

അമേരിക്കയും ചൈനയും കൂടുതൽ അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഇന്ത്യക്ക് അനുകൂലമാകാൻ സാധ്യത കുറഞ്ഞു. ഇതിൻ്റെ അനിശ്ചിതത്വം വിപണികളെ ബാധിക്കുന്നുണ്ട്. കയറ്റുമതിക്കാർക്ക് ആശ്വാസം ഉടനെ ലഭിക്കാനിടയില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ നിയന്ത്രണങ്ങൾ നീക്കാനും ഇന്ത്യ ആലോചിക്കുന്നു എന്നാണു റിപ്പോർട്ടുകൾ.
അമേരിക്കൻ വിപണിയിൽ നിർമിത ബുദ്ധിയുടെ ആവേശത്തിലുള്ള ടെക് ഓഹരികളുടെ കയറ്റം തുടരുകയാണ്. എന്നാൽ ഇന്ന് ഏഷ്യൻ വിപണികൾ താഴ്ചയിലായി.
ഇന്ത്യൻ വിപണിക്ക് കുതിപ്പിനു വിഷയങ്ങൾ ഒന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡിനു സമീപം എത്തിയിട്ടു താഴ്ന്ന സൂചികകൾ തിരിച്ചു കയറ്റത്തിന് മാർഗം തേടുകയാണ്. ഏഷ്യൻ കാറ്റിൽ താഴ്ന്ന തുടക്കത്തിനാണു വിപണി ഇന്ന് ഒരുങ്ങുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,897.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,861 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. യാത്ര, ഉല്ലാസം എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളും കാർ കമ്പനി ഓഹരികളും ഉയർന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റിക്സ് ബാങ്ക്, ബുണ്ടസ് ബാങ്ക് എന്നീ കേന്ദ്ര ബാങ്കുകളുടെ ധനകാര്യ സുരക്ഷാ റിപ്പോർട്ടുകളും പലിശ തീരുമാനവും ഈയാഴ്ച വരും.
ആമസാേണിൻ്റെ ആവേശം തിങ്കളാഴ്ചയും യുഎസ് സൂചികകളെ നേട്ടത്തിലാക്കി. നാസ്ഡാക്കും എസ് ആൻഡ് പിയും ഉയർന്നത് ഇതു കൊണ്ടാണ്. എന്നാൽ ഡൗ ജോൺസ് സൂചിക താഴ്ന്നു.
ഓപ്പൺ എഐയുമായി ആമസോൺ 3800 കോടി ഡോളർ കരാർ ഉണ്ടാക്കിയത് ഓഹരിയെ നാലു ശതമാനം ഉയർത്തി. എൻവിഡിയയുടെ ചിപ്പുകൾ യുഎഇയിലേക്കു കയറ്റുമതി ചെയ്യാൻ അനുമതി കിട്ടി. എൻവിഡിയ ഓഹരി രണ്ടു ശതമാനം ഉയർന്നു
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 226.19 പോയിൻ്റ് (0.48%) താഴ്ന്ന് 47,336.68 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 11.77 പോയിൻ്റ് (0.17%) നേട്ടത്തോടെ 6851.97 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 109.77 പോയിൻ്റ് (0.46%) ഉയർന്ന് 23,834.72 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ താഴ്ന്നു. ഡൗ 0.16 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.32 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.
ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. താഴ്ന്നു വ്യാപാരം തുടങ്ങിയ ജപ്പാനിലെ നിക്കെെ പിന്നീടു 0.40 ശതമാനം ഉയർന്നു. ചൈനീസ്, ഹോങ് കോങ് സൂചികകളും താഴ്ചയിലാണ്.
ഇന്ത്യൻ വിപണിക്കു നവംബറിൻ്റെ തുടക്കം നേട്ടത്തോടെയായി. മുഖ്യസൂചികകൾ നാമമാത്ര നേട്ടമേ ഉണ്ടാക്കിയുള്ളൂ എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നല്ല മുന്നേറ്റം നടത്തി. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കുറേ സമയം ചാഞ്ചാടിയിട്ട് ഉയരത്തിലേക്ക് മാറുകയായിരുന്നു.
കൺസ്യൂമർ ഡ്യൂറബിൾസും ഐടിയും എഫ്എസിജിയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. റിയൽറ്റി, പിഎസ് യു ബാങ്കുകൾ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ എന്നിവ വലിയ മുന്നേറ്റത്തിലായിരുന്നു.
തിങ്കളാഴ്ച നിഫ്റ്റി 41.25 പോയിൻ്റ് (0.16%) ഉയർന്ന് 25,763.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 39.78 പോയിൻ്റ് (0.05%) കയറി 83,978.49 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 325.10 പോയിൻ്റ് (0.56%) നേട്ടത്തോടെ 58,101.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 461.50 പോയിൻ്റ് (0.77%) കുതിച്ച് 60,287.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 132.60 പോയിൻ്റ് (0.72%) കയറി 18,513.40 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിനൊപ്പം ആയി. ബിഎസ്ഇയിൽ 2174 ഓഹരികൾ ഉയർന്നപ്പോൾ 2080 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1796 എണ്ണം. താഴ്ന്നത് 1313 ഓഹരികൾ.
എൻഎസ്ഇയിൽ 133 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 73 എണ്ണമാണ്. 98 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 73 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. തിങ്കളാഴ്ച അവർ ക്യാഷ് വിപണിയിൽ 1883- 78 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3516.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി സമാഹരണം തുടരും എന്നാണു വിലയിരുത്തൽ. 25,900 ലെ തടസം മറികടന്നാലേ മുന്നേറ്റം സാധ്യമാകൂ. ഇന്നു നിഫ്റ്റിക്ക് 25,675 ലും 25,640 ലും പിന്തുണ ലഭിക്കും. 25,800 ലും 25,900 ലും തടസങ്ങൾ ഉണ്ടാകും.
വോഡഫോൺ ഐഡിയയുടെ 2016 മുതലുള്ള എജിആർ കുടിശിക കാര്യത്തിൽ സർക്കാരിനു തീരുമാനം എടുക്കാമെന്നു സുപ്രീം കോടതി ഇന്നലെ വിശദീകരിച്ചു. ആ ജനത്തിലെ കമ്പനിയുടെ ബാധ്യത മുഴുവനും ഒഴിവാക്കാൻ തക്ക സാഹചര്യം ഇതോടെ ഉണ്ടാകും. ഓഹരി ഇന്നലെ 10 ശതമാനത്തിലധികം കുതിച്ച് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി. 2015-ൽ 120 രൂപവരെ വിലവന്ന ഓഹരി ഇപ്പോൾ 10 രൂപയ്ക്കു താഴെയാണ്. ഇപ്പോൾ കമ്പനിയുടെ 50 ശതമാനത്തോളം ഓഹരി കേന്ദ്ര സർക്കാരിൻ്റെ കൈയിലാണ്.
ഭാരതി എയർടെലിൻ്റെ രണ്ടാം പാദ വരുമാനം 5.4 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 14.2 ശതമാനം ഉയർന്നു. അനാലിസ്റ്റ് നിഗമനത്തേക്കാൾ മെച്ചമായി റിസൽട്ട്. കമ്പനിയുടെ ഉപകമ്പനിയായ ഭാരതി ഹെക്സാകോം രണ്ടാം പാദത്തിൽ വരുമാനം 10.5 ശതമാനം കൂട്ടിയപ്പോൾ അറ്റാദായം 66.4 ശതമാനം വർധിപ്പിച്ചു.
ഗ്ലാൻഡ് ഫാർമയുടെ വിറ്റുവരവ് 5.8 ശതമാനം കൂടിയപ്പോൾ അറ്റാദായത്തിൽ 12.3 ശതമാനം കയറ്റം ഉണ്ടായി.
ടിബിഒ ടെക്കിന് രണ്ടാം പാദത്തിൽ വരുമാനം 26 ശതമാനം വർധിച്ചെങ്കിലും അറ്റാദായ വളർച്ച 12.5 ശതമാനം മാത്രമേ ഉള്ളൂ.
സിപ്ല 110.65 കോടി രൂപയ്ക്ക് ഇൻസ്പേര ഹെൽത്ത് സയൻസസിനെ ഏറ്റെടുക്കും.
ഹീറോ മോട്ടോകോർപിൻ്റെ ഒക്ടോബറിലെ വിൽപന 6.5 ശതമാനം കുറഞ്ഞ് 6.36 ലക്ഷം ആയി കയറ്റുമതി 42 ശതമാനം കുതിച്ച് 30,979 എണ്ണമായി. ആഭ്യന്തര വിൽപന എട്ടു ശതമാനം കുറഞ്ഞു.
സ്വർണവില ഔൺസിനു 4000 ഡോളറിനു സമീപം സമാഹരിക്കാൻ ശ്രമം തുടരുകയാണ്. അമേരിക്കയിലെ സ്വകാര്യ തൊഴിൽ കണക്കു പുറത്തു വരുന്നതിലാണു വിപണിയുടെ ശ്രദ്ധ. തൊഴിൽ കുറഞ്ഞാൽ ഫെഡറൽ റിസർവ് ഡിസംബറിലും പലിശ കുറയ്ക്കും എന്ന പ്രതീക്ഷ ഉണ്ട്. ഈ വർഷം 53 ശതമാനം കുതിച്ച സ്വർണം രണ്ടാഴ്ച കൊണ്ട് എട്ടു ശതമാനം താഴ്ന്നു. പലിശ കുറയുന്ന നില വന്നാൽ വീണ്ടും വില കൂടും.
സ്വർണം ഡിസംബറോടെ 4200 ഡോളറിന് മുകളിലാകും എന്നു സ്വിസ് ബാങ്ക് യുബിഎസ് കണക്കാക്കുന്നു. അടുത്ത ജനുവരി- മാർച്ചിൽ 4700 ഡോളറാണ് അവർ കാണുന്ന വില. മൂന്നാം പാദത്തിൽ വാങ്ങൽ കുറച്ച കേന്ദ്രബാങ്കുകൾ ഇപ്പോൾ വാങ്ങൽ വർധിപ്പിച്ചിട്ടുണ്ട്. ഇടിഎഫുകളിലെ നിക്ഷേപം വർധിച്ചു. നാണയവും ബാറും ആയി സ്വർണം വാങ്ങുന്ന നിക്ഷേപകരും വർധിച്ചു എന്നാണു വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ റിപ്പോർട്ട്.
തിങ്കളാഴ്ച സ്വർണം ഔൺസിനു 4030 ഡോളർ വരെ കയറിയിട്ട് നാമമാത്ര നഷ്ടത്തോടെ 4002.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഇടിഞ്ഞ് 3986 ഡോളർ വരെ എത്തി.
സ്വർണം അവധിവില 3989 ഡോളർ വരെ താഴ്ന്നിട്ടു 4000 ഡോളറിനു മുകളിൽ വന്നു. വീണ്ടും താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് പവൻവില തിങ്കളാഴ്ച 120 രൂപ വർധിച്ച് 90,320 രൂപയിൽ എത്തി.
ആഗോള വിപണിയിൽ വെള്ളിയുടെ വിലയും താഴ്ന്നു. വെള്ളിയുടെ സ്പോട്ട് വില 47.70 ഡോളർ വരെ താഴ്ന്നിട്ട് 48.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 48.06 ഡോളർ ആയി. അവധിവില ഇന്നു 47.55 ഡോളർ വരെ താഴ്ന്നിട്ടു 48ലേക്കു കയറി.
പ്ലാറ്റിനം 1563 ഡോളർ, പല്ലാഡിയം 1420 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.26 ശതമാനം താഴ്ന്നു ടണ്ണിന് 10,872.50 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.79 ശതമാനം ഉയർന്ന് 2906.15 ഡോളറിൽ എത്തി. മൂന്നു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണിത്. ലെഡും നിക്കലും താഴ്ന്നപ്പോൾ സിങ്കും ടിന്നും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 2.40 ശതമാനം താഴ്ന്നു കിലോഗ്രാമിന് 170.50 സെൻ്റ് ആയി. കൊക്കോ 6.45 ശതമാനം കുതിച്ചു ടണ്ണിന് 6547.54 ഡോളറിൽ എത്തി. കാപ്പി 4.24 ശതമാനം ഉയർന്നു. തേയില വില മാറ്റം ഇല്ലാതെ തുടർന്നു. പാം ഓയിൽ വില 214 ശതമാനം ഇടിഞ്ഞു.
ഫെഡ് നയം ഡോളറിനു കരുത്തു കൂട്ടി. ഡോളർ സൂചിക തിങ്കളാഴ്ച 99.87 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.04 ലേക്കു കയറി.
കറൻസി വിപണിയിൽ ഡോളർ കരുത്തു നിലനിർത്തി. യൂറോ 1.1504 ഡോളറിലേക്കും പൗണ്ട് 1.3121 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 154.33 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ചാഞ്ചാടി. അവയിലെ നിക്ഷേപനേട്ടം തിങ്കളാഴ്ച 4.112 ശതമാനം വരെ ഉയർന്നു.
രൂപ തിങ്കളാഴ്ചയും ദുർബലമായി. ഡോളർ ഒരു പൈസ കയറി 88.78 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും രൂപയ്ക്കു സമ്മർദം നേരിടും.
ചൈനയുടെ കറൻസി തിങ്കളാഴ്ച ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 7.12 ലേക്കു കയറി.
ക്രൂഡ് ഓയിൽ വിപണി സ്ഥിരത കാണിക്കുന്നു. വില കാര്യമായ മാറ്റം കാണിക്കുന്നില്ല. ബ്രെൻ്റ് ഇനം ക്രൂഡ് തിങ്കളാഴ്ച വീപ്പയ്ക്ക് 64.89 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 64.78 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 60.96 ഡോളറിലും മർബൻ ക്രൂഡ് 67.32 ഡോളറിലും ആണ്. പ്രകൃതിവാതക വില അര ശതമാനം കൂടി 4.23 ഡോളർ ആയി.
ക്രിപ്റ്റോ കറൻസികൾ ഇടിവിലായി. ഈഥറിൻ്റെ നെറ്റ് വർക്കിൽ നിന്നു 10 കോടി ഡോളറിൻ്റെ കറൻസി മോഷണം നടന്നത് ഈഥറിനെ 10 ശതമാനം താഴ്ത്തി. മറ്റു ക്രിപ്റ്റോകളും വലിയ ഇടിവ് നേരിട്ടു. ബിറ്റ് കോയിൻ ഇന്നു രാവിലെ 1,07,200 ഡോളറിനു താഴെയാണ്. ഈഥർ 3580 ഡോളറിനു താഴെ എത്തിയിട്ട് അൽപം കയറി. ഓഗസ്റ്റിലെ ഉയർന്ന നിലയിൽ നിന്ന് 25 ശതമാനത്തിലധികം താഴ്ന്നാണ് ഈഥറിൻ്റെ നില. സൊലാന 11 ശതമാനം ഇടിഞ്ഞ് 165 ഡോളറിൽ നിൽക്കുന്നു.
(2025 നവംബർ 03, തിങ്കൾ)
സെൻസെക്സ്30 83,978.49 +0.05%
നിഫ്റ്റി50 25,763.35 +0.16%
ബാങ്ക് നിഫ്റ്റി 58,101.45 +0.56%
മിഡ് ക്യാപ്100 60,287.40 +0.77%
സ്മോൾക്യാപ്100 18,513.40 +0.72%
ഡൗജോൺസ് 47,336.68 -0.48%
എസ്ആൻഡ്പി 6851.97 +0.17%
നാസ്ഡാക് 23,834.72 +0.46%
ഡോളർ($) ₹88.77 +₹0.07
സ്വർണം(ഔൺസ്)$4002.40 -$0.70
സ്വർണം(പവൻ) ₹90,320 +₹120
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ$64.84 +$0.07
Read DhanamOnline in English
Subscribe to Dhanam Magazine