വീണ്ടും ആവേശം; വിദേശ കാറ്റ് അനുകൂലം; കയറ്റുമതിയിൽ തിരിച്ചടി; ക്രൂഡ് ഉൽപാദനം കൂട്ടും; വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ പതറരുത്

വിപണി നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറി. രണ്ടു ദിവസത്തെ നഷ്ടങ്ങൾ മറികടന്നു. ഇന്നും ഉയർന്നു നീങ്ങാനുള്ള തയാറെടുപ്പിലാണ്.

ഇന്നലെ ഇന്ത്യൻ വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുമ്പോൾ മറ്റ്‌ ഏഷ്യൻ വിപണികൾ നഷ്ടത്തിലായിരുന്നു. യൂറോപ്യൻ വിപണികൾ പിന്നീടു ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.
യുഎസ് വിപണി ഇടിവോടെ തുടങ്ങിയ ശേഷം ശക്തമായി തിരിച്ചു കയറി.ഡൗ 1.33 ശതമാനവും എസ് ആൻഡ് പി 1.84 ശതമാനവും നാസ്ഡാക് 2.69 ശതമാനവും നേട്ടത്തിലാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഏഷ്യൻ വിപണികളും ആവേശകരമായ തുടക്കം കുറിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ഒന്നാം സെഷൻ 16,610 ൽ അവസാനിപ്പിച്ചു. രാത്രിയിലെ വ്യാപാരത്തിൽ സൂചിക 16,779 ലേക്കു കുതിച്ചു കയറി. ഇന്നു രാവിലെ അൽപം താണ് 16,760 ലാണ്. നിഫ്റ്റി നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 436.94 പോയിൻ്റ് (0.79%) നേട്ടത്തിൽ 55,818.11 ലും നിഫ്റ്റി 102.25 പോയിൻ്റ് (0.64%) നേട്ടത്തിൽ 16,628-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അൽപം താഴ്ന്ന നേട്ടമാണു കുറിച്ചത്. ഓയിൽ - ഗ്യാസ്, ഐടി, മെറ്റൽ, റിയൽറ്റി മേഖലകളുടെ കുതിപ്പാണ് സൂചികകളെ ഉയർത്തിയത്. 3.45 ശതമാനം കയറിയ റിലയൻസാണ് നേട്ടത്തിൻ്റെ മുന്തിയ ഭാരം വഹിച്ചത്.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 451.82 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. സ്വദേശി ഫണ്ടുകൾ 130.63 കോടിയുടെ ഓഹരികൾ വാങ്ങി. ക്യാഷ് വിപണിയിലെ വ്യാപാരത്തോത് സമീപ ദിവസങ്ങളിൽ കുത്തനേ ഇടിഞ്ഞിട്ടുണ്ട്. വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ നഷ്ടം നേരിട്ട റീട്ടെയിൽ ഇടപാടുകാർ പിൻവാങ്ങുന്നതാണു കാരണം.
വിപണി ബുളളിഷ് സൂചനകളാേടെയാണു ക്ലാേസ് ചെയ്തത്. 17,000-നു മുകളിലേക്കാണ് ഇപ്പാേഴത്തെ ലക്ഷ്യം. നിഫ്റ്റിക്കു 16,500 ലും 16,370 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,700 ലും 16,775 ലുമാണു പ്രാരംഭ തടസം.
ക്രൂഡ് ഓയിൽ ഉൽപാദന വർധന 50 ശതമാനം കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനം വിലയെ കാര്യമായി ബാധിച്ചില്ല. രണ്ടു വർഷമായി പഴയ ക്വോട്ടയേക്കാൾ 4.2 ലക്ഷം വീപ്പയാണ് ഈ രാജ്യങ്ങൾ അധികം ഉൽപാദിപ്പിച്ചിരുന്നത്. അത് 6.3 ലക്ഷം വീപ്പയാക്കാനാണു തീരുമാനം. യഥാർഥ വർധന 2.1 ലക്ഷം വീപ്പ മാത്രം. ക്രൂഡ് ഓയിൽ വില ആദ്യം 113 ഡോളറിലേക്ക് താണിട്ട് 117.6 ഡോളർ ആയി ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ഉണർവിലാണ്. സ്റ്റീൽ വില യൂറാേപ്പിലും ചൈനയിലും ഉയർന്നു തുടങ്ങി. ഇരുമ്പയിരു വില നാലു ശതമാനം വർധിച്ചു ടണ്ണിനു 142 ഡോളറായി.
സ്വർണം അപ്രതീക്ഷിതമായി കുതിച്ചു. ഡോളർ സൂചിക ഇടിഞ്ഞതാണു കാരണം. ബുധനാഴ്ച 102 ൽ എത്തിയ സൂചിക 102.7വരെ കയറിയിട്ട് 101.67 ലേക്കു തിരിച്ചു വീണു. ഇതു സ്വർണ ബുള്ളുകൾക്കു കരുത്തായി. വ്യാഴാഴ്ച 1869 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 1874 ഡോളറിലെത്തി. പിന്നീട് 1871-1873 ഡോളറിലാണു വ്യാപാരം. ഇന്നലെ കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,080 രൂപ ആയി. ഇന്നു രൂപ കൂടുതൽ കരുത്തു നേടുന്നില്ലെങ്കിൽ സ്വർണവിലയിൽ ഗണ്യമായ വർധന ഉണ്ടാകും.
ഡോളർ ഇന്നലെ നേട്ടത്തിൽ ആണു ക്ലോസ് ചെയ്തത്. 77.60 രൂപയിലാണു ക്ലോസിംഗ് .

കയറ്റുമതി രംഗത്തു തിരിച്ചടി

മേയ് മാസത്തിൽ ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി 15.5 ശതമാനം വർധിച്ചെങ്കിലും ഇറക്കുമതി 56.1 ശതമാനം കുതിച്ചു. വാണിജ്യകമ്മിയാകട്ടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 2333 കോടി ഡോളറിലെത്തി.
മേയിലെ കയറ്റുമതി 3730 കോടി ഡോളർ. ഇറക്കുമതി 6062 കോടി ഡോളർ. കയറ്റുമതിവർധന 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായി.
ശ്രദ്ധേയമായ കാര്യം മേയിലെ കയറ്റുമതി ഏപ്രിലിലേക്കാൾ 7.2 ശതമാനം കുറഞ്ഞതാണ്. ഏപ്രിലിൽ 4019 കോടി ഡോളറിൻ്റെ കയറ്റുമതി നടന്നിരുന്നു.
പെട്രോളിയം ഉൽപന്ന കയറ്റുമതി 52.7 ശതമാനം വർധിച്ചതാണ് മേയിൽ വലിയ നേട്ടമായത്. അതില്ലായിരുന്നെങ്കിൽ കയറ്റുമതിവർധന വെറും 8.1 ശതമാനം ആകുമായിരുന്നു.
ആഗോളവിപണിയിൽ ഉൽപന്നവിലകൾ ഉയർന്നു നിൽക്കുന്നതാണു വാണിജ്യ കമ്മി ഇങ്ങനെ കുതിക്കാൻ ഇടയാക്കുന്നത്. സ്വർണ ഇറക്കുമതി മേയിൽ ഒൻപതു മടങ്ങായി കൂടി. 580 കോടി ഡോളറാണ് കഴിഞ്ഞ മാസം സ്വർണ ഇറക്കുമതിക്കു ചെലവായത്. പെട്രോളിയം ഇറക്കുതിച്ചെലവ് ഇരട്ടിച്ച് 1810 കോടി ഡോളർ ആയി. കൽക്കരി ഇറക്കുമതിച്ചെലവ് ഇരട്ടിച്ച് 533 കോടി ഡോളറിലെത്തി.

ഇതാണു വിപണി; ഇവിടെ പകയ്ക്കരുത്

നല്ല വാർത്തകളുടെ അൽപഭാഗം കേട്ട് തുള്ളിച്ചാടും. എന്തും ഏതും വാങ്ങിക്കൂട്ടും. ചീത്ത വാർത്തകളുടെ സാധ്യത കേട്ട് വിഷാദത്തിനടിമയാകും. നല്ലതും ചീത്തയും നോക്കാതെ കൈയിലുള്ളതെല്ലാം വിറ്റൊഴിയും. ഒരു യുക്തിയും ന്യായവും ഇല്ല.
വിപണികൾ അങ്ങനെയാണ്. ഇതു വരെ അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ ആയിരിക്കും. അങ്ങനെ ആയിരിക്കുന്നതു കൊണ്ടാണ് വന്യമായ ചാഞ്ചാട്ടങ്ങൾ വിലയിൽ ഉണ്ടാകുന്നത്. സമർഥരായ നിക്ഷേപകർക്കും വ്യാപാരികൾക്കും നല്ല ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനും ചീത്ത ഓഹരികൾ നല്ല വിലയ്ക്കു വിറ്റൊഴിയാനും കഴിയുന്നത് അതു കൊണ്ടാണ്.
കഴിഞ്ഞ രണ്ടു ദിവസം ഓഹരികൾ താഴോട്ടു പോയതിനും ഇന്നലെ കയറിയതിനും വേറേ വിശദീകരണം ഇല്ലെന്നു പറയാം. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അതു തന്നെ സ്ഥിതി.
ഇന്നലെ യുഎസ് വിപണിയുടെ തുടക്കത്തിൽ മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി: ഏപ്രിൽ - ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനത്തിലും ലാഭക്ഷമതയിലും കുറവുണ്ടാകും. മൈക്രോസോഫ്റ്റ് ഓഹരി നാലു ശതമാനം ഇടിഞ്ഞു. മൈക്രോസാേഫ്റ്റ് മാത്രമല്ല വിപണി ഒന്നാകെ ഇടിഞ്ഞു. യുഎസ് ഡോളർ കരുത്തു നേടുന്നതു മൂലമാണ് റിസൽട്ട് മോശമാകുന്നത് എന്നായിരുന്നു മൈക്രോസോഫ്റ്റിൻ്റെ വാദം. ഒരു ശതമാനത്തോളം ഇടിഞ്ഞ സൂചികകൾ തുടർന്നുള്ള മണിക്കൂറുകളിൽ തിരിച്ചു കയറി ഒന്നര ശതമാനത്തിലേറെ നേട്ടത്തിൽ അവസാനിച്ചു. മൈക്രോസോഫ്റ്റ് ഓഹരിയും നേട്ടത്തിലായി. അതിനിടെ മൈക്രോസോഫ്റ്റിൻ്റെ വരുമാനം കൂട്ടാനോ ഇതുവരെ ഡോളറിൻ്റെ കരുത്തു മൂലം വന്ന നഷ്ടം നികത്താനോ പറ്റുന്ന ഒന്നും സംഭവിച്ചില്ല. പക്ഷേ വിപണി തിരിച്ചു കയറി.
അതാണു വിപണി. ഈ ചാഞ്ചാട്ടങ്ങളെ സ്ഥിരചിത്തതയോടെ അഭിമുഖീകരിച്ചു യുക്തമായ തീരുമാനമെടുക്കുന്നവർ നേട്ടമുണ്ടാക്കും. ഓരോ കമ്പനിയുടെ കാര്യത്തിലും പൊതുമേ വിപണിയെ ബാധിക്കുന്ന കാര്യങ്ങളിലുമെല്ലാം ഇങ്ങനെയാണ്. അവയെ നേട്ടത്തിനുള്ള അവസരങ്ങളായി ഉപയോഗിക്കാനാകണം.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it