വിപണികളിൽ ചോരപ്പുഴ; നിർമിതബുദ്ധി നിക്ഷേപങ്ങളിൽ ആശങ്ക; യുഎസിനു പിന്നാലെ ഏഷ്യൻ വിപണികളിലും തകർച്ച; ഇന്ത്യൻ വിപണി അവധിയിൽ; സ്വർണം ഇടിയുന്നു

ഓഹരികൾക്കു പുറമേ ക്രിപ്റ്റോ കറൻസികളും വ്യാവസായിക ലോഹങ്ങളും ക്രൂഡ് ഓയിലും ഇടിയുന്നുണ്ട്
Morning business news
Morning business newsCanva
Published on

ഓഹരിവിപണികളിൽ ചോരപ്പുഴ ഒഴുകുന്നു. യൂറോപ്പിനും അമേരിക്കയ്ക്കും പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികളും വലിയ തകർച്ചയിലായി. യുഎസ് ഫ്യൂച്ചേഴ്സും താഴ്ന്നാണു നീങ്ങുന്നത്.

ഇന്ന് ഇന്ത്യൻ വിപണിക്ക് അവധിയാണെങ്കിലും ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വലിയ താഴ്ചയിലാണ്.

ഓഹരികൾക്കു പുറമേ ക്രിപ്റ്റോ കറൻസികളും വ്യാവസായിക ലോഹങ്ങളും ക്രൂഡ് ഓയിലും ഇടിയുന്നുണ്ട്. വിപണി തകർച്ചയെ രൂക്ഷമാക്കിക്കൊണ്ടു സാമ്പത്തികമാന്ദ്യ ഭീതിയും ചിലർ പരത്തുന്നുണ്ട്.

നിർമിതബുദ്ധി (എഐ) മേഖലയിലെ നിക്ഷേപങ്ങൾ ബാധ്യതയാകുമെന്നും മാസങ്ങളായി തിരുത്തൽ ഇല്ലാതെ റെക്കോർഡ് നിലവാരത്തിൽ നീങ്ങുന്ന അമേരിക്കൻ വിപണി തിരുത്തലിലേക്കു വീഴുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2000 നു ശേഷമുള്ള ഏറ്റവും ഉയർന്ന പി ഇ ( ഓഹരിവില - പ്രതിഓഹരി വരുമാന) അനുപാതത്തിൽ (23) ആണ് എസ് ആൻഡ് പി. ഇതു ചൂണ്ടിക്കാട്ടി പല വിദഗ്ധരും വിപണി തിരുത്തലിലേക്കു നീങ്ങുകയാണെന്നു മുന്നറിയിപ്പ് നൽകി.

ഗോൾഡ്മാൻ സാക്സ് മേധാവി ഡേവിഡ് സോളമനും മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്കും അമേരിപ്രൈസിൻ്റെ ആൻ്റണി സാഗ്ലിംബേനെയും വിപണിക്കു 10-15 ശതമാനം തിരുത്തൽ പ്രവചിച്ചു. മാസങ്ങളായി തിരുത്തൽ കൂടാതെ മുന്നേറുന്ന സൂചികകൾക്ക് പത്തു ശതമാനം വരെ തിരുത്തൽ ആരോഗ്യകരമാണെന്നും അവർ പറയുന്നു. ഇതെല്ലാം ചൊവ്വാഴ്ച വിപണിയെ സ്വാധീനിച്ചു.

നിർമിതബുദ്ധി മേഖലയിലെ ഭീമമായ നിക്ഷേപത്തെ സാധൂകരിക്കുന്ന വരുമാനസൂചന അതിൽ ഇല്ലെന്ന് ബാങ്കിംഗ് ഭീമൻ എച്ച്എസ്ബിസിയുടെ സിഇഒ ജോർജ് എലഹെഡറി പറഞ്ഞു. നിർമിതബുദ്ധിക്കു വേണ്ട ഡാറ്റാ സെൻ്ററുകൾക്കും അവയ്ക്കുവേണ്ട വൈദ്യുതിക്കും വേണ്ടി ഏഴു ട്രില്യൺ (ലക്ഷം കോടി) ഡോളർ നിക്ഷേപം 2030 നകം വേണ്ടി വരുമെന്നാണ് മക്കിൻസി കണക്കാക്കുന്നത്. പത്തോ ഇരുപതോ വർഷം കൊണ്ടേ എഐ മുടക്കുമുതലിനു മതിയായ ആദായം നൽകൂ എന്നു നിക്ഷേപ കമ്പനിയായ ജനറൽ അറ്റ്ലാൻ്റിക്കിൻ്റെ ചെയർമാൻ വില്യം ഫോഡ് പറയുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,712.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,562 വരെ താഴ്ന്നു. ഇന്ത്യൻ വിപണി നാളെ വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ചയിൽ

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിൽ അവസാനിച്ചു. കമ്പനി റിസൽട്ടുകളാണു വിപണിയെ നയിച്ചത്. യൂറോയും പൗണ്ടും ഡോളറുമായുള്ള വിനിമയത്തിൽ താഴോട്ടു പോയതും വിപണിയെ സ്വാധീനിച്ചു.

തിരുത്തൽ മുന്നറിയിപ്പിൽ യുഎസ് വിപണി ഇടിഞ്ഞു

നിർമിതബുദ്ധി (എഐ) മേഖലയിലെ കുതിപ്പ് കുമിളയാണെന്ന പ്രചാരണത്തിനിടെ ചൊവ്വാഴ്ച പ്രമുഖ എഐ കമ്പനികൾക്കു വിപണിയിൽ തിരിച്ചടി നേരിട്ടു. ടെക്നോളജി ഓഹരികൾക്കു മുൻതൂക്കം ഉള്ള നാസ്ഡാക് സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. എസ് ആൻഡ് പി ഒരു ശതമാനത്തിലധികം താഴ്ന്നപ്പോൾ ഡൗ ജോൺസ് അര ശതമാനത്തിലധികം താഴോട്ടു നീങ്ങി. വിപണി പരിഭ്രാന്തി കാണിച്ചില്ലെങ്കിലും ബുള്ളുകൾ ജാഗ്രതയിലേക്കു മാറുന്നതു ദൃശ്യമായി. പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ട പലാൻ്റിർ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. ക്ലോസിംഗിനു ശേഷമുള്ള വ്യാപാരത്തിൽ ഓഹരി രണ്ടര ശതമാനത്തിലധികം താഴ്ന്നു. എൻവിഡിയും ഓറക്കിളും എഎംഡിയും നാലു ശതമാനവും ആമസോൺ രണ്ടു ശതമാനവും താഴ്ന്നു. വിപണിക്കു ശേഷവും ഇവ താഴോട്ടു നീങ്ങി.

നാലാം പാദത്തിൽ ആയിരക്കണക്കിനു ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഐബിഎം അറിയിച്ചു. 2,70,000 ജോലിക്കാർ ഉള്ള കമ്പനിയാണ് ഐബിഎം.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 251.44 പോയിൻ്റ് (0.53%) താഴ്ന്ന് 47,085.24 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 80.42 പോയിൻ്റ് (1.17%) നഷ്ടത്തോടെ 6771.55 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 486.09 പോയിൻ്റ് (2.04%) ഇടിഞ്ഞ് 23,348.64 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ കുത്തനേ താഴ്ന്നു. ഡൗ 0.28 ഉം എസ് ആൻഡ് പി 0.70 ഉം നാസ്ഡാക് 1.05 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.

ഏഷ്യൻ വിപണികൾ തകർച്ചയിൽ

ഏഷ്യൻ വിപണികൾ ഇന്നു വലിയ തകർച്ചയിലാണ്. ദക്ഷിണ കൊറിയൻ കോസ്പി സൂചിക ആറു ശതമാനം ഇടിഞ്ഞപ്പോൾ ജപ്പാനിൽ നിക്കൈ 4.3 ശതമാനം വരെ തകർന്നു. ഹോങ് കോങ് സൂചിക 1.4 ഉം ചെെനീസ് സൂചിക 0.70 ഉം ശതമാനം താഴ്ന്നു. എഐ കുമിളയെ പറ്റിയുള്ള ഭീതിയാണു കാരണം.

ഇന്ത്യൻ വിപണി നഷ്ടത്തിൽ

ഇന്ത്യൻ വിപണി താഴോട്ടുള്ള യാത്ര തുടർന്നു. ചൊവ്വാഴ്ച എല്ലാ മേഖലകളും ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു നിന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും താഴ്ന്നു. കൺസ്യൂമർ ഡ്യൂറബിൾ സ് ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. മെറ്റൽ, ഐടി, ഓട്ടോ, റിയൽറ്റി, എഫ്എംസിജി തുടങ്ങിയവ ഇടിവിനു മുന്നിൽ നിന്നു.

ചൊവ്വാഴ്ച നിഫ്റ്റി 165.70 പോയിൻ്റ് (0.64%) ഇടിഞ്ഞ് 25,597.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 519.34 പോയിൻ്റ് (0.62%) താഴ്ന്ന് 83,459.15 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 274.40 പോയിൻ്റ് (0.47%) നഷ്ടത്തോടെ 57,827.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 250.20 പോയിൻ്റ് (0.42%) താഴ്ന്ന് 60,037.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 152.50 പോയിൻ്റ് (0.82%) ഇടിഞ്ഞ് 18,360.90 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം ആയി. ബിഎസ്ഇയിൽ 1537 ഓഹരികൾ ഉയർന്നപ്പോൾ 2637 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1032 എണ്ണം. താഴ്ന്നത് 2062 ഓഹരികൾ.

എൻഎസ്ഇയിൽ 94 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 94 എണ്ണമാണ്. 71 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 65 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വിൽപന തുടർന്നു. തിങ്കളാഴ്ച അവർ ക്യാഷ് വിപണിയിൽ 1067.01 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1202.90 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സ്വർണം ഇടിഞ്ഞു

ചൊവ്വാഴ്ച സ്വർണവില വലിയ താഴ്ചയിലായി. ഡോളർ സൂചിക 100 നു മുകളിൽ കയറിയതാണു സ്വർണത്തിനു ക്ഷീണമായത്. സ്വർണം 1.75 ശതമാനം ഇടിഞ്ഞ് ഔൺസിന് 3933.10 ഡോളറിൽ എത്തി. ഇന്നു രാവിലെ വില 3940 ഡോളർ വരെ എത്തി.

സ്വർണം അവധിവില 3936 ഡോളർ വരെ താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച 520 രൂപ താഴ്ന്ന് 89,800 രൂപയിൽ എത്തി.

ആഗോള വിപണിയിൽ വെള്ളിയുടെ വിലയും താഴ്ന്നു. വെള്ളിയുടെ സ്പോട്ട് വില 46.98 ഡോളർ വരെ താഴ്ന്നിട്ട് 47.08ൽ ക്ലോസ് ചെയ്തു. അവധിവില ഇന്നു 46.52 ഡോളർ വരെ താഴ്ന്നിട്ടു 46.70 ലേക്കു കയറി.

പ്ലാറ്റിനം 1527 ഡോളർ, പല്ലാഡിയം 1393 ഡോളർ, റോഡിയം 7780 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ തളർച്ചയിൽ

സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഇടിവിലായി. ചെമ്പ് 2.50 ശതമാനം ഇടിഞ്ഞു ടണ്ണിന് 10,600.35 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 1.77 ശതമാനം താഴ്ന് 2854.85 ഡോളറിൽ എത്തി.ലെഡും നിക്കലും ടിന്നും താഴ്ന്നപ്പോൾ സിങ്ക് ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.29 ശതമാനം ഉയർന്നു കിലോഗ്രാമിന് 171.00 സെൻ്റ് ആയി. കൊക്കോ 0.75 ശതമാനം കയറി ടണ്ണിന് 6586.57 ഡോളറിൽ എത്തി. കാപ്പി 0.25 ശതമാനം താഴ്ന്നു. തേയില വില മാറ്റം ഇല്ലാതെ തുടർന്നു. പാം ഓയിൽ വില 0.12 ശതമാനം താഴ്ന്നു.

ഡോളർ സൂചിക കയറിയിട്ടു താഴുന്നു

ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 100.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.13 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ കരുത്തു നിലനിർത്തി. യൂറോ 1.1494 ഡോളറിലേക്കും പൗണ്ട് 1.3021 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 153.03 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി. അവയിലെ നിക്ഷേപനേട്ടം ചൊവ്വാഴ്ച 4.054 ശതമാനം വരെ താഴ്ന്നു.

രൂപ കരുത്തു കാണിച്ചു

രൂപ ചൊവ്വാഴ്ച കരുത്തു കാണിച്ചു.,. ഡോളർ 12 പൈസ ഇടിഞ്ഞ് 88.66 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ വലിയ ഇടപെടൽ നടത്തുന്നുണ്ട്.

ചൈനയുടെ കറൻസി ഇന്നു രാവിലെ 7.13 ലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ താഴോട്ട്

ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച വീപ്പയ്ക്ക് 64.35 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 63.96 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 60.0 ഡോളറിലും മർബൻ ക്രൂഡ് 66.54 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.67 ശതമാനം കുറഞ്ഞ് 4.31 ഡോളർ ആയി.

ക്രിപ്റ്റോകൾ തകർച്ചയിൽ

ക്രിപ്റ്റോ കറൻസികൾ വലിയ തകർച്ചയിലായി. ഡോളറിൻ്റെ കയറ്റവും ഓഹരികളുടെ തകർച്ചയും ക്രിപ്റ്റോകളിൽ നിന്നു പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ബിറ്റ് കോയിൻ ചൊവ്വാഴ്ച 24 മണിക്കൂറിനിടെ രണ്ടു തവണ ഒരു ലക്ഷം ഡോളറിനു താഴെ എത്തി. ഒരു തവണ 98,921 വരെ താഴ്ന്നു. ഇന്നു രാവിലെ 1,00,700 ഡോളറിനു താഴെയാണ്. ഈഥർ 3056.92 ഡോളർ വരെ ഇടിഞ്ഞിട്ടു തിരികെ 3250 നു മുകളിൽ കയറി. സൊലാന 10 ശതമാനം ഇടിഞ്ഞ് 152 ഡോളറിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2025 നവംബർ 04, ചൊവ്വ)

സെൻസെക്സ്30 83, 459.15 -0.62%

നിഫ്റ്റി50 25,597.65 -0.64%

ബാങ്ക് നിഫ്റ്റി 57,827.05 -0.47%

മിഡ് ക്യാപ്100 60,037.20 -0.42%

സ്മോൾക്യാപ്100 18,360.90 -0.82%

ഡൗജോൺസ് 47,085.24 -0.53%

എസ്ആൻഡ്പി 6771.55 -1.17%

നാസ്ഡാക് 23,348.64 -2.04%

ഡോളർ($) ₹88.66 -₹0.12

സ്വർണം(ഔൺസ്)$3933.10 -$69.30

സ്വർണം(പവൻ) ₹89,800 -₹520

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ$64.35 -$0.49

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com