

ജിഎസ്ടി നിരക്കിലെ വെട്ടിക്കുറയ്ക്കല്‍ പ്രതീക്ഷ പോലെ സുഗമമായി നടന്നു. സെപ്റ്റംബര്‍ 22 നു പുതിയ നിരക്ക് പ്രാബല്യത്തിലാകും. പെന്‍സിലും ഭക്ഷ്യവസ്തുക്കളും എഫ്എംസിജിയും മുതല്‍ പാദരക്ഷകളും വസ്ത്രങ്ങളും വാഹനങ്ങളും വരെ എല്ലാ ഉല്‍പന്ന വിഭാഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങള്‍ക്കും വരെ ആശ്വാസമാണ് മാറ്റം. വിപണി ഇതു മുന്‍പേ കണക്കാക്കിയിരുന്നെങ്കിലും ഇന്നു നല്ല കുതിപ്പിനു വഴിതെളിക്കും. സെസ് വര്‍ധിപ്പിക്കുകയോ പുതിയവ ചുമത്തുകയോ ചെയ്തില്ല.
ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂട്ടുന്ന കാര്യം ഞായറാഴ്ച ഒപെക് യോഗം ചര്‍ച്ച ചെയ്യുന്നു എന്നതു ക്രൂഡ് വില താഴാന്‍ ഇടയാക്കി. ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,835.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,975 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്പ് ഉയര്‍ന്നു
യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു. ഉയര്‍ന്ന അമേരിക്കന്‍ തീരുവയ്ക്കിടയിലും വാച്ചസ് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ് വില്‍പനയിലെ മുന്നേറ്റം തുടര്‍ന്നു. ഒന്നാം പാദ റിസല്‍ട്ട് പ്രതീക്ഷയ്‌ക്കൊപ്പം വന്നു. 39 ശതമാനം ചുങ്കത്തിനു ശേഷവും യുഎസ് വ്യാപാരികള്‍ വാച്ച് ഇറക്കുമതി കുറച്ചില്ല. ജൂലൈയില്‍ കയറ്റുമതി 45 ശതമാനം കൂടി. ഓഹരി 6.1 ശതമാനം ഉയര്‍ന്നു ക്ലോസ് ചെയ്തു.
യുഎസ് വിപണി ഭിന്നദിശകളില്‍
കുത്തകവിരുദ്ധ കേസില്‍ അനുകൂല നടപടി വന്നതിന്റെ പേരിലെ ആല്‍ഫബെറ്റ് ഓഹരിയുടെ 9.1 ശതമാനം കുതിപ്പ് എസ് ആന്‍ഡ് പി, നാസ്ഡാക് സൂചികകളെ ഉയര്‍ത്തി. വിധി ആപ്പിളിനെ 3.8 ശതമാനം കയറ്റി. തുടക്കം മുതല്‍ നഷ്ടത്തിലായിരുന്ന ഡൗ ജോണ്‍സ് നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. ജൂലൈയിലെ യുഎസ് തൊഴിലവസര കണക്ക് പ്രതീക്ഷിച്ച 74 ലക്ഷത്തിനു പകരം 71.8 ലക്ഷമായി കുറഞ്ഞു.
വെള്ളിയാഴ്ച പുതിയ തൊഴില്‍ വര്‍ധനയുടെ കണക്ക് വരാനുണ്ട്. പ്രതീക്ഷയിലും വളരെ മികച്ച റിസല്‍ട്ട് പുറത്തിറക്കിയ റീട്ടെയില്‍ ശൃംഖല മേസീസ് 20.8 ശതമാനം കുതിച്ചു കയറി.
ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 24.58 പോയിന്റ് (0.05%) താഴ്ന്ന് 45,271.23 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 32.72 പോയിന്റ് (0.51%) നേട്ടത്തോടെ 6448.26 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 218.09 പോയിന്റ് (1.03%) കുതിച്ച് 21,497.72 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.08 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 0.14 ഉം നാസ്ഡാക് 0.20 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ സൂചിക 1.20 ശതമാനം കുതിച്ചു. ദക്ഷിണ കൊറിയന്‍ ഓസ്‌ട്രേലിയന്‍ വിപണികളും ഉയര്‍ന്നു. ചൈനീസ് വിപണി താഴ്ന്നപ്പോള്‍ ഹോങ് കോങ് ഉയര്‍ന്നു.
ഇന്ത്യന്‍ വിപണി ചാഞ്ചാടി, ഉയര്‍ന്നു
ബുധനാഴ്ച ഇന്ത്യന്‍ വിപണി തുടക്കത്തില്‍ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം കുതിച്ചു കയറി നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. രാജ്യാന്തര സൂചനകളെ തുടര്‍ന്ന് മെറ്റല്‍ ഓഹരികള്‍ കുതിച്ചത് ശ്രദ്ധേയമായി. മെറ്റല്‍ സൂചിക 3.11 ശതമാനം ഉയര്‍ന്ന ഇന്നലെ ടാറ്റാ സ്റ്റീല്‍ 5.96 ഉം സെയില്‍ 5.26 ഉം ജിന്‍ഡല്‍ സ്റ്റീല്‍ 5.47 ഉം ശതമാനം കുതിച്ചു.
ഐടി കമ്പനികള്‍ താഴ്ന്നു. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓട്ടോ, ബാങ്ക്, ധനകാര്യ മേഖലകള്‍ മികച്ച മുന്നേറ്റം നടത്തി.
നിഫ്റ്റി ബുധനാഴ്ച 135.45 പോയിന്റ് (0.55%) ഉയര്‍ന്ന് 24,715.05ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 409.83 പോയിന്റ് (0.51%) നേട്ടത്തോടെ 80,567.71 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 406.55 പോയിന്റ് (0.76%) കയറി 54,067.55 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 368.10 പോയിന്റ് (0.65%) ഉയര്‍ന്ന് 57,345.50 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 157.15 പോയിന്റ് (0.89%) കുതിച്ച് 17,748.45ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2544 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1572 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 2087 എണ്ണം. താഴ്ന്നത് 960 ഓഹരികള്‍.
എന്‍എസ്ഇയില്‍ 107 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 48 എണ്ണമാണ്. 123 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 57 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 1666.46 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2495.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി എപ്പോള്‍ 25,000 കടക്കും എന്ന ചോദ്യമാണ് ഇനിയുള്ള ദിവസങ്ങളില്‍ ഉയരുക. ഇന്നു നിഫ്റ്റിക്ക് 20,585 ലും 24,470 ലും പിന്തുണ ലഭിക്കാം. 24,790 ലും 24,865 ലും തടസങ്ങള്‍ ഉണ്ടാകും.
കമ്പനികള്‍, വാര്‍ത്തകള്‍
സൊമാറ്റോയെ പിന്തുടര്‍ന്ന് സ്വിഗ്ഗി ഫുഡ് ഡെലിവറിയുടെ പ്ലാറ്റ്‌ഫോം ഫീസ് 10-ല്‍ നിന്നു 15 രൂപയാക്കി. മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ വര്‍ധനയാണിത്.
ഭാരത് ഹെവി ഇലക്ടിക്കല്‍സിന് മധ്യ പ്രദേശിലെ അനുപ്പുര്‍ താപനിലയത്തിലെ യന്ത്രങ്ങള്‍ നല്‍കാന്‍ 2600 കോടി രൂപയുടെ കരാര്‍ ലഭിച്ചു.
നെതര്‍ലന്‍ഡ്‌സിലെ പെന്‍ഡ്രാ കെയര്‍ വാങ്ങാന്‍ പോളി മെഡിക്യൂര്‍ ലിമിറ്റഡ് കരാറില്‍ ഏര്‍പ്പെട്ടു.
ജിഎസ്ടി ആശ്വാസം
രാസവളത്തിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചത് യുപിഎല്‍, പിഐ ഇന്‍ഡസ്ട്രീസ്, റാലിസ് ഇന്ത്യ തുടങ്ങിയ രാസവള കമ്പനികള്‍ക്കു നേട്ടമാകും.
സോളര്‍ സാമഗ്രികള്‍ക്കു നികുതി 5% ആക്കിയത് അദാനി ഗ്രീന്‍, ടാറ്റാ പവര്‍, സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ തുടങ്ങിയവയെ സഹായിക്കും.
നൂലിനും തുണിക്കും 2500 രൂപ വരെയുള വസ്ത്രങ്ങള്‍ക്കും നികുതി 5% ആക്കിയത് അരവിന്ദ്, റെയ്മണ്ട് , പേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്കു നേട്ടമാകും.
വാഹന, സിമന്റ് കമ്പനികള്‍ക്കും ജിഎസ്ടി ഇളവ് കരുത്താകും. ടൂ വീലര്‍, ത്രീ വീലര്‍, ചെറു കാറുകള്‍, എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കള്‍ക്കാണു കൂടുതല്‍ ആശ്വാസം.
ലൈഫ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമയങ്ങള്‍ക്ക് നികുതി ഒഴിവാക്കിയത് എല്‍ഐസി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, സ്റ്റാര്‍ ഹെല്‍ത്ത് തുടങ്ങിയവയ്ക്കു നേട്ടമാകും.
ഉയര്‍ന്നുയര്‍ന്നു സ്വര്‍ണം
സ്വര്‍ണക്കുതിപ്പ് തുടരുന്നു. യുഎസ് തൊഴിലവസര കണക്ക് കോവിഡിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി. പലിശ കുറയ്ക്കല്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി ഇത്. സ്വര്‍ണക്കുതിപ്പിനു വേറൊരു താങ്ങായി ഇത്. സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ഇന്നലെ 29.80 ഡോളര്‍ കയറി ഔണ്‍സിന് 3560.30 ഡോളറില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 3577 ഡോളര്‍ എത്തിയിരുന്നു. ഇന്നു രാവിലെ വില 3554 ഡോളറിലേക്ക് താഴ്ന്നു. സ്വര്‍ണത്തിന്റെ അവധിവില 3616.90 ഡോളര്‍ വരെ എത്തിയിട്ട് അല്‍പം താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച 640 രൂപ കൂടി 78,440 രൂപയില്‍ എത്തി. ഇന്നും വില ഗണ്യമായി കയറും.
വെള്ളിവിലയും കയറ്റം തുടരുന്നു. ബുധനാഴ്ച ഔണ്‍സിന് 41.04 ഡോളറില്‍ ക്ലോസ് ചെയ്തു. ലഭ്യത തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കുറവായതാണ് വിലക്കുതിപ്പിനു കാരണം. സോളര്‍ പാനലുകളിലും മറ്റുമുള്ള ഉപയോഗമാണ് ആവശ്യം കൂട്ടുന്നത്.
ബുധനാഴ്ച വ്യാവസായിക ലോഹങ്ങള്‍ പൊതുവേ ഉയര്‍ന്നു. ചെമ്പ് 1.02 ശതമാനം കയറി ടണ്ണിന് 9872.85 ഡോളറില്‍ ആയി. അലൂമിനിയം 0.11 ശതമാനം കൂടി 2618.38 ഡോളറില്‍ എത്തി. നിക്കലും ലെഡും സിങ്കും ഉയര്‍ന്നപ്പോള്‍ ടിന്‍ 0.36 ശതമാനം താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.06 ശതമാനം കുറഞ്ഞു കിലോഗ്രാമിന് 174.30 സെന്റ് ആയി. കൊക്കോ 0.58 ശതമാനം ഉയര്‍ന്ന് ടണ്ണിന് 7463.07 ഡോളറില്‍ എത്തി. കാപ്പി 0.47 ശതമാനം കൂടി, തേയില 3.18 ഉം ശതമാനം താഴ്ന്നു. പാം ഓയില്‍ വില 0.74 ശതമാനം താഴ്ന്നു.
ഡോളര്‍ സൂചിക താഴോട്ട്
കുതിച്ചു കയറിയ ഡോളര്‍ സൂചിക ദുര്‍ബലമാകുന്നതാണ് ഇന്നലെ കണ്ടത്. ഇന്നലെ 0.25 ശതമാനം താഴ്ന്ന് 98.14 ല്‍ ഡോളര്‍ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.15 ആയി.
കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1657 ഡോളറിലേക്കും പൗണ്ട് 1.3434 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 147.99 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം കൂടി. അവയിലെ നിക്ഷേപനേട്ടം 4.215 ശതമാനമായി.
ബുധനാഴ്ച രൂപ ഉയര്‍ന്നു. ഡോളര്‍ ഒന്‍പതു പൈസ കുറഞ്ഞ് 88.07 രൂപയില്‍ ക്ലോസ് ചെയ്തു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.14 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ താഴ്ന്നു
ഉല്‍പാദനം കൂട്ടാന്‍ ഒപെക് ആലോചിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 2.8 ശതമാനം താഴ്ന്ന് ഇന്നു രാവിലെ 67.27 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 63.63 ഡോളറിലും മര്‍ബന്‍ ക്രൂഡ് 70.12 ഡോളറിലും ആണ്. പ്രകൃതിവാതക വില അല്‍പം ഉയര്‍ന്നു. അമേരിക്കന്‍ വളര്‍ച്ച കുറയുന്നതായ സൂചനയും ക്രൂഡ് വിലയെ താഴ്ത്തും.
ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റം തുടര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,11,750 ഡോളറിലേക്കും ഈഥര്‍ 4455 ഡോളറിലേക്കും കയറി. സൊലാനോ 210 ലേക്ക് ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine