ശുഭസൂചനകൾ കുറവ്; ഇന്ത്യ -യുഎസ് ചർച്ചകൾ നടക്കുന്നു; ഏഷ്യൻ വിപണികൾ ഉയരുന്നു; സ്വർണക്കുതിപ്പ് തുടരുന്നു

morning business news
morning business newscanva
Published on

വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും നടന്ന ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ കാര്യമായ പുരോഗതി കാണിച്ചില്ല. ഇത് ഇന്നു വിപണിയെ ദുര്‍ബലമാക്കും എന്ന് ആശങ്കയുണ്ട്. എച്ച് വണ്‍ ബി വിഷയത്തില്‍ ഇന്നലെ കുത്തനെ വീണ ഐടി ഓഹരികള്‍ ഇന്ന് ആശ്വാസറാലി നടത്തും എന്നു ചിലര്‍ക്കു പ്രതീക്ഷയുണ്ട്. പക്ഷേ എഡിആര്‍ വിപണിയില്‍ ഇന്‍ഫോസിസും വിപ്രാേയും നേട്ടത്തിനു സൂചന നല്‍കിയില്ല. രണ്ടു ദിവസം വാങ്ങലുകാര്‍ ആയ ശേഷം വിദേശനിക്ഷേപകര്‍ ഇന്നലെ വലിയ വില്‍പനക്കാരായതും ശുഭസൂചനയല്ല.

വാഷിംഗ്ടണില്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വാണിജ്യസെക്രട്ടറി ഹവാര്‍ഡ് ലുട്‌നിക്കുമായും ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും ചര്‍ച്ചകള്‍ നടത്തി. ജയശങ്കര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നലെ നടന്ന ചര്‍ച്ചകള്‍ പ്രസക്തമായ ഒരു ധാരണയിലും എത്തിയില്ല. ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ നിലയിലാണ് ഇപ്പോള്‍. വ്യാപാര കാര്യത്തിലെ കടുംപിടുത്തത്തിന് അയവ് വരുമെന്ന ഒരു സൂചനയും അമേരിക്കയില്‍ നിന്ന് ഉണ്ടായിട്ടില്ല.

പശ്ചിമേഷ്യന്‍, യുക്രെയ്ന്‍ സംഘര്‍ഷങ്ങളില്‍ അയവ് ഇല്ലെങ്കിലും ക്രൂഡ് ഓയില്‍ വില ഉയരുന്നില്ല. യുഎസ് ഫെഡ് ഇനിയും പലിശ കുറയ്ക്കും എന്ന സൂചന സ്വര്‍ണവിലയെ കുതിച്ചു കയറ്റുകയാണ്. ഇന്നു രാവിലെ വില ഔണ്‍സിന് 3,750 ഡോളര്‍ കടന്നു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,305.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,251 വരെ ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ചയില്‍

യൂറോപ്യന്‍ ഓഹരികള്‍ തിങ്കളാഴ്ചയും നഷ്ടത്തില്‍ അവസാനിച്ചു. വാഹന ഓഹരികള്‍ക്കു വലിയ ക്ഷീണം നേരിട്ടു. പോര്‍ഷെ ഈ വര്‍ഷത്തെ ലാഭ പ്രതീക്ഷ കുറച്ചതിലാണു തുടക്കം. പോര്‍ഷെ 7.2ഉം ആ കമ്പനിയിലെ മുഖ്യ ഓഹരിഉടമയായ ഫോക്‌സ് വാഗണ്‍ 7.1ഉം ശതമാനം ഇടിഞ്ഞു.

യുഎസ് വിപണികള്‍ ഉയര്‍ന്നു

അമേരിക്കന്‍ വിപണികള്‍ തിങ്കളാഴ്ചയും റെക്കോര്‍ഡ് കുറിച്ചു. മൂന്നു പ്രധാന സൂചികകളും റെക്കോര്‍ഡ് തിരുത്തി. ടെക് ഓഹരികളാണു വിപണിയെ ഉയര്‍ത്തിയത്. ഓറക്കിള്‍ സിഇഒ സഫ്‌റ കാറ്റ്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയി മാറി. പകരം രണ്ടു പേരെ കോ-സിഇഒ മാരായി നിയമിച്ചു. ഓഹരി ആറു ശതമാനം ഉയര്‍ന്നു. എന്‍വിഡിയ 3.93 ഉം ആപ്പിള്‍ 4.31 ഉം ശതമാനം കയറി. ഓപ്പണ്‍ എഐയില്‍ 10,000 കോടി ഡോളര്‍ നിക്ഷേപിക്കും എന്ന് എന്‍വിഡിയ വെളിപ്പെടുത്തി.

ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 66.27 പോയിന്റ് (0.14%) ഉയര്‍ന്ന് 46,381.54ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 29.39 പോയിന്റ് (0.44%) കയറി 6693.75 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 157.50 പോയിന്റ് (0.70%) ഉയര്‍ന്ന് 22,788.98ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു നാമമാത്ര നേട്ടത്തിലാണ്. ഡൗ 0.05 ഉം എസ് ആന്‍ഡ് പി 0.03 ഉം നാസ്ഡാക് 0.02 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നും കുതിപ്പിലാണ്. ഇന്നലെ റെക്കോര്‍ഡ് കുറിച്ച ജാപ്പനീസ് വിപണിക്ക് ഇന്ന് അവധിയാണ്. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ കയറി. ഹോങ് കോങ്, ചൈനീസ് വിപണികള്‍ താഴ്ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ്ങില്‍ ഒരു സൂപ്പര്‍ ടൈഫൂണ്‍ (ചുഴലിക്കാറ്റ്) അടിക്കുന്നുണ്ട്.

ഇന്ത്യന്‍ വിപണി ദുര്‍ബലമായി

എച്ച് വണ്‍ ബി വീസ വിഷയം ഇന്നലെ ഇന്ത്യന്‍ വിപണിയെ താഴ്ത്തി. രാവിലെ നല്ല താഴ്ചയില്‍ വ്യാപാരം തുടങ്ങിയ ശേഷം അല്‍പ സമയത്തേക്കു സൂചികകള്‍ നേട്ടത്തിലായി എങ്കിലും വീണ്ടും താഴ്ന്ന് അവസാന മണിക്കൂറില്‍ വലിയ നഷ്ടത്തിലായി.

നിഫ്റ്റി 124.70 പോയിന്റ് (0.49%) താഴ്ന്ന് 25,202.35ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 466.26 പോയിന്റ് (0.56%) ഇടിഞ്ഞ് 82,159.97ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 174.10 പോയിന്റ് (0.31%) നഷ്ടത്തോടെ 55,284.75ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 394.85 പോയിന്റ് (0.66%) താഴ്ന്ന് 58,699.50ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 215.65 പോയിന്റ് (1.16%) ഇടിഞ്ഞ് 18,288.90ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1,688 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2,612 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1,184 എണ്ണം. താഴ്ന്നത് 1,919 ഓഹരികള്‍.

എന്‍എസ്ഇയില്‍ 137 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 64 എണ്ണമാണ്. 122 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 75 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 2,910.09 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2582.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി മുന്നേറ്റത്തിലേക്കു തിരിച്ചു വരും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ. ഇന്നു നിഫ്റ്റി 25,150 നു മുകളില്‍ തുടര്‍ന്നാല്‍ 25,500 ലക്ഷ്യം വയ്ക്കാന്‍ സാധിക്കും. മറിച്ചായാല്‍ 24,900 - 25,000 ആകും പിന്തുണ നിലവാരം. ഇന്നു നിഫ്റ്റിക്ക് 25,155 ലും 25,050 ലും പിന്തുണ ലഭിക്കും. 25,300 ലും 25,410 ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

കെ-ഫിന്‍ ടെക്‌നോളജീസിലെ 15 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് ബള്‍ക്ക് വിപണിയില്‍ വില്‍ക്കും. നേരത്തേ അവര്‍ 26 ശതമാനം ഓഹരി വിറ്റതാണ്. ഇപ്പോള്‍ 22.9 ശതമാനം ഓഹരി ഉണ്ട്. ഇന്നത്തെ വില്‍പന അഞ്ചു മുതല്‍ എട്ടുവരെ ശതമാനം ഡിസ്‌കൗണ്ടിലാകും.

കെഇസി ഇന്റര്‍നാഷണല്‍ അമേരിക്കയിലും യുഎഇയിലും ആയി 3243 കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ നേടി.

മൂലധന വിപണിയില്‍ അഞ്ചു ദശകക്കാലത്തെ പരിചയമുള്ള കീര്‍ത്തി ദോഷി എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യലില്‍ 21 ശതമാനം ഓഹരി 227.5 കോടി രൂപയ്ക്കു സ്വന്തമാക്കി.

30,000 കോടി രൂപയ്ക്കു ഡ്രോണുകള്‍ വാങ്ങാന്‍ ഗവണ്മെന്റ് നടപടി തുടങ്ങും എന്നു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഒരു ചാനലില്‍ പറഞ്ഞു. സെന്‍ ടെക്‌നോളജീസ്, ഐഡിയ ഫോര്‍ജ് ടെക്‌നോളജി, തനേജ എയ്‌റോസ്‌പേസ് തുടങ്ങിയ കമ്പനികളാണ് ഇതിന്റെ ഗുണഭാേക്താക്കളാകുക.

സ്വര്‍ണം കുതിച്ചു

അമേരിക്കന്‍ പലിശ കുറയ്ക്കലിനു ശേഷം സ്വര്‍ണം വലിയ കുതിപ്പിലേക്കു മാറി. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്നു നടത്തുന്ന പ്രസംഗവും വെള്ളിയാഴ്ച വരുന്ന യുഎസ് ചില്ലറവിലക്കയറ്റ (പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍-പിസിഇ) കണക്കും ആണ് ഇനി സ്വര്‍ണഗതിയെ നിയന്ത്രിക്കുക അതിനിടെ ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സും പുറത്തുവരും.

സ്വര്‍ണം ഔണ്‍സിനു 3,700 ഡോളറിനു മുകളിലേക്കു തിങ്കളാഴ്ച കയറി. ഇനിയും കയറും എന്നാണു വിപണിയിലെ സംസാരം. ജര്‍മനിയിലെ ഡോയിച്ച് ബാങ്ക് അടുത്ത വര്‍ഷം സ്വര്‍ണം 4,000 ഡോളര്‍ കടക്കും എന്നു പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പ്രവചിച്ചു. മൂന്നു കാരണങ്ങളാണു ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഒന്ന്: കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ വര്‍ധിപ്പിക്കുന്നത്. രണ്ട്: അടുത്ത രണ്ടു വര്‍ഷവും ഡോളര്‍ ദുര്‍ബലമായി തുടരാനുള്ള സാധ്യത. മൂന്ന്: ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കല്‍ തുടരുന്നത്. പലിശ കുറയുമ്പോള്‍ കടപ്പത്രങ്ങളില്‍ നിന്നു സ്വര്‍ണത്തിലേക്കു നിക്ഷേപകര്‍ മാറും. ഇതോടൊപ്പം ആഗോള സംഘര്‍ഷനില മോശമാകുന്നതും എക്കാലത്തെയും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നു.

സ്വിസ് ഏഷ്യ കാപ്പിറ്റല്‍ എന്ന ബ്രോക്കറേജ് 2032 ഓടെ സ്വര്‍ണവില 219 ശതമാനം വര്‍ധിക്കും എന്നു പ്രവചിച്ചിട്ടുണ്ട്. അതായത് ഏഴു വര്‍ഷത്തിനു ശേഷം സ്വര്‍ണം ഔണ്‍സിന് 11,800 ഡോളര്‍ എത്താം എന്ന്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അസാധാരണ കുതിപ്പ് നടത്തിയ സ്വര്‍ണം ഇക്കൊല്ലം ഇതുവരെ 41 ശതമാനത്തിലധികം കയറി. അടുത്ത വര്‍ഷം പകുതിയോടെ 4,000 ഡോളര്‍ പ്രവചിച്ച ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ള ബാങ്കുകള്‍ പ്രവചനം തിരുത്താന്‍ ഒരുങ്ങുകയാണ്. യുഎസ് ഫെഡ് ഒക്ടോബറിലും ഡിസംബറിലും പലിശ കുറച്ചാല്‍ 4,000ല്‍ വര്‍ഷാന്ത്യത്തിനു മുന്‍പ് എത്താം.

വ്യാവസായിക ആവശ്യം കുതിച്ചു കയറുന്ന സാഹചര്യത്തില്‍ വെള്ളിയും കടിഞ്ഞാണ്‍ പൊട്ടിച്ചു പായുകയാണ്. ഇലക്ട്രോണിക് വ്യവസായത്തിലും സോളര്‍ പാനലുകളിലും വെള്ളിയുടെ ഉപയോഗം കൂടി വരുന്നു. അതിനനുസരിച്ചു വെള്ളി ഉല്‍പാദനം (ഖനനം) കൂടുന്നില്ല. ഇന്നലെ വെള്ളി ഔണ്‍സിന് 44 ഡോളറിനു മുകളിലായി. 2,028 ആകുമ്പോള്‍ വെള്ളി കിലോഗ്രാമിന് രണ്ടു ലക്ഷം രൂപ കടക്കും എന്നാണു ചിലര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ 1.2 ലക്ഷം രൂപയുടെ മുകളിലാണ്.

ഇന്നലെ ലോകവിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ഒന്നര ശതമാനം കുതിച്ച് ഔണ്‍സിന് 3740.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3758 ഡോളറില്‍ എത്തി. അവധിവില 3793.70 ഡോളര്‍ വരെ കയറി.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രണ്ടു തവണയായി 680 രൂപ വര്‍ധിച്ച് 82,920 രൂപയില്‍ എത്തി. ഇന്ന് വില 83,000 രൂപ കടക്കാം.

വെള്ളിവില ഔണ്‍സിന് 44.12 ഡോളറില്‍ ആണ്.

ലോഹങ്ങള്‍ ഭിന്ന ദിശകളില്‍

വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ച ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.18 ശതമാനം കയറി ടണ്ണിന് 9921.40 ഡോളറില്‍ എത്തി. അലൂമിനിയം ഒരു ശതമാനം താഴ്ന്ന് 2645.97 ഡോളറില്‍ അവസാനിച്ചു. ലെഡും സിങ്കും ടിന്നും കയറി. നിക്കല്‍ താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.18 ശതമാനം കുറഞ്ഞ് കിലോഗ്രാമിന് 170.30 സെന്റ് ആയി. കൊക്കോ 4.00 ശതമാനം ഇടിഞ്ഞ് ടണ്ണിന് 6953.18 ഡോളറില്‍ എത്തി. കാപ്പി 0.48 ശതമാനം കയറി. തേയില മാറ്റമില്ലാതെ നിന്നു. പാം ഓയില്‍ വില 0.41 ശതമാനം കയറി.

ഡോളര്‍ സൂചിക താഴ്ന്നു

ഡോളര്‍ സൂചിക തിങ്കളാഴ്ച താഴ്ന്ന് 97.34ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.29 ലേക്ക് താഴ്ന്നു.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1816 ഡോളറിലേക്കും പൗണ്ട് 1.3526 ഡോളറിലേക്കും ഉയര്‍ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 147.62 യെന്‍ എന്ന നിരക്കിലേക്കു കയറി.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.147 ശതമാനമായി ഉയര്‍ന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നഷ്ടത്തില്‍ അവസാനിച്ചു. ഡോളര്‍ 22 പൈസ ഉയര്‍ന്ന് 88.31 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ ചാഞ്ചാടുന്നു

ക്രൂഡ് ഓയില്‍ വില വീണ്ടും ചാഞ്ചാട്ടത്തിലാണ്. തിങ്കളാഴ്ച താഴ്ന്ന വില ഇന്നു രാവിലെ കയറ്റത്തിലായി. ബ്രെന്റ് ഇനം തിങ്കളാഴ്ച 66.57 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു ബ്രെന്റ് ഇനം 66.45 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 62.64 ഡോളറിലും മര്‍ബന്‍ ക്രൂഡ് 68.71 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.35 ശതമാനം താഴ്ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ വലിയ ഇടിവിലായി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,12,360 ഡോളറിലേക്കു താഴ്ന്നു. ഈഥര്‍ 4170 ഡോളറിലും സൊലാന 215 ഡോളറിലും ആയി.

വിപണിസൂചനകള്‍

(2025 സെപ്റ്റംബര്‍ 22, തിങ്കള്‍)

സെന്‍സെക്‌സ്30 82,159.97 -0.56%

നിഫ്റ്റി50 25,202.35 -0.49%

ബാങ്ക് നിഫ്റ്റി 55,284.75 -0.31%

മിഡ് ക്യാപ്100 58,699.50 -0.66%

സ്‌മോള്‍ക്യാപ്100 18,288.90 -1.16%

ഡൗജോണ്‍സ് 46,381.54 +0.14%

എസ്ആന്‍ഡ്പി 6693.75 +0.44%

നാസ്ഡാക് 22,788.98 +0.70%

ഡോളര്‍($) ₹88.31 +₹0.12

സ്വര്‍ണം(ഔണ്‍സ്) $3740.10 +$54.10

സ്വര്‍ണം(പവന്‍) ₹82,920 +₹680

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $66.57 -$0.11

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com