മുന്നേറാൻ കാരണം തേടി വിപണി; ജപ്പാൻ വിപണിയിൽ വലിയ കുതിപ്പ്; സ്വർണവും ബിറ്റ് കോയിനും റെക്കോർഡ് തിരുത്തുന്നു

ഇന്ത്യ - അമേരിക്ക വ്യാപാരചർച്ച പുനരാരംഭിക്കുമോ എന്നു വ്യക്തത ഇല്ല
Morning business news
Morning business newsCanva
Published on

അവധികൾക്കിടയിലും കഴിഞ്ഞയാഴ്ച നേട്ടത്തോടെ അവസാനിച്ച ഇന്ത്യൻ വിപണി മുന്നേറ്റത്തിനു കാരണം തേടുകയാണ്. അമേരിക്കയിൽ സർക്കാർ സ്തംഭനം തുടരുന്നത് ഒട്ടും ശുഭകരമല്ല. ഗാസാ യുദ്ധം അവസാനിക്കാൻ വഴി തെളിഞ്ഞെങ്കിലും യുക്രെയ്നിൽ സ്ഥിതി രൂക്ഷമാകുകയാണ്.

ഇന്ത്യ - അമേരിക്ക വ്യാപാരചർച്ച പുനരാരംഭിക്കുമോ എന്നു വ്യക്തത ഇല്ല. വിപണിക്ക് ഏറ്റവുമധികം ആശങ്ക പകരുന്നത് വ്യാപാരത്തീരുവ വിഷയം തന്നെയാണ്.

താഴ്ന്ന ക്രൂഡ് ഓയിൽ തിരിച്ചു കയറ്റം തുടങ്ങി. ഔൺസിനു 3900 ഡോളർ കടന്നു സ്വർണം കുതിക്കുന്നത് പല ആശങ്കകളും വിപണികളിൽ വളരുന്നു എന്നാണു കാണിക്കുന്നത്. ബിറ്റ് കോയിൻ 1.25 ലക്ഷം ഡോളർ കടന്നതും യുഎസ് സമ്പദ്ഘടനയെപ്പറ്റി ആശങ്ക വളർത്തുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,970.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,987 വരെ കയറുകയും 24,952 വരെ താഴുകയും ചെയ്തിട്ട് 24,965 ൻ്റെ പരിസരത്താണ്. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയർന്നു

വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ ഉയർന്നു റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്ന്ന് അവസാനിച്ചു. ജർമനിയിൽ ഡാക്സ് സൂചിക ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. റഷ്യക്ക് ഒരു ഡ്രോൺ മതിൽ തീർക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ ഒരുങ്ങുന്നത് പ്രതിരോധ ഓഹരികളെ ഉയർത്തി.

യുഎസ് വിപണി ഭിന്നദിശകളിൽ

സർക്കാർ സ്തംഭനം മൂന്നാം ദിവസത്തിലേക്കു കടന്ന വെള്ളിയാഴ്ച യുഎസ് വിപണികൾ ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് സൂചിക അര ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. നാസ്ഡാക് 0.28 ശതമാനം താഴ്ന്നപ്പോൾ ചെറുകിട മേഖലയുടെ റസൽ 2000 സൂചിക 0.72 ശതമാനം കയറി. സ്തംഭനം നീക്കാൻ വാരാന്ത്യത്തിൽ ശ്രമം ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിയിൽ ഉണ്ടായിരുന്നു. പക്ഷേ അതു പാഴായി. ഞായറാഴ്ച രാത്രിയും ഫലപ്രദമായ നീക്കങ്ങൾ ഒന്നും നടക്കുന്നില്ല. ആദ്യം മറുപക്ഷം അയയട്ടെ എന്ന സമീപനത്തിലാണ് ഇരുപക്ഷവും.

സ്തംഭനം നീണ്ടാൽ ഏഴര ലക്ഷം ജീവനക്കാരെ പിരിച്ചു വിടും എന്നു പ്രസിഡൻ്റ് ട്രംപ് പറയുന്നുണ്ട്. ഡെമോക്രാറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികൾക്കു പണം നിഷേധിച്ച് ശ്വാസം മുട്ടിക്കാനും അദ്ദേഹം ശ്രമിക്കുന്നു. എല്ലാറ്റിനും കാരണം ട്രംപാണെന്നു കുറ്റപ്പെടുത്തി ജനപിന്തുണ നേടാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു.

ഭരണസ്തംഭനം മൂലം വെള്ളിയാഴ്ച സെപ്റ്റംബറിലെ തൊഴിൽ കണക്ക് പുറത്തുവന്നില്ല. ഈയാഴ്ച വരേണ്ട കണക്കുകളും വരാനിടയില്ല. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഫെഡറൽ റിസർവിൻ്റെ പണനയ കമ്മിറ്റി യോഗത്തിനു മുൻപ് പ്രശ്നം തീർന്നു സാമ്പത്തിക കണക്കുകൾ നവീകരിച്ചില്ലെങ്കിൽ ഫെഡിൻ്റെ നയതീരുമാനങ്ങൾ പാളാം. എങ്കിലും വിപണി കുതിപ്പ് തുടരുമെന്നും കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ മികച്ചതാകുമെന്നും എസ് ആൻഡ് പി 500 സൂചിക വർഷാന്ത്യത്തിൽ 7000 ൽ എത്തുമെന്നും ഫണ്ട്സ്ട്രാറ്റ് ഗവേഷണ മേധാവി ടോം ലീ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രസംഗത്തിലേക്കാണു നിക്ഷേപകർ ഇനി ശ്രദ്ധ വയ്ക്കുക.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 238.56 പോയിൻ്റ് (0.51%) ഉയർന്ന് 46,758.28 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 0.44 പോയിൻ്റ് (0.01%) നേട്ടത്തോടെ 6715.79 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 63.55 പോയിൻ്റ് (0.28%) താഴ്ന്ന് 22,780.50 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു നേട്ടത്തിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.30 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭാഗികമായേ പ്രവർത്തിക്കുന്നുള്ളു. ചൈനീസ്, കൊറിയൻ വിപണികൾക്ക് അവധിയാണ്. പുതിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു ജാപ്പനീസ് വിപണി നാലു ശതമാനത്തിലധികം കുതിച്ചുകയറി.

സനേയ് തകായ്ച്ചി ജപ്പാനിൽ പ്രധാനമന്ത്രി ആകുന്നത് വിപണിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. എങ്കിലും ഓഹരിവിപണി വെള്ളിയാഴ്ച കുറിച്ച റെക്കോർഡ് ഇന്നു രാവിലെ തിരുത്തി. നിക്കെെ 47,700 നു മുകളിൽ കടന്നു. കമ്മി കൂട്ടുകയും കറൻസിയുടെ നിരക്കു താഴ്ത്തുകയും ചെയ്യുന്നതാകും തക്കായ്ച്ചിയുടെ ഭരണം എന്നാണു നിഗമനം. വിപണിക്ക് ഉത്തേജക പദ്ധതി വേണം എന്ന നിലപാടുകാരിയാണ് ഈ അറുപത്തിനാലുകാരി. ബ്രിട്ടനിലെ മുൻപ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ മാതൃകയായി കാണുന്ന ഇവരും കടുത്ത യാഥാസ്ഥിതികയാണ്. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി, ജേതാവായിരുന്ന താച്ചറാകുമോ തോറ്റമ്പിയ ലിസ് ട്രസ് ആകുമോ എന്നാണു വിപണി നോക്കുന്നത്.

മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി

ബുധനാഴ്ചയിലെ കുതിപ്പിനു ശേഷം വെള്ളിയാഴ്ച ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ക്രമേണ ഉയർന്നു ചെറിയ നേട്ടത്തിൽ അവസാനിച്ചു. മുഖ്യ സൂചികകളെ അപേക്ഷിച്ചു മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നല്ല മുന്നേറ്റം നടത്തി.

എല്ലാ മേഖലകളും കയറ്റത്തിൽ പങ്കു ചേർന്നു. മെറ്റൽ, പൊതുമേഖലാ ബാങ്ക്, കൺസ്യൂമർ ഡ്യുറബിൾസ്, പ്രതിരോധ മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു. അസ്‌ട്രാ മെെക്രോവേവ്, ഡാറ്റാ പാറ്റേൺസ്, പരസ് ഡിഫൻസ്, മിശ്ര ധാതു നിഗം തുടങ്ങിയവ നാലു മുതൽ 12 വരെ ശതമാനം കുതിച്ചു.

സ്വർണ വിലയിലെ കുതിപ്പ് ജ്വല്ലറി ഓഹരികളെ ഉയർത്തി.

വെള്ളിയാഴ്ച നിഫ്റ്റി 57.95 പോയിൻ്റ് (0.23%) ഉയർന്ന് 24,894.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 223.86 പോയിൻ്റ് (0.28%) കയറി 81,207.17 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 241.30 പോയിൻ്റ് (0.44%) നേട്ടത്തോടെ 55,589.25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 473.65 പോയിൻ്റ് (0.83%) ഉയർന്ന് 57,503.35 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 122.30 പോയിൻ്റ് (0.69%) നേട്ടത്തോടെ 17,878.15 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2636 ഓഹരികൾ ഉയർന്നപ്പോൾ 1568 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2140 എണ്ണം. താഴ്ന്നത് 960 ഓഹരികൾ.

എൻഎസ്ഇയിൽ 115 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 65 എണ്ണമാണ്. 132 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 63 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1583.37 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 489.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെപ്റ്റംബറിൽ വിദേശികൾ 23,885 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു.

വിപണി നേട്ടത്തിൻ്റെ പാതയിൽ തുടർന്നതു നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നു. 25,000 എന്ന നിർണായക കടമ്പ മറികടന്നാലേ നിഫ്റ്റിയുടെ മുന്നേറ്റം തുടരാനാവൂ. അതു കടക്കും വരെ സമാഹരണം തുടർന്നേക്കാം. 24,600 സൂചികയ്ക്കു താങ്ങായി നിൽക്കും.

ഇന്നു നിഫ്റ്റിക്ക് 24,790 ലും 24,695 ലും പിന്തുണ ലഭിക്കും. 24,915 ലും 25,000 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

ടാറ്റാ കാപ്പിറ്റൽ (ലക്ഷ്യം 15,512 കോടി രൂപ), എൽജി ഇലക്ട്രോണിക്സ് (11,607 കോടി രൂപ) എന്നിവ അടക്കം ഏഴു കമ്പനികൾ ഈയാഴ്ച മൊത്തം 30,000 കോടി രൂപ സമാഹരിക്കാൻ ഐപിഒ നടത്തുന്നുണ്ട്.

എച്ച്ഡിഎഫ്സി ബാങ്കിനു രണ്ടാം പാദത്തിൽ ശരാശരിനിക്ഷേപ വളർച്ച 15.1 ശതമാനം ഉണ്ടായപ്പോൾ വായ്പകൾ 9.9 ശതമാനം വർധിച്ചു.

ഇൻഡസ് ഇൻഡ് ബാങ്കിനു രണ്ടാം പാദത്തിൽ അറ്റനിക്ഷേപങ്ങൾ അഞ്ചു ശതമാനം കുറഞ്ഞപ്പോൾ അറ്റവായ്പകൾ എട്ടു ശതമാനം ഇടിഞ്ഞു. കറൻ്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസാ) ഇടിവ് 30.80 ശതമാനമാണ്.

ബജാജ് ഫിനാൻസിനു നിക്ഷേപം 5.47 ശതമാനം വർധിച്ചപ്പോൾ പുതിയ വായ്പകൾ 26 ശതമാനം കൂടി. ആസ്തി വർധന 24 ശതമാനമാണ്.

ബാങ്ക് ഓഫ് ബറോഡയുടെ നിക്ഷേപങ്ങൾ 9.28 ശതമാനം കൂടിയപ്പോൾ വായ്പകൾ 11.9 ശതമാനം വർധിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപങ്ങൾ 14.6 ശതമാനം ഉയർന്നപ്പോൾ വായ്പകൾ 15.8 ശതമാനം കുതിച്ചു.

ബന്ധൻ ബാങ്കിനു നിക്ഷേപങ്ങൾ 10.9 ശതമാനം കൂടി, വായ്പകൾ 7.2 ശതമാനം ഉയർന്നു. കാസാ നിക്ഷേപങ്ങൾ 6.5 ശതമാനം ഇടിഞ്ഞു.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ നിക്ഷേപങ്ങൾ 14.8 ശതമാനം ഉയർന്നപ്പോൾ വായ്പകൾ 14 ശതമാനം വർധിച്ചു. കാസാ നിക്ഷേപങ്ങൾ 22.1 ശതമാനം ഉയർന്നു.

അവന്യു സൂപ്പർ മാർട്ടിൻ്റെ (ഡി മാർട്ട്) വരുമാനം രണ്ടാം പാദത്തിൽ 15.4 ശതമാനം വർധിച്ചു.

ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം 16.9 ശതമാനവും മൊത്തം വായ്പ 18.39 ശതമാനവും ഉയർന്നു.

എൽ ആൻഡ് ടി ഫിനാൻസ് വായ്പകൾ 17.44 ശതമാനം വർധിപ്പിച്ചു. തിരിച്ചടവ് 96 ശതമാനത്തിൽ നിന്ന് 98 ശതമാനമായി.

യൂകാേ ബാങ്കിലെ നിക്ഷേപങ്ങൾ 10.87 ശതമാനം വർധിച്ചപ്പോൾ വായ്പകൾ 16.67 ശതമാനം കുതിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിനു നിക്ഷേപങ്ങൾ 10.9 ഉം വായ്പകൾ 10.3 ഉം ശതമാനം വർധിച്ചു.

വേദാന്തയുടെ അലൂമിനിയം ഉൽപാദനം ഒരു ശതമാനം കൂടി. സിങ്ക് ഉൽപാദനം ആറു ശതമാനം കുറഞ്ഞു. വെള്ളി ഉൽപാദനത്തിൽ 22 ശതമാനം ഇടിവുണ്ട്.

ശോഭ ലിമിറ്റഡിൻ്റെ മൊത്തം വിൽപന 61.44 ശതമാനം കുതിച്ചു. ശരാശരിവില 7.7 ശതമാനം കൂടി.

നെെക രണ്ടാം പാദത്തിൽ വിൽപന 30 ശതമാനത്തിനടുത്തു വർധിപ്പിച്ചു. വരുമാനം 25 ശതമാനത്തിനടുത്ത് ഉയർന്നു.

യുഎസ് ഭരണസ്തംഭനത്തിൽ 3900 ഡോളർ കടന്നു സ്വർണം

അമേരിക്കൻ ഭരണസ്തംഭനം സ്വർണത്തെ കഴിഞ്ഞയാഴ്ച 3900 ഡോളറിനടുത്ത് എത്തിച്ചു. പിന്നീട് അൽപം താഴ്ന്നെങ്കിലും ആഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ഔൺസിന് 3896 ഡോളർ വരെ എത്തിയിട്ടു 3887 ഡോളറിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 3920.60 ഡോളർ വരെ ഉയർന്നിട്ട് 3914 ഡോളറിലേക്കു താഴ്ന്നു.

തുടർച്ചയായ ഏഴാം ആഴ്ചയിലും കയറിയ സ്വർണം ഭരണസ്തംഭനം തുടർന്നാൽ 4000 ഡോളറും കടന്നു പോകും എന്നാണ് വിപണിയിലെ നിഗമനം. എസ്ഐഎ വെൽത്ത് മാനേജ്മെൻ്റ് ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കോളിൻ ചിയഷിൻസ്കി പറയുന്നത് ഔൺസിന് 3900 നു മുകളിൽ കയറിയാൽ 4000 ഡോളറിലേക്ക് സ്വർണവില അതിവേഗം നീങ്ങും എന്നാണ്. ചെെനയിലെ ഡിമാൻഡ് അൽപം കുറഞ്ഞതാണ് പുതിയ ആഴ്ചയിലെ പ്രധാന നെഗറ്റീവ് ഘടകം.

എലിയട്ട് വേവ് മോഡലും മറ്റും ഉപയോഗിച്ച് വിശകലനം നടത്തുന്നവർ 2030 ഓടെ സ്വർണം ഔൺസിന് 8000- 10,000 ഡോളർ മേഖലയിൽ എത്തുമെന്ന പ്രവചനം നടത്തുന്നുണ്ട്. ഗോൾഡ്മാൻ സാക്സും ഡോയിച്ച് ബാങ്കും 2026-ൽ 5000 ഡോളറിലേക്കു സ്വർണം കയറും എന്ന നിഗമനക്കാരാണ്.

സ്വർണം അവധിവില വെള്ളിയാഴ്ച 3916.80 ഡോളർ വരെ എത്തിയിട്ടു 3912.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3945.20 ഡോളർ വരെ കയറി.

കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച രാവിലെ 86,560 രൂപ വരെ താഴ്ന്നിട്ട് ഉച്ചയ്ക്കു ശേഷം 86,920 രൂപയിലേക്കു കയറി. ശനിയാഴ്ച വില 640 രൂപ കൂടി 87,560 രൂപയിൽ എത്തി. ഇന്നു വില പവന് 88,000 രൂപ കടന്നു നീങ്ങും എന്നാണു വിപണി നൽകുന്ന സൂചന.

വെള്ളിവില ഔൺസിന് 48.04 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 48.33 ഡോളർ വരെ കയറി. 50 ഡോളറിലേക്കു വെള്ളി കയറും എന്നാണു വിപണിയിലെ പ്രതീക്ഷ.

പ്രധാന വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും കയറ്റം തുടർന്നു. ചെമ്പ് 0.79 ശതമാനം ഉയർന്നു ടണ്ണിന് 10,537.50 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.12 ശതമാനം കയറി ടണ്ണിന് 2706.30 ഡോളറിൽ എത്തി. ടിൻ 3.64 ശതമാനം കുതിച്ച് ടണ്ണിന് 37,700 ഡോളറിലായി. നിക്കൽ ഉയർന്നപ്പോൾ ലെഡും സിങ്കും താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 1.67 ശതമാനം കയറി കിലോഗ്രാമിന് 170.90 സെൻ്റ് ആയി. കൊക്കോ വില ഇടിവ് തുടർന്നു. വെള്ളിയാഴ്ചക്കും 4.49 ശതമാനം ഇടിഞ്ഞ് ടണ്ണിന് 6190.00 ഡോളറിൽ എത്തി. കാപ്പി 2.71 ശതമാനം ഉയർന്നു.. തേയില 0.71 ശതമാനം കയറി. പാം ഓയിൽ വില 0.18 ശതമാനം താഴ്ന്നു.

ഡോളർ കയറുന്നു

വാരാന്ത്യത്തിൽ താഴ്ന്ന് അവസാനിച്ച ഡോളർ സൂചിക ഇന്നു കയറ്റത്തിലാണ്. സൂചിക വെള്ളിയാഴ്ച താഴ്ന്ന് 97.72 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.09 ൽ എത്തി.

കറൻസി വിപണിയിൽ ഡോളർ ഇന്നു രാവിലെ നില മെച്ചപ്പെടുത്തി. യൂറോ 1.171 ഡോളറിലേക്കും പൗണ്ട് 1.343 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 149.24 യെൻ എന്ന നിരക്കിലേക്ക് വീണു. ജപ്പാനിൽ തകായിച്ചി പ്രധാനമന്ത്രിയാകുന്നതു യെന്നിൻ്റെ വിനിമയ നിരക്ക് താഴ്ത്തും എന്നാണു നിഗമനം. തകായിച്ചി ബജറ്റ് കമ്മി കൂട്ടുന്നതിനെ അനുകൂലിക്കും എന്നു വിപണി കരുതുന്നു.

യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.121 ശതമാനമായി ഉയർന്നു.

വെള്ളിയാഴ്ച ഇന്ത്യൻ രൂപ വീണ്ടും താഴ്ന്നു. ഡോളർ എട്ടു പെെസ കയറി 88.77 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറുന്നു

വെള്ളിയാഴ്ച ക്രൂഡ് ഓയിൽ നാമമാത്രമായി ഉയർന്നെങ്കിലും ആഴ്ചയിൽ ഏഴു ശതമാനത്തിലധികം താഴ്ന്നാണു ക്ലോസ് ചെയ്തത്. ബ്രെൻ്റ് 7.7 ശതമാനം ഇടിഞ്ഞപ്പോൾ ഡബ്ല്യുടിഐ ഇനം 6.97 ശതമാനം താഴ്ന്നു. ബ്രെൻ്റ് ഇനം 64.53 ഡോളറിൽ ക്ലോസ് ചെയ്തു. ഒപെക് നവംബറിൽ പ്രതിദിന ഉൽപാദനം 1.37 ലക്ഷം വീപ്പ കൂട്ടാൻ തീരുമാനിച്ചു. ഇതു വിപണി പ്രതീക്ഷിച്ചതിലും കുറവായതിനെ തുടർന്നു വില വീണ്ടും കയറാൻ തുടങ്ങി.

ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 65.41 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 61.72 ഡോളറിലും മർബൻ ക്രൂഡ് 65.89 ഡോളറിലും ആണ്. പ്രകൃതിവാതക വില മൂന്നര ശതമാനം ഇടിഞ്ഞു.

ബിറ്റ്കോയിൻ @ 1,25,000

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ കുതിച്ചു കയറി. യുഎസ് സർക്കാർ സ്തംഭനം നീണ്ടു പോകുമ്പോൾ ഡോളറിൽ നിന്ന് നിക്ഷേപങ്ങൾ മാറുമെന്ന നിഗമനമാണു വിപണിയെ നയിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ക്രിപ്റ്റോകൾക്ക് അനുകൂലമായ ചട്ടങ്ങൾ പ്രസിഡൻ്റ് ട്രംപ് കൊണ്ടുവന്നതിനെ തുടർന്നു ബിറ്റ് കോയിൻ കുറിച്ച 1,24,480 ഡോളർ എന്ന റെക്കോർഡ് തിരുത്തി. ഞായറാഴ്ച ബിറ്റ്കോയിൻ 1,25,689 ഡോളർ വരെ കയറി. പിന്നീടു താഴ്ന്ന് 1,24,050 ആയി. കഴിഞ്ഞ ഒക്ടോബറിലെ വിലയിൽ നിന്ന് ബിറ്റ്കോയിൻ ഇരട്ടിയായി ഉയർന്നിട്ടുണ്ട്. ജനുവരി മുതൽ 30 ശതമാനമാണു കയറ്റം. ഒരാഴ്ച കൊണ്ടു 15 ശതമാനം നേട്ടമുണ്ടായി.

സിറ്റി ഗ്രൂപ്പ് കണക്കാക്കുന്നത് ഡിസംബർ അവസാനത്തോടെ ബിറ്റ് കോയിൻ 1,33,000 ഡോളർ എത്തുമെന്നാണ്. എന്നാൽ സാമ്പത്തിക മാന്ദ്യം വന്നാൽ 83,000 ഡോളർ വരെ താഴാം. ജെപി മോർഗൻ 1,65,000 ഡോളർ വരെ ബിറ്റ് കോയിൻ കയറുമെന്നു കരുതുന്നു. സ്റ്റാൻഡാർഡ് ചാർട്ടേഡ് ഡിസംബറിൽ രണ്ടു ലക്ഷം ഡോളറിലേക്കു ബിറ്റ് കോയിൻ എന്നുമെന്നു കണക്കാക്കുന്നു. ആഴ്ചതോറും 50 കോടി ഡോളർ ബിറ്റ് കോയിൻ ഇടിഎഫുകളിലേക്കു നിക്ഷേപം വരുന്നുണ്ട്. ഇപ്പോൾ 2.37 ട്രില്യൺ (ലക്ഷം കോടി) ഡോളർ ഉള്ള ബിറ്റ്കോയിൻ വിപണിമൂല്യം നാലു ട്രില്യൺ ആകുമെന്ന് സ്റ്റാൻ ചാർട്ട് കരുതുന്നു. ഇപ്പോൾ ആമസോണിനേക്കാൾ വിപണിമൂല്യത്തോടെ ഏഴാമത്തെ വലിയ ധനകാര്യ ആസ്തിയാണ് ബിറ്റ്കോയിൻ ഇപ്പോൾ.

ഈഥർ ഉയർന്ന് 4530 ഉം സൊലാന 232 ഉം ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 ഒക്ടോബർ 03, വെള്ളി)

സെൻസെക്സ്30 81,207.17 0.28%

നിഫ്റ്റി50 24,894.25 0.23%

ബാങ്ക് നിഫ്റ്റി 55,589.25 0.44%

മിഡ് ക്യാപ്100 57,503.35 0.83%

സ്മോൾക്യാപ്100 17,878.15 0.69%

ഡൗജോൺസ് 46,758.30 +0.51%

എസ്ആൻഡ്പി 6715.79 +0.01%

നാസ്ഡാക് 22,780.50 -0.28%

ഡോളർ($) ₹88.77 +0.08

സ്വർണം(ഔൺസ്) $3887.00 +$29.50

സ്വർണം(പവൻ) ₹86,920 -₹120

ശനി ₹87,560 +₹640

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ$64.53 +$0.42

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com