കാറ്റ് അനുകൂലം; വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു; ഏഷ്യൻ വിപണികൾ ഉയർന്നു; ക്രൂഡ് ഓയിൽ താഴുന്നു; സ്വർണം 4200 ഡോളറിലേക്ക്

സെപ്റ്റംബറിലെ മൊത്തവിലക്കയറ്റം 0.13 ശതമാനമായി താഴ്ന്നു. എന്നാൽ ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം 1.9 ശതമാനമായി ഉയർന്നു
Morning business news
Morning business newsCanva
Published on

വിപണി അനുകൂല കാറ്റിൽ നല്ല മുന്നേറ്റം പ്രതീക്ഷിച്ചാണ് ഇന്നു വ്യാപാരം തുടങ്ങുന്നത്. ഏഷ്യൻ വിപണികൾ എല്ലാം കയറ്റത്തിലാണ്. ചൈനയ്ക്കു മേൽ ഭക്ഷ്യ എണ്ണ ഉപരോധം ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ വിപണി തൽക്കാലം ഭയപ്പെടുന്നില്ല.

ലോകത്തിൻ്റെയും ഇന്ത്യയുടെയും വളർച്ച പ്രതീക്ഷ ഉയർത്തിയ ഐഎംഎഫ് പ്രസ്താവന വിപണിക്ക് അനുകൂലമാണ്. ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനം ആകുമെന്ന് ഐഎംഎഫ് വിലയിരുത്തി. നേരത്തേ കണക്കാക്കിയത് 6.4% ആയിരുന്നു. എന്നാൽ അടുത്ത വർഷത്തെ വളർച്ച പ്രതീക്ഷ 6.2% ആയി കുറച്ചു. യുഎസ് തീരുവയുടെ മുഴുവൻ ആഘാതം അടുത്ത വർഷമാണ് ഉണ്ടാകുക.

സെപ്റ്റംബറിലെ മൊത്തവിലക്കയറ്റം 0.13 ശതമാനമായി താഴ്ന്നു. എന്നാൽ ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം 1.9 ശതമാനമായി ഉയർന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 25,265.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,290 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ചയിൽ

യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച താഴോട്ടു നീങ്ങി. വ്യാപാരയുദ്ധ ഭീതി വർധിച്ചതാണു കാരണം. വാഹന കമ്പനികൾക്കാണു വലിയ വീഴ്ച. വരുമാന, ലാഭ പ്രതീക്ഷകൾ താഴ്ത്തിയ ടയർ കമ്പനി മിഷെലിൻ ഒൻപതു ശതമാനം ഇടിഞ്ഞു. വടക്കേ അമേരിക്കയിൽ മിഷലിൻ ടയർ വിൽപന പത്തു ശതമാനം കുറഞ്ഞു. പ്രതീക്ഷയിലും മികച്ച വളർച്ച കാണിച്ച ടെലികോം നെറ്റ് വർക്ക് - ഉപകരണ കമ്പനി എറിക്സൺ 18 ശതമാനം കുതിച്ചു.

യുഎസിലും ഇടിവ്

അമേരിക്കൻ വിപണികൾ ചൊവ്വാഴ്ച ഭിന്ന ദിശകളിലായി. ഡൗ ഉയർന്നപ്പോൾ എസ് ആൻഡ് പിയും നാസ്ഡാകും താഴ്ന്നു. ഡൗ ആയിരത്തിലധികം പോയിൻ്റ് ചാഞ്ചാടിയ ശേഷമാണ് മിതമായ നേട്ടത്തോടെ അവസാനിച്ചത്. എസ് ആൻഡ് പി ഒന്നര ശതമാനവും നാസ്ഡാക് 2.1 ശതമാനവും ഇടിഞ്ഞ ശേഷം നഷ്ടം കുറച്ചു.

അമേരിക്കൻ സോയാബീൻസ് വാങ്ങാത്തതിനു പകരമായി ചൈനയ്ക്കു ഭക്ഷ്യ എണ്ണയിൽ ഉപരോധം ഏർപ്പെടുത്തും എന്നു ട്രംപ് ഭീഷണി മുഴക്കിയതു വിപണിയെ ആശങ്കയിലാക്കി. മികച്ച റിസൽട്ടിനെ തുടർന്നു ബാങ്ക് ഓഹരികൾ കുതിച്ചു. വെൽസ് ഫാർഗോ ഏഴു ശതമാനം ഉയർന്നു. സ്വീഡിഷ് ടെലികോം ഭീമൻ എറിക്സൺ 20 ശതമാനം കുതിച്ചു. അപൂർവധാതു ഖനികളും സ്വർണഖനികളും ഉളള നോവാ മിനറൽസ് 83 ശതമാനം കയറി. ആ കമ്പനിയിൽ യുഎസ് ഗവണ്മെൻ്റ് നിക്ഷേപം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 202.88 പോയിൻ്റ് (0.44%) ഉയർന്ന് 46,270.46 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 10.41 പോയിൻ്റ് (0.16%) താഴ്ന്ന് 6644.31 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 172.91 പോയിൻ്റ് (0.76%) കുറഞ്ഞ് 22,521.70 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ചെറിയ കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.95 ശതമാനം ഉയർന്നു. സെപ്റ്റംബറിൽ ചൈനയിലെ ചില്ലറ വില പ്രതീക്ഷിച്ചതിലധികം കുറഞ്ഞ് 0.3 ശതമാനം ഇടിവ് കാണിച്ചു. എന്നാൽ കാതൽവിലക്കയറ്റം ഒരു ശതമാനം കൂടി. മൊത്ത വില സൂചിക 2.3 ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകൾ ഉയർന്നു.

ഇന്ത്യൻ വിപണി താഴ്ചയിൽ

ഇന്ത്യൻ വിപണി ഇന്നലെ രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി ഉയർന്ന നിലയിൽ നിന്ന് 250 പോയിൻ്റ് താഴ്ന്ന ശേഷം ഗണ്യമായി തിരിച്ചു കയറി. ഫ്യൂച്ചേഴ്സ് കാലാവധി പ്രമാണിച്ചുള്ള വിൽപന വിപണിയെ താഴ്ത്തുന്നതിൽ വലിയ പങ്കു വഹിച്ചു.

പൊതുമേഖലാ ബാങ്കുകളും കൺസ്യൂമർ ഡ്യുറബിൾസും മെറ്റലും റിയൽറ്റിയും ഫാർമസ്യൂട്ടിക്കൽസും ഓയിൽ - ഗ്യാസും മീഡിയയും വലിയ താഴ്ചയിലായി. ഐടിയും ദുർബലമായി.

കൊറിയൻ കൺസ്യൂമർ ഡ്യൂറബിൾസ് നിർമാതാവ് എൽജി ഇലക്ട്രോണിക്സിൻ്റെ വിജയകരമായ ഐപിഒയ്ക്കു ശേഷം ഇന്നലെ നടന്ന ലിസ്റ്റിംഗ് ആവേശകരമായി. 1140 രൂപയ്ക്ക് ഇഷ്യു നടത്തിയ ഓഹരി 1710 രൂപയിൽ ലിസ്റ്റ് ചെയ്തു. നേട്ടം 50 ശതമാനം. വിപണിമൂല്യം 1.2 ട്രില്യൺ (ലക്ഷം കോടി) രൂപ (1300 കോടി ഡോളർ). കൊറിയയിലെ മാതൃ കമ്പനിക്ക് 930 കോടി ഡോളർ മാത്രമാണു വിപണിമൂല്യം. എൽജി ഓഹരി വാങ്ങാൻ എട്ടു ബ്രോക്കറേജുകൾ ശിപാർശ ചെയ്തു. 2050 രൂപ വരെയാണ് അവർ ഓഹരിക്കു ലക്ഷ്യവില പറയുന്നത്.

നിഫ്റ്റി ചൊവ്വാഴ്ച 81.85 പോയിൻ്റ് (0.32%) താഴ്ന്ന് 25,145.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 297.07 പോയിൻ്റ് (0.36%) കുറഞ്ഞ് 82,029.98 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 128.55 പോയിൻ്റ് (0.23%) നഷ്ടത്തോടെ 56,496.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 437.95 പോയിൻ്റ് (0.75%) താഴ്ന്ന് 58,324.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 161.60 പോയിൻ്റ് (0.89%) ഇടിഞ്ഞ് 17,940.15 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1286 ഓഹരികൾ ഉയർന്നപ്പോൾ 2935 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 836 എണ്ണം. താഴ്ന്നത് 2266 ഓഹരികൾ.

എൻഎസ്ഇയിൽ 114 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 129 എണ്ണമാണ്. 67 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 73 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 1508.53 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3661.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 25,100 നു മുകളിൽ ക്ലോസ് ചെയ്തതു പോസിറ്റീവ് ആയി ബുള്ളുകൾ കണക്കാക്കുന്നു. 25,000- 24,950 പിന്തുണനിലയായി തുടരും. ഇന്നു നിഫ്റ്റിക്ക് 25,070 ലും 24,955 ലും പിന്തുണ ലഭിക്കും. 25,270 ലും 25,330 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

ഇൻഫോസിസ് ടെക്നോളജീസിന് ബ്രിട്ടനിലെ എൻഎച്ച്എസിൽ നിന്ന് 15 വർഷ കാലാവധിയുള്ള 160 കോടി ഡോളറിൻ്റെ കരാർ ലഭിച്ചു. എൻഎച്ച്എസിൻ്റെ സ്റ്റാഫ് മാനേജ്മെൻ്റ് സിസ്റ്റം നവീകരിച്ചു പരിപാലിക്കാനാണ് കരാർ. ഇൻഫിയുടെ റിസൽട്ട് നാളെ പ്രഖ്യാപിക്കും.

സാത്വിക് ഗ്രീൻ എനർജി കമ്പനിക്കു മൂന്നു കമ്പനികളിൽ നിന്നായി 639 കോടി രൂപയുടെ സോളർ മൊഡ്യൂളുകളുടെ ഓർഡർ ലഭിച്ചു.

എച്ച്ഡിഎഫ്സി എഎംസി ഡയറക്ടർ ബോർഡ് ഇന്നു ബോണസ് ഇഷ്യുവിൻ്റെ അനുപാതവും റെക്കോർഡ് തീയതിയും തീരുമാനിക്കും.

ആക്സോ നൊബേലിൻ്റെ ഓഹരികൾക്ക് ജെഎസ്ഡബ്ല്യു പെയിൻ്റ്സ് ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. 26 ശതമാനം ഓഹരി വാങ്ങും. 3231.77 രൂപയാണ് ഓഹരി ഒന്നിനു വില നൽകുക.

245 - 255 രൂപ ലക്ഷ്യവില ഇട്ട് ഫെഡറൽ ബാങ്ക് ഓഹരി വാങ്ങാൻ ചോയിസ് ഇക്വിറ്റി ബ്രോക്കിംഗ് ശിപാർശ നൽകി. ഇന്നലെ 215.08 രൂപയായിരുന്നു വില.

1850 രൂപവരെ ലക്ഷ്യമിട്ട് സിപ്ല ഓഹരി 1500 രൂപയ്ക്കു വാങ്ങാൻ ചോയിസ് ശിപാർശ ചെയ്തു.

1785 രൂപ വരെ ലക്ഷ്യം വച്ച് ഭാരത് ഡൈനാമിക്സ് ഓഹരി 1440 രൂപയ്ക്കടുത്തു വാങ്ങാനും അവർ ശിപാർശ ചെയ്തു.

ടെക് മഹീന്ദ്ര രണ്ടാം പാദത്തിൽ വരുമാനം 4.8 ശതമാനം വർധിപ്പിച്ചു. ലാഭ മാർജിൻ 12.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഭൂമി വിറ്റ് ഒറ്റത്തവണ ലാഭം ഉണ്ടായിരുന്നതിനാൽ ഇത്തവണ അറ്റാദായം 4.4 ശതമാനം കുറഞ്ഞു. എന്നാൽ തലേ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.7 ശതമാനം കൂടി. പ്രവർത്തനലാഭം 23.8 ശതമാനം വർധിച്ചു.

കയറിയിറങ്ങി സ്വർണം

സ്വർണവില വന്യമായ കയറ്റങ്ങളും ഇറക്കങ്ങളും കാണുകയാണ്. ചൊവ്വാഴ്ച 4180 ഡോളർ വരെ കയറിയ സ്വർണം പിന്നീട് ഔൺസിന് 4143.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം കുതിച്ച് 4183.40 ഡോളറിലേക്കു കയറി.

സ്വർണം അവധിവില 4205.80 ഡോളർ വരെ ഉയർന്നു.

കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച രാവിലെ 2400 രൂപ കുതിച്ച് 94,360 രൂപ ആയി. പിന്നീടു രണ്ടു തവണ വില മാറി. ഒടുവിൽ 94,120 രൂപയായി.

വെള്ളിവില ഔൺസിന് 52 ഡോളർ കടന്ന ശേഷം താഴ്ന്ന് 51.43 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 52.50 വരെ ചെന്നിട്ടു താഴ്ന്ന് 50.38 ഡോളർ ആയി. പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയവയും കയറ്റം തുടർന്നു.

2026 അവസാനം സ്വർണം 5000 ഡോളറും വെള്ളി 65 ഡോളറും ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധർ പ്രവചിച്ചു.

ലോഹങ്ങൾ ഇടിഞ്ഞു

തുടർച്ചയായ മൂന്നാം ദിവസവും വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ചെമ്പ് 0.17 ശതമാനം താഴ്ന്ന് ടണ്ണിന് 10,599.70 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.40 ശതമാനം കുറഞ്ഞ് 2741.12 ഡോളറിൽ ക്ലോസ് ചെയ്തു. ലെഡും നിക്കലും ഓരോ ശതമാനവും സിങ്കും ടിന്നും. രണ്ടു ശതമാനത്തിലധികവും ഇടിഞ്ഞു.

രാജ്യാന്തര വിപണിയിൽ റബർ വില 1.22 ശതമാനം താഴ്ന്നു കിലോഗ്രാമിന് 170.30 സെൻ്റ് ആയി. കൊക്കോ 1.04 ശതമാനം ഉയർന്ന് ടണ്ണിന് 5882.69 ഡോളറിൽ എത്തി. കാപ്പി 4.36 ശതമാനം ഉയർന്നപ്പോൾ തേയില താഴ്ന്ന നിലയിൽ തുടർന്നു. പാം ഓയിൽ വില 0.80 ശതമാനം കുറഞ്ഞു.

ഡോളർ സൂചിക താഴ്ന്നു

ഡോളർ സൂചിക ചൊവ്വാഴ്ച അൽപം താഴ്ന്ന് 99.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.95 ലേക്കു സൂചിക താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.618 ഡോളറിലേക്കും പൗണ്ട് 1.3335 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 151.36 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഇന്നലെ കയറിയിറങ്ങി. ഒരവസരത്തിൽ നിക്ഷേപനേട്ടം നാലു ശതമാനത്തിൽ താഴെ വരും വിധം വില കൂടി. പിന്നീട് താഴ്ന്നു. ഇന്നു രാവിലെ 4.017 ശതമാനമായി നിക്ഷേപനേട്ടം ഉയർന്നു.

ചൊവ്വാഴ്ച ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി.. ഡോളർ 13 പൈസ കയറി 88.80 രൂപ എന്ന സർവകാല റെക്കോർഡിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.14 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു. ഇന്നലെ രാവിലെ ഡോളറിന് 7.11 യുവാൻ ആയിരുന്നു.

ക്രൂഡ് ഓയിൽ താഴ്ന്നു

വീണ്ടും വ്യാപാരയുദ്ധം രൂക്ഷമാകാം എന്നതു ക്രൂഡ് ഓയിൽ വിലയെ താഴ്ത്തി.

ബ്രെൻ്റ് ഇനം ഇന്നലെ 1.03 ഡോളർ താഴ്ന്ന് 62.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 62.23 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 58.58 ഡോളറിലും മർബൻ ക്രൂഡ് 63.95 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.65 ശതമാനം താഴ്ന്നു.

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടർന്നു. യുഎസ്- ചൈന വ്യാപാരയുദ്ധ സാധ്യത ക്രിപ്റ്റോകളെ ഇന്നലെ താഴ്ത്തി. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,12,700 ഡോളറിൽ എത്തി. ഈഥർ 3900 ഡോളറിലേക്കു താഴ്ന്നിട്ട് 4120 ഡോളറിലേക്കു കയറി.

സൊലാന 10 ശതമാനം ഇടിഞ്ഞ് 192 ൽ എത്തിയ ശേഷം 204 ഡോളറിലേക്കു കയറി.

വിപണിസൂചനകൾ

(2025 ഒക്ടോബർ 14, ചാെവ്വ)

സെൻസെക്സ്30 82,029.98 -0.36%

നിഫ്റ്റി50 25,145.50 -0.32%

ബാങ്ക് നിഫ്റ്റി 56,496.45 -0.23%

മിഡ് ക്യാപ്100 58,324.40 -0.75%

സ്മോൾക്യാപ്100 17,940.15 -0.89%

ഡൗജോൺസ് 46,270.46 +0.44%

എസ്ആൻഡ്പി 6644.31 -0.16%

നാസ്ഡാക് 22,348.75 +0.94%

ഡോളർ($) ₹88.80 +₹0.13

സ്വർണം(ഔൺസ്) $4143.20 +$31.70

സ്വർണം(പവൻ) ₹94,640 +₹2400

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $62.28 -$1.05

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com