

അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാര ചർച്ച ഇന്നു ഡൽഹിയിൽ നടക്കും. കാര്യങ്ങൾ വേഗം നീക്കാനാണു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉദ്ദേശിക്കുന്നത് എന്നാണു സൂചന. ഇന്ത്യ നടത്തേണ്ട വിട്ടുവീഴ്ചകളെപ്പറ്റി ഇനിയും വ്യക്തത വന്നിട്ടില്ല.
നാളെ രാത്രിയാണ് യുഎസ് ഫെഡ് പലിശ തീരുമാനം പ്രഖ്യാപിക്കുക. വിലക്കയറ്റം കൂടിവരുമ്പോൾ പലിശ എത്ര കണ്ട് കുറയ്ക്കും എന്നതിലാണ് വിപണിയുടെ ശ്രദ്ധ.
ചൈനയുമായുള്ള യുഎസ് വ്യാപാര തർക്കങ്ങളിൽ ചെറിയ ധാരണ ഉണ്ടായതായി സൂചനയുണ്ട്. ടിക് ടോക് കാര്യത്തിൽ ഒത്തുതീർപ്പായി. വെള്ളിയാഴ്ച ട്രംപും ചൈനീസ് പ്രസിഡൻറും സംസാരിച്ച ശേഷം കാര്യങ്ങൾ അറിയിക്കും.
ഇന്നലെ യുഎസ് വിപണികൾ ഉയർന്നതും ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കയറുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കി. വ്യാപാര ചർച്ചയിലെ പുരോഗതിയിലാകും വിപണിയുടെ നോട്ടമത്രയും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,167.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,155 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ ഓഹരികൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. യുഎസ് - ചൈന ചർച്ചയിൽ ധാരണ ഉണ്ടായതു വിപണികൾക്ക് ആശ്വാസമായി. യുകെ സൂചിക എഫ്ടിഎസ്ഇ നാമമാത്രമായി താഴ്ന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും ഇന്നു ലണ്ടനിൽ എത്തും. ചാൾസ് രാജാവിൻ്റെ അതിഥിയായി വിൻഡ്സർ കൊട്ടാരത്തിൽ താമസിക്കുന്ന ട്രംപ് വ്യാഴാഴ്ചയാണു ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നത്. യുകെയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വരും. വ്യാഴാഴ്ചയാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ തീരുമാനം പ്രഖ്യാപിക്കുക. ഫ്രഞ്ച് സൂചിക സിഎസി ഒരു ശതമാനം ഉയർന്നു.
അമേരിക്കൻ വിപണികൾ തിങ്കളാഴ്ച നേട്ടത്തോടെ അവസാനിച്ചു. എസ് ആൻഡ് പി 6600 നു മുകളിൽ റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. നാസ്ഡാകും റെക്കോർഡ് ക്ലോസിംഗിലാണ്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ടിക് ടോക് സംബന്ധിച്ചു ധാരണയുടെ രൂപരേഖ ആയെന്നും വെള്ളിയാഴ്ച ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗുമായി ഫോണിൽ സംസാരിക്കുമെന്നും റിപ്പോർട്ടുകൾ വന്നത് വിപണിയെ സഹായിച്ചു. ചൈനയ്ക്കു പിഴച്ചുങ്കം ഉണ്ടാകില്ല എന്ന സൂചനയാണു സ്പെയിനിൽ നടന്ന ചർച്ചയ്ക്കു ശേഷം യുഎസ് വക്താക്കൾ നൽകിയത്.
നൂറു കോടി ഡോളറിനു താൻ ടെസ്‌ല ഓഹരികൾ വാങ്ങി എന്നു കമ്പനിസാരഥി ഇലോൺ മസ്ക് വെളിപ്പെടുത്തിയത് ടെസ്‌ല ഓഹരിയെ മൂന്നു ശതമാനം ഉയർത്തി. ടെസ്‌ല ഏപ്രിലിലെ താഴ്ചയിൽ നിന്ന് 85 ശതമാനം കയറി.
നിർമിതബുദ്ധി ഭീമൻ എൻവിഡിയ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് ചൈന ആരോപിച്ചത് കമ്പനി ഓഹരിയെ ഒന്നര ശതമാനം താഴ്ത്തി.
ഇന്നലെ നാലു ശതമാനം കുതിച്ചു കയറിയ ആൽഫബെറ്റ് (ഗൂഗിളിൻ്റെ മാതൃകമ്പനി) മൂന്നു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യം ഉള്ള നാലാമത്തെ കമ്പനിയായി. എൻവിഡിയ, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവയാണ് മുൻപേ ഈ പട്ടികയിൽ ഉള്ളവ.
വാർണർ ബ്രദേഴ്സ് -ഡിസ്കവറി വാങ്ങാൻ നെറ്റ്ഫ്ലിക്സും ശ്രമിക്കുമെന്നു റിപ്പോർട്ട്. ഓറക്കിൾ സഹസ്ഥാപകൻ ലാരി എല്ലിസൻ്റെ പുത്രൻ ഡേവിഡ് ഈയിടെ വാങ്ങിയ പാരമൗണ്ട് - സ്കൈഡാൻസ് വഴി വാർണർ ബ്രദേഴ്സ് - ഡിസ്കവറിയിൽ നോട്ടമിട്ടിട്ടുണ്ട്. 7000 കോടി ഡോളർ നൽകാൻ എല്ലിസൺ തയാറാണ്. നെറ്റ്ഫ്ലിക്സ് ഓഫർ തുക പരസ്യമാക്കിയിട്ടില്ല.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 49.23 പോയിൻ്റ് (0.11%) ഉയർന്ന് 45,883.45 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 30.99 പോയിൻ്റ് (0.47%) കയറി 6615.28 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 207.65 പോയിൻ്റ് (0.94%) കുതിച്ച് 22,348.75 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കെെ 0.3 ശതമാനം ഉയർന്നു. ആദ്യം 45,000 കടന്നു റെക്കോർഡ് കുറിച്ചിട്ടു നിക്കെ നേട്ടം കുറച്ചു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി തുടർച്ചയായ എട്ടു ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നലെ ഇന്ത്യൻ വിപണി നഷ്ടത്തിലായി. അമേരിക്കൻ ഫെഡിൻ്റെ പലിശ തീരുമാനം മുതൽ വ്യാപാരകരാർ ചർച്ചവരെയുള്ള വിഷയങ്ങൾ വിപണിയെ ബാധിച്ചു. ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് താഴ്ന്നു ക്ലോസ് ചെയ്തു. എങ്കിലും നിഫ്റ്റി 25,000 നു മുകളിൽ ക്ലോസ് ചെയ്തത് പ്രതീക്ഷ നിലനിർത്തി.
റിയൽറ്റി കമ്പനികളുടെ കുതിപ്പാണ് ഇന്നലെ വിപണിയെ വലിയ താഴ്ചയിൽ നിന്നു രക്ഷിച്ചത്. പാെതുമേഖലാ ബാങ്കുകളും ഓയിൽ കമ്പനികളും ഉയർന്നു. വാഹനങ്ങളും ഐടിയും ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും താഴ്ചയുടെ മുന്നിൽ നിന്നു.
നിഫ്റ്റി തിങ്കളാഴ്ച 44.80 പോയിൻ്റ് (0.18%) താഴ്ന്ന് 25,069.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 118.96 പോയിൻ്റ് (0.15%) കുറഞ്ഞ് 81,785.74 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 78.55 പോയിൻ്റ് (0.14%) നേട്ടത്തോടെ 54,887.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 258.90 പോയിൻ്റ് (0.44%) ഉയർന്ന് 58,486.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 137. 10 പോയിൻ്റ് (0.76%) കയറി 18,127.00 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2209 ഓഹരികൾ ഉയർന്നപ്പോൾ 2008 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1711 എണ്ണം. താഴ്ന്നത് 1356 ഓഹരികൾ.
എൻഎസ്ഇയിൽ 113 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 56 എണ്ണമാണ്. 129 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 32 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1268.59 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1933.33 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി മൂന്നു ദിവസം 25,000 കടന്നു ക്ലോസ് ചെയ്തു. അവിടെ നിന്നു കുതിച്ചു കയറാനുള്ള പ്രധാന തടസം ഇപ്പോൾ 25,150 -25,450 മേഖലയിലാണ്. ഇന്നു നിഫ്റ്റിക്ക് 25,050 ലും 24,995 ലും പിന്തുണ ലഭിക്കും. 25,140 ലും 25,190 ലും തടസങ്ങൾ ഉണ്ടാകും.
ഓഗസ്റ്റിലെ ഇന്ത്യൻ കയറ്റുമതി തലേ മാസത്തെ അപേക്ഷിച്ചു കുറഞ്ഞു. എന്നാൽ തലേവർഷം ഓഗസ്റ്റിനെ അപേക്ഷിച്ചു വർധിച്ചു. തലേ ഓഗസ്റ്റിൽ കയറ്റുമതി താരതമ്യേന കുറവായിരുന്നതാണ് 6.7 ശതമാനം വളർച്ച കാണാൻ കാരണം. ഇറക്കുമതിയും ഓഗസ്റ്റിൽ കുറവായി. ഓഗസ്റ്റിലെ കയറ്റുമതി 3510 കോടി ഡോളറും ഇറക്കുമതി 6159 കോടി ഡോളറും ആണ്. കമ്മി 2649 കോടി ഡോളർ. ഇതു ജൂലൈയിലെയും കഴിഞ്ഞ ഓഗസ്റ്റിലെയും കമ്മികളേക്കാൾ കുറവാണ്. സ്വർണ ഇറക്കുമതി കുറഞ്ഞതാണ് പ്രധാനമാറ്റം.
ഓഗസ്റ്റിൽ യുഎസിലേക്കുള്ള കയറ്റുമതി 15.4 ശതമാനം ഇടിഞ്ഞു.
ഓഗസ്റ്റ് 27 ന് അമേരിക്കയിലേക്കുളള കയറ്റുമതിക്കു ചുങ്കം 50 ശതമാനമാക്കിയതിനാൽ സെപ്റ്റംബറിലെ മൊത്തം കയറ്റുമതിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാം.
ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം ആസന്നമായതോടെ സ്വർണം വീണ്ടും കുതിച്ചു കയറി. ഡോളറിൻ്റെ ദൗർബല്യവും സ്വർണത്തിനു താങ്ങായി. തിങ്കളാഴ്ച സ്പോട്ട് വിപണിയിൽ സ്വർണം ഔൺസിന് 3684 ഡോളർ വരെ കയറിയിട്ടു 37.60 ഡോളർ നേട്ടത്തോടെ 3681.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3686.80 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു.
അവധിവില 3721.10 ഡോളർ വരെ കയറിയിട്ട് 3719 ൽ അവസാനിച്ചു.
കേരളത്തിൽ 22 കാരറ്റ് പവൻവില തിങ്കളാഴ്ച 80 രൂപ താഴ്ന്ന് 81,440 രൂപ ആയി. ഇന്നു വില ഗണ്യമായി കൂടും.
വെള്ളിവില കയറി ഔൺസിന് 42.65 ഡോളറിൽ എത്തി.
ചെമ്പും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങൾ ഇന്നലെ നേട്ടം ഉണ്ടാക്കി.. ചെമ്പ് 0.19 ശതമാനം താഴ്ന്ന് ടണ്ണിന് 9985.85 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.57 ശതമാനം കയറി 2704.98 ഡോളറിൽ ക്ലോസ് ചെയ്തു. ലെഡും സിങ്കും നിക്കലും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.40 ശതമാനം താഴ്ന്നു കിലോഗ്രാമിന് 173.10 സെൻ്റ് ആയി. കൊക്കോ 3.02 ശതമാനം ഉയർന്ന് ടണ്ണിന് 7644.00 ഡോളറിൽ എത്തി. കാപ്പി 3.53 ശതമാനവും തേയില 2.39 ശതമാനവും ഉയർന്നു. പാം ഓയിൽ വില മാറ്റമില്ലാതെ തുടർന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 97.27- 97.70 പരിധിയിൽ കയറിയിറങ്ങിയിട്ട് 97.30 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.36 ലാണു സൂചിക.
കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1765 ഡോളറിലേക്കും പൗണ്ട് 1.3601 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.35 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.045 ശതമാനമായി ഉയർന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ ചെറിയ നേട്ടത്തോടെ അവസാനിച്ചു. ഡോളർ ഏഴു പൈസ താഴ്ന്ന് 88.21 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിൽ തുടർന്നു.
വാരാന്ത്യത്തിൽ ഉയർന്ന ക്രൂഡ് ഓയിൽ വില ഇന്നലെ വീണ്ടും കൂടി. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു കൂടുതൽ എണ്ണ വാങ്ങും എന്ന സൂചനയാണ് വിലകൂട്ടുന്നത്. ബ്രെൻ്റ് ഇനം തിങ്കളാഴ്ച 67.44 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.66 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 63.48 ഡോളറിലും മർബൻ ക്രൂഡ് 71.16 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,15,400 ഡോളറിലേക്കു കയറി. ഈഥർ 4525 ഡോളറിലേക്കു താഴ്ന്നു. സൊലാന കാഴ്ന്ന് 234 ഡോളറിൽ ആയി.
(2025 സെപ്റ്റംബർ 15, തിങ്കൾ)
സെൻസെക്സ്30 81,785.74 -0.15%
നിഫ്റ്റി50 25,069.20 -0.18%
ബാങ്ക് നിഫ്റ്റി 54,887.85 +0.14%
മിഡ് ക്യാപ്100 58,486.10 +0.44%
സ്മോൾക്യാപ്100 18,127.00 +0.76%
ഡൗജോൺസ് 45,883.45 +0.11%
എസ്ആൻഡ്പി 6615.28 +0.47%
നാസ്ഡാക് 22,348.75 +0.94%
ഡോളർ($) ₹88.21 -₹0.07
സ്വർണം(ഔൺസ്) $3681.50 +$37.60
സ്വർണം(പവൻ) ₹81,440 -₹80
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $61.44 +$0.45
Read DhanamOnline in English
Subscribe to Dhanam Magazine