വിപണികൾക്കു ഫെഡ് പ്രഹരം; ട്രംപ് - ഷി ചർച്ച നിർണായകം; ഇന്ത്യ - യുഎസ് കരാറിൽ പ്രത്യാശ; ടെക് റിസൽട്ടുകളിൽ മുന്നറിയിപ്പ്; സ്വർണം ചാഞ്ചാടുന്നു

ഇന്നു ദക്ഷിണ കൊറിയയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും നടത്തുന്ന കൂടിക്കാഴ്ച നിർണായകമാണ്
Morning business news
Morning business newsCanva
Published on

അമേരിക്കൻ ഫെഡറൽ റിസർവ് വിപണികൾക്ക് അപ്രതീക്ഷിത പ്രഹരം നൽകി. പലിശ നിരക്ക് 0.25 ശതമാനം കുറച്ച് 3.75- 4.00 നിരക്കിലാക്കി എന്നാൽ ഡിസംബറിൽ കുറയ്ക്കാൻ സാധ്യത കുറവാണെന്നു ചെയർമാൻ ജെറോം പവൽ പറഞ്ഞതാണു വിപണികളെ താഴ്ത്തിയത്.

ഇന്നു ദക്ഷിണ കൊറിയയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും നടത്തുന്ന കൂടിക്കാഴ്ച നിർണായകമാണ്. ചർച്ചയിലെ തീരുമാനങ്ങളിലേക്കു വിപണി ഉറ്റു നോക്കുന്നു. യുഎസ് - ചെെന വ്യാപാര കരാറിൻ്റെ രൂപരേഖ ഒപ്പിടാൻ നേതാക്കൾ തയാറാകുന്നതു വിപണിയെ സഹായിക്കും. ചൈനയുടെ മേൽ ഉള്ള ചുങ്കം (ഇപ്പോൾ 55 ശതമാനം) എത്ര കണ്ടു കുറയ്ക്കും എന്നതും നിർണായകമാണ്.

ഇന്ത്യയുമായി ഉടനേ വ്യാപാര കരാർ ഉണ്ടാകും എന്നു ട്രംപ് ഇന്നലെ പറഞ്ഞു. പക്ഷേ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഇന്ത്യയിലെ ആഭരണ, വസ്ത്ര, സമുദാേൽപന്ന കയറ്റുമതി കമ്പനികൾക്ക് ഇതു നല്ല വാർത്തയാണ്.

മെറ്റായും മൈക്രോസോഫ്റ്റും റിസൽട്ടിനു ശേഷം നടന്ന അനൗപചാരിക വ്യാപാരത്തിൽ നഷ്ടത്തിലായി. അതേസമയം ആൽഫബെറ്റ് ഉയർന്നു. ഇവ ഇന്ന് ഐടി ഓഹരികളെ സ്വാധീനിക്കും.

ഫെഡ് നയത്തെ തുടർന്ന് ഇടിഞ്ഞ സ്വർണം ഇന്നു രാവിലെ നേട്ടത്തിലാണെങ്കിലും 4000 ഡോളറിൽ തിരിച്ചെത്തിയില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 26,134.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,185 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ചാഞ്ചാടി

യൂറോപ്യൻ ഓഹരികൾ ബുധനാഴ്ച കയറിയിറങ്ങിയിട്ടു നഷ്ടത്തിൽ അവസാനിച്ചു. യുകെ വിപണി ഉയർന്നു. മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് മൂന്നാം പാദ പ്രവർത്തനലാഭം 70 ശതമാനം കുറച്ചെങ്കിലും ഓഹരി 4.5 ശതമാനം ഉയർന്നു. റെക്കോർഡ് പ്രവർത്തനലാഭം ഉണ്ടാക്കിയ സ്പാനിഷ് ബാങ്ക് സാൻ്റാൻഡർ 4.1 ശതമാനം നേട്ടത്തിലായി. മികച്ച ലാഭവർധനയിൽ ജർമൻ ബാങ്കിംഗ് ഭീമൻ ഡോയിച്ച് ബാങ്ക് അഞ്ചു ശതമാനം കയറി. അമേരിക്കയിലെ വിൽപന വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച അഡിഡാസ് ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു കമ്പനി വലിയ ലാഭക്കുതിപ്പ് നടത്തിയ ശേഷമാണിത്.

ഫെഡ് നയത്തിൽ യുഎസ് വിപണികൾ ഇടിഞ്ഞു

ഡിസംബറിൽ പലിശ കുറയ്ക്കാനുളള സാധ്യത കുറവാണെന്ന ഫെഡ് ചെയർമാൻ്റെ സൂചന യുഎസ് ഓഹരി വിപണിയെ താഴ്ത്തി. രാവിലെ ഉണ്ടാക്കിയ നേട്ടം നഷ്ടപ്പെടുത്തിയാണു സൂചികകൾ അവസാനിച്ചത്. ഡൗ ഉയരത്തിൽ നിന്നു 400 പോയിൻ്റ് താഴ്ന്നു നഷ്ടത്തിലായി. എൻവിഡിയയുടെ വൻ കുതിപ്പ് മറ്റു സൂചികകളെ നേട്ടത്തിൽ നിലനിർത്തി. എൻവിഡിയ അഞ്ചു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണി മൂല്യത്തിൽ എത്തി റെക്കോർഡ് തിരുത്തി.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 74.37 പോയിൻ്റ് (0.16%) താഴ്ന്ന് 47,632.00 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 0.30 പോയിൻ്റ് (0.00%) കുറഞ്ഞ് 6890.59 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 130.98 പോയിൻ്റ് (0.55%) കയറി 23,958.47 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു തുടക്കത്തിൽ താഴ്ന്നിട്ടു കയറി. ഡൗ 0.15 ഉം എസ് ആൻഡ് പി 0.22 ഉം നാസ്ഡാക് 0.16 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

ടെക് റിസൽട്ടുകൾ

മെറ്റാ പ്ലാറ്റ്ഫോംസ് പ്രതീക്ഷയിലും മികച്ച വിറ്റുവരവ് ഉണ്ടാക്കിയെങ്കിലും 1593 കോടി ഡോളറിൻ്റെ ഒറ്റത്തവണ നികുതിബാധ്യത അറ്റാദായം പ്രതീക്ഷയിലും കുറവാക്കി. റിയാലിറ്റി ലാബ് 440 കോടി ഡോളർ നഷ്ടം വരുത്തി. എങ്കിലും പ്രതിഓഹരി വരുമാനം ഉയർന്നു. പക്ഷേ അനൗപചാരിക വ്യാപാരത്തിൽ ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.

നിർമിതബുദ്ധി കമ്പനിയായ ഓപ്പൺ എഐയിലെ വലിയ നിക്ഷേപം മൂലം 310 കോടി ഡോളർ എഴുതിത്തള്ളേണ്ടി വന്നുവെന്നു മെെക്രോസോഫ്റ്റ് വെളിപ്പെടുത്തി. ഇതുവഴി ഇപിഎസിൽ 41 സെൻ്റ് കുറവു വന്നു. എങ്കിലും പ്രതീക്ഷയേക്കാൾ മെച്ചമായി റിസൽട്ട്. കമ്പനി മൂലധന നിക്ഷേപം വർധിപ്പിക്കുമെന്ന് അറിയിച്ചു. കമ്പനിയുടെ ഓഹരി നാലു ശതമാനം ഇടിഞ്ഞു.

ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് പ്രതീക്ഷയിലും മികച്ച ക്ലൗഡ് വരുമാനവും യൂട്യൂബ് പരസ്യ വരുമാനവും ഉണ്ടാക്കി. പാദവരുമാനം 10,000 കോടി ഡോളർ കടന്നു. ഇപിഎസും കൂടി. ഓഹരി അഞ്ചു ശതമാനം ഉയർന്നു.

ഏഷ്യ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ പലതും ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഫെഡ് ഇനി പലിശ കുറയ്ക്കാൻ സാധ്യത കുറവാണെന്നു പറഞ്ഞത് വിപണിക്കു നിരാശയായി. ജാപ്പനീസ് സൂചിക അൽപം താഴ്ന്നിട്ടു നേട്ടത്തിലേക്കു മാറി. ഓസ്ട്രേലിയൻ വിപണി താഴ്ചയിലാണ്. അമേരിക്കയിൽ ദക്ഷിണ കൊറിയ നടത്തുമെന്നു നേരത്തേ ട്രംപ് പറഞ്ഞ 50,000 കോടി ഡോളർ നിക്ഷേപം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. അത് കൊറിയൻ വിപണിയെ റെക്കോർഡ് ഉയരത്തിലുള്ള തുടക്കത്തിലേക്ക് നയിച്ചു. സാംസങ് മൂന്നാം പാദത്തിൽ അറ്റാദായം 160 ശതമാനം വർധിപ്പിച്ചതും വിപണിയുടെ കുതിപ്പിനു സഹായിച്ചു.

ഹോങ് കോങ് വിപണി ഉയർന്നു. ചൈനീസ് ഓഹരി സൂചികകൾ നേരിയ താഴ്ച കാണിക്കുന്നു.

ഇന്ത്യൻ വിപണിക്കു നേട്ടം

ഇന്ത്യൻ വിപണി ഇന്നലെ മിതമായ നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 26,000 കടന്ന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. സെൻസെക്സിന് 85,000 നു മുകളിൽ ക്ലോസ് ചെയ്യാൻ സാധിച്ചില്ല.

പെട്രോളിയം, മെറ്റൽ, എഫ്എംസിജി, ഫാർമ, ഐടി, റിയൽറ്റി കമ്പനികളാണു മുന്നേറ്റത്തിനു നേതൃത്വം നൽകിയത്. മ്യൂച്വൽ ഫണ്ടുകളുടെ ഫീസിനു പരിധി വയ്ക്കുന്ന സെബിയുടെ കരടു നിയന്ത്രണങ്ങൾ അസറ്റ് മാനേജ്മെൻ്റ് കമ്പനികളെ താഴ്ത്തി. നല്ല റിസൽട്ടിൻ്റെ പിൻബലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ 15 ശതമാനം വരെ കുതിച്ചു. ഇന്ത്യയുമായി ഉടനേ തന്നെ വ്യാപാരകരാർ ഉണ്ടാകുമെന്ന ട്രംപിൻ്റെ പ്രസ്താവന ഉച്ചയ്ക്കുശേഷം ടെക്സ്റ്റൈൽ, സമുദ്രോൽപന്ന കയറ്റുമതി കമ്പനികളെ അൽപം ഉയർത്തി.

ബുധനാഴ്ച നിഫ്റ്റി 117.70 പോയിൻ്റ് (0.45%) കയറി 26,053.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 368.97 പോയിൻ്റ് (0.44%) ഉയർന് 84,997.13 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 171.15 പോയിൻ്റ് (0.29%) ഉയർന്ന് 58,385.25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 383.70 പോയിൻ്റ് (0.64%) കയറി 60,149.05 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 79.95 പോയിൻ്റ് (0.43%) ഉയർന്ന് 18,487.55 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിനൊപ്പം ആയി. ബിഎസ്ഇയിൽ 2446 ഓഹരികൾ ഉയർന്നപ്പോൾ 1727 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1983 എണ്ണം. താഴ്ന്നത് 1128 ഓഹരികൾ.

എൻഎസ്ഇയിൽ 108 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 52 എണ്ണമാണ്. 87 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 47 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വീണ്ടും വിൽപനക്കാരായി. ബുധനാഴ്ച അവർ ക്യാഷ് വിപണിയിൽ 2540.16 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5692.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണി മുന്നേറ്റം തുടരും എന്ന ശുഭാപ്തിവിശ്വാസത്തിൽ ആണ് അവസാനിച്ചത്. എന്നാൽ ഫെഡ് നയം പിന്നീടു മനോഭാവം ദുർബലമാക്കി. . ഇന്നു നിഫ്റ്റിക്ക് 25,990 ലും 25,950 ലും പിന്തുണ ലഭിക്കും. 26,100 ലും 26,175 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

ലാഭവും മാർജിനും മുൻ വർഷത്തേതിലും കുറവായിരുന്നെങ്കിലും സെയിലിൻ്റെ രണ്ടാം പാദ റിസൽട്ട് നിരീക്ഷകർ കണക്കാക്കിയതിലും മെച്ചമായി. 419 കോടിയാണ് അറ്റാദായം. വരുമാനം 8.2 ശതമാനം കൂടി.

എൻടിപിസി ഗ്രീൻ എനർജി വരുമാനം 22 ശതമാനം കൂടിയപ്പോൾ അറ്റാദായം രണ്ടു മടങ്ങിലേറെ വർധിപ്പിച്ചു.

എച്ച്പിസിഎൽ ലാഭം കുത്തനെ ഇടിഞ്ഞെങ്കിലും റിസൽട്ട് പ്രതീക്ഷയിലും മെച്ചമായി.

മികച്ച വരുമാന വളർച്ചയെ തുടർന്നു റിയൽറ്റി കമ്പനി ബ്രിഗേഡ് എൻ്റർപ്രൈസസ് അറ്റാദായം 37 ശതമാനം കുതിച്ചു.

ഇൻഷ്വറൻസിലെ വളർച്ചയും മെച്ചപ്പെട്ട ലാഭമാർജിനും വഴി പിബി ഫിൻടെക്കിൻ്റെ അറ്റാദായം 165 ശതമാനം വർധിച്ചു.

എൽ ആൻഡ് ടിയുടെ രണ്ടാം പാദ അറ്റാദായം 15.6 ശതമാനം വർധിച്ചെങ്കിലും അനാലിസ്റ്റുകളുടെ പ്രതീക്ഷയേക്കാൾ കുറവായി. വരുമാനം 10.4 ശതമാനം വർധിച്ചു. ഇതും പ്രതീക്ഷയേക്കാൾ കുറവാണ്. കമ്പനിയുടെ പുതിയ കരാറുകളിൽ 45 ശതമാനം വർധനയുണ്ട്.

അഞ്ചു ട്രില്യൺ ഡോളർ ക്ലബിൽ എൻവിഡിയ

എൻവിഡിയ ഓഹരി ഉയർന്നതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചു ട്രില്യൺ (ലക്ഷം കോടി) ഡോളർ കടന്നു. ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ ഓഹരിയായി ജെൻസൻ ഹുവാങ് നയിക്കുന്ന എൻവിഡിയ. കംപ്യൂട്ടർ ഗ്രാഫിക്സ് ചിപ്പ് ഡിസൈനർ ആയി തുടങ്ങിയ കമ്പനി ഇന്ന് നിർമിതബുദ്ധി വ്യവസായത്തിൻ്റെ നട്ടെല്ലും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലിസ്റ്റഡ് കമ്പനിയുമായി. 1999 ലായിരുന്നു കമ്പനിയുടെ ഐപിഒ.

തായ് വാനിൽ ജനിച്ച ഹുവാങ് 1993 ലാണ് എൻവിഡിയ തുടങ്ങിയത്. 2022-ൽ ചാറ്റ് ജിപിടി വിപണിയിൽ ഇറക്കിയ ശേഷമാണു കമ്പനിയുടെ വലിയ കുതിപ്പ്. അതിനുശേഷം ഓഹരിവില 12 മടങ്ങായി. 2024 ജനുവരിയിൽ ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണി മൂല്യത്തിൽ കമ്പനി എത്തി. ആ മാർച്ചിൽ രണ്ടും ജൂണിൽ മൂന്നും ട്രില്യൺ വിപണിമൂല്യത്തിലേക്കു കുതിച്ചു. 2025 ജൂലൈയിൽ നാലു ട്രില്യൺ ക്ലബിൽ എത്തി.

ഇപ്പോൾ അഞ്ചു ട്രില്യൺ ക്ലബിലെ ഏക അംഗമാണ് എൻവിഡിയ. മെെക്രോസോഫ്റ്റും ആപ്പിളും നാലു ട്രില്യൺ ക്ലബിൻ്റെ ആദ്യ പകുതി കടന്നിട്ടില്ല.

എൻവിഡിയയുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയും നിർമിതബുദ്ധി(എഐ) മേഖലയിൽ വിവിധ കമ്പനികളുടെ ട്രില്യൺ കണക്കായ നിക്ഷേപങ്ങളും വിപണിയിൽ ഡോട് കോം വളർച്ചയെ ഓർമിപ്പിക്കുന്നു. ഡോട് കോം കാലം ആഴ്ചകൾ കൊണ്ടു ഡോളർ ശതകോടീശ്വരരെ വളർത്തുന്ന ഒരു സമയം ഉണ്ടായിരുന്നു. പിന്നീടുണ്ടായതു കുമിളയുടെ തകർച്ചയാണ്. നൂറു കണക്കിനു കമ്പനികൾ പാപ്പരായി.

എഐ അങ്ങനെയൊരു തകർച്ച മുന്നിൽ കാണുന്നില്ലെന്ന് ഹുവാങ്ങും മറ്റും പറയുന്നുണ്ട്.

സ്വർണം കയറി, താഴ്ന്നു, വീണ്ടും കയറുന്നു

ഡിസംബറിൽ പലിശ കുറയ്ക്കലിനു സാധ്യത കുറവാണെന്നു യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതു കുതിച്ചു കയറിയ സ്വർണവിലയെ വലിച്ചു താഴ്ത്തി. തലേ ദിവസത്തെ ക്ലോസിംഗിനു താഴെ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞു വീണ്ടും കയറ്റത്തിലായി. വിപണിയിൽ വീണ്ടും അനിശ്ചിതത്വം വരുന്നു എന്നതാണു തെളിയുന്ന കാര്യം.

ബുധനാഴ്ച സ്വർണം ഔൺസിനു 4031 ഡോളർ വരെ തിരിച്ചു കയറിയതാണ്. ചാഞ്ചാട്ടങ്ങൾക്കു ശേഷം ഔൺസിന് 22.30 ഡോളർ നഷ്ടപ്പെടുത്തി 3931.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3917.20 നും 3966.70 നുമിടയിൽ കയറിയിറങ്ങി. സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം.

സ്വർണം അവധിവില ഇന്നലെ 4000.70 ഡോളർ വരെ ഉയർന്നിട്ട് ഇന്നു രാവിലെ 3960 ഡോളറിനു താഴെയാണ്.

കേരളത്തിൽ 22 കാരറ്റ് പവൻവില ബുധനാഴ്ച രണ്ടു തവണയായി 1160 രൂപ കയറി 89,760 രൂപയിൽ ക്ലാേസ് ചെയ്തു.

ആഗോള വിപണിയിൽ വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ സ്പോട്ട് വില 47.85 ഡോളറിൽ നിൽക്കുന്നു. അവധിവില 47.50 ഡോളർ ആണ്.

പ്ലാറ്റിനം 1594 ഡോളർ, പല്ലാഡിയം 1396 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ കുതിച്ചു

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച കുതിച്ചുയർന്നു. ചെമ്പ് 1.38 ശതമാനം ഉയർന്ന് ടണ്ണിന് 11,067.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്തോനീഷ്യ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്, കോംഗോ എന്നിവിടങ്ങളിലെ ഖനനം ഓരോ കാരണങ്ങളാൽ കുറഞ്ഞതാണു വിലക്കയറ്റത്തിനു പിന്നിൽ. ഇന്നു ട്രംപ് - ഷി കൂടിക്കാഴ്ചയിലെ ധാരണകളും വിലഗതി നിയന്ത്രിക്കും. അലൂമിനിയം നാമമാത്രമായി ഉയർന്ന് 2889.96 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും കയറി.

രാജ്യാന്തര വിപണിയിൽ റബർ വില 0.23 ശതമാനം താഴ്ന്നു കിലോഗ്രാമിന് 174.00 സെൻ്റ് ആയി. കൊക്കോ 0.70 ശതമാനം കയറി ടണ്ണിന് 6044.28 ഡോളറിൽ എത്തി. കാപ്പി 0.47 ശതമാനം ഉയർന്നപ്പോൾ തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 1.46 ശതമാനം കൂടി താഴ്ന്നു.

ഡോളർ കരുത്തു നേടി

ഫെഡ് നയം ഡോളറിനു കരുത്തായി. ഡോളർ സൂചിക ഇന്നലെ അര ശതമാനം നേട്ടത്തോടെ 99.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.04 ലേക്കു താണു.

കറൻസി വിപണിയിൽ ഡോളർ കരുത്തനായി. യൂറോ 1.603 ഡോളറിലേക്കും പൗണ്ട് 1.3191 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 152.69 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.076 ശതമാനത്തിലേക്ക് ഉയർന്നു.

രൂപ കയറി

രൂപ ബുധനാഴ്ച അൽപം നേട്ടം ഉണ്ടാക്കി. ഡോളർ ഏഴു പെെസ കുറഞ്ഞ് 88.20 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.10 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ ഉയർന്നു

ക്രൂഡ് ഓയിൽ വില അൽപം തിരിച്ചു കയറി. ബ്രെൻ്റ് ഇനം ഒരു ശതമാനം ഉയർന്ന് വീപ്പയ്ക്ക് 64.92 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 64.81 ഡോളറിൽ എത്തി. ഡബ്ള്യുടിഐ 60.31 ഡോളറിലും മർബൻ ക്രൂഡ് 66.46 ഡോളറിലും ആണ്. പ്രകൃതിവാതകവില ഒരു ശതമാനം ഉയർന്നു.

ക്രിപ്റ്റോകൾ ഇടിവ് തുടരുന്നു

ഫെഡ് തീരുമാനവും ക്രിപ്റ്റോ കറൻസികളെ താഴ്ത്തി. ബിറ്റ് കോയിൻ ഇന്നു രാവിലെ 1,10,700 ഡോളറിനു താഴെ എത്തി. ഈഥർ 3930 ഡോളറിനു താഴെയായി. സൊലാന 195 ഡോളറിനു താഴെ വന്നു.

വിപണിസൂചനകൾ

(2025 ഒക്ടോബർ 29, ബുധൻ)

സെൻസെക്സ്30 84,997.13 +0.44%

നിഫ്റ്റി50 26,053.90 +0.45%

ബാങ്ക് നിഫ്റ്റി 58,385.25 +0.29%

മിഡ് ക്യാപ്100 60,149.05 +0.64%

സ്മോൾക്യാപ്100 18,487.55 +0.43%

ഡൗജോൺസ് 47,632.00 -0.16%

എസ്ആൻഡ്പി 6890.59 -0.00%

നാസ്ഡാക് 23,958.50 +0.55%

ഡോളർ($) ₹88.20 -₹0.07

സ്വർണം(ഔൺസ്)$3931.10 -$22.30

സ്വർണം(പവൻ) ₹89,760 +₹1160

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.92 +$0.42

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com