

ഇന്ത്യൻ വിപണി ഇന്നു പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുന്നത്. ടിസിഎസ് റിസൽട്ട് മെച്ചമായതിനേക്കാൾ ഇന്ത്യ- അമേരിക്ക ബന്ധത്തിൽ മഞ്ഞുരുകുന്നതിനു സാഹചര്യം ഒരുങ്ങുന്നതാണു വിപണിയെ സഹായിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
ഗാസാ സമാധാനകരാർ ക്രൂഡ് ഓയിൽ വില താഴ്ത്തുന്നതല്ലാതെ ഓഹരിവിപണികളെ ഉയർത്തിയില്ല. യുഎസ് വിപണിക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,222.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,267 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഗാസാ കരാറിൻ്റെ പേരിൽ അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി മോദി കഴിഞ്ഞ രാത്രി യുഎസ് പ്രസിഡൻ്റ് ട്രംപിനെ ഫോണിൽ വിളിച്ചു. മാസങ്ങൾക്കു ശേഷമാണ് മോദി ട്രംപിനെ വിളിച്ചത്. ഗാസായുടെ പേരിൽ നേരത്തേ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപിനെ അഭിനന്ദിച്ചതിനു പിന്നാലെയുള്ള വിളിക്കു കൂടുതൽ മാനങ്ങൾ ഉണ്ട്. ഇന്ത്യ- യുഎസ് വ്യാപാരകരാർ ചർച്ചയിലെ പുരോഗതിയും ചർച്ച ചെയ്തു എന്നാണു മോദി പിന്നീട് എക്സിൽ കുറിച്ചത്.
സെർജിയോ ഗോറിനെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും അർധ ഇന്ത്യൻ ആയ പോൾ കപൂറിനെ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട മധ്യ- ദക്ഷിണേഷ്യാ കാര്യങ്ങൾക്കുള്ള അസിസ്റ്റൻ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയി സെനറ്റ് അംഗീകരിച്ച ശേഷമാണു ഫോൺ വിളി. ആദ്യം ഗോറിനെ ഇന്ത്യയിലെ അംബാസഡറും മധ്യ - ദക്ഷിണേഷ്യ ചുമതലക്കാരനും ആയാണു ട്രംപ് നോമിനേറ്റ് ചെയ്തത്. അത് ഇന്ത്യക്ക് രസിച്ചില്ല. നിയമനത്തെപ്പറ്റി ഇന്ത്യ ഒന്നര മാസത്തേക്ക് ഒന്നും പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം ആണു കപൂറിൻ്റെ നോമിനേഷൻ വന്നതും ഗോറിനെ ഇന്ത്യയിലെ സ്ഥാനപതി മാത്രമായി അംഗീകരിച്ചതും.
ന്യൂഡൽഹിയിൽ ഇന്ത്യക്കാരന് അമേരിക്കൻ വനിതയിൽ ജനിച്ച കപൂർ അമേരിക്കയിലാണു കോളജ് വിദ്യാഭ്യാസം നടത്തിയത്. ഗ്രന്ഥകാരനും അധ്യാപകനുമായ ഈ അൻപത്താറുകാരൻ പാക്കിസ്ഥാൻ്റെ കടുത്ത വിമർശകനാണ്. ട്രംപ് ഭരണകൂടം പാക്കിസ്ഥാനോടും പാക് സേനാ മേധാവിയോടും കാണിക്കുന്ന അമിത അടുപ്പം മാറ്റാൻ കപൂറിൻ്റെ നിയമനം സഹായിക്കും എന്ന് ഇന്ത്യ കരുതുന്നു. അതു കൊണ്ടാണ് മോദി ട്രംപിനെ വിളിച്ചത് എന്നു വിലയിരുത്തപ്പെടുന്നു.
ജർമനിയിലെ ഡാക്സ് ഒഴികെയുള്ള യൂറോപ്യൻ സൂചികകൾ ഇന്നലെ താഴ്ന്ന് അവസാനിച്ചു. എച്ച്എസ്ബിസി, ഹോങ് കോങ്ങിലെ ഹാങ് സെങ് ബാങ്കിനെ സ്വകാര്യവൽക്കരിച്ചു സ്വന്തം സബ്സിഡിയറി ആക്കാൻ ശ്രമിക്കുന്നതു വിപണിക്കു രസിച്ചില്ല. കിട്ടാക്കടങ്ങൾ ഏറെ ഉള്ളതാണു ഹാങ് സെങ് ബാങ്ക്. എച്ച്എസ്ബിസി അഞ്ചു ശതമാനം ഇടിഞ്ഞു.
മോശം റിസൽട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ വരുമാന പ്രതീക്ഷ താഴ്ത്തിയ ഫെരാരി ഓഹരി ഇന്നലെ 15.4 ശതമാനം ഇടിഞ്ഞു. ഫോർമുല വൺ കാറുകൾ നിർമിക്കുന്ന കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണിത്.
രാവിലെ റെക്കോർഡ് തിരുത്തിയ ശേഷം താഴ്ന്നു നഷ്ടത്തിലായ എസ് ആൻഡ് പിയും നാസ്ഡാകും യുഎസ് വിപണിയിലെ അനിശ്ചിതത്വം തുറന്നു കാണിച്ചു. ഡൗവും താഴ്ന്നു. എൻവിഡിയ ഓഹരി രണ്ടു ശതമാനത്തോള ഉയർന്നതാണ് സൂചികകളെ തകർച്ചയിൽ നിന്നു രക്ഷിച്ചത്.
ആറു മുതൽ 24 വരെ മാസത്തിനുള്ളിൽ ഓഹരികൾ വലിയ തിരുത്തലിലേക്കു മാറാൻ സാധ്യത ഉണ്ടെന്നു ജെപി മോർഗൻ ചെയ്സ് ബാങ്ക് മേധാവി ജേയ്മീ ഡിമൺ ഇന്നലെ പറഞ്ഞു.
ചൈന അപൂർവധാതുക്കളുടെ കയറ്റുമതിക്കു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അപൂർവധാതു കമ്പനികളെ ഉയർത്തി.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 243.36 പോയിൻ്റ് (0.52%) താഴ്ന്ന് 46,358.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 18.61 പോയിൻ്റ് (0.28%) നഷ്ടത്തോടെ 6735.11 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 18.75 പോയിൻ്റ് (0.08%) കുറഞ്ഞ് 23,024. 63 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി കയറ്റത്തിലാണ്. ഇന്നു രാവിലെ ഡൗ 0.14 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.21 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ മിക്കതും ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ രാവിലെ 0.75 ശതമാനം താഴ്ന്നു. കൊറിയൻ വിപണി 0.65 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.30 ശതമാനം താഴ്ന്നു. ചൈനീസ് വിപണി 0.70 ശതമാനവും ഹോങ് കോങ് വിപണി 1.4 ശതമാനവും താഴ്ന്നു വ്യാപാരം തുടങ്ങി.
വ്യാഴാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തോടു കൂടി വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു മികച്ച നേട്ടം ഉണ്ടാക്കിയാണ് അവസാനിച്ചത്. വിദേശ നിക്ഷേപകർ വാങ്ങൽ തുടർന്നതും വിപണിയെ സഹായിച്ചു. ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്നു സെൻസെക്സ് 505 ഉം നിഫ്റ്റി 157 ഉം പോയിൻ്റ് ഉയർന്നാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 82,000 നു മുകളിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 25,200 സ്പർശിച്ചിട്ടു താഴ്ന്ന് അവസാനിച്ചു.
ഇന്ത്യൻ കമ്പനികളുടെ ജനറിക് (പേറ്റൻ്റ് കാലാവധി കഴിഞ്ഞശേഷം നിർമിക്കുന്ന കുറഞ്ഞ വിലയുള്ള) മരുന്നുകൾക്കു ചുങ്കം വേണ്ട എന്നു യുഎസ് ഭരണകൂടം തീരുമാനിച്ചത് ഫാർമ കമ്പനികളെ ഉയർത്തി. ഭയപ്പെട്ടതു പോലെ മോശമാകില്ല ഐടി കമ്പനികളുടെ രണ്ടാം പാദ റിസൽട്ട് എന്ന ആശ്വാസം ഐടി സൂചികയെയും ഉയർത്തി. ഈ വർഷം ഇതുവരെ 27 ശതമാനം ഇടിഞ്ഞ ഐടി സൂചിക ഇനി കയറ്റത്തിൽ ആകുമെന്നു വിപണി കരുതുന്നു. ലോകവിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില കുതിച്ചതു മെറ്റൽ ഓഹരികൾക്കു വലിയ നേട്ടമായി. ഹെൽത്ത് കെയർ റിയൽറ്റി മേഖലകളും നല്ല മുന്നേറ്റം നടത്തി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ കൂടുതൽ ഉയർന്നു. പ്രതിരോധ, കാപ്പിറ്റൽ മാർക്കറ്റ് ഓഹരികളും മികച്ച മുന്നേറ്റം നടത്തി. രാസവള കമ്പനികൾ താഴ്ന്നു.
പുതിയ റൂട്ടുകളിലേക്കു സർവീസ് പ്രഖ്യാപിച്ച സ്പൈസ് ജെറ്റ് ഓഹരി 16 ശതമാനം ഉയർന്നു.
വ്യാഴാഴ്ച നിഫ്റ്റി 135.65 പോയിൻ്റ് (0.54%) ഉയർന്ന് 25,181.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 398.44 പോയിൻ്റ് (0.49%) കയറി 82,172.10 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 173.80 പോയിൻ്റ് (0.31%) നേട്ടത്തോടെ 56,192.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 563.10 പോയിൻ്റ് (0.97%) കുതിച്ച് 58,429.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 109.65. പോയിൻ്റ് (0.61%) ഉയർന്ന് 18,000.25 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി തുടർന്നു. എങ്കിലും അവ തമ്മിലുള്ള അകലം കുറഞ്ഞു. ബിഎസ്ഇയിൽ 2009 ഓഹരികൾ ഉയർന്നപ്പോൾ 2191 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ കയറ്റം മുന്നിൽ നിന്നു. ഉയർന്നത് 1600 ഓഹരികൾ, താഴ്ന്നത് 1492.
എൻഎസ്ഇയിൽ 105 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 108 എണ്ണം താഴ്ന്ന നിലയിൽ എത്തി. 105 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 65 എണ്ണം ലോവർ സർക്കീട്ടിൽ ആയി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1308.16 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 864.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 25,200 കടന്നില്ലെങ്കിലും നിക്ഷേപകർ ആവേശത്തിലാണ്. ടിസിഎസ് റിസൽട്ട് ആശങ്കപ്പെട്ടതു പോലെ മോശമാകാത്തത് ഇന്നു നിഫ്റ്റിയെ 25,250 നു മുകളിലേക്ക് ഉയർത്തും എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 25,065 ലും 24,965 ലും പിന്തുണ ലഭിക്കും. 25,200 ലും 25,255 ലും തടസങ്ങൾ ഉണ്ടാകും.
ഔൺസിന് 4059.05 ഡോളർ വരെ കയറിയ സ്വർണം ഇന്നലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 3947.93 ഡോളറിൽ എത്തി. പിന്നീട് ഉയർന്ന് 3977.50 ഡോളറിൽ ക്ലോസ് ചെയ്തു. ഉയർന്നവിലയിലെ ലാഭമെടുക്കലും ഗാസാ സാമാധാന കരാർ ഒപ്പുവയ്ക്കലും ആണു സ്വർണത്തെ താഴ്ത്തിയത്. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 3989.30 ഡോളർ വരെ കയറി. പിന്നീടു താണ് 3980 ഡോളറിലായി.
ഡിസംബർ അവധിവില 4000 ഡോളറിനു താഴെ വന്നതു വീണ്ടും മുകളിലായി.
സ്വർണം ഈ ദിവസങ്ങളിൽ അഞ്ചോ പത്തോ ശതമാനം തിരുത്തലിലേക്കു നീങ്ങാം എന്നു പല വിപണിവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യമായ തിരുത്തൽ ഇല്ലാതെയാണു സ്വർണം ഈ വർഷം 54 ശതമാനത്താളം ഉയർന്നത്. ഇന്ത്യയിൽ 24 കാരറ്റ് സ്വർണം ഈ വർഷം 60 ശതമാനം കയറി 10 ഗ്രാമിന് 1,22,829 രൂപ വരെ എത്തി.
തിരുത്തൽ കഴിഞ്ഞും സ്വർണവില മുകളിലോട്ടു തന്നെ നീങ്ങും എന്നതിൽ വിപണിക്ക് ഏകാഭിപ്രായമാണുള്ളത്. ഡിസംബർ അവസാനത്തേക്കു വിലലക്ഷ്യം 4400 മുതൽ 4600 ഡോളർ വരെയാണു പല വിദഗ്ധരും പ്രവചിക്കുന്നത്.
കേരളത്തിൽ 22 കാരറ്റ് പവൻവില ഇന്നലെ 160 രൂപ കയറി 91,040 രൂപ ആയി. ഡോളർ നിരക്ക് കുതിച്ചുകയറുന്നത് സ്വർണവിലയിലെ ഇടിവ് മുഴുവൻ നടപ്പിലാകാൻ തടസമാണ്.
വെള്ളിവില ഔൺസിന് 50 ഡോളർ കടന്ന ശേഷം 48.85 ഡോളർ വരെ ഇടിഞ്ഞു. ഇന്നു രാവിലെ വെള്ളി 47.52 ഡോളറിലേക്ക് എത്തി. പ്ലാറ്റിനം, പല്ലാഡിയം തുടങ്ങിയവയും താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച കുതിച്ചു കയറി. ചെമ്പ് 1.20 ശതമാനം ഉയർന്നു ടണ്ണിന് 10,866.35 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 1.70 ശതമാനം കയറി ടണ്ണിന് 2802.50 ഡോളറിൽ എത്തി. ടിൻ 1.07 ശതമാനം ഉയർന്നു ടണ്ണിന് 36,891.00 ഡോളറിലായി. നിക്കലും ലെഡും സിങ്കും കയറി.
രാജ്യാന്തര വിപണിയിൽ റബർ വില 0.29 ശതമാനം താഴ്ന്നു കിലോഗ്രാമിന് 169.90 സെൻ്റ് ആയി.
കൊക്കോ വില 0.95 ശതമാനം കൂടി താഴ്ന്നു ടണ്ണിന് 5943.00 ഡോളറിൽ എത്തി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണു കൊക്കോ. ലഭ്യത കൂടുന്നതാണു കാരണം.
കാപ്പി 1.73 ശതമാനം താഴ്ന്നു. തേയില വില താഴ്ന്ന നിലയിൽ തുടരുന്നു. പാം ഓയിൽ വില 1.06 ശതമാനം കയറി.
ഡോളർ സൂചിക വ്യാഴാഴ്ച 0.60 ശതമാനം ഉയർന്ന് 99.54 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.36 ൽ എത്തി.
കറൻസി വിപണിയിൽ ഡോളർ ഇന്നലെയും ഉയർന്നു. യൂറോ 1.1565 ഡോളറും പൗണ്ട് 1.3301 ഡോളറും വരെ താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 153 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.
യുഎസ് കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.138 ശതമാനമായി ഉയർന്നു.
ബുധനാഴ്ച ഇന്ത്യൻ രൂപ അൽപം ഉയർന്നു. ഡോളർ മൂന്നു പൈസ താഴ്ന്ന് 88.77 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.13 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച വീണ്ടും ഇടിവിലായി. ഗാസാ സമാധാന ഉടമ്പടി സംഘർഷം ലഘുകരിച്ചു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ എണ്ണം ശേഖരം റെക്കോർഡ് നിലയിലായി. ശേഖരിക്കാൻ സ്ഥലമില്ലാത്തതു കൊണ്ട് ഓയിൽ ടാങ്കറുകൾ കരയ്ക്ക് അടുപ്പിക്കുന്നതു വൈകിക്കുകയാണ്. 120 കോടി വീപ്പ എണ്ണ ഇങ്ങനെ കടലിൽ കറങ്ങുന്നുണ്ട്. ബ്രെൻ്റ് ഇനം ഒന്നര ശതമാനം താഴ്ന്ന് 65.22 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ബാരലിന് 65.23 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 61.56 ഡോളറിലും മർബൻ ക്രൂഡ് 66.80 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ ഇന്നലെയും താഴ്ന്നു. ഇന്നു രാവിലെ ബിറ്റ്കോയിൻ 1,21, 700 ഡോളറിൽ ആയി. ഈഥർ ഇടിഞ്ഞ് 4375 ഉം സൊലാന 221 ഉം ഡോളറിൽ എത്തി.
(2025 ഒക്ടോബർ 09, വ്യാഴം)
സെൻസെക്സ്30 82,172.10 +0.49%
നിഫ്റ്റി50 25,181.80 +0.54%
ബാങ്ക് നിഫ്റ്റി 56,192.05 +0.31%
മിഡ് ക്യാപ്100 58,429.85 +0.97%
സ്മോൾക്യാപ്100 18,000.25 +0.61%
ഡൗജോൺസ് 46,358.42 -0.52%
എസ്ആൻഡ്പി 6735.11 -0.28%
നാസ്ഡാക് 23,024.63 -0.08%
ഡോളർ($) ₹88.78 -0.02
സ്വർണം(ഔൺസ്) $3977.50 -$64.60
സ്വർണം(പവൻ) ₹91,040 +₹160
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ$65.22 -$0.50
Read DhanamOnline in English
Subscribe to Dhanam Magazine