വിപണികളില്‍ ചോരപ്പുഴ, ഇന്ത്യയിലും തകര്‍ച്ചയെന്നു സൂചന; മാന്ദ്യഭീതിയില്‍ ക്രൂഡ് ഓയില്‍ 74 ഡോളറിനു താഴെ; രൂപയും ദുര്‍ബലം

ഇന്ത്യന്‍ വിപണി ഇന്നു വലിയ തകര്‍ച്ചയാണു മുന്നില്‍ കാണുന്നത്. യു.എസിലും യൂറോപ്പിലും ഇന്നലെ ഒഴുകിയ ചോരപ്പുഴ ഇന്നു രാവിലെ ഏഷ്യയിലും ആവര്‍ത്തിച്ചു. ഡോളര്‍ ഉയരുകയും ക്രൂഡ് ഓയില്‍ വില ഇടിയുകയും ചെയ്തു. രൂപയും ദുര്‍ബല നിലയിലാണ്. ക്രിപ്‌റ്റോ കറന്‍സികളും ഇടിഞ്ഞു.

യു.എസില്‍ ഫാക്ടറി ഉല്‍പാദനം കുറഞ്ഞതായി കാണിക്കുന്ന രണ്ടു സര്‍വേഫലങ്ങളാണു തകര്‍ച്ചയ്ക്കു വഴിതെളിച്ചത്. കഴിഞ്ഞ മാസമാദ്യം ഉണ്ടായതു പോലെ സാമ്പത്തികമാന്ദ്യഭീതി വീണ്ടും വിപണികളെ വലച്ചു. ഈയാഴ്ച വരുന്ന തൊഴില്‍ കണക്കുകളിലാണു വിപണി ഇനി ശ്രദ്ധിക്കുക.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം റെക്കോഡ് ഉയരത്തില്‍ വരുന്ന ചെറിയ തിരുത്തലിനെ ആരോഗ്യകരമായി കണക്കാക്കാം. എന്നാല്‍ ഹ്രസ്വകാല നേട്ടം കണക്കാക്കി വാങ്ങിയ ഓഹരികളില്‍ തിരുത്തല്‍ ചിലപ്പോള്‍ വലിയ നഷ്ടത്തിനു വഴി വയ്ക്കാം. മികച്ച ഓഹരികള്‍ താഴ്ന്ന വിലയില്‍ വാങ്ങാന്‍ അവസരം വരുമോ എന്നു വിപണിയുടെ തുടര്‍ചലനങ്ങള്‍ കണ്ടാലേ അറിയാനാകൂ.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,242ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,155ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്ന് വലിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ഇടിഞ്ഞു. പ്രധാന സൂചികകള്‍ ഒരു ശതമാനം നഷ്ടത്തില്‍ അവസാനിച്ചു.

യു.എസ് വിപണി ഇന്നലെ വലിയ തകര്‍ച്ചയിലായി. ഓഗസ്റ്റ് അഞ്ചിലെ ചോരപ്പുഴയെ അനുസ്മരിപ്പിക്കുന്ന ഇടിവാണു കണ്ടത്. നിര്‍മിതബുദ്ധി ചിപ്പുകള്‍ നിര്‍മിക്കുന്ന എന്‍വിഡിയ പത്തു ശതമാനത്തോളം താഴ്ന്നു. എല്ലാ ചിപ്പ് നിര്‍മാതാക്കളും വീഴ്ചയിലായി. എസ്ആന്‍ഡ്പി 500 സൂചികയ്ക്ക് 2022 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മോശം ദിവസമായി ഇന്നലെ.

രണ്ടു ഫാക്ടറി ഉല്‍പാദന സൂചികകള്‍ ദൗര്‍ബല്യം കാണിച്ചതോടെ വിശാല വിപണിയും ഇടിഞ്ഞു. വീണ്ടും മാന്ദ്യഭീതി കടന്നുവന്നു. ഈ മാസം 18നു യു.എസ് ഫെഡ് പലിശനിരക്ക് 0.50 ശതമാനം (50 ബേസിസ് പോയിന്റ്) കുറയ്ക്കും എന്ന വിശ്വാസക്കാര്‍ വര്‍ധിച്ചു. ഓഗസ്റ്റ് ആദ്യവും മാന്ദ്യഭീതി പരത്തിയാണു വിപണിയെ താഴ്ത്തിയത്. പിന്നീടു മറിച്ചുള്ള തൊഴില്‍, ജി.ഡി.പി കണക്കുകള്‍ വന്നപ്പോള്‍ വിപണി തിരിച്ചു കയറി. ഈയാഴ്ച ഇനി താെഴില്‍ കണക്കുകള്‍ വരാനുണ്ട്.

ഡൗ ജോണ്‍സ് സൂചിക ഇന്നലെ 626.15 പോയിന്റ് (1.51%) താഴ്ന്നു 40,936.93ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 119.47 പോയിന്റ് (2.12%) വീണ് 5528.93ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 577.33 പോയിന്റ് (3.26%) ഇടിഞ്ഞ് 17,136.30ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു വലിയ താഴ്ചയിലാണ്. ഡൗ 0.24 ഉം എസ്ആന്‍ഡ്പി 0.46 ഉം നാസ്ഡാക് 0.73 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.825 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.

ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ തകര്‍ച്ചയിലാണ്. ജപ്പാനില്‍ നിക്കൈ നാലു ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയയില്‍ രണ്ടും കൊറിയയില്‍ രണ്ടരയും തായ് വാനില്‍ അഞ്ചും ശതമാനം ഇടിവുണ്ട്. ചൈനീസ് വിപണികളും താഴ്ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു. മുഖ്യ സൂചികകള്‍ കൂടുതല്‍ സമയവും താഴ്ന്നു ചാഞ്ചാടി. ഒടുവില്‍ നിഫ്റ്റി നാമമാത്ര കയറ്റത്തിലും സെന്‍സെക്‌സ് നാമമാത്ര താഴ്ചയിലും അവസാനിച്ചു. എന്‍.എസ്.ഇയില്‍ 1,420 ഓഹരികള്‍ ഉയരുകയും 1,320 ഓഹരികള്‍ താഴുകയും ചെയ്തു. ബി.എസ്.ഇയില്‍ 1,956 എണ്ണം കയറി, 1,995 എണ്ണം താഴ്ന്നു.

തുടര്‍ച്ചയായ ആറാം ദിവസവും റെക്കോഡ് തിരുത്തിയ തുടക്കം മുഖ്യ സൂചികകള്‍ക്ക് ഉണ്ടായി. നിഫ്റ്റി തുടര്‍ച്ചയായ പതിന്നാലാം ദിവസം റെക്കോഡ് ഉയരത്തില്‍ അവസാനിച്ചു. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട തുടര്‍ കയറ്റമാണിത്. പത്തു ദിവസത്തെ തുടര്‍കയറ്റത്തിനു ശേഷം സെന്‍സെക്‌സ് ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച സെന്‍സെക്‌സ് 4.40 പോയിന്റ് (0.01%) താഴ്ന്ന് 82,555.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 1.15 പോയിന്റ് (0.0%) കയറി 25,279.85ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.49% (249.55 പോയിന്റ്) ഉയര്‍ന്ന് 51,689.10ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.25 ശതമാനം കയറി 59,297.85ലും സ്‌മോള്‍ ക്യാപ് സൂചിക 0.43% ഉയര്‍ന്ന് 19,326.70ലും വ്യാപാരം അവസാനിപ്പിച്ചു.

മെറ്റല്‍, ഐടി, മീഡിയ, ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി, ഓയില്‍-ഗ്യാസ് മേഖലകള്‍ ഇന്നലെ നഷ്ടത്തിലായി. ബാങ്ക്, ധനകാര്യ സേവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകള്‍ ഉയര്‍ന്നു.

വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 1,029.25 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1,896.21 കോടി രൂപയുടെ ഓഹരികളും വാങ്ങി.

വിപണി അനിശ്ചിത നിലയിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 25,300നു മുകളില്‍ ക്ലോസ് ചെയ്താലേ 25,500-25,700 മേഖലയിലേക്കു കടക്കാനാകൂ എന്നാണു വിലയിരുത്തല്‍. 25,200നു താഴേക്കു നീങ്ങിയാല്‍ പിന്നീട് 25,000 ആണു പിന്തുണ.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,245 ലും 25,225ലും പിന്തുണ ഉണ്ട്. 25,310ലും 25,335ലും തടസം ഉണ്ടാകാം.

1.45 ലക്ഷം കോടിയുടെ പ്രതിരോധ വാങ്ങല്‍

കാബിനറ്റിന്റെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുമെന്ന പ്രതീക്ഷയില്‍ പ്രതിരോധ ഓഹരികള്‍ ഇന്നലെ ഗണ്യമായി കയറി. കഴിഞ്ഞ മാസം 30 ശതമാനത്തോളം ഇടിഞ്ഞതാണു മിക്ക പ്രതിരോധ ഓഹരികളും.

ഇന്നലെ വൈകുന്നേരം ചേര്‍ന്ന കൗണ്‍സില്‍ 1.45 ലക്ഷം കോടി രൂപയുടെ പത്തു മൂലധനസമാഹരണ പദ്ധതികള്‍ അംഗീകരിച്ചു. റഷ്യന്‍ നിര്‍മിത ടാങ്കുകളുടെ പകരക്കാരായി തദ്ദേശീയ ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വെഹിക്കിള്‍സ് (എഫ്ആര്‍സിവി) നിര്‍മിക്കും. എയര്‍ ഡിഫന്‍സ് ഫയര്‍ കണ്‍ട്രോള്‍ റഡാറുകള്‍, ഡോര്‍ണിയര്‍ 228 ഹെലികോപ്റ്ററുകള്‍, ഓഫ് ഷോര്‍ പട്രോള്‍ യാനങ്ങള്‍ എന്നിവയും വാങ്ങുന്നവയില്‍ പെടുന്നു.

സ്വര്‍ണം താഴ്ന്നു, ക്രൂഡ് ഓയില്‍ ഇടിഞ്ഞു

സ്വര്‍ണം വീണ്ടും താഴ്ന്നു. ചൊവ്വാഴ്ച ഔണ്‍സിന് 2,493.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,492 ഡോളറിലാണ്. ഡിസംബര്‍ അവധിവില ഔണ്‍സിന് 2,524.80 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ പവന് 53,360 രൂപയില്‍ തുടര്‍ന്നു. വെള്ളിവില ഔണ്‍സിന് 28.00 ഡോളറിലേക്കു താഴ്ന്നു. ഡോളര്‍ സൂചിക ഇന്നലെ അല്‍പം ഉയര്‍ന്ന് 101.83ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.69 ലേക്കു താണു.

ഡോളറിന്റെ കയറ്റത്തില്‍ രൂപ ചൊവ്വാഴ്ച ദുര്‍ബലമായി. ഡോളര്‍ അഞ്ചു പൈസ ഉയര്‍ന്ന് 83.97 രൂപ എന്ന റെക്കോഡില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വീണ്ടും ഇടിഞ്ഞു. ലിബിയന്‍ പ്രതിസന്ധി നീങ്ങുന്നതും സാമ്പത്തിക മാന്ദ്യഭീതിയുമാണു കാരണങ്ങള്‍. ബ്രെന്റ് ഇനം അഞ്ചു ശതമാനം ഇടിഞ്ഞ് 73.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 73.32 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 69.90, യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 73.25 ഡോളറിലാണ്.

ക്രിപ്റ്റാേ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ ആറു ശതമാനം ഇടിഞ്ഞ് 56,500 ഡോളറിനടുത്താണ്. ഈഥര്‍ പത്തു ശതമാനം തകര്‍ന്ന് 2.370 ഡോളറിലെത്തി.

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞു. ചെമ്പ് 2.22 ശതമാനം താഴ്ന്നു ടണ്ണിന് 8,856.00 ഡോളറില്‍ എത്തി. അലൂമിനിയം 0.67 ശതമാനം താഴ്ന്ന് ടണ്ണിന് 2407.50 ഡോളര്‍ ആയി. നിക്കല്‍ 0.62 സിങ്ക് 1.01 ടിന്‍ 1.36 ശതമാനം ഇടിഞ്ഞു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 03, ചാെവ്വ)

സെന്‍സെക്‌സ് 30 82,555.44 +0.01%

നിഫ്റ്റി50 25,279.85 +0.00%

ബാങ്ക് നിഫ്റ്റി 51,689.10 +0.49%

മിഡ് ക്യാപ് 100 59,297.85 +0.25%

സ്‌മോള്‍ ക്യാപ് 100 19,326.70 +0.43%

ഡൗ ജോണ്‍സ് 30 40,936.93
-1. 51%

എസ് ആന്‍ഡ് പി 500 5528.93 -2.12%

നാസ്ഡാക് 17,136.30 -3.26%

ഡോളര്‍($) ₹83.97 +₹0.05

ഡോളര്‍ സൂചിക 101.83 +0.18

സ്വര്‍ണം (ഔണ്‍സ്) $2493.80 -$06.30

സ്വര്‍ണം (പവന്‍) ₹ 53,360 ?00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $73.75 -$03.77

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it