

മുഹൂര്‍ത്ത വ്യാപാരത്തിനു ശേഷം ഇന്ന് ഇന്ത്യന്‍ വിപണി മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനു വഴി തെളിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണു വിപണിക്ക് ആവേശം പകരുന്നത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കുകയും അമേരിക്കന്‍ പ്രകൃതിവാതകവും സോയാബീനും സോയാ പിണ്ണാക്കും സസ്യ എണ്ണയും എഥനോളും വാങ്ങുകയും ചെയ്യാന്‍ തയാറാവുകയും ചെയ്യും. അമേരിക്ക ഇന്ത്യയുടെ ചുങ്കം 50-ല്‍ നിന്ന് 15 -16 ശതമാനമായി കുറയ്ക്കും എന്നാണു റിപ്പോര്‍ട്ട്.
ഇതിനിടെ അമേരിക്ക -ചൈന വ്യാപാരയുദ്ധം രൂക്ഷമായി. ചൈനയിലേക്ക് ഉയര്‍ന്ന ടെക്‌നോളജി ഉല്‍പന്നങ്ങളുടെ കയറ്റുമതി വിലക്കി. ട്രംപ് - ഷി ഉച്ചകോടിയും സംശയത്തിലായി. യുക്രെയ്ന്‍ കാര്യത്തില്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ട്രംപ് റദ്ദാക്കുമെന്നാണു സൂചന കൂടുതല്‍ റഷ്യന്‍ എണ്ണകമ്പനികള്‍ക്കു ട്രംപ് ഉപരോധവും പ്രഖ്യാപിച്ചു. ഇത് ഏഷ്യന്‍ വിപണികളെ താഴ്ത്തി.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച 26,295.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,233.00 വരെ താഴ്ന്നു. എങ്കിലും ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്പ് താഴ്ന്നു
യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച നഷ്ടത്തിലായി. എഫ്ടിഎസ്ഇ ഒഴികെ മിക്ക സൂചികകളും ഇടിഞ്ഞു. കമ്പനി റിസല്‍ട്ടുകളും ഭാവി വരുമാനപ്രതീക്ഷകളും ആവേശം നല്‍കുന്നില്ല. ഗുച്ചിയുടെ സൗന്ദര്യ സംവര്‍ധക ഉല്‍പന്ന വിഭാഗമായ കെറിംഗിനെ സ്വന്തമാക്കാന്‍ ല് ഓറിയല്‍ തീരുമാനിച്ചു. ഇതു വിപണിക്ക് അത്ര ഇഷ്ടപ്പെട്ടില്ല മികച്ച വളര്‍ച്ച കാണിച്ച റിസല്‍ട്ടിനു ശേഷം ലെ ഓറിയല്‍ ഓഹരി ആറു ശതമാനം താഴ്ന്നു.
യുഎസില്‍ കയറ്റം
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മികച്ച മുന്നേറ്റം നടത്തിയ യുഎസ് വിപണി ബുധനാഴ്ച താഴ്ന്നു. വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നതാണു വിപണിയെ ആശങ്കയിലാക്കുന്നത്. യുക്രെയ്‌നില്‍ വെടി നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി പ്രമുഖ റഷ്യന്‍ എണ്ണക്കമ്പനികളെ അമേരിക്ക ഉപരോധപട്ടികയില്‍ പെടുത്തിയതു ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനം ഉയരാന്‍ കാരണമായി. ട്രംപ് - പുടിന്‍ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായി.
ചൈനയ്ക്ക് നൂതന ഐടി സാങ്കേതികവിദ്യ വിലക്കാനുള്ള ട്രംപിന്റെ നീക്കം അമേരിക്കയ്ക്കും തിരിച്ചടിയാകും എന്നു വിപണി കരുതുന്നു. എന്‍വിഡിയയും ആപ്പിളും അടക്കം ടെക് ഓഹരികള്‍ താഴ്ന്നു. പ്രതീക്ഷയേക്കാള്‍ താഴ്ന്ന റിസല്‍ട്ടില്‍ ഐബിഎം ആറു ശതമാനം ഇടിഞ്ഞു.
ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് റിസല്‍ട്ട് പ്രതീക്ഷയിലും മോശമായത് സെമികണ്ടക്ടര്‍ ഓഹരികളെ മുഴുവന്‍ താഴ്ത്തി. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ലിക്‌സ് വരുമാനം കുറവായതു മൂലം 10 ശതമാനം ഇടിഞ്ഞു. ടെസ്ല മൂന്നാം പാദത്തില്‍ വില്‍പനയും വരുമാനവും കൂട്ടിയെങ്കിലും ലാഭം കുറഞ്ഞു. ഓഹരി 3.63 ശതമാനം താഴ്ന്നു.
ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 334.33 പോയിന്റ് (0.71%) താഴ്ന്ന് 46,590.41 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 35.95 പോയിന്റ് (0.53%) നഷ്ടത്തോടെ 6699.40 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 213. 27 പോയിന്റ് (0.93%) ഇടിഞ്ഞ് 22,740.40 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഭിന്ന ദിശകളിലാണ്. ഡൗ 0.10 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 0.14 ഉം നാസ്ഡാക് 0.22 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. അമേരിക്ക- ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നതാണു കാരണം. ജപ്പാനില്‍ നിക്കൈ 1.2 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയന്‍ സൂചിക 1.50 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ വിപണിയും താഴ്ന്നു. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകളും താഴ്ചയിലാണ്.
തിങ്കളാഴ്ച ആവേശകരമായി മുന്നേറിയ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ഗണ്യമായ ഭാഗം നഷ്ടമാക്കിയാണു ക്ലോസ് ചെയ്തത്. അമേരിക്കയുമായുള്ള വ്യാപാരകരാര്‍ ചര്‍ച്ച കഴിഞ്ഞു വന്ന സംഘം ഒന്നും പറയാതിരുന്നതു കരാറിനെപ്പറ്റി ആശങ്ക പരത്തി. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ തീരുവ കുറയ്ക്കില്ലെന്നു ട്രംപ് ഭീഷണിപ്പെടുത്തിയത് ആശങ്ക കൂട്ടി. ഒരു ശതമാനത്തിനടുത്തു വരെ കയറിയ സൂചികകള്‍ അര ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഒരു മണിക്കൂര്‍ നടന്ന മുഹൂര്‍ത്ത വ്യാപാരവും തുടക്കത്തിലെ നേട്ടം നിലനിര്‍ത്തിയില്ല. മുഖ്യ സൂചികകള്‍ നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി താഴുകയും ചെയ്തു. മീഡിയ, മെറ്റല്‍, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഉയര്‍ന്നു. പൊതു മേഖലാ ബാങ്കുകളും റിയല്‍റ്റിയും താഴ്ന്നു.
തിങ്കളാഴ്ച നിഫ്റ്റി 123.30 പോയിന്റ് (0.52%) ഉയര്‍ന്ന് 25,843.15 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 411.18 പോയിന്റ് (0.49%) കയറി 84,363.37 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 319.85 പോയിന്റ് (0.55%) നേട്ടത്തോടെ 58,033.20 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 442.25 പോയിന്റ് (0.75%) കയറി 59,344.50 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 83.75 പോയിന്റ് (0.46%) ഉയര്‍ന്ന് 18,206.15 ല്‍ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച മുഹൂര്‍ത്ത വ്യാപാരത്തില്‍ നിഫ്റ്റി 25.45 പോയിന്റ് (0.10%) ഉയര്‍ന്ന് 25,868.60 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.97 പോയിന്റ് (0.07%) കയറി 84,426.34 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 26.00 പോയിന്റ് (0.04%) കുറഞ്ഞ് 58,007.20 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 65.05 പോയിന്റ് (0.11%) കയറി 59,409.55 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 94.50 പോയിന്റ് (0.52%) ഉയര്‍ന്ന് 18,300.65 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയില്‍ 3025 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 908 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 2206 എണ്ണം. താഴ്ന്നത് 701 ഓഹരികള്‍.
എന്‍എസ്ഇയില്‍ 113 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 44 എണ്ണമാണ്. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഒരെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ തിങ്കളാഴ്ച 790.45 കാേടി രൂപയുടെയും ചൊവ്വാഴ്ച 96.72 കാേടി രൂപയുടെയും അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ തിങ്കളാഴ്ച 2485.46 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ചൊവ്വാഴ്ച 607.01 കോടി രൂപയുടെ അറ്റവില്‍പന നടത്തി.
നിഫ്റ്റി രണ്ടു ദിവസവും 25,900 കടന്നെങ്കിലും അവിടെ നിലനില്‍ക്കാനായില്ല. മുഹൂര്‍ത്ത വ്യാപാരത്തില്‍ 25,850 നു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നും വിപണി ആവേശകരമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 26,277 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ആകും ഇന്നത്തെ ശ്രമം. ഇന്നു നിഫ്റ്റിക്ക് 25,830 ലും 25,800 ലും പിന്തുണ ലഭിക്കും. 25,940 ലും 26,010 ലും തടസങ്ങള്‍ ഉണ്ടാകും.
സ്വര്‍ണം 4400 ഡോളറിനു തൊട്ടടുത്ത് എത്തിയിട്ടു വലിയ തിരിച്ചടിയിലായി. കഴിഞ്ഞ ആഴ്ച ആറു ശതമാനം ഉയര്‍ന്നെങ്കിലും വെള്ളിയാഴ്ച ഉയര്‍ന്ന നിലയില്‍ നിന്ന് നാലര ശതമാനം ഇടിഞ്ഞു. പിന്നീടു തലേന്നത്തേക്കാള്‍ 1.72 ശതമാനം കുറഞ്ഞ് അവസാനിച്ചു. തിങ്കളാഴ്ച ഔണ്‍സിന് 4381.21 ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ചിട്ട് താഴ്ന്ന് 4357.10ല്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച വീണ്ടും വലിയ തകര്‍ച്ചയായി. ആദ്യം അഞ്ചര ശതമാനം ഇടിഞ്ഞു. പിന്നീടു കുറേ തിരിച്ചു കയറി 4128.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നഷ്ടം 222 ഡോളര്‍.ബുധനാഴ്ച ഏഷ്യന്‍ വ്യാപാരത്തില്‍ വില 4003 ഡോളര്‍ വരെ എത്തിയെങ്കിലും പിന്നീടു കയറി 4099.50 ഡോളറില്‍ ക്ലോസ് ചെയ്തു. നഷ്ടം 29.40 ഡോളര്‍. ഇന്നു രാവിലെ വില 4065 ഡോളര്‍ വരെ താഴ്ന്നിട്ട് അല്‍പം കയറി. ഇന്നും വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്.ഠ
തുടര്‍ച്ചയായ പത്ത് ആഴ്ച ഉയര്‍ന്ന ചരിത്രം 1970 നു ശേഷം സ്വര്‍ണത്തിന് ഉണ്ടായിട്ടില്ല. ഏഴ് ആഴ്ച തുടര്‍ച്ചയായി ഉയര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ വില ഗണ്യമായി ഇടിയുന്നതാണ് 1983 നു ശേഷമുള്ള ചരിത്രം. രണ്ടു പാരമ്പര്യങ്ങളെയും ശരിവയ്ക്കുന്ന രീതിയിലാണ് വിപണി നീങ്ങുന്നത്. തിരുത്തല്‍ ഇല്ലാതെ നടന്ന വലിയ കുതിച്ചു കയറ്റം അനിവാര്യമായ തിരുത്തലിലേക്കു മാറുന്നു എന്നാണു വിലയിരുത്തല്‍.
സ്വര്‍ണം അവധിവില ഇന്നു രാവിലെ 4133.60 ഡോളര്‍ വരെ ഉയര്‍ന്നിട്ടു 4079 വരെ താഴ്ന്നു. പിന്നീട് 4100 ഡോളറിനു താഴെ നീങ്ങുന്നു.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 2440 രൂപ ഉയര്‍ന്ന് 97,360 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കു ശേഷം ഇന്നലെ92,320 രൂപയില്‍ നിന്നു.
വെള്ളിവിലയെ അസാധാരണ ഉയരത്തില്‍ എത്തിച്ച ദൗര്‍ലഭ്യത്തിന് ഒട്ടൊക്കെ പരിഹാരമായി. അമേരിക്കയിലും ചൈനയിലും നിന്നു നൂറുകണക്കിനു ടണ്‍ സ്വര്‍ണബാറുകള്‍ ലണ്ടനിലേക്കു വിമാനമാര്‍ഗം എത്തിച്ചാണ് അത്യാവശ്യ ലഭ്യത ഉറപ്പാക്കിയത്. ഇനിയും സ്വര്‍ണം എത്തുമെന്നാണു പ്രതീക്ഷ. എങ്കിലും വിപണിയിലെ കമ്മി തുടരും. 54.5 ഡോളറില്‍ നിന്ന് 48 ഡോളറിനടുത്തേക്ക് ഇടിഞ്ഞ ശേഷം വില കാര്യമായി താഴ്ന്നിട്ടില്ല. ഇന്നു രാവിലെ അവധി വില 48.02 ഡോളറിലാണ്. സ്‌പോട്ട് വില 48.37 ഡോളറിലും. ലഭ്യത കമ്മിയാണെന്ന് അവധിവില താഴ്ന്നു നില്‍ക്കുന്നതില്‍ നിന്നു മനസിലാക്കാം.
പ്ലാറ്റിനം, പല്ലാഡിയം, റോഡിയം എന്നിവയും സ്വര്‍ണത്തിനു സമാന്തരമായി താഴ്ന്നു നില്‍ക്കുന്നു.
വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.12 ശതമാനം താഴ്ന്നു ടണ്ണിന് 10,599.35 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.82 ശതമാനം കയറി 2809.25 ഡോളറില്‍ എത്തി. ലെഡും ടിന്നും ഉയര്‍ന്നപ്പാേള്‍ നിക്കലും സിങ്കും താഴ്ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 1.29 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 172.30 സെന്റ് ആയി. കൊക്കോ 6.46 ശതമാനം കുതിച്ച് ടണ്ണിന് 6298.00 ഡോളറില്‍ എത്തി. കാപ്പി 2.51 ശതമാനം ഉയര്‍ന്നപ്പോള്‍ തേയില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. പാം ഓയില്‍ വില 0.70 ശതമാനം താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ 99 നു മുകളില്‍ കയറിയ ഡോളര്‍ സൂചിക ഇന്നലെ താഴ്ന്ന് 98.90 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.97 ലേക്കു കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ ഭിന്ന ദിശകളിലായി. യൂറോ 1.601 ഡോളറിലേക്കു കയറി. പൗണ്ട് 1.334 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 152.37 യെന്‍ എന്ന നിരക്കിലേക്ക് താണു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില ഉയര്‍ന്നു. അവയിലെ നിക്ഷേപനേട്ടം 3.955 ശതമാനത്തിലേക്കു താഴ്ന്നു.
റിസര്‍വ് ബാങ്കിന്റെ ഇടപെടലില്‍ രൂപ തിങ്കളാഴ്ച അല്‍പം കയറി. ഡോളര്‍ അഞ്ചു പൈസ താഴ്ന്ന് 87.93 രൂപയില്‍ ക്ലോസ് ചെയ്തു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.
രണ്ടു പ്രമുഖ റഷ്യന്‍ എണ്ണ കമ്പനികളെ അമേരിക്ക ഉപരോധ പട്ടികയില്‍ പെടുത്തിയത് ക്രൂഡ് ഓയില്‍ വിലയെ 61 ഡോളറില്‍ നിന്ന് 64.44 ഡോളറില്‍ എത്തിച്ചു. അഞ്ചര ശതമാനം കുതിപ്പ്. പിന്നീട് ബ്രെന്റ് ഇനത്തിന്റെ വില അല്‍പം താഴ്ന്ന് 64 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ 59.78 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.34 ഡോളറിലും ആണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ കുത്തനേ താഴ്ന്നു നില്‍ക്കുന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,08,200ഡോളറിനു താഴെയാണ്. ഈഥര്‍ 3820 ഡോളറിലേക്കു താഴ്ന്നു. സൊലാന 182 ഡോളറിനു താഴെ എത്തി.
(2025 ഒക്ടോബര്‍ 20, തിങ്കള്‍)
സെന്‍സെക്‌സ്30 84,363.37 +0.49%
നിഫ്റ്റി50 25,843.15 +0.52%
ബാങ്ക് നിഫ്റ്റി 58,033.20 +0.55%
മിഡ് ക്യാപ്100 59,344.50 +0.75%
സ്‌മോള്‍ക്യാപ്100 18,206.15 +0.46%
ഡൗജോണ്‍സ് 46,706.58 +1.12%
എസ്ആന്‍ഡ്പി 6735.13 +1.07%
നാസ്ഡാക് 22,990.54 +1.37%
ഡോളര്‍($) ₹87.93 -₹0.05
സ്വര്‍ണം(ഔണ്‍സ്) $4357.10 +$104.50
സ്വര്‍ണം(പവന്‍) ₹95,840 -₹120
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $61.01 -$0.28
സെന്‍സെക്‌സ്30 84,426.34 +0.07%
നിഫ്റ്റി50 25,868.60 +0.10%
ബാങ്ക് നിഫ്റ്റി 58,007.20 -0.04%
മിഡ് ക്യാപ്100 59,409.55 +0.11%
സ്‌മോള്‍ക്യാപ്100 18,300.65 +0.52%
ഡൗജോണ്‍സ് 46,924.74 +0.47%
എസ്ആന്‍ഡ്പി 6735.35 +0.00%
നാസ്ഡാക് 22,953.67 -0.16%
ഡോളര്‍($) ₹87.93 ?0.00
സ്വര്‍ണം(ഔണ്‍സ്) $4128.90 -$222.20
സ്വര്‍ണം(പവന്‍) ₹95,760 -₹80
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $61.32 +$0.31
ഡൗജോണ്‍സ് 46,590.41 -0.71%
എസ്ആന്‍ഡ്പി 6699.40 -0.53%
നാസ്ഡാക് 22,740.40 -0.93%
ഡോളര്‍($) ₹87.93 ₹0.00
സ്വര്‍ണം(ഔണ്‍സ്) $4099.50 -$29.40
സ്വര്‍ണം(പവന്‍) ₹92,320 -₹3440
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $62.59 +$1.29
Read DhanamOnline in English
Subscribe to Dhanam Magazine