വിപണി ആവേശത്തിൽ; യുഎസ് സെപ്റ്റംബറിൽ പലിശ കുറച്ചു തുടങ്ങും; സ്വർണം കയറുന്നു, ഡോളർ താഴുന്നു; സംഘർഷ ഭീതിയിൽ ക്രൂഡ് ഓയിൽ; ഇൻഫിക്കു കൂറ്റൻ നികുതി നോട്ടീസ്

വിപണി കുതിപ്പ് തുടരുന്നു. ഇന്ന് 25,000 കടക്കാൻ നിഫ്റ്റി 50 സൂചികയ്ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ബുള്ളിഷ് നിക്ഷേപകർ.
യുഎസ് ഫെഡറൽ റിസർവ് ബാേർഡ് ഇന്നലെ നിരക്കുകളിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ചത് വിപണിയെ സഹായിക്കുന്ന കാര്യമാണ്. വിപണിയുടെ പ്രതീക്ഷ ശരിവയ്ക്കുന്ന വിധം സെപ്റ്റംബറിൽ നിരക്കു കുറയ്ക്കും എന്ന വ്യക്തമായ സൂചന ഫെഡ് ചെയർമാൻ ജെറോം പവൽ നൽകുകയും ചെയ്തു. ചില്ലറ വിലക്കയറ്റം കുറഞ്ഞു നിന്നാൽ പലിശ കുറയ്ക്കും എന്നാണു പവൽ പറഞ്ഞത്. ഇതേ തുടർന്നു ഡോളർ അൽപം താഴ്ന്നു, സ്വർണം കയറി, 10 വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (yield) 4.05 ശതമാനമായി കുറഞ്ഞു.
ഹമാസ് തലവനെ ഇസ്രയേലി ചാരന്മാർ ഇറാൻ്റെ തലസ്ഥാനമായ ടെഹറാനിൽ വധിച്ചത് പശ്ചിമേഷ്യയിൽ സംഘർഷഭീതി വളർത്തി. ക്രൂഡ് ഓയിൽ വില രണ്ടര ശതമാനത്തിലധികം ഉയർന്നു. എന്നാൽ ഇതിൻ്റെ പേരിൽ തൽക്കാലം വലിയ തിരിച്ചടിക്കു ഹമാസോ ഇറാനോ മുതിരുന്നതായി സൂചനയില്ല.
ഇൻഫോസിസ് ടെക്നോളജീസിനു 32,000 കോടി രൂപയുടെ ജിഎസ്ടി നാേട്ടീസ് ലഭിച്ചതു വിപണി വലിയ ഗൗരവത്തോടെ എടുക്കാൻ സാധ്യത കുറവാണ്. ബാധ്യത ഇല്ലെന്ന കമ്പനിയുടെ വാദമാകും വിപണി സ്വീകരിക്കുക.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,088 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,110 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. കയറ്റുമതി വിലക്കു നീങ്ങിയതിനാൽ ഡച്ച് മെെക്രോചിപ് നിർമാതാക്കളായ എഎസ്എംഎൽ ഓഹരി 10 ശതമാനം കുതിച്ചു. യൂറോ മേഖലയിലെ ചില്ലറവിലക്കയറ്റം ജൂലെെയിൽ 26 ശതമാനത്തിലേക്ക് ഉയർന്നു.
യുഎസ് വിപണി ബുധനാഴ്ച മികച്ച കുതിപ്പ് നടത്തി. കഴിഞ്ഞ മാസത്തെ യുഎസ് താെഴിൽ വർധന മുൻ മാസത്തേക്കാൾ ഗണ്യമായി കുറഞ്ഞു. എങ്കിലും വിപണി അതിൽ വിഷമിച്ചില്ല. പലിശ കുറയ്ക്കാൻ അതു സഹായിക്കും എന്നതും കാരണമാകാം.
ഫെഡ് പണനയം പ്രഖ്യാപിക്കും മുൻപ് 41,200 നടുത്ത് എത്തിയ ഡൗ ജോൺസ് 360 പോയിൻ്റ് നഷ്ടപ്പെടുത്തിയാണ് കാൽ ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കഴിഞ്ഞ മാസത്തെ ഡൗവിൻ്റെ നേട്ടം നാലു ശതമാനമായി. എസ് ആൻഡ് പി ഒരു ശതമാനം പ്രതിമാസനേട്ടം ഉണ്ടാക്കി. നാസ്ഡാകിനു മാസനഷ്ടം ഒരു ശതമാനത്തിൽ താഴെയായി.
എൻവിഡിയ അടക്കം ടെക് ഓഹരികൾ വലിയ കയറ്റമാണ് ഇന്നലെ നടത്തിയത്. എൻവിഡിയ 13 ശതമാനം ഉയർന്നു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 99.46 പോയിൻ്റ് (0.24%) കയറി 40,842.79 ൽ അവസാനിച്ചു. എസ് ആൻഡ് പി 85.86 പോയിൻ്റ് (1.58%) കുതിച്ച് 5522.30 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 451.98 പോയിൻ്റ് (2.64%) നേട്ടത്തിൽ 17,599.40 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്. ദിശകളിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.53 ഉം നാസ്ഡാക് 0.84 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
വിപണിക്കു ശേഷം മെറ്റാ പ്ലാറ്റ് ഫോംസ് പ്രസിദ്ധീകരിച്ച രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. ഓഹരി ഏഴു ശതമാനം കുതിച്ചു. മൂന്നാം പാദത്തിൽ ലാഭവും വരുമാനവും മികച്ച വളർച്ച കാണിക്കുമെന്നു കമ്പനി കരുതുന്നു.
ആപ്പിളും ആമസോണും ഇന്നു രണ്ടാം പാദ റിസൽട്ട് പുറത്തു വിടും.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കെെ മൂന്നു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും വിപണി ഉയർന്നു.
ഇന്ത്യൻ വിപണി
വിദേശികൾ ഇന്നലെയും വിൽപന തുടർന്നെങ്കിലും ഇന്ത്യൻ വിപണി നല്ല കുതിപ്പ് നടത്തി. നിഫ്റ്റി ആദ്യമായി 24,900 നു മുകളിൽ ക്ലോസ് ചെയ്തു. ഇന്ന് 25,000 മറി കടക്കാൻ കഴിയും എന്നാണു പ്രതീക്ഷ. യുഎസ് ഫെഡ് തീരുമാനം അതിനു തക്ക അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. ഇന്നലെ സെൻസെക്സ് 81,828 വരെയും നിഫ്റ്റി 24,984.60 വരെയും ഉയർന്ന ശേഷമാണ് അൽപം താഴെ ക്ലോസ് ചെയ്തത്.
സെൻസെക്സ് ഇന്നലെ 285.94 പാേയിൻ്റ് (0.35%) ഉയർന്ന് 81,741.34 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 93.85 പോയിൻ്റ് (0.38%) കൂടി 24,951.15 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.11% (54.10 പോയിൻ്റ്) കയറി 51,553.40 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.63 ശതമാനം കുതിച്ച് 58,990.90 ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.36% താഴ്ന് 19,137.65 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 3462.36 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3366.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഉണ്ടാകും. എങ്കിലും 25,000 എന്ന ലക്ഷ്യം വിപണിക്കു പ്രാപ്യമാണ് എന്നു പരക്കെ പ്രതീക്ഷയുണ്ട്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,910 ലും 24,860 ലും പിന്തുണ ഉണ്ട്. 24,990 ലും 25,050 ലും തടസം ഉണ്ടാകാം.
ഇൻഫിക്ക് 32,000 കോടിയുടെ നികുതി നോട്ടീസ്
ഇൻഫോസിസ് ടെക്നോളജീസ് 32,000 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആരോപിച്ച് ജിഎസ്ടി വകുപ്പിൻ്റെ നോട്ടീസ്. വിദേശ ശാഖകളിൽ നിന്നു ലഭിച്ച പണത്തിന് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം ജിഎസ്ടി അടയ്ക്കണം എന്നാണു നോട്ടീസിൽ പറയുന്നത്. 2017-22 കാലത്തേതാണു ബാധ്യത. തങ്ങൾ എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും നാേട്ടീസിൽ പറയുന്ന ബാധ്യത ഇല്ലെന്നും കമ്പനി വിശദീകരിച്ചു. കയറ്റുമതിക്കു ജിഎസ്ടി ഇല്ലെന്നു കമ്പനി ചൂണ്ടിക്കാട്ടി.
ജിഎസ്ടി യുടെ നെറ്റ് വർക്ക് തുടങ്ങി മെയിൻ്റെയിൻ ചെയ്തു വരുന്നത് ഇൻഫോസിസ് ആണ്. ഇപ്പോഴത്തെ നോട്ടീസ് നികുതി ഭീകരതയാണെന്ന് ഇൻഫോസിസിൻ്റെ മുൻ ഡയറക്ടർ മോഹൻ ദാസ് പെെ പറഞ്ഞു. കമ്പനിയുടെ വാർഷിക ലാഭത്തോളം വരുന്ന തുകയാണു നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സ്വർണം വീണ്ടും കുതിച്ചു
യുഎസ് ഫെഡ് അടുത്ത യാേഗത്തിൽ പലിശ കുറയ്ക്കും എന്നു വ്യക്തമാക്കിയതോടെ സ്വർണം വലിയ കുതിപ്പ് നടത്തി. സ്വർണവില ഒന്നര ശതമാനത്തിലധികം കയറി ഔൺസിന് 2,450 ഡോളറിനടുത്ത് എത്തി. പിന്നീട് അൽപം താഴ്ന്നു 2,448.30 ഡോളറിൽ ക്ലോസ് ചെയ്തു. ഡിസംബർ അവധിവില 2,497 ഡോളർ വരെ കയറി. ഇനിയും വില ഉയരും എന്നാണ് വിപണിയിലെ സംസാരം അടുത്ത വർഷം 2,700 ഡോളർ ശരാശരി വിലയാകും എന്നു പ്രവചനങ്ങൾ ഉണ്ട്.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 640 രൂപ വർധിച്ച് 51,200 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി കൂടും.
വെള്ളിവില ഔൺസിന് 29 ഡോളറിലേക്കു കയറി. കേരളത്തിൽ വെള്ളി കിലോഗ്രാമിന് 89,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക ബുധനാഴ്ച 104.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.99 ലേക്കു താഴ്ന്നു.
രൂപ ഇന്നലെ നേരിയ നേട്ടം ഉണ്ടാക്കി. ഡോളർ ഒരു പെെസ താണ് 83.72 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 2.7 ശതമാനം ഉയർന്ന് 80.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.6 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 78. 60 ഉം യുഎഇയുടെ മർബൻ ക്രൂഡ് 80.57 ഉം ഡോളറിലാണ്.
യുഎസ് ഫെഡ് തീരുമാനം വ്യാവസായിക ലോഹങ്ങൾക്ക് ഉണർവായി. ആഴ്ചകളായി ഇടിഞ്ഞിരുന്ന ലോഹവിലകൾ തിരിച്ചു കയറി. ചെമ്പ് 3.33 ശതമാനം കുതിച്ച് ടണ്ണിന് 9,102.13 ഡോളറിൽ എത്തി. അലൂമിനിയം 2.95 ശതമാനം കയറി ടണ്ണിന് 2,290.20 ഡോളറായി. ടിൻ 4.24 ശതമാനവും നിക്കൽ 2.89 ശതമാനവും ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 64,700 ഡോളറിനടുത്തു തുടരുന്നു. ഈഥർ 3,235 ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ജൂലെെ 31, ബുധൻ)
സെൻസെക്സ് 30 81,741.34 +0.35%
നിഫ്റ്റി50 24,951.15 +0.38%
ബാങ്ക് നിഫ്റ്റി 51,553.40 +0.11%
മിഡ് ക്യാപ് 100 58,990.90 +0.63%
സ്മോൾ ക്യാപ് 100 19,137.65 -0.36%
ഡൗ ജോൺസ് 30 40,842.79 +0.24%
എസ് ആൻഡ് പി 500 5522.30 +1.58%
നാസ്ഡാക് 17,599.40 +2.64%
ഡോളർ($) ₹83.72 -₹0.01
ഡോളർ സൂചിക 104.02 -0.53
സ്വർണം (ഔൺസ്) $2448.30 +$36.90
സ്വർണം (പവൻ) ₹51,200 +₹640
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $80.72 +$02.09
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it