന് 2800.50 ഡോളറിൽ എത്തി. നിക്കൽ, ടിൻ, ലെഡ് എന്നിവ ഉയർന്നു. സിങ്ക് താഴ്ന്നു.
റബർ വില രാജ്യാന്തര വിപണിയിൽ 0.76 ശതമാനം ഉയർന്നു കിലോഗ്രാമിന് 172.60 സെൻ്റ് ആയി.
കൊക്കോ വീണ്ടും ഇടിഞ്ഞ് ടണ്ണിന് 4934.50 ഡോളറിൽ എത്തി. കാപ്പി വില 0.94 ശതമാനം ഉയർന്നു.. തേയില വില മാറ്റമില്ലാതെ തുടർന്നു. പാമാേയിൽ 1.60 ശതമാനം താഴ്ന്നു.
ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 100 നു താഴെ എത്തി. 99.66 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.85 ലേക്കു കയറി.
ഡോളർ വിനിമയ നിരക്ക് താഴ്ന്നു. യൂറോ 1.1566 ഡോളറിലേക്കും പൗണ്ട് 1.3159 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.13 യെൻ ആയി ഉയർന്നു.
ചൈനീസ് കറൻസി ഒരു ഡോളറിന് 7.08 യുവാൻ എന്ന നിരക്കിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.8086 ഡോളറിലായി.
യുഎസിൽ പലിശ കുറയും എന്ന് ഉറപ്പായതു കടപ്പത്ര വിലകളെ ഉയർത്തി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.002 ശതമാനമായി താഴ്ന്നു.
ഇന്ത്യൻ രൂപ ഇന്നലെയും ഉയർന്നു ഡോളർ ഒരു പൈസ കുറഞ്ഞ് 89.22 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ സജീവമായിരുന്നു. ഡോളർ സൂചിക താഴുന്നത് രൂപയെ സഹായിക്കും.
ചൈനയുടെ കറൻസി യുവാൻ തിങ്കളാഴ്ച 12.58 രൂപയിലേക്കു കയറി.
യുക്രെയ്ൻ സമാധാനശ്രമം പുരോഗമിക്കുന്നതു ക്രൂഡ് ഓയിൽ വിലയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. പിന്നീടു വില കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച 1.15 ശതമാനം കുറഞ്ഞ് 62.64 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 62.68 ൽ എത്തി. ഡബ്ള്യുടിഐ ഇനം 58.13 ലും യുഎഇയുടെ മർബൻ ക്രൂഡ് 64.02 ലും ആണ്. പ്രകൃതിവാതക വില 4.424 ഡോളർ ആയി.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ അൽപം ഉയർന്നിട്ടു വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ കയറി 87,450 ഡോളറിൽ നിൽക്കുന്നു. ഈഥർ 2950 ഡോളറിലാണ്. സൊലാന 139 ഡോളറിലേക്കു കയറി.
(2025 നവംബർ 25, ചൊവ്വ)
സെൻസെക്സ് 84,587.01 -0.39%
നിഫ്റ്റി50 25,884.80 -0.29%
ബാങ്ക് നിഫ്റ്റി 58,820.3 o -0.03%
മിഡ്ക്യാപ്100 60,298.00 +0.36%
സ്മോൾക്യാപ്100 17,730.30 +0.19%
ഡൗ ജോൺസ് 47,112.45 +1.43%
എസ് ആൻഡ് പി 6765.88 +0.91%
നാസ്ഡാക് 23,025.59 +0.67%
ഡോളർ ₹89.22 -0.01
സ്വർണം(ഔൺസ്)$4131.90 -$04.20
സ്വർണം (പവൻ) ₹93,160 +₹1400
ക്രൂഡ്ഓയിൽബ്രെൻ്റ് $62.64 -$0.75
Read DhanamOnline in English
Subscribe to Dhanam Magazine