പുതിയ കുതിപ്പിനു വിപണി; വിദേശത്തു നിന്നുള്ള ആശങ്കകൾ നിങ്ങി; ക്രൂഡ് ഓയിൽ 73 ഡോളറിൽ


അമേരിക്കൻ വിപണിയിലെ ചുഴലിക്കാറ്റ് ഇവിടെ ദുർബലമായി. മാന്ദ്യഭീതി അത്ര കാര്യമുള്ളതല്ലെന്ന് ബുധനാഴ്ചത്തെ വ്യാപാരവും ഇന്നത്തെ യുഎസ് ഫ്യൂച്ചേഴ്സും കാണിക്കുന്നു. ഇതിൻ്റെ ആവേശം ഇന്നു വിപണിയിൽ ഉണ്ടാകും. പുതിയ റെക്കോർഡ് കുറിക്കാൻ സൂചികകൾ ശ്രമിക്കും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,348 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,375 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെയും ഇടിഞ്ഞു. പ്രധാന സൂചികകൾ ഒരു ശതമാനം നഷ്ടത്തിലായി.

യുഎസ് വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയിട്ടു രാവിലെ നല്ല കയറ്റം നടത്തി പക്ഷേ ഉയർന്ന നില തുടരാനായില്ല. ചെറിയ നഷ്ടവും നാമമാത്ര നേട്ടവുമായി സൂചികകൾ അവസാനിച്ചു.

ഇന്നലെ വന്ന തൊഴിൽ കണക്ക് അശുഭവാദികളുടെ നിലപാട് ശരിവയ്ക്കുന്നതായിരുന്നു. ജൂലെെയിലെ താെഴിലവസര വർധന 76.7 ലക്ഷമായി. 2021 ജനുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വർധന. ഇതോടെ അടുത്ത ഫെഡ് യോഗം പലിശ നിരക്ക് 0.50 ശതമാനം കുറയ്ക്കും എന്നു വിപണി കണക്കാക്കാൻ തുടങ്ങി. എന്നാൽ കടപ്പത്ര വിലകൾ ഇതിൽ നിന്നു വ്യത്യസ്തമായ ചിത്രമാണു നൽകിയത്. വിപണി ചെറിയ താഴ്ചയിലുമായി.

നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ ഇന്നലെ 1.66 ശതമാനം താഴ്ന്നു. വിപണി ക്ലോസ് ചെയ്ത ശേഷമുള്ള വ്യാപാരത്തിൽ ഓഹരി അരശതമാനം കയറി. ജൂണിൽ 140 ഡോളർ വരെ എത്തിയ ഓഹരി ഇന്നലെ 106 ഡോളറിലാണ്. കമ്പനിക്കെതിരേ കുത്തകവിരുദ്ധ കമ്മീഷൻ്റെ അന്വേഷണം നടക്കുന്നതും വിലയിടിവിനു കാരണമാണ്.

ഡൗ ജോൺസ് സൂചിക ഇന്നലെ 38.04 പോയിൻ്റ് (0.09%) കയറി 40,974.97 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.86 പോയിൻ്റ് (0.16%) താഴ്ന്ന് 5520.07 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 52.00 പോയിൻ്റ് (0.30%) കുറഞ്ഞു 17,084.30 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.755 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി. പിന്നീട് അൽപം താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു പാെതുവേ കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെെയും ടോപ്പിക്സും മാത്രം താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച വലിയ ഇടിവോടെ തുടങ്ങിയിട്ടു പിന്നീട് നഷ്ടം കുറച്ചു. ആഗോള തകർച്ച ഇവിടെ പ്രതിഫലിച്ചില്ല. ഇന്ത്യൻ വിപണിയെ ഇപ്പോൾ നിയന്ത്രിക്കുന്നതു വിദേശ ഫണ്ടുകൾ അല്ലെന്നും സ്വദേശി റീട്ടെയിൽ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ആണെന്നും സ്ഥിരീകരിക്കുന്നതായി ഇന്നലത്തെ വിപണി നീക്കങ്ങൾ. വിപണി തുടകത്തിലേക്കാൾ ഉയർന്ന് അവസാനിച്ചത് ബുള്ളിഷ് പ്രവണതയ്ക്കു കോട്ടം ഇല്ലെന്നും കാണിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നാമമാത്രമായേ താഴ്ന്നുള്ളു. എൻഎസ്ഇയിൽ 1318 ഓഹരികൾ ഉയരുകയും 1404 ഓഹരികൾ താഴുകയും ചെയ്തു. ബിഎസ്ഇയിൽ 1845 എണ്ണം കയറി, 2117 എണ്ണം താഴ്ന്നു.

നിഫ്റ്റി തുടർച്ചയായ പതിന്നാലു ദിവസത്തിനു ശേഷം ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. ബുധനാഴ്ച സെൻസെക്സ് 202.80 പാേയിൻ്റ് (0.25%) താഴ്ന്ന് 82,352.64 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 81.10 പോയിൻ്റ് (0.32%) നഷ്ടത്താേടെ 25,198.70 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.5% (288.85 പോയിൻ്റ്) ഇടിഞ്ഞ് 51,400.25 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.13 ശതമാനം താഴ്ന്ന് 59,223.70 ലും സ്മോൾ ക്യാപ് സൂചിക 0.02% കുറഞ്ഞ് 19,322.25 ' ലും വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക്, മെറ്റൽ, ഐടി, ഓട്ടോ, ഓയിൽ - ഗ്യാസ്, ധനകാര്യ മേഖലകൾ ഇന്നലെ നഷ്ടത്തിലായി. എഫ്എംസിജി, റിയൽറ്റി, ഹെൽത്ത് കെയർ, ഫാർമ മേഖലകൾ ഉയർന്നു.

മോർഗൻ സ്റ്റാൻലി ഇന്ത്യൻ ബാങ്കുകളുടെ ലാഭക്ഷമത കുറയുമെന്ന തരത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് പാെതുമേഖലാ ബാങ്കുകൾക്കു ക്ഷീണമായി. ഫെഡറൽ ബാങ്ക് ഓഹരിക്കും അതു ക്ഷീണം വരുത്തി. ഓഹരി 3.27 ശതമാനം താഴ്ന്ന് 188.25 ൽ ക്ലോസ് ചെയ്തു. എന്നാൽ ചില ബ്രോക്കറേജുകൾ ഫെഡറൽ ബാങ്കിന് 230 രൂപ ലക്ഷ്യവില പറഞ്ഞു വാങ്ങൽ ശിപാർശ നൽകുന്നു.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 975.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 97.35 കോടി രൂപയുടെ ഓഹരികളും വാങ്ങി.

നിഫ്റ്റി 25,200 നു മുകളിൽ നിലനിന്നാൽ 25,300- 25,500 മേഖലയിലേക്കു കടക്കും എന്നാണു വിലയിരുത്തൽ.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,115 ലും 25,085 ലും പിന്തുണ ഉണ്ട്. 25,215 ലും 25,250 ലും തടസം ഉണ്ടാകാം.

ക്രൂഡ് ഓയിൽ താഴ്ന്നു തന്നെ

സ്വർണം അൽപം ഉയർന്നു. ബുധനാഴ്ച ഔൺസിന് 2496.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2498 ഡോളറിലാണ്. ഡിസംബർ അവധിവില ഔൺസിന് 2526.30 ഡോളറിലേക്കു കയറി.

കേരളത്തിൽ സ്വർണവില ഇന്നലെയും മാറ്റമില്ലാതെ പവന് 53,360 രൂപയിൽ തുടർന്നു.

വെള്ളിവില ഔൺസിന് 28.27 ഡോളറിലേക്ക് ഉയർന്നു.

ഡോളർ സൂചിക ഇന്നലെ അൽപം താഴ്ന്ന് 101.36 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.30 ലേക്കു താഴ്ന്നു.

ഡോളർ സൂചിക താഴ്ന്നെങ്കിലും രൂപയ്ക്കു നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല. ഡോളർ തലേ ദിവസത്തെ 83.97 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ താഴ്ന്നു തുടരുന്നു. ബ്രെൻ്റ് ഇനം 72.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 73.12 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 69.62 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.10 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ തിരിച്ചു കയറി. ബിറ്റ്കോയിൻ 56,000 ഡോളറിനു താഴെ വന്ന ശേഷം 58,000 ഡോളറിലേക്കു കയറി. ഈഥർ 2450 ഡോളറിലെത്തി.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പ് 0.29 ശതമാനം താഴ്ന്നു ടണ്ണിന് 8830.25 ഡോളറിൽ എത്തി. അലൂമിനിയം 0.44 ശതമാനം താഴ്ന്ന് ടണ്ണിന് 2396.86 ഡോളർ ആയി. നിക്കൽ 1.55 ഉം സിങ്ക് 0.61 ഉം ടിൻ 2.27 ഉം ലെഡ് 0.81 ഉം ശതമാനം ഇടിഞ്ഞു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 04, ബുധൻ)

സെൻസെക്സ് 30 82,352.64 -0.25%

നിഫ്റ്റി50 25,198.70 -0.32%

ബാങ്ക് നിഫ്റ്റി 51,400.25 -0.56%

മിഡ് ക്യാപ് 100 59,223.70 -0.13%

സ്മോൾ ക്യാപ് 100 19,322.75 -0.02%

ഡൗ ജോൺസ് 30 40,974.97

+0.09%

എസ് ആൻഡ് പി 500 5520.0 -0.16%

നാസ്ഡാക് 17,084.30 -0.30%

ഡോളർ($) ₹83.97 +₹0.00

ഡോളർ സൂചിക 101.36 -0.47

സ്വർണം (ഔൺസ്) $2496.20 +$02.40

സ്വർണം (പവൻ) ₹ 53,360 ₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.70 -$01.05

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it