റിസൽട്ടുകളിലേക്കു വിപണി നീങ്ങുന്നു; ഇന്നു ടിസിഎസ് റിസൽട്ട്; ഗാസയിൽ ധാരണ; ഏഷ്യൻ വിപണികൾ കുതിച്ചു; സ്വർണം ലാഭമെടുപ്പിനു ശേഷം കയറുന്നു

അമേരിക്കയിലെ ടെക്നോളജി കുതിപ്പ് ഇന്ന് ഇന്ത്യൻ ഓഹരികളെയും സഹായിക്കാം
Morning business news
Morning business newsCanva
Published on

വിപണി സെപ്റ്റംബർ പാദ റിസൽട്ടുകളിലേക്കു കടക്കുകയാണ്. റിസൽട്ടുകളാണ് ഇനി വിപണിഗതിയെ നിയന്ത്രിക്കുക.

ഇന്നു വിപണിസമയം കഴിയുമ്പോൾ ടിസിഎസ് റിസൽട്ട് വരും. ടിസിഎസ് വരുമാനം നാമമാത്രമായി കൂടുമ്പോൾ അറ്റാദായം കഴിഞ്ഞ പാദത്തിൽ നിന്ന് അൽപ്പം കുറയാമെന്നു ബ്രോക്കറേജുകൾ വിലയിരുത്തുന്നു. മറ്റ് ഐടി കമ്പനികളുടെ കാര്യവും സമാനമാണ്.

ഗാസയിൽ ബന്ദി കെെമാറ്റത്തിനും യുദ്ധം അവസാനിപ്പിക്കാനും കരാർ ആയത് രാജ്യാന്തര സംഘർഷത്തിൽ അയവ് വരുത്തി. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു.

സ്വർണം 4000 ഡോളറിനു മുകളിൽ തുടരുകയാണ്. ലാഭമെടുക്കലിനെ തുടർന്നു വില 4000 ഡോളർ വരെ താഴ്ന്നെങ്കിലും പിന്നീടു കയറി.

അമേരിക്കയിലെ ടെക്നോളജി കുതിപ്പ് ഇന്ന് ഇന്ത്യൻ ഓഹരികളെയും സഹായിക്കാം. ഏഷ്യൻ വിപണികളും കയറ്റത്തിലാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,123.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,161 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പിൽ ഉണർവ്

ചുങ്കം ഒഴിവാക്കിയുള്ള സ്റ്റീൽ ഇറക്കുമതി കുറയ്ക്കാനും ചുങ്കം ഇട്ടിപ്പിക്കാനുമുള്ള യൂറോപ്യൻ യൂണിയൻ്റെ നിർദേശം യൂറോപ്യൻ വിപണികളെ ഉയർത്തി. യുഎസിൽ നിന്നുള്ള ഇറക്കുമതിയെ ആണു ലക്ഷ്യമിടുന്നതെങ്കിലും ബ്രിട്ടീഷ് സ്‌റ്റീൽ കയറ്റുമതിയെ ഇതു സാരമായി ബാധിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ പ്ലാൻ്റുകൾ ഉള്ള സ്റ്റീൽ കമ്പനികളായ ആർസലോർ മിത്തലും സാബും തൂസൻകപ്പും ഉയർന്നു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ടാറ്റാ സ്റ്റീലിന് ഇതു ദോഷമാകും. സ്റ്റീൽ വില കൂടുന്നതു വാഹനങ്ങളുടെ വില കൂട്ടാൻ ഇടയാക്കും എന്നതു വാഹന കമ്പനികളെ താഴ്ത്തി. ബിഎംഡബ്ല്യു 8.3 ശതമാനം ഇടിഞ്ഞു. ഇതിനിടെ നിർമിതബുദ്ധി മേഖലയിലെ അമിത ആവേശം വിപണിയുടെ തകർച്ചയിലേക്കു നയിക്കാം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി.

യുഎസ് വിപണി കുതിച്ചു

ടെക്നോളജി ഓഹരികളുടെ കയറ്റം തുടർന്നത് അമേരിക്കയിൽ എസ് ആൻഡ് പി 500 നെയും നാസ്ഡാക് കോംപസിറ്റ് സൂചികയെയും റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ഡൗ ജോൺസ് വലിയ ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നഷ്ടത്തിൽ അവസാനിച്ചു.

അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസിൽ (എഎംഡി) 10 ശതമാനം ഓഹരി എടുക്കാൻ ഓപ്പൺ എഐ തീരുമാനിച്ചത് എഎംഡി ഓഹരിയെ ഒരാഴ്ച കൊണ്ടു 43 ശതമാനം ഉയർത്തി. ഇന്നലെ മാത്രം 11.4 ശതമാനം ഉയർന്നു. നിർമിതബുദ്ധി കംപ്യൂട്ടറുകളുടെ ആവശ്യം വർദ്ധിക്കുന്നതായി സിഇഒ ജെൻസൻ ഹുവാംഗ് പ്രസ്താവിച്ചത് എൻവിഡിയ ഓഹരിയെ രണ്ടാം ശതമാനം ഉയർത്തി.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 1.20 പോയിൻ്റ് (0.00%) കുറഞ്ഞ് 46,601.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 39.13 പോയിൻ്റ് (0.58%) നേട്ടത്തോടെ 6753.72 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 255.02 പോയിൻ്റ് (1.12%) ഉയർന്ന് 23,043.38 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഇന്നു രാവിലെ ഡൗ 0.06 ശതമാനം കയറി. എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലാണ്. ജപ്പാനിൽ നിക്കെെ രാവിലെ 1.25 ശതമാനം കുതിച്ചു. ഒരാഴ്ചത്തെ അവധിക്കുശേഷം തുറന്ന ചൈനീസ് വിപണിയും ഹോങ് കോങ് വിപണിയും നേട്ടത്തിലാണ്. ഓസ്ട്രേലിയൻ സൂചിക അരശതമാനം ഉയർന്നു.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് സ്വിസ് എൻജിനിയറിംഗ് ഗ്രൂപ്പ് എബിബിയുടെ റോബോട്ടിക്സ് ഡിവിഷനെ 540 കോടി ഡോളറിനു വാങ്ങുമെന്നു പ്രഖ്യാപിച്ചു. സോഫ്റ്റ് ബാങ്കിൻ്റെ സൂപ്പർ നിർമിതബുദ്ധിയും റോബോട്ടിക്സും സംയോജിപ്പിക്കാനാണു നീക്കം. മനുഷ്യരേക്കാൾ 10,000 മടങ്ങ് സ്മാർട്ട് ആയ സംവിധാനമാണ് നിർദിഷ്ട സൂപ്പർ എഐ. ചിപ് ഡിസൈനിംഗിൽ ഉള്ള സോഫ്റ്റ് ബാങ്കിൻ്റെ ബ്രിട്ടീഷ് ഉപകമ്പനി ഗ്രാഫ്കോർ ഇന്ത്യയിൽ 130 കോടി ഡോളറിൻ്റെ ഗവേഷണ കേന്ദ്രം തുറക്കുമെന്നും പ്രഖ്യാപനമുണ്ടായി. സോഫ്റ്റ് ബാങ്ക് ഓഹരി 13 ശതമാനം കുതിച്ചു.

വിപണിയിൽ ചെറിയ താഴ്ച

കമ്പനികളുടെ ജൂലൈ -സെപ്റ്റംബർ പാദ റിസൽട്ടുകൾ ഇന്നു വന്നു തുടങ്ങാനിരിക്കെ ബുധനാഴ്ച ഇന്ത്യൻ വിപണി അൽപം താഴ്ന്നു. വലിയ ചാഞ്ചാട്ടം കണ്ട മുഖ്യസൂചികകൾ കാൽ ശതമാനത്തിൽ നഷ്ടം ഒതുക്കി. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ ഇടിഞ്ഞു. സെൻസെക്സ് ദിവസത്തിലെ ഉയരത്തിൽ നിന്നു 480 പോയിൻ്റ് വരെ താഴ്ന്നാണു ക്ലോസ് ചെയ്തത്.

ഐടി സൂചിക ഒന്നര ശതമാനത്തിലധികം ഉയർന്നതാണ് വിപണിയെ വലിയ താഴ്ചയിൽ നിന്നു രക്ഷിച്ചത്. കൺസ്യൂമർ ഡ്യുറബിൾസും ഉയർന്നു. മറ്റു മേഖലകളെല്ലാം താഴ്ചയിലായി. റിയൽറ്റി, ഓട്ടോ, ഓയിൽ, പൊതുമേഖലാ ബാങ്ക്, ഫാർമ, മീഡിയ, പ്രതിരോധ മേഖലകളാണു കൂടുതൽ ഇടിഞ്ഞത്. സ്വർണവില കുതിച്ചു കയറിയത് ടൈറ്റൻ അടക്കം ജ്വല്ലറി ഓഹരികളെ ഉയർത്തി.

ബുധനാഴ്ച നിഫ്റ്റി 62.15 പോയിൻ്റ് (0.25%) താഴ്ന്ന് 25,046.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 153.16 പോയിൻ്റ് (0.19%) കുറഞ്ഞ് 81,773.66 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 221.10 പോയിൻ്റ് (0.39%) നഷ്ടത്തോടെ 56,018. 25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 422.65 പോയിൻ്റ് (0.73%) ഉയർന്ന് 57,866.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 92.80 പോയിൻ്റ് (0.52%) നഷ്ത്തോടെ 17,890.60 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1670 ഓഹരികൾ ഉയർന്നപ്പോൾ 2516 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1248 ഓഹരികൾ, താഴ്ന്നത് 1863.

എൻഎസ്ഇയിൽ 118 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 110 എണ്ണം താഴ്ന്ന നിലയിൽ എത്തി. 103 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 51 എണ്ണം ലോവർ സർക്കീട്ടിൽ ആയി.

വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 81.28 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 329.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി നഷ്ടത്തിലായെങ്കിലും 25,000 നു മുകളിൽ നിന്നതു നിക്ഷേപകർക്കു പ്രതീക്ഷ പകരുന്നു. എങ്കിലും 25,200 കടന്നാലേ മുന്നേറ്റം തുടരാൻ കഴിയൂ. ഇന്നു നിഫ്റ്റിക്ക് 25,000 ലും 24,965 ലും പിന്തുണ ലഭിക്കും. 25,150 ലും 25,200 ലും തടസങ്ങൾ ഉണ്ടാകും.

സ്വർണത്തിൽ ലാഭമെടുപ്പ്, ഇടിഎഫുകൾക്കു പ്രിയം

ഔൺസിന് 4000 ഡോളറിനു മുകളിൽ എത്തിയ സ്വർണം ലാഭമെടുക്കലിനെ തുടർന്നു താഴ്ന്നു. ഇന്നലെ ന്യൂയോർക്കിൽ ഔൺസിനു 4060 ഡോളർ വരെ എത്തിയ സ്പോട്ട് വില 4042.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം വിലയെ 4000.70 ഡോളർ വരെ താഴ്ത്തി. പിന്നീട് 4026 ഡോളറിലേക്കു കയറി.

ഡിസംബർ അവധിവില 4070 ഡോളർ വരെ കയറി.

അസാധാരണ കയറ്റം കണ്ട സ്വർണം ഈ ദിവസങ്ങളിൽ അഞ്ചോ പത്തോ ശതമാനം തിരുത്തലിലേക്കു നീങ്ങാം എന്നു പല വിപണിവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഗാസാ സമാധാന കരാറാേ അമേരിക്കൻ ഭരണസ്തംഭനം അവസാനിക്കലോ അതിനുള്ള അവസരമാകും. ഈ വർഷം ഇതുവരെ കാര്യമായ തിരുത്തൽ ഇല്ലാതെയാണു സ്വർണം 54 ശതമാനത്താളം ഉയർന്നത്. ഇന്ത്യയിൽ 24 കാരറ്റ് സ്വർണം ഈ വർഷം 60 ശതമാനം കയറി 10 ഗ്രാമിന് 1,22,829 രൂപ എത്തി.

തിരുത്തൽ ഉണ്ടായാലും ഇല്ലെങ്കിലും സ്വർണവില മുകളിലോട്ടു തന്നെ നീങ്ങും എന്നതിൽ വിപണി ഏകാഭിപ്രായമാണു പ്രകടിപ്പിക്കുന്നത്. ഡിസംബർ അവസാനത്തേക്കു വിലലക്ഷ്യം 4400 മുതൽ 4600 വരെയാണു പല വിദഗ്ധരും പ്രവചിക്കുന്നത്. 2026 ഒടുവിൽ 5000 ഡോളർ ലക്ഷ്യം പറഞ്ഞിരുന്ന നിക്ഷേപ ബാങ്കുകൾ അത് താമസിയാതെ ഉയർത്തും എന്നാണു സൂചന. സ്വർണം 4000 ഡോളർ കടന്നതിൻ്റെ ആവേശത്തിൽ മണി മാർക്കറ്റ് ഫണ്ടുകളിൽ നിന്നു സ്വർണത്തിലേക്കും സ്വർണ ഇടിഎഫുകളിലേക്കും പണം മാറുന്നുണ്ട്.

സ്വർണ ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കളിലെ നിക്ഷേപം സെപ്റ്റംബർ അവസാനം 47,200 കോടി ഡോളർ ആയി എന്നു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. 3838 ടൺ സ്വർണമാണ് ഈ ഫണ്ടുകൾ വാങ്ങി വച്ചിരിക്കുന്നത്. 2020 നവംബറിലെ 3929 ടൺ എന്ന റെക്കോർഡിൽ നിന്നു രണ്ടു ശതമാനം മാത്രം കുറവ്.

ഇന്ത്യയിൽ സ്വർണ ഇടിഎഫുകളിലെ നിക്ഷേപം 1000 കോടി ഡോളർ (88,800 കോടി രൂപ) കടന്നു. സെപ്റ്റംബറിൽ സ്വർണ ഇടിഎഫുകളിലേക്ക് 90.2 കോടി ഡോളർ നിക്ഷേപം എത്തി. ഈ വർഷം ഇതുവരെ 218 കോടി ഡോളർ അവയിലേക്കു നീങ്ങി. 2022 ൽ 2.68 കോടിയും 2023 ൽ 29.53 കോടിയും 2024 ൽ 128 കോടിയും ഡോളർ നിക്ഷേപിച്ച സ്ഥാനത്താണിത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയാണ് ഇന്ത്യൻ ഇടിഎഫുകൾ ഒരു യൂണിറ്റ് നിക്ഷേപത്തിന് ഈടാക്കുന്നത്.

കേരളത്തിൽ 22 കാരറ്റ് പവൻവില ഇന്നലെ രണ്ടു തവണയായി 1400 രൂപ കയറി 90,880 രൂപ ആയി. ഇന്നു രാവിലെ വില അൽപം കുറയാം.

വെള്ളിവില ഔൺസിന് 48.78 ഡോളറിൽ എത്തി. വെള്ളി 50 ഡോളറിലേക്ക് എത്തും എന്നാണു പ്രതീക്ഷ.

പ്രധാന വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും കയറ്റം തുടർന്നു. ചെമ്പ് 0.89 ശതമാനം ഉയർന്നു ടണ്ണിന് 10,737.60 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.49 ശതമാനം കയറി ടണ്ണിന് 2755.75 ഡോളറിൽ എത്തി. ടിൻ 0.20 ശതമാനം കുറഞ്ഞു ടണ്ണിന് 36,499.50 ഡോളറിലായി. നിക്കലും ലെഡും താഴ്ന്നു. സിങ്ക് കയറി.

രാജ്യാന്തര വിപണിയിൽ റബർ വില 0.53 ശതമാനം താഴ്ന്നു കിലോഗ്രാമിന് 170.40 സെൻ്റ് ആയി.

കൊക്കോ വില 3.60 ശതമാനം ഇടിഞ്ഞു ടണ്ണിന് 5956.29 ഡോളറിൽ എത്തി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണു കൊക്കോ. 2024-ൽ ടണ്ണിനു 12,000 ഡോളറിനു മുകളിൽ കൊക്കാേ വില എത്തിയതാണ്. ഏറ്റവും വലിയ ഉൽപാദക രാജ്യമായ ഐവറി കോസ്റ്റ് കർഷകർക്കു നൽകുന്ന വില ഉയർത്തിയതും അനുകൂല കാലാവസ്ഥ വന്നതും വിപണിയിലെ ലഭ്യത കൂട്ടുന്നു എന്നതിൻ്റെ പേരിലാണ് വിലയിടിവ്.

കാപ്പി 2.29 ശതമാനം ഉയർന്നു. തേയില വില താഴ്ന്നു തുടരുന്നു. പാം ഓയിൽ വില 1.65 ശതമാനം കയറി.

ഡോളർ കയറിയിട്ട് ഇറങ്ങുന്നു

ഡോളർ സൂചിക ബുധനാഴ്ച ഉയർന്ന് 98.92 ൽ ക്ലോസ് ചെയ്തു. പിന്നീടു താഴോട്ടു നീങ്ങി. ഇന്നു രാവിലെ 98.75 ൽ എത്തി.

കറൻസി വിപണിയിൽ ഡോളർ ഇന്നലെയും ഉയർന്നു നിന്നു. യൂറോ 1.1631 ഡോളറിലും പൗണ്ട് 1.3404 ഡോളറിലും ആണ്. ജാപ്പനീസ് യെൻ ഡോളറിന് 152.61 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

യുഎസ് കടപ്പത്രങ്ങളുടെ വില അൽപം കയറി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.113 ശതമാനമായി താഴ്ന്നു.

ബുധനാഴ്ച ഇന്ത്യൻ രൂപ അൽപം താഴ്ന്നു. ഡോളർ 88.80 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറി, താഴ്ന്നു

ക്രൂഡ് ഓയിൽ വില ബുധനാഴ്ച 666 ഡോളറിനു മുകളിൽ എത്തിയിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം 66.25 ഡോളർ വരെ കയറിയിട്ട് 65.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ബാരലിന് 65.92 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 62.15 ഡോളറിലും മർബൻ ക്രൂഡ് 65.80 ഡോളറിലും ആണ്. പ്രകൃതിവാതക വില നാമമാത്രമായി താഴ്ന്നു.

ബിറ്റ്കോയിൻ കയറി

ക്രിപ്റ്റോ കറൻസികൾ ഇന്നലെ ഉയർന്നു. ഇന്നു രാവിലെ ബിറ്റ്കോയിൻ 1,22,500 ഡോളറിൽ ആയി. ഈഥർ ഉയർന്ന് 4475 ഉം സൊലാന 230 ഉം ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 ഒക്ടോബർ 08, ബുധൻ)

സെൻസെക്സ്30 81,773.66 -0.19%

നിഫ്റ്റി50 25,046.15 -0.25%

ബാങ്ക് നിഫ്റ്റി 56,018. 25 -0.39%

മിഡ് ക്യാപ്100 57,866.75 -0.73%

സ്മോൾക്യാപ്100 17,890.60 -0.52%

ഡൗജോൺസ് 46,601.78 -0.00%

എസ്ആൻഡ്പി 6753.72 +0.58%

നാസ്ഡാക് 23,043.38 +1.12%

ഡോളർ($) ₹88.80 +0.03

സ്വർണം(ഔൺസ്) $4042.10 +$56.50

സ്വർണം(പവൻ) ₹90,880 +₹ 1400

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ$65.72 +$0.27

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com