

റെക്കോർഡ് കുറിച്ചിട്ട് താഴ്ന്നു കാര്യമായ നേട്ടമില്ലാതെ ഇന്നലെ ഇന്ത്യൻ വിപണി ക്ലോസ് ചെയ്തു. അമേരിക്കൻ വിപണിക്ക് ഇന്നലെ അവധി ആയിരുന്നു. അവിടെ ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ നീങ്ങുന്നു. വലിയ ആവേശത്തിലല്ലെങ്കിലും ഇന്ത്യൻ വിപണി ഇന്ന് പുതിയ ഉയരം തേടാൻ ശ്രമിക്കും. ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഇന്നു കുറുഞ്ഞേക്കും.
ഇന്നു വെെകുന്നേരം ജൂലൈ - സെപ്റ്റംബർ പാദത്തിലെ ജിഡിപി കണക്ക് പുറത്തുവരും. ഒന്നാം പാദത്തിൽ 7.8 ശതമാനം വളർന്നതാണ്. ഇത്തവണ 7.5 ശതമാനത്തിനടുത്ത് വളരും എന്നാണ് പ്രതീക്ഷ. വളർച്ച ഏഴുശതമാനത്തിലേക്ക് അടുത്തു നിന്നാൽ സർക്കാരിൻ്റെ പ്രതീക്ഷകൾ പാളും. മൂന്നും നാലും പാദങ്ങളിൽ വളർച്ച ഏഴു ശതമാനത്തിൽ താഴെയാകും എന്നാണു റിസർവ് ബാങ്ക് കണക്കാക്കിയിട്ടുള്ളത്. വാർഷിക വളർച്ച 6.6 ശതമാനം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിൽ വന്ന ഐഎംഎഫ് സംഘം. ജിഡിപിയുടെ പ്രതികരണം തിങ്കളാഴ്ചയേ വിപണിയിൽ ഉണ്ടാകൂ.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,410.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,432 വരെ കയറിയിട്ട് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അമേരിക്കൻ വിപണിക്ക് അവധി ആയതു യൂറോപ്യൻ വിപണികളെ ആലസ്യത്തിലാക്കി. സൂചികകൾ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു.
കായിക വസ്ത്രങ്ങളും പാദരക്ഷകളും നിർമിക്കുന്ന ജർമൻ കമ്പനി പ്യൂമയെ സ്വന്തമാക്കാൻ ചൈനീസ് കമ്പനി ആൻ്റ സ്പോർട്സ് ശ്രമിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പ്യൂമ ഓഹരി 18.9 ശതമാനം കുതിപ്പോടെ വ്യാപാരം അവസാനിപ്പിച്ചു.
താങ്ക്സ്ഗിവിംഗ് ദിവസമായതിനാൽ ഇന്നലെ യുഎസ് വിപണിക്ക് അവധിയായിരുന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു പല വഴികളിലാണ്. ജാപ്പനീസ് നിക്കൈ 0.20 ശതമാനം താഴ്ന്നു. ടോക്കിയാേയിലെ വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായി. ഓസ്ട്രേലിയൻ വിപണി രാവിലെ 0.15 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ കോസ്പി സൂചിക 0.90 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക 0.10 ശതമാനം കയറി. ചൈനീസ് സൂചിക 0.20 ശതമാനം താഴ്ന്നു.
പ്രതീക്ഷിച്ചതു പോലെ ഇന്നലെ ഇന്ത്യൻ വിപണി റെക്കോർഡ് തിരുത്തി. ഈ പംക്തിയിൽ സൂചിപ്പിച്ചതു പോലെ പിന്നീടു ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ ഓഹരികൾ താഴ്ന്നു. വിപണി സൂചികകൾ നാമമാത്ര നേട്ടത്തിൽ ക്ലാേസ് ചെയ്തു.
14 മാസം മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നു കുറിച്ച റെക്കോർഡുകളാണ് നിഫ്റ്റിയും സെൻസെക്സും ഇന്നലെ തിരുത്തിയത്. നിഫ്റ്റി 26,310.45 ഉം സെൻസെക്സ് 86,055.86 ഉം വരെ കയറി റെക്കോർഡ് രചിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങലുകാരായിരുന്ന വിദേശനിക്ഷേപകർ ഇന്നലെ വിൽപനക്കാരായി മാറി. എൻഎസ്ഇയിൽ മാത്രം1996.40 കോടി രൂപയുടെ അറ്റവിൽപന അവർ നടത്തി. ബിഎസ്ഇ, എംഎസ്ഇഐ ഇടപാടുകൾ കൂടി ചേർത്താൽ അറ്റവിൽപന 1255.20 കോടി രൂപയായി കുറയും. സ്വദേശി ഫണ്ടുകൾ 3940.87 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.
ഓയിൽ - ഗ്യാസ്, റിയൽറ്റി, പൊതുമേഖലാ ബാങ്ക്, ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഇന്നലെ നഷ്ടത്തിലായി. ധനകാര്യ, ബാങ്ക്, മീഡിയ,ഐടി, സ്വകാര്യ ബാങ്ക് മേഖലകൾ ഉയർന്നു.
വ്യാഴാഴ്ച സെൻസെക്സ് 110.87 പോയിൻ്റ് (0.13%) ഉയർന്ന് 85,720.38 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10.25 പോയിൻ്റ് (0.04%) കയറി 26,215.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 209.25 പോയിൻ്റ് (0.35%) നേട്ടത്തോടെ 59,737.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 51.45 പോയിൻ്റ് (0.08%) ഉയർന്ന് 61,113.13ലും സ്മോൾ ക്യാപ് 100 സൂചിക 95.05 പോയിൻ്റ് (0.53%) താഴ്ന്ന് 17,876.80 ലും അവസാനിച്ചു.
വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1936 ഓഹരികൾ ഉയർന്നപ്പോൾ 2220 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1476 ഓഹരികൾ കയറി, 1588 എണ്ണം താഴ്ന്നു.
എൻഎസ്ഇയിൽ 94 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 100 എണ്ണം താഴ്ന്ന വിലയിൽ എത്തി. നാല് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ മൂന്ന് എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിപണി വീണ്ടും ഒരു സമാഹരണ ഘട്ടത്തിലേക്കു മാറുന്നു എന്നു തോന്നിച്ചു കൊണ്ടാണു വ്യാഴാഴ്ച വ്യാപാരം അവസാനിച്ചത്. പക്ഷേ 26,600 ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിൽ നിന്നു നിഫ്റ്റിയുടെ ലക്ഷ്യം മാറിയിട്ടില്ല എന്നു കരുതുന്നവർ കുറവല്ല. ഇന്നു നിഫ്റ്റിക്ക് 26,160 ലും 26,115 ലും പിന്തുണ പ്രതീക്ഷിക്കാം. 26,280 ലും 26,320 ലും പ്രതിരോധം നേരിടും.
ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി (ഗെയിൽ) വാതക കടത്തുകൂലി 12 ശതമാനം വർധിപ്പിച്ച് പെട്രോളിയം -പ്രകൃതിവാതക റെഗുലേറ്ററി ബോർഡ് തീരുമാനം. ഗെയിൽ ആവശ്യപ്പെട്ടതിലും ഗണ്യമായി കുറവാണിത്. വിപണി 20 ശതമാനം വർധന പ്രതീക്ഷിച്ചിരുന്നു.
സൂറത്ത് എയർ പോർട്ടിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഓരോ ഹോട്ടലുകൾ ലെമൺ ട്രീ ഹോട്ടൽസ് ഏറ്റെടുത്തു. സൂറത്തിൽ 110 ഉം ഹരിദ്വാറിൽ 60 ഉം മുറികളാണുള്ളത്.
അദാനി എൻ്റർപ്രൈസസിൻ്റെ ഉപകമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ്, പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കും. പ്രാരംഭമായി 820 കോടി രൂപയ്ക്ക് 72.8 ശതമാനം ഓഹരി വാങ്ങും.
ജർമൻ സോഫ്‌റ്റ്‌വേർ ഗ്രൂപ്പ് ആയ സാപ്പിൽ ക്ലൗഡ്, നിർമിതബുദ്ധി പരിവർത്തനത്തിനുള്ള അഞ്ചു വർഷ കരാറിൽ ടിസിഎസ് ഏർപ്പെട്ടു.
ബന്ധൻ ബാങ്ക് 6900 കോടി രൂപയുടെ കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും ലേലം ചെയ്തു വിൽക്കുന്നു. ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശുദ്ധമാക്കുന്നതിനാണിത്.
നെതർലൻഡ്സിലെ ഒഡിഡോ കമ്പനിയുടെ ഐടി സംവിധാനം നവീകരിക്കാനുളള കരാർ വിപ്രോയ്ക്കു ലഭിച്ചു.
കേരളത്തിൽ ദേശീയപാത 66 ലെ നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചതിനെ തുടർന്ന് നിർമാണ കമ്പനിയായ അശോക ബിൽഡ്കോണിന് ഒരു മാസത്തെ വിലക്ക് ദേശീയപാതാ അഥോറിറ്റി ഏർപ്പെടുത്തി.
നന്ദിപ്രകാശനദിനം പ്രമാണിച്ച് അമേരിക്കൻ വിപണി ഇന്നലെ നാമമാത്ര ഇടപാടുകളേ നടത്തിയുളളൂ. സ്വർണം ചെറിയ പരിധിയിൽ കയറിയിറങ്ങിയിട്ട് ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ഔൺസിന് 7.10 ഡോളർ കുറഞ്ഞ് 4157.90 ൽ ക്ലോസ് ചെയ്തു. സ്വർണം അവധിവില 4180 ഡോളറിലാണ്.
അടുത്ത വർഷം പകുതിയോടെ സ്വർണം ഔൺസിന് 4500 ഡോളറിൽ എത്തുമെന്നു മോർഗൻ സ്റ്റാൻലി വിലയിരുത്തി. ഗോൾഡ്മാൻ സാക്സ് 2026 അവസാനം വില 4900 ഡോളർ കടക്കുമെന്ന് കണക്കാക്കുന്നു.
വെള്ളി സ്പോട്ട് വിപണിയിൽ ഔൺസിന് 53.2 3 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 53.16 ഡോളർ ആയി.
പ്ലാറ്റിനം 1639 ഡോളർ, പല്ലാഡിയം 1410 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെയാണു വില.
നന്ദിപ്രകാശന ദിനം പ്രമാണിച്ചു നാമമാത്ര വ്യാപാരം നടന്ന ഇന്നലെ വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ചെമ്പ് 0.40 ശതമാനം താഴ്ന്ന് ടണ്ണിന് 10,934.00 ഡോളർ ആയി. അലൂമിനിയം 0.03 ശതമാനം കുറഞ്ഞ് ടണ്ണിന് 2828.50 ഡോളറിൽ എത്തി. നിക്കലും ലെഡും സിങ്കും താഴ്ന്നു, ടിൻ 1.07 ശതമാനം ഉയർന്നു.
റബർ വില രാജ്യാന്തര വിപണിയിൽ 0.64 ശതമാനം കയറി കിലോഗ്രാമിന് 173.10 സെൻ്റ് ആയി. കൊക്കോ 1.51 ശതമാനം ഉയർന്നു ടണ്ണിന് 5068.24 ഡോളറിൽ എത്തി. കാപ്പി വില 0.63 ശതമാനം കുറഞ്ഞു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാമാേയിൽ 1.67 ശതമാനം ഉയർന്നു.
ഡോളർ സൂചിക താഴ്ന്ന് 99.58 ൽ ക്ലോസ് ചെയ്തു.
ഡോളർ വിനിമയ നിരക്ക് അൽപം ഉയർന്നു. യൂറോ 1.1586 ഡോളറിലേക്കും പൗണ്ട് 1.3229 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.38 യെൻ ആയി.
ചൈനീസ് കറൻസി ഒരു ഡോളറിന് 7.08 യുവാൻ എന്ന നിരക്കിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.8043 ഡോളറിലായി.
യുഎസിൽ കടപ്പത്ര വിലകൾ അൽപം താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.004 ശതമാനമായി ഉയർന്നു.
ഇന്ത്യൻ രൂപ ഇന്നലെയും അൽപം താഴ്ന്നു. ഡോളർ നാലു പൈസ കൂടി 89.31 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി യുവാൻ വ്യാഴാഴ്ച 12.62 രൂപയിലേക്കു കയറി.
യുക്രെയ്ൻ സമാധാന കരാറിൽ അനിശ്ചിതത്വം തുടരുന്നതു ക്രൂഡ് ഓയിൽ വിലയെ നാമമാത്രമായി ഉയർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് വ്യാഴാഴ്ച ഉയർന്ന് 63.34 ഡോളറിൽ ക്ലാേസ് ചെയ്തു.
ഡബ്ള്യുടിഐ ഇനം 58.98 ലും യുഎഇയുടെ മർബൻ ക്രൂഡ് 65.29 ലും ആണ്. പ്രകൃതിവാതകവില 4.643 ഡോളർ ആയി കയറി.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ ഭിന്നദിശകളിലായി. ബിറ്റ് കോയിൻ കയറി 91,000 ഡോളറിനു തൊട്ടുതാഴെ എത്തി. ഈഥർ 3000 ഡോളറിലേക്കും സൊലാന 140 ഡോളറിലേക്കും താഴ്ന്നു.
(2025 നവംബർ 27, വ്യാഴം)
സെൻസെക്സ് 85,720. 38 +0.13%
നിഫ്റ്റി50 26,215.55 +0.04%
ബാങ്ക് നിഫ്റ്റി 59,737.30 +0.35%
മിഡ്ക്യാപ്100 61,113.15 +0.08%
സ്മോൾക്യാപ്100 17,876.80 -0.53%
ഡൗ ജോൺസ് 47,427.12 +0.00%
എസ് ആൻഡ് പി 6812.61 +0.00%
നാസ്ഡാക് 23,214.69 +0.00%
ഡോളർ ₹89.31 +0.04
സ്വർണം(ഔൺസ്)$4157.80 -$7.10
സ്വർണം (പവൻ) ₹93,680 -₹120
ക്രൂഡ്ഓയിൽബ്രെൻ്റ് $63.34 +$0.23
Read DhanamOnline in English
Subscribe to Dhanam Magazine