കുതിപ്പ് തുടരാന്‍ ബുള്ളുകള്‍, വിപണിയിലേക്ക് തടസമില്ലാതെ പണമൊഴുക്ക്, വീണ്ടും വിലക്കയറ്റ ആശങ്ക; ഡോളര്‍ കുതിപ്പില്‍ രൂപയ്ക്കു ക്ഷീണം

സാമ്പത്തിക സൂചനകള്‍ ആവേശകരമല്ലെങ്കിലും വിപണി കയറ്റം തുടരുകയാണ്. ഇന്നും നേട്ടം തുടരും എന്ന വിശ്വാസത്തിലാണു ബുള്ളുകള്‍. പുതിയ നിക്ഷേപകര്‍ ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. അതുപോലെ മ്യൂച്വല്‍ ഫണ്ടുകളിലേക്കും നല്ല പണ പ്രവാഹമുണ്ട്. മൗലികഘടകങ്ങള്‍ പരിഗണിക്കാതെ കുതിക്കാന്‍ വിപണിയെ ഇതു സഹായിക്കുന്നു.

ഓഗസ്റ്റില്‍ ഫാക്ടറി ഉല്‍പാദനത്തില്‍ ക്ഷീണം ഉണ്ടായതായി പി.എം.ഐ സൂചിക കാണിക്കുന്നു. ജൂലൈയിലെ 58.1ല്‍ നിന്ന് 57.5 ആയി സൂചിക.

ഈ മാസം മുഴുവന്‍ മഴ നീണ്ടു നില്‍ക്കും എന്നതു കാര്‍ഷികാേല്‍പാദനം കുറയ്ക്കും എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിളവെടുപ്പു തടസപ്പെടുകയും റാബി കൃഷിയിറക്കല്‍ വൈകുകയും ചെയ്യും. എല്ലാം വിലക്കയറ്റം കൂടാന്‍ കാരണമാകും.

ഡോളര്‍ സൂചിക ഉയര്‍ന്നു പോകുന്നതു രൂപയെ വീണ്ടും ദുര്‍ബലമാക്കും. ഡോളര്‍ കയറ്റം തുടര്‍ന്നാല്‍ 84 രൂപയില്‍ എത്താന്‍ വൈകില്ല.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,367ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,350 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്ന് നേരിയ ഉയര്‍ച്ചയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നേരിയ നഷ്ടത്തില്‍ അവസാനിച്ചു. യുഎസ് വിപണി ഇന്നലെ അവധി ആയിരുന്നു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.11, എസ്ആന്‍ഡ്പി 0.03, നാസ്ഡാക് 0.12 ശതമാനം താഴ്ന്നു നില്‍ക്കുന്നു. യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.915 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു പൊതുവേ കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ അര ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ വിലക്കയറ്റം 42 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചൈനീസ് വിപണികള്‍ താഴ്ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച തുടക്കം നല്ല കയറ്റത്തിലായിരുന്നു. പക്ഷേ ആ മുന്നേറ്റം പിന്നീടു നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസവും റെക്കോഡ് തിരുത്തിയ തുടക്കം ഉണ്ടായി. അവസാനിച്ചതും റെക്കോര്‍ഡ് ഉയരത്തില്‍. തുടര്‍ച്ചയായ പതിമ്മൂന്നാം ദിവസമാണ് വിപണി ഉയര്‍ന്നു ക്ലോസ് ചെയ്യുന്നത്.

സെന്‍സെക്‌സ് 82,725.28 എന്ന റെക്കോഡ് നിലയില്‍ വ്യാപാരം തുടങ്ങിയിട്ടു ഗണ്യമായി താഴ്ന്നു ക്ലോസ് ചെയ്തു. നിഫ്റ്റി 25,333.60ല്‍ വ്യാപാരം തുടങ്ങിയ ശേഷം 25,235.50 വരെ താഴ്ന്നു.

തിങ്കളാഴ്ച സെന്‍സെക്‌സ് 194.07 പോയിന്റ് (0.25%) ഉയര്‍ന്ന് 82,559.84ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 42.80 പോയിന്റ് (0.17%) നേട്ടത്തോടെ 25,278.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.17% (88.55 പോയിന്റ്) കയറി 51,439.55ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.23 ശതമാനം താഴ്ന്ന് 59,152.65ലും സ്‌മോള്‍ ക്യാപ് സൂചിക 0.33% കുറഞ്ഞ് 19,244.30ലും വ്യാപാരം അവസാനിപ്പിച്ചു.

മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, മീഡിയ, ഓട്ടോ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലകള്‍ ഇന്നലെ നഷ്ടത്തിലായി. എഫ്എംസിജി, ഐടി, ബാങ്ക്, ധനകാര്യ സേവന, ഓയില്‍-ഗ്യാസ് മേഖലകള്‍ ഉയര്‍ന്നു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 1,735.46 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 356.37 കോടി രൂപയുടെ ഓഹരികളും വാങ്ങി.

വിപണി ബുള്ളിഷ് മനോഭാവത്തിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 25,200നു മുകളില്‍ നിലനിന്നാല്‍ ക്രമേണ 25,500-25,700 മേഖലയിലേക്കു കടക്കാം എന്നാണു പ്രതീക്ഷ.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,245ലും 25,220ലും പിന്തുണ ഉണ്ട്. 25,320ലും 25,345ലും തടസം ഉണ്ടാകാം.

ഗുജറാത്തിലെ സംസ്ഥാന സര്‍ക്കാര്‍ കമ്പനികളായ ജിഎസ്പിസി, ജിഎസ്പിഎല്‍, ജിഎസ്പിസി എനര്‍ജി എന്നിവയെ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡില്‍ ലയിപ്പിക്കും. ഗുജറാത്ത് ഗ്യാസിന്റെ ഗ്യാസ് ട്രാന്‍സ്മിഷന്‍ ബിസിനസ് വേര്‍തിരിച്ച് ജിഎസ്പിഎല്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ലിസ്റ്റ് ചെയ്യും. ഗുജറാത്ത് ഗ്യാസ് ഓഹരി 13 ശതമാനം കുതിച്ചു.

ഒല ഇലക്ട്രിക് ഓഹരി തുടര്‍ച്ചയായി ഇടിയുകയാണ്. ഏഴു ദിവസം കൊണ്ട് ഓഹരിവില 27 ശതമാനം താഴ്ന്നു.

ഭവനവായ്പകളിലേക്കും മറ്റും പ്രവേശിക്കുന്നു എന്ന അറിയിപ്പ് ജിയോ ഫിനാന്‍ഷ്യല്‍ ഓഹരിയെ എട്ടു ശതമാനത്തിലധികം ഉയര്‍ത്തി. ഓഹരി എഫ്ആന്‍ഡ്ഒ വിഭാഗത്തിലേക്കു കടക്കാന്‍ സാധ്യതയുണ്ട്.

സ്വര്‍ണവും ക്രൂഡ് ഓയിലും താഴ്ന്നു

സ്വര്‍ണം വീണ്ടും താഴ്ന്നു. തിങ്കളാഴ്ച ഔണ്‍സിന് 2500.10 ഡോളറില്‍ ക്ലോസ് ചെയ്തു. സ്വര്‍ണം ഇന്നു രാവിലെ 2492 ഡോളറിലാണ്. ഡിസംബര്‍ അവധിവില ഔണ്‍സിന് 2527 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ 200 രൂപ കുറഞ്ഞ് പവന് 53,360 രൂപയില്‍ എത്തി.

വെള്ളിവില ഔണ്‍സിന് 28.34 ഡോളറിലേക്കു താഴ്ന്നു.

ഡോളര്‍ സൂചിക ഇന്നലെ അല്‍പം താഴ്ന്ന് 101.65ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.72ലേക്കു കയറി.

രൂപ തിങ്കളാഴ്ച ദുര്‍ബലമായി. ഡോളര്‍ ആറു പൈസ ഉയര്‍ന്ന് 83.92 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വീണ്ടും കയറിയിറങ്ങി. ലിബിയയില്‍ നിന്നുള്ള എണ്ണലഭ്യതയിലെ ആശങ്കയാണു കാരണം. ബ്രെന്റ് ഇനം മുക്കാല്‍ ശതമാനം കയറി 77.52 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 76.22 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 73.91 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 76.82 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറന്‍സികള്‍ താഴ്ചയില്‍ തുടരുന്നു. ബിറ്റ്‌കോയിന്‍ 59,100 ഡോളറിനടുത്താണ്. ഈഥര്‍ 25 35 ഡോളറിലേക്കു കയറി.

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും താഴ്ചയിലായി. ചെമ്പ് 1.70 ശതമാനം താഴ്ന്നു ടണ്ണിന് 9057.17 ഡോളറില്‍ എത്തി. അലൂമിനിയം 0.94 ശതമാനം താഴ്ന്ന് ടണ്ണിന് 2423.83 ഡോളര്‍ ആയി. നിക്കല്‍ 2.57ഉം സിങ്ക് 2.94 ഉം ടിന്‍ 3.47 ഉം ശതമാനം ഇടിഞ്ഞു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 02, തിങ്കള്‍)

സെന്‍സെക്‌സ് 30 82,559.84 +0.25%

നിഫ്റ്റി50 25,278.70 +0.17%

ബാങ്ക് നിഫ്റ്റി 51,439.55 +0.17%

മിഡ് ക്യാപ് 100 59,152.65 -0.23%

സ്‌മോള്‍ ക്യാപ് 100 19,244.30 -0.33%

ഡൗ ജോണ്‍സ് 30 41,563.08
+0.00%

എസ് ആന്‍ഡ് പി 500 5648.40 +0.00%

നാസ്ഡാക് 17,113.43 +0.00%

ഡോളര്‍($) ?83.92 +₹0.06

ഡോളര്‍ സൂചിക 101.65 -0.05

സ്വര്‍ണം (ഔണ്‍സ്) $2500.10 -$03.90

സ്വര്‍ണം (പവന്‍) ₹ 53,360 -?200

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $77.52 +$00.59
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it