

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയുമായി പ്രത്യേക സൗഹൃദം തുടരും എന്നു വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനോടു നന്നായി പ്രതികരിക്കുകയും ചെയ്തു. ഇത് പരസ്പരബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും എന്ന് വിപണി കരുതുന്നു. വിപണിയുടെ കയറ്റത്തിന് ഇതു സഹായകമാണ്.
അതിനിടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു മേല്‍ നികുതി ചുമത്താന്‍ അമേരിക്ക ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അനുകൂലവും പ്രതികൂലവുമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ വിപണിയിലെ നീക്കങ്ങളില്‍ പ്രതിഫലിക്കും. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ വിപണി ദുര്‍ബലമാകാനും അതു കാരണമാകാം.
ജിഎസ്ടി കുറയ്ക്കലിന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു നില്‍ക്കുകയാണ്. ഒരു മാസത്തോളം വില്‍പനയില്‍ വരുന്ന ഇടിവ് പരിഹരിക്കാനുള്ള വില്‍പനക്കയറ്റം ഉത്സവ സീസണില്‍ ഉണ്ടാകുമോ എന്ന സംശയം വ്യവസായ മേഖലയ്ക്കുണ്ട്.
ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂട്ടാനുള്ള ഒപെക് തീരുമാനം പ്രതീക്ഷയിലും കുറവായത് എണ്ണവിലയെ ഒന്നേകാല്‍ ശതമാനം ഉയര്‍ത്തി.
സ്വര്‍ണം ഔണ്‍സിന് 3600 ഡോളറിനെ സമീപിക്കുകയാണ്. കേരളത്തില്‍ പവന്‍ വില 80,000 രൂപയുടെ അടുത്തായി.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,825.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,944 വരെ ഉയര്‍ന്നിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന
ഐടി മേഖലയിലടക്കം ഉള്ള യുഎസ് കമ്പനികള്‍ ഔട്‌സോഴ്‌സിംഗ് നടത്തിയും ഇന്ത്യ പോലെ വേതന നിലവാരം കുറഞ്ഞ രാജ്യങ്ങളില്‍ ഗ്ലോബല്‍ കേപ്പേബിലിറ്റി സെന്ററു (ജിസിസി) കള്‍ തുടങ്ങിയും യുഎസിലെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കുന്നതിന് എതിരേ ട്രംപ് അനുകൂലികള്‍ ഈ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. എച്ച് വണ്‍ ബി വീസകളെ എതിര്‍ക്കുന്ന ഇവര്‍ ഔട്‌സോഴ്‌സിംഗിനും ജിസിസികള്‍ നടത്തുന്നതിനും നികുതി ചുമത്തണം എന്ന് ആവശ്യപ്പെടുന്നു. അതിന്റെ പ്രതികരണം ഇന്നുണ്ടാകാം. ഐടി കമ്പനികള്‍ക്കു നികുതി ചുമത്തുന്ന വിഷയം ഉന്നത യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യുന്നതായി ഡല്‍ഹിയില്‍ ഗവണ്മെന്റ് വക്താക്കള്‍ പറഞ്ഞു.
ഓഗസ്റ്റില്‍ അമേരിക്കന്‍ തൊഴില്‍ വിപണി തീര്‍ത്തും ദുര്‍ബലമായി. 75,000 വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് വര്‍ധന 22,000 മാത്രം. ജൂലൈയില്‍ 73,000 മാത്രമാണു കൂടിയത്. അതിനു മുന്‍പുള്ള രണ്ടു മാസങ്ങളിലെ കണക്കുകള്‍ പുതുക്കിയപ്പോള്‍ 2.58 ലക്ഷം കുറവാണു സംഭവിച്ചത്. മേയ്- ഓഗസ്റ്റ് കാലത്തെ ശരാശരി പ്രതിമാസ വര്‍ധന 29,000 ആയി ഇടിഞ്ഞു. 2024 ല്‍ പ്രതിമാസം 1.68 ലക്ഷം തൊഴില്‍ വര്‍ധിച്ചിരുന്നതാണ്. കോവിഡ് മൂലം അവസരങ്ങള്‍ കുറഞ്ഞ 2020 നു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണു യുഎസ് തൊഴില്‍ രംഗം ഇപ്പോള്‍. തൊഴിലുകള്‍ കുറഞ്ഞു വരുന്നതായി കാണിച്ചു മുന്‍ മാസങ്ങളിലെ കണക്ക് തിരുത്തിയതിന് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയെ കഴിഞ്ഞ മാസം ഒന്നിനു പ്രസിഡന്റ് ട്രംപ് ഡിസ്മിസ് ചെയ്തിരുന്നു. പകരമുള്ളയാളുടെ നിയമനം കോണ്‍ഗ്രസ് പരിശോധിച്ചു വരികയാണ്. ഇടക്കാല മേധാവിയാണ് ഓഗസ്റ്റിലെ റിപ്പോര്‍ട്ട് തയാറാക്കിയത്. തൊഴില്‍ വര്‍ധന കുത്തനേ ഇടിഞ്ഞത് മാന്ദ്യഭീതി വളര്‍ത്തുന്നുണ്ട്. തൊഴിലില്ലായ്മ 4.3 ശതമാനത്തിലേക്കു കയറി.
തൊഴില്‍ വര്‍ധന കുറഞ്ഞത് ഈ മാസം യുഎസ് ഫെഡ് പലിശ കുറയ്ക്കാനുള്ള സാധ്യത 100 ശതമാനമായി ഉയര്‍ത്തി. 16 - 17 തീയതികളിലെ ഫെഡറല്‍ റിസര്‍വ് കമ്മിറ്റി പലിശ നിരക്കു 0.25 ശതമാനം കുറയ്ക്കും എന്നാണു വിപണി ഉറച്ചു വിശ്വസിക്കുന്നത്. തൊഴില്‍ കണക്ക് മോശമായതോടെ ചിലര്‍ 0.5 ശതമാനം കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്.
യുഎസ് പലിശ കുറയ്ക്കുന്നത് ഓഹരികളിലേക്കു പണമൊഴുകാന്‍ സഹായിക്കും.
യൂറോപ്യന്‍ ഓഹരികള്‍ വെള്ളിയാഴ്ച താഴ്ന്നു. അമേരിക്കന്‍ തൊഴില്‍ വര്‍ധന പ്രതീക്ഷിച്ചതിലും കുറവായതു മാന്ദ്യഭീതി ഉയര്‍ത്തി. യൂറോയും പൗണ്ടും ഉയര്‍ന്നു. ഇന്നു നടക്കാനിടയുള്ള വോട്ടെടുപ്പില്‍ ഫ്രഞ്ച് മന്ത്രിസഭ നിലംപതിക്കും എന്നാണു വിപണി കണക്കാക്കുന്നത്. ഉടനെങ്ങും ഫ്രാന്‍സില്‍ രാഷ്ട്രീയ സ്ഥിരത വരില്ലെന്നാണു നിഗമനം. ബ്രിട്ടനില്‍ നവംബറില്‍ അവതരിപ്പിക്കുന്ന ബജറ്റ് നികുതി കൂട്ടും എന്നും വിപണി കരുതുന്നു. പാര്‍പ്പിടം വാങ്ങിയപ്പോള്‍ നികുതി വെട്ടിച്ച ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഏഞ്ജല റെയ്‌നര്‍ രാജിവച്ച ബ്രിട്ടനില്‍ ഡേവിഡ് ലാമ്മി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ആയി. ഒരു പാക്കിസ്ഥാനി മുസ്ലിം വനിത ഷബനാ മഹമൂദ് ആഭ്യന്തരമന്ത്രിയുമായി. വിപണിയില്‍ ഇതിനു നല്ല പ്രതികരണം അല്ല കാത്തിരിക്കുന്നത്.
തൊഴില്‍ വിപണി ദുര്‍ബലമാകുന്നതു പലിശ കുറയ്ക്കും എന്ന പ്രതീക്ഷയില്‍ ഉയര്‍ന്നിരുന്ന യുഎസ് വിപണി വെള്ളിയാഴ്ച ഇടിഞ്ഞു. ഓഗസ്റ്റിലെ തൊഴില്‍ വര്‍ധന പ്രതീക്ഷിച്ചതിലും കുറവായപ്പോള്‍ മാന്ദ്യഭീതി വിപണിയെ ഗ്രസിച്ചതാണു കാരണം. വ്യാഴാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്കു നിര്‍ണായകമാകും.
ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 220.43 പോയിന്റ് (0.48%) താഴ്ന്ന് 45,400.86 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 20. 58 പോയിന്റ് (0.32%) നഷ്ടത്തോടെ 6481.50-ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 7.31 പോയിന്റ് (0.03%) കുറഞ്ഞ് 21,700.39 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.11 ഉം എസ് ആന്‍ഡ് പി 0.17 ഉം നാസ്ഡാക് 0.33 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്. തുടക്കത്തില്‍ താഴ്ന്നിട്ടു ഫ്യൂച്ചേഴ്‌സ് നേട്ടത്തിലേക്കു മാറിയതാണ്.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചതിനെ വിപണി 1.75 ശതമാനം കുതിപ്പോടെ സ്വാഗതം ചെയ്തു. ജാപ്പനീസ് യെന്‍ ദുര്‍ബലമായി. കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി അനിശ്ചിതത്വത്തിലേക്കു വീഴുകയായിരുന്നു. നികുതിയിളവിന്റെ ആശ്വാസം വിപണി നേരത്തേ ഉള്‍ക്കൊണ്ടതാണ്. അതിനാല്‍ ഒറ്റപ്പെട്ട കമ്പനികള്‍ക്കുള്ള വിഷയങ്ങള്‍ അല്ലാതെ അതില്‍ പ്രതികരിക്കാനില്ല എന്ന നിലപാടിലേക്കു മാറി. സെന്‍സെക്‌സ് ഉയര്‍ന്ന നിലയില്‍ നിന്ന് 610 പോയിന്റും നിഫ്റ്റി 90 പോയിന്റും താഴ്ന്നാണു ക്ലോസ് ചെയ്തത്. അതും നാമമാത്രമായ വിലമാറ്റത്തില്‍. സെന്‍സെക്‌സ് നേരിയ നഷ്ടം കാണിച്ചപ്പോള്‍ നിഫ്റ്റി നേരിയ നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ് 100, സ്‌മോള്‍ ക്യാപ് 100 സൂചികകള്‍ നാമമാത്രമായി ഉയര്‍ന്നു.
ഐടി, എഫ്എംസിജി, റിയല്‍റ്റി ഓഹരികളുടെ താഴ്ചയാണു വിപണിയെ കയറ്റത്തില്‍ നിന്നു പിന്‍വലിച്ചത്. ഐടി കമ്പനികള്‍ അമേരിക്കയില്‍ നല്‍കുന്ന സേവനങ്ങള്‍ക്കു ട്രംപ് ഭരണകൂടം നികുതി ചുമത്തും എന്ന അഭ്യൂഹം വിപണിയെ വല്ലാതെ ഉലച്ചു.
നിഫ്റ്റി വെള്ളിയാഴ്ച 6.70 പോയിന്റ് (0.03%) വര്‍ധിച്ച് 24,741.00 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 7.25 പോയിന്റ് (0.01%) കുറഞ്ഞ് 80,710.76 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 7.90 പോയിന്റ് (0.07%) കൂടി 54,114.55 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 116.05 പോയിന്റ് (0.20%) ഉയര്‍ന്ന് 57,075.25 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 33.30 പോയിന്റ് (0.19%) വര്‍ധിച്ച് 17,655.25 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇ ല്‍ ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 2014 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2090 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ മറിച്ചായി. ഉയര്‍ന്നത് 1643 എണ്ണം. താഴ്ന്നത് 1368 ഓഹരികള്‍.
എന്‍എസ്ഇയില്‍ 79 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 58 എണ്ണമാണ്. 99 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 51 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 1304.91 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 1821.23 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 24,700 നു മുകളില്‍ വീണ്ടും ക്ലോസ് ചെയ്തതു ബുള്ളുകളുടെ പ്രതീക്ഷ നിലനിര്‍ത്തുന്നു. സൂചിക ഉയരുമ്പോള്‍ 25,000 വലിയ കടമ്പയായി മാറും. 24,700 ന്റെ പിന്തുണ നഷ്ടമായാല്‍ 24,400 വരെ ഇടിയാം. ഇന്നു നിഫ്റ്റിക്ക് 24,650 ലും 24,600 ലും പിന്തുണ ലഭിക്കും. 24,810 ലും 24,940 ലും തടസങ്ങള്‍ ഉണ്ടാകും.
വ്യാഴാഴ്ചയിലെ ലാഭമെടുക്കലിനു ശേഷം സ്വര്‍ണം കുതിപ്പു തുടര്‍ന്നു. വെള്ളിയാഴ്ച വന്ന ഓഗസ്റ്റിലെ തൊഴില്‍ കണക്ക് തീര്‍ത്തും ദുര്‍ബലമായതു സെപ്റ്റംബര്‍ 17-നു ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന ധാരണകളെ ബലപ്പെടുത്തി. പലിശ കുറയ്ക്കല്‍ സാധ്യത 100 ശതമാനത്തിനടുത്ത് എത്തി. അതിനിടെ പലിശ 0.5 ശതമാനം കുറയ്ക്കും എന്ന പ്രതീക്ഷയും വിപണിയില്‍ പടര്‍ന്നു.
വെള്ളിയാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം 40.70 ഡോളര്‍ കുതിച്ച് ഔണ്‍സിന് 3587.30 ഡോളറില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച 3.52 ശതമാനം കുതിപ്പാണു സ്വര്‍ണത്തിനുണ്ടായത്. ഇന്നു രാവിലെ വില 3597.50 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. സ്‌പോട്ട് വില വീണ്ടും 3600 ഡോളറിനു മുകളില്‍ കയറും എന്നാണു സംസാരം.
അവധിവില രാവിലെ 3639.80 ഡോളറിലേക്കു കയറിയിട്ടു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 560 രൂപ ഉയര്‍ന്ന് 78,920 രൂപയില്‍ എത്തി. ശനിയാഴ്ച 640 രൂപ വര്‍ധിച്ച് 79,560 രൂപ എന്ന റെക്കോര്‍ഡില്‍ നിന്നു.
വെള്ളിവിലയും താഴ്ന്നു. വെള്ളിയാഴ്ച ഔണ്‍സിന് 41.05 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 40.77 ഡോളറിലായി.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങള്‍ കുതിച്ചു. ചെമ്പ് 0.71 ശതമാനം ഉയര്‍ന്നു ടണ്ണിന് 9880.95 ഡോളറില്‍ ആയി. അലൂമിനിയം 0.40 ശതമാനം കയറി 2610.82 ഡോളറില്‍ എത്തി. നിക്കലും ലെഡും സിങ്കും ടിന്നും ഉയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.06 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 175.00 സെന്റ് ആയി. കൊക്കോ 0.45 ശതമാനം ഉയര്‍ന്നു ടണ്ണിന് 7237.64 ഡോളറില്‍ എത്തി. കാപ്പി 0.27 ഉ തേയില 3.18 ഉം ശതമാനം താഴ്ന്നു. പാം ഓയില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു.
ഡോളര്‍ സൂചിക വാരാന്ത്യത്തില്‍ താഴ്ന്ന് 97.77 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.91 ആയി.
കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1712 ഡോളറിലേക്കും പൗണ്ട് 1.3496 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 148.47 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വര്‍ധിച്ചു. അവയിലെ നിക്ഷേപനേട്ടം 4.099 ശതമാനമായി കുറഞ്ഞു.
വെള്ളിയാഴ്ച രൂപ ദുര്‍ബലമായി. ഒരവസരത്തില്‍ ഡോളര്‍ 88.37 രൂപവരെ എത്തി. ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഡോളര്‍ 11 പൈസ കൂടി 88.26 രൂപയില്‍ ക്ലോസ് ചെയ്തു.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.13 യുവാന്‍ എന്ന നിലയിലേക്കു കയറി.
പ്രതിദിനം 1.35 ലക്ഷം ബാരല്‍ ഉല്‍പാദനം കൂട്ടാന്‍ ഒപെക് തീരുമാനിച്ചതു ക്രൂഡ് ഓയില്‍ വിലയെ അല്‍പം ഉയര്‍ത്തി. പ്രതീക്ഷിച്ചതിലും കുറവാണ് ഉല്‍പാദനവര്‍ധന എന്നതാണു കാരണം. ബ്രെന്റ് ഇനം വാരാന്ത്യത്തില്‍ മൂന്നു ശതമാനം താഴ്ന്ന് 65.50 ഡോളറില്‍ എത്തിയിരുന്നു. ഇന്നു രാവിലെ 66.32 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 62.66 ഡോളറിലും മര്‍ബന്‍ ക്രൂഡ് 68.08 ഡോളറിലും ആണ്. പ്രകൃതിവാതക വില വീണ്ടും ഉയര്‍ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തിലെ താഴ്ചയില്‍ നിന്ന് അല്‍പം കയറി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,10,900 ഡോളറിലേക്കും ഈഥര്‍ 4300 ഡോളറിലേക്കും എത്തി.. സൊലാനോ 207 ലേക്ക് താഴ്ന്നു.
(2025 സെപ്റ്റംബര്‍ 05, വെള്ളി)
സെന്‍സെക്‌സ്30 80,710.7 -0.01%
നിഫ്റ്റി50 24,741.00 +0.03%
ബാങ്ക് നിഫ്റ്റി 54,114.55 +0.07%
മിഡ് ക്യാപ്100 57,075.20 +0.20%
സ്‌മോള്‍ക്യാപ്100 17,655.25 +0.19%
ഡൗജോണ്‍സ് 45,400.86 -0.48%
എസ്ആന്‍ഡ്പി 6481.50 -0.32%
നാസ്ഡാക് 21,700.39 -0.03%
ഡോളര്‍($) ?88.26 +?0.11
സ്വര്‍ണം(ഔണ്‍സ്) $3587.30 +$40.70
സ്വര്‍ണം(പവന്‍) ₹78,920 +₹560
ശനി ₹79,560 ₹640
ക്രൂഡ്(ബ്രെന്റ്)ഓയില്‍ $65.50 -$1.49
Read DhanamOnline in English
Subscribe to Dhanam Magazine