വലച്ച് ബാങ്കിംഗ് ഓഹരികള്‍; വിപണികള്‍ താഴ്ചയില്‍

വിദേശ സൂചനകളും ബാങ്കിംഗ് ഓഹരികള്‍ക്ക് ലാഭം കുറയുമെന്ന വിലയിരുത്തലുകളും ഇന്ത്യന്‍ ഓഹരി വിപണിയെ വീണ്ടും താഴ്ത്തി. എന്നാല്‍, ആദ്യഘട്ടത്തിലെ ഇടിവില്‍ നിന്ന് വിപണി അല്‍പ്പം കയറിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളാണ് താഴ്ചയില്‍ മുന്നില്‍.

പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഐ.ടി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ മാത്രമാണ് ഇന്ന് രാവിലെ നേട്ടം ഉണ്ടാക്കിയത്.
ഇടിഞ്ഞ് ആര്‍.വി.എന്‍.എല്‍
റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍) ഇന്ന് കുത്തനെ ഇടിഞ്ഞു. കമ്പനിക്ക് വന്ദേഭാരത്
ട്രെയിനുകളുടെ കരാര്‍ നഷ്ടപ്പെടുമെന്ന സൂചനകളാണ് തിരിച്ചടിയായത്. ആര്‍.വി.എന്‍.എല്‍ ഒരു റഷ്യന്‍ കമ്പനിയുമായി സഖ്യമുണ്ടാക്കിയാണ് വന്ദേഭാരത് പദ്ധതിയില്‍ ചേര്‍ന്നത്. ഈ സഖ്യം മുന്നോട്ടു പോകാത്ത നിലയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഖ്യത്തില്‍ ഭൂരിപക്ഷ പങ്കാളിത്തം വേണമെന്ന് ആര്‍.വി.എന്‍.എല്‍ ശഠിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.വി.എന്‍.എല്‍ ഓഹരി എട്ട് ശതമാനം വരെ ഇടിഞ്ഞു. പിന്നീട് നഷ്ടം കുറച്ചു. വന്ദേഭാരത് കരാറിന് വീണ്ടും ടെന്‍ഡര്‍ വിളിച്ചേക്കും.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സും (ഭെല്‍) ടിടാഗഢ് വാഗണ്‍സും കൂടിയുള്ള സഖ്യമാണ് ടെന്‍ഡറില്‍ രണ്ടാമതെത്തിയിരുന്നത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ അവര്‍ക്കു കരാര്‍ കിട്ടുമെന്നാണ് നിഗമനം. ടിടാഗഢ് ഓഹരി ആറ് ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം 380 ശതമാനം ഉയര്‍ന്നതാണ് ടിടാഗഢ്.
ഐ.ഐ.എഫ്.എല്ലിന് വിലക്ക്, ഓഹരി ഇടിഞ്ഞു
ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ് രണ്ട് വര്‍ഷത്തേക്ക് പുതിയ ഇടപാടുകാരെ എടുക്കുന്നത് സെബി വിലക്കി. ഓഹരി 15 ശതമാനം ഇടിഞ്ഞു. ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് ആറ് ശതമാനം താഴ്ന്നു.
എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലെ 10 ശതമാനം ഓഹരി വിദേശ ഫണ്ടായ അബര്‍ഡീന്‍ വില്‍ക്കുന്നു. നല്ല ഡിമാന്‍ഡാണ് സ്വദേശി - വിദേശി ഫണ്ടുകളില്‍ നിന്ന് ഓഹരിക്ക് ലഭിച്ചത്. ഓഹരി വില ഏഴ് ശതമാനം കയറി. ടിംകന്‍ ഇന്ത്യയിലെ 8.4 ശതമാനം ഓഹരി വിദേശ മാതൃകമ്പനി വില്‍ക്കുന്നതായ റിപ്പോര്‍ട്ട് ഓഹരി വില എട്ട് ശതമാനം താഴ്ത്തി.
രൂപ ദുര്‍ബലം
രൂപ ഇന്ന് ദുര്‍ബലമായി. ഡോളര്‍ 9 പൈസ ഉയര്‍ന്ന് 82.03 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 82.14 രൂപ വരെ കയറി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it