

വീണ്ടും അനിശ്ചിതത്വങ്ങൾ വിപണിയെ വലയം ചെയ്യുന്നു. അതിൻ്റെ ദൗർബല്യം ഇന്നു വിപണിയിൽ പ്രകടമാകും. എങ്കിലും ഇന്ത്യൻ വിപണി ഇന്നു മുന്നേറ്റ പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആവേശം ചോർത്തിയ തരം സംഭവവികാസങ്ങൾ ഇന്നുണ്ടാകില്ല എന്ന ശുഭപ്രതീക്ഷയിലാണ് വിപണി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യയിൽ നാളെ കൂടിക്കാഴ്ച നടത്തി വ്യാപാരകരാർ പ്രഖ്യാപിക്കും എന്ന പ്രതീക്ഷ നഷ്ടമായി. റഷ്യൻ എണ്ണ പ്രശ്നത്തിൽ ഇന്ത്യയെ വല്ലാതെ വിഷമിപ്പിക്കുന്ന ഉപരോധത്തിനു ട്രംപ് മുതിർന്നതാണ് കൂടിക്കാഴ്ച ഒഴിവാക്കാൻ കാരണം. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ട്രംപ് റദ്ദാക്കുകയും ചെയ്തു. ഇതു രാജ്യാന്തര സംഘർഷനില വർധിപ്പിച്ചു.
വിപണിക്കു പോസിറ്റീവ് ആയ ഏക കാര്യം ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും അടുത്ത വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും എന്നതാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച 26,011.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,050 വരെ ഉയർന്നിട്ടു 26,025 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ ഓഹരികൾ വ്യാഴാഴ്ച നേട്ടം ഉണ്ടാക്കി. മികച്ച കമ്പനി റിസൽട്ടുകളാണു സഹായിച്ചത്. ഗുച്ചിയുടെ ഉടമ കെറിംഗ് മൂന്നാം പാദത്തിൽ പ്രതീക്ഷയിലും മികച്ച റിസൽട്ട് അവതരിപ്പിച്ചു. ഓഹരി 8.7 ശതമാനം ഉയർന്നു.
വ്യാപാരയുദ്ധ ആശങ്ക കൂടുകയും ട്രംപ് - പുടിൻ കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തെങ്കിലും യുഎസ് വിപണി ഇന്നലെ ഉയർന്നു.
നിർമിതബുദ്ധി മേഖലയിലുള്ള ആന്ത്രോപ്പിക്കും ഗൂഗിളും ക്ലൗഡ് രംഗത്തു സഹകരണം പ്രഖ്യാപിച്ചു. ഗൂഗിളിനു ശതകോടിക്കണക്കിനു ഡോളർ വരുമാനം കിട്ടുന്നതാണു കരാർ. ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് ഓഹരിവില വിപണിക്കു ശേഷമുള്ള വ്യാപാരത്തിൽ റെക്കോർഡ് മറികടന്നു. ഫോഡ് മോട്ടാേർ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ട് നാലു ശതമാനം ഉയർന്നു.
പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ടിൽ ഇൻ്റൽ ഓഹരി ഏഴു ശതമാനം കുതിച്ചു
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 144.20 പോയിൻ്റ് (0.31%) ഉയർന്ന് 46,734.61 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 39.04 പോയിൻ്റ് (0.5 8%) നേട്ടത്തോടെ 6738.44 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 201.40 പോയിൻ്റ് (0.89%) കുതിച്ച് 22,941.80 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നും ഭിന്ന ദിശകളിലാണ്. ഡൗ 0.05 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു കയറുന്നു . ട്രംപ് - ഷി കൂടിക്കാഴ്ച ഉറപ്പായത് വിപണികളെ ആശ്വസിപ്പിക്കുന്നു. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ ഒരു ശതമാനം ഉയർന്നു. ജാപ്പനീസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷ പോലെ ഉയർന്നു. ഇന്നും ദക്ഷിണ കൊറിയൻ സൂചിക 1.50 ശതമാനം കയറി റെക്കോർഡ് തിരുത്തി. ഓസ്ട്രേലിയൻ വിപണി അൽപം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകളും കയറ്റത്തിലാണ്.
ഇന്ത്യൻ വിപണിയുടെ ആവേശം തകർത്തു യുഎസ് ഉപരോധം
വ്യാഴാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി ഒരു ശതമാനത്തോളം ഉയര്‍ന്ന ഇന്ത്യന്‍ വിപണിയെ അമേരിക്കന്‍ ഉപരോധം ഇടിച്ചിട്ടു. 85,290 വരെ കയറിയ സെന്‍സെക്‌സ് 730 പോയിന്റും 26,104 വരെ എത്തിയ നിഫ്റ്റി 22 പോയിന്റും നഷ്ടപ്പെടുത്തിയാണ് അവസാനിച്ചത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലായി.
അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്നും യുഎസ് തീരുവ 50-ല്‍ നിന്നു 15 - 16 ശതമാനമായി കുറയുമെന്നും ഉള്ള വാര്‍ത്തയുടെ ചുവടുപിടിച്ചു രാവിലെ വിപണി ഉയര്‍ന്നതാണ്. എന്നാല്‍ ഇന്ത്യ എണ്ണ വാങ്ങല്‍ കുറയ്ക്കാന്‍ വേണ്ടത്ര സാവകാശം നല്‍കാതെ യുഎസ് റഷ്യന്‍ കമ്പനികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചു. ഇത് ഇന്ത്യക്കു നയതന്ത്രപരമായും വ്യാപാരപരമായും വലിയ ക്ഷീണം ഉണ്ടാക്കും. ഇതോടെ നാളെ മലേഷ്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ട്രംപിനെ കാണാനുളള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കി. മോദി യോഗത്തിനു പോകുന്നില്ല.
റഷ്യയുടെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കാേയിലിനും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത് ഇന്ത്യന്‍ എണ്ണകമ്പനികളെ സാരമായി ബാധിക്കും. രാവിലെ ഉയര്‍ന്ന റിലയന്‍സ് മൂന്നു ശതമാനം ഇടിഞ്ഞ് ഒരു ശതമാനം നഷ്ടത്തില്‍ അവസാനിച്ചു. പൊതുമേഖലാ കമ്പനികളായ ഐഒസിയും ബിപിസിഎലും എച്ച്പിസിഎലും മൂന്നര ശതമാനം വരെ ഇടിഞ്ഞു. സ്വകാര്യ എണ്ണകമ്പനിയായ നയാര റോസ്‌നെഫ്റ്റിന്റെ ഉപകമ്പനിയാണ്. റഷ്യന്‍ കമ്പനികളില്‍ നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകും. ഇതു രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനേ ഉയര്‍ത്തും. ഇതിനകം തന്നെ വില ഏഴു ശതമാനം ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ വ്യാപാര പ്രശ്‌നം തീരുന്നു എന്ന പ്രതീക്ഷയില്‍ വസ്ത്ര കയറ്റുമതി കമ്പനികള്‍ ഇന്നലെ കുതിച്ചു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 15.12 ശതമാനം കയറി 215 രൂപയില്‍ എത്തി. വര്‍ധമാന്‍ ടെക്‌സ്‌റ്റൈല്‍സ്, കെപിആര്‍ മില്‍സ്, അരവിന്ദ്, വെല്‍സ്പണ്‍ ലിവിംഗ്, ഗോകല്‍ദാസ്, അലോക് തുടങ്ങിയവയും നല്ല നേട്ടം ഉണ്ടാക്കി.
എച്ച് വണ്‍ ബി വീസ കാര്യത്തില്‍ ഒട്ടേറെ ഇളവുകള്‍ ട്രംപ് പ്രഖ്യാപിച്ചത് ഇന്നലെ ഐടി കമ്പനികളെ ഉയര്‍ത്തി. രാവിലെ പല കമ്പനികളും അഞ്ചു ശതമാനത്തിലധികം ഉയര്‍ന്നെങ്കിലും ട്രംപ് - മോദി കൂടിക്കാഴ്ച ഒഴിവായതോടെ നേട്ടം കുറച്ചാണു ക്ലോസ് ചെയ്തത്.
വ്യാഴാഴ്ച നിഫ്റ്റി 22.80 പോയിന്റ് (0.09%) ഉയര്‍ന്ന് 25,891.40 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 130.06 പോയിന്റ് (0.15%) കയറി 84,556.40 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 70.85 പോയിന്റ് (0.12%) ഉയര്‍ന്ന് 58,078.05 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 38.30 പോയിന്റ് (0.06%) താഴ്ന്ന് 59,371.25 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 9.20 പോയിന്റ് (0.05%) കുറഞ്ഞ് 18,291.45 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1809 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2464
ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1305 എണ്ണം. താഴ്ന്നത് 1801 ഓഹരികള്‍.
എന്‍എസ്ഇയില്‍ 148 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 39 എണ്ണമാണ്. 85 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 42 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 1165.94 കാേടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3893.73 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി ഇന്നലെയും 25,850 നു മുകളില്‍ ക്ലോസ് ചെയ്തു. 26,000 കടക്കാനുള്ള ശ്രമം ഇന്നും തുടരും. ഇന്നു നിഫ്റ്റിക്ക് 25,860 ലും 25,800 ലും പിന്തുണ ലഭിക്കും. 25,945 ലും 26,010 ലും തടസങ്ങള്‍ ഉണ്ടാകും.
സ്വർണ വിപണിയിൽ കാളകളും കരടികളും പോരടിക്കുകയാണ്. വില കാര്യമായി ഇടിയാതിരിക്കാൻ കേന്ദ്രബാങ്കുകൾ ആഗ്രഹിക്കും എന്ന പ്രതീക്ഷയിൽ ബുള്ളുകൾ തിരിച്ചു വരവിനു ശ്രമിക്കുന്നു. വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നതായ വാർത്തകളും യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയും റഷ്യയും ഭിന്നിപ്പിലായതും വില കൂട്ടാൻ സഹായിക്കുമെന്നു ബുള്ളുകൾ കരുതുന്നു. എന്നാൽ വ്യാഴാഴ്ച കണ്ട ആശങ്ക ഇന്നു കാണുന്നില്ല. വ്യാഴാഴ്ച ഓൺസിനു 4155 ഡോളർ വരെ കയറിയ സ്വർണം 4127.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 4105 നും 4145 നുമിടയിൽ കയറിയിറങ്ങിയ സ്വർണം 4115 ഡോളറിലേക്കു താഴ്ന്നു.
തുടർച്ചയായ പത്ത് ആഴ്ച ഉയർന്ന ചരിത്രം 1970 നു ശേഷം സ്വർണത്തിന് ഉണ്ടായിട്ടില്ല. ഏഴ് ആഴ്ച തുടർച്ചയായി ഉയർന്നാൽ ഒരു മാസത്തിനുള്ളിൽ വില ഗണ്യമായി ഇടിയുന്നതാണ് 1983 നു ശേഷമുള്ള ചരിത്രം. രണ്ടു പാരമ്പര്യങ്ങളും ശരിവയ്ക്കുന്ന രീതിയിലാണ് വിപണി നീങ്ങുന്നത്.
സ്വർണം അവധിവില ഇന്നു രാവിലെ 4159 ഡോളർ വരെ ഉയർന്നിട്ടു 4150 ൽ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് പവൻവില വ്യാഴാഴ്ച 600 രൂപ കുറഞ്ഞ് 91,720 രൂപ ആയി.
കഴിഞ്ഞ വാരാന്ത്യത്തില്‍ ലണ്ടനിലേക്ക് ആയിരത്തോളം ടണ്‍ വെള്ളി എത്തിയത് അടിയന്തര സാഹചര്യം മറി കടക്കാന്‍ സഹായിച്ചെങ്കിലും ദൗര്‍ലഭ്യം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീപാവലി വില്‍പനയ്ക്കു ശേഷവും ഇന്ത്യ വലിയ ഡിമാന്‍ഡുമായി രംഗത്തുണ്ട്. വ്യാവസായിക ആവശ്യവും വര്‍ധിച്ചു. 4500 ടണ്‍ കൂടി വേണമെന്നാണു ലണ്ടനിലെ ബ്രോക്കര്‍മാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വെള്ളിവില ഔണ്‍സിനു 49 ഡോളര്‍ കടന്നെങ്കിലും കഴിഞ്ഞ ആഴ്ച കണ്ട പരിഭ്രാന്തി ദൃശ്യമല്ല. സ്‌പോട്ട് വില 48.90 ഡോളറില്‍ നില്‍ക്കുമ്പോള്‍ അവധിവില 48.52 ല്‍ മാത്രമാണ്.
സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച കുതിച്ചു കയറി. ചെമ്പ് 1.86 ശതമാനം ഉയര്‍ന്ന് ടണ്ണിന് 10,796.60 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.75 ശതമാനം കയറി 2830.24 ഡോളറില്‍ എത്തി. ലെഡും നിക്കലും ടിന്നും ഉയര്‍ന്നപ്പാേള്‍ സിങ്ക് 3.13 ശതമാനം ഇടിഞ്ഞു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.29 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 172.80 സെന്റ് ആയി. കൊക്കോ 1.44 ശതമാനം ഉയര്‍ന്നു ടണ്ണിന് 6389.00 ഡോളറില്‍ എത്തി. കാപ്പി 2.5 4 ശതമാനം താഴ്ന്നപ്പോള്‍ തേയില 1.44 ശതമാനം കൂടി. പാം ഓയില്‍ വില 0.36 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക ഇന്നലെ ചെറിയ പരിധിയില്‍ കയറിയിറങ്ങിയിട്ട് 98.94 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.01 ലേക്കു കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ ഭിന്ന ദിശകളിലായി. യൂറോ 1.615 ഡോളറിലേക്കു കയറി. പൗണ്ട് 1.324 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 152.62 യെന്‍ എന്ന നിരക്കിലേക്ക് താണു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.006 ശതമാനത്തിലേക്കു കയറി.
രൂപ വ്യാഴാഴ്ചയും അല്‍പം കയറി. ഡോളര്‍ ഒന്‍പതു പൈസ താഴ്ന്ന് 87.84 രൂപയില്‍ ക്ലോസ് ചെയ്തു. വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.
ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ബിനാന്‍സിന്റെ സ്ഥാപകന്‍ ചാങ് പെങ് ചാവോയുടെ ശിക്ഷ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച കുറ്റം സമ്മതിച്ചാണു ചാങ് ശിക്ഷിക്കപ്പെട്ടത്. ട്രംപ് കുടുംബത്തിന്റെ ക്രിപ്‌റ്റോ സംരംഭത്തിനു ബിനാന്‍സ് സഹായം നല്‍കുന്നതായി രണ്ടു മാസം മുന്‍പു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മോചനത്തിനു പിന്നില്‍ അഴിമതി ഉണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു. ഏതായാലും ഇന്നലെ ക്രിപ്‌റ്റോകള്‍ ഉയരാന്‍ ഈ ശിക്ഷ റദ്ദാക്കല്‍ സഹായിച്ചു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,10,400 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 3877 ഡോളറിലേക്കു കയറി. സൊലാന 193 ഡോളറില്‍ എത്തി.
(2025 ഒക്ടോബര്‍ 23, വ്യാഴം)
സെന്‍സെക്‌സ്30 84,556.40 +0.15%
നിഫ്റ്റി50 25,891.40 +0.09%
ബാങ്ക് നിഫ്റ്റി 58,078.05 +0.12%
മിഡ് ക്യാപ്100 59,371.25 -0.06%
സ്‌മോള്‍ക്യാപ്100 18,291.45 -0.05%
ഡൗജോണ്‍സ് 46,734.61 +0.31%
എസ്ആന്‍ഡ്പി 6738. 44 +0.58%
നാസ്ഡാക് 22,941.80 +0.89%
ഡോളര്‍($) ₹87.84 -₹0.09
സ്വര്‍ണം(ഔണ്‍സ്) $4125.40 +$27.90
സ്വര്‍ണം(പവന്‍) ₹91,720 -₹600
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $65.99 +$3.40
Read DhanamOnline in English
Subscribe to Dhanam Magazine