ആവേശത്തുടക്കത്തിന് വിപണി; പലിശ തീരുമാനം പ്രതീക്ഷ പോലെ, യുഎസ് ഫ്യൂച്ചേഴ്‌സില്‍ കുതിപ്പ്; ക്രൂഡ് ഓയിലും സ്വര്‍ണവും താഴുന്നു

Morning business news
Morning business newsCanva
Published on

ഇന്ത്യന്‍ വിപണി ഇന്ന് ആവേശകരമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും കയറിയ വിപണി ജൂണ്‍ അവസാനത്തിലെ ഉയരങ്ങള്‍ ലക്ഷ്യമിടുന്നു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചത് ഏഷ്യന്‍ വിപണികളെ ഇന്ന് ഉയര്‍ത്തി. ഇന്നലെ ഭിന്നദിശകളില്‍ ക്ലോസ് ചെയ്ത യുഎസ് സൂചികകള്‍ ഇന്നു ഫ്യൂച്ചേഴ്‌സില്‍ കയറ്റത്തിലാണ്. പലിശ കുറയ്ക്കലിനു ശേഷം യുഎസ് ഡോളര്‍ അല്‍പം ഉയര്‍ന്നു. സ്വര്‍ണവും ക്രൂഡ് ഓയിലും താഴ്ന്നു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,475.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,505 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

നിഷ്പക്ഷത ഉയര്‍ത്തി ഫെഡ്

അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് (ഫെഡ് റേറ്റ്) കാല്‍ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ചു. ഇതോടെ ലക്ഷ്യനിരക്ക് 4.00-4.25 ശതമാനമായി. ഇനി ഒക്ടോബറിലും ഡിസംബറിലും അടുത്ത വര്‍ഷം ഒരു തവണയും പലിശ കുറയ്ക്കും എന്ന സൂചന ഫെഡ് ചെയര്‍മാന്‍ ജെറോം നല്‍കി. ഇതു വിപണി പ്രതീക്ഷിച്ചതിലും കുറവാണ്. നിരക്ക് മൂന്നു ശതമാനത്തിനു താഴെ എത്തിക്കുമെന്ന നിഗമനം തെറ്റി. 2025-ല്‍ ആദ്യമാണു ഫെഡ് നിരക്ക് കുറച്ചത്.

ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ്‌സ് കമ്മിറ്റിയുടെ തീരുമാനം 11- 1 വോട്ടിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴ്വഴക്കം ലംഘിച്ച് ഫെഡ് ഗവര്‍ണറാക്കിയ സ്റ്റീഫന്‍

മൈറണ്‍ ആണ് ഏക വിയോജിപ്പുകാരന്‍. അദ്ദേഹം 50 ബേസിസ് പോയിന്റ് കുറയ്ക്കല്‍ ആവശ്യപ്പെട്ടു. ട്രംപ് നോമിനികളായ വോളറും ബോമാനും പവലിനൊപ്പം നിന്നു. ഫെഡ് രാഷ്ട്രീയ സമ്മര്‍ദത്തെ മറികടന്നു നിഷ്പക്ഷത ഉയര്‍ത്തിപ്പിടിച്ച നിര്‍ണായക അവസരമായി ഇത്.

തൊഴില്‍ വര്‍ധന കുറഞ്ഞു വരുന്നതു ഗൗരവമായി എടുത്തും വിലക്കയറ്റത്തിലെ ഉയര്‍ച്ചയില്‍ കണ്ണുവച്ചും ഉള്ള തീരുമാനമാണ് ഫെഡ് കൈക്കൊണ്ടത് എന്നാണു വിലയിരുത്തല്‍.

യൂറോപ്പ് സ്റ്റെഡി

യൂറോപ്യന്‍ ഓഹരികള്‍ ബുധനാഴ്ച ഭിന്നദിശകളില്‍ അവസാനിച്ചു. ഫെഡ് തീരുമാനം കാത്തിരുന്ന വിപണി കാര്യമായ കയറ്റമോ ഇടിവോ ഇല്ലാതെ ക്ലോസ് ചെയ്തു. ഷൂസ് നിര്‍മാണ കമ്പനി പ്യൂമ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നു മാറി പ്രൈവറ്റ് കമ്പനി ആകാന്‍ ഉദ്ദേശിക്കുന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്യൂമ ഓഹരി 17 ശതമാനം കുതിച്ചു. സിവിസി പാര്‍ട്‌നേഴ്‌സ് എന്ന പ്രൈവറ്റ് ഇക്വിറ്റിയുടെ നിക്ഷേപം പ്രതീക്ഷിച്ചാണ് ഈ നീക്കം.

യുഎസ് വിപണികള്‍ പലവഴി

അമേരിക്കന്‍ വിപണികള്‍ ബുധനാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഭിന്ന ദിശകളില്‍ ക്ലോസ് ചെയ്തു. ദീര്‍ഘകാലത്തേക്കു നിരക്ക് കുറയ്ക്കല്‍ തുടരുകയില്ലെന്ന സൂചന പവല്‍ നല്‍കിയതു വിപണിയുടെ ആവേശം കെടുത്തി. എസ്ആന്‍ഡ്പിയും നാസ്ഡാകും താഴ്ന്നത് അതു കൊണ്ടാണ്. ടെക്‌നോളജി ഓഹരികളില്‍ ലാഭമെടുക്കലും നടന്നു.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 260.42 പോയിന്റ് (0.57%) ഉയര്‍ന്ന് 46,018.32ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 6.41 പോയിന്റ് (0.10%) കുറഞ്ഞ് 6600.35ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 72.63 പോയിന്റ് (0.33%) താഴ്ന്ന് 22,261.33ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു കയറ്റത്തിലാണ്. ഡൗ 0.24 ഉം എസ്ആന്‍ഡ്പി 0.34 ഉം നാസ്ഡാക് 0.49 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്നദശകളിലാണ്. ജപ്പാനില്‍ നിക്കൈ ആദ്യം വീണ്ടും 45,000 നു മുകളില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു. ദക്ഷിണ കൊറിയന്‍ വിപണി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ വിപണി താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികള്‍ കയറി.

മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ വിപണി

ഇന്ത്യ- അമേരിക്ക വ്യാപാരചര്‍ച്ചയിലെ പുരോഗതി രണ്ടാം ദിവസവും ഇന്ത്യന്‍ വിപണി നേട്ടത്തിലാക്കി. മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലാണു സൂചികകള്‍. ഐടിയും ഓട്ടോയും റിയല്‍റ്റിയും ഓയിലും നേട്ടത്തിനു മുന്നില്‍ നിന്ന ഇന്നലെ പൊതുമേഖലാ ബാങ്കുകള്‍ വലിയ കുതിപ്പ് നടത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ എന്നിവ മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു.

കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ രണ്ടു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. ലോക നിലവാരത്തിലേക്കു തക്ക വലുപ്പം കിട്ടാന്‍ പൊതുമേഖലാ ബാങ്കുകളില്‍ വീണ്ടും ലയനം നടത്താന്‍ ആലോചന ഉള്ളതായ റിപ്പോര്‍ട്ടുകളാണ് കുതിപ്പിനു കാരണം.

മെറ്റല്‍, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ ഇന്നലെ താഴ്ന്നു.

നിഫ്റ്റി ഇന്നലെ 91.15 പോയിന്റ് (0.36%) ഉയര്‍ന്ന് 25,330.25ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 313.02 പോയിന്റ് (0.38%) കയറി 82,693.71ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 345.70 പോയിന്റ് (0.63%) നേട്ടത്തോടെ 55,493.30ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 49.00 പോയിന്റ് (0.08%) ഉയര്‍ന്ന് 58,848.55ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 124.85 പോയിന്റ് (0.68%) കയറി 18,423.20ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2341 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1828 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1763 എണ്ണം. താഴ്ന്നത് 1313 ഓഹരികള്‍.

എന്‍എസ്ഇയില്‍ 101 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 36 എണ്ണമാണ്. 107 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 52 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 9981 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2205.12 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

തുടര്‍ച്ചയായ കയറ്റങ്ങള്‍ക്കു ശേഷം നിഫ്റ്റി നല്ല മുന്നേറ്റത്തിലേക്കു മാറും എന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്. ആക്ക സൂചികകള്‍ നല്ല കരുത്തിലാണ്. ജൂണിലെ നിലവാരത്തിലേക്കു വിപണി കയറും എന്നാണു പലരുടെയും നിഗമനം. ഇന്നു നിഫ്റ്റിക്ക് 25,290 ലും 25,250 ലും പിന്തുണ ലഭിക്കും. 25,365 ലും 25,410 ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ഒഎന്‍ജിസിയുടെ റിഗുകള്‍ റിപ്പയര്‍ ചെയ്യാന്‍ 120 കോടി രൂപയുടെ കരാര്‍ ലഭിച്ചു.

കമ്പനിയുടെ 85 കോടി രൂപ തട്ടിച്ച കേസില്‍ ലോധ ഡവലപ്പേഴ്‌സ് മുന്‍ ഡയറക്ടര്‍ രാജേന്ദ്ര ലോധയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ബയോകോണിന്റെ രണ്ട് ഔഷധങ്ങള്‍ക്ക് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റിയുടെ അംഗീകാരം ലഭിച്ചു.

ഇന്‍ഡോ സോളാറിലെ 14.66 ശതമാനം ഓഹരി വാരി എന്‍ജിനിയേഴ്‌സ് ഇന്നു ബള്‍ക്ക് വിപണിയില്‍ വില്‍ക്കും. കോഹാന്‍സ് ലൈഫ് സയന്‍സസിലെ 5.1 ശതമാനം ഓഹരി ഇന്നു ബള്‍ക്ക് വിപണിയില്‍ വില്‍ക്കും.

കുന്‍ഷാന്‍ ക്യു ടെക് മൈക്രോ ഇലക്ട്രോണിക്‌സില്‍ 51 ശതമാനം ഓഹരി എടുക്കാന്‍ ഡിക്‌സണ്‍ ടെക്‌നോളജീസ് തീരുമാനിച്ചു. കമ്പനിയുടെ ഉല്‍പാദന ശേഷി കൂട്ടാന്‍ ഈ വാങ്ങല്‍ സഹായിക്കും.

സ്വര്‍ണം താഴ്ന്നിട്ടു കയറുന്നു

ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം വന്നതോടെ സ്വര്‍ണവില കുത്തനേ താഴ്ന്നു. പിന്നീടു ക്രമേണ കയറി. പ്രതീക്ഷിച്ച തീരുമാനമായതു ലാഭമെടുക്കലിനു കളമൊരുക്കി. ഡോളര്‍ അല്‍പം ശക്തിപ്പെട്ടതും വില കുറയാന്‍ കാരണമാണ്. എന്നാല്‍ ഈ വര്‍ഷം ഇനി രണ്ടുതവണയും അടുത്ത വര്‍ഷം ഒരു തവണയും പലിശ കുറയ്ക്കും എന്ന സൂചന സ്വര്‍ണത്തിന്റെ ബുള്ളിഷ് കുതിപ്പ് തുടരാന്‍ സഹായിക്കും. 4000 ഡോളര്‍ കടന്നു സ്വര്‍ണം മുന്നോട്ടു പോകും എന്ന നിഗമനം ബലപ്പെട്ടു. 2027 ല്‍ ഫെഡ് റേറ്റ് മൂന്നു ശതമാനത്തിലേക്കു താഴും എന്നാണു പവലിന്റെ പ്രസ്താവനയിലെ സൂചന.

ബുധനാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3707.40 ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് ഇടിഞ്ഞ് 3661.60 ഡോളറില്‍ ക്ലോസ് ചെയ്തു. തലേന്നത്തേക്കാള്‍ 30.10 ഡോളര്‍ കുറവ്. ഇന്നു രാവിലെ വില 3671 ലേക്കു കയറിയിട്ടു താഴ്ന്ന് 3656 ഡോളറില്‍ എത്തി.

അവധിവില 3694 ഡോളര്‍ വരെ താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച 160 രൂപ കുറഞ്ഞ് 81,920 രൂപയായി. വെള്ളിവില ഔണ്‍സിന് 41.66 ഡോളറില്‍ എത്തി.

ലോഹങ്ങള്‍ക്ക് ഇടിവ്

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കുത്തനേ ഇടിഞ്ഞു. ചെമ്പ് 1.75 ശതമാനം താഴ്ന്നു ടണ്ണിന് 9895.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.89 ശതമാനം താഴ്‌ന് 2690.01 ഡോളറില്‍ അവസാനിച്ചു. ടിന്നും നിക്കലും സിങ്കും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ലെഡ് 0.18% മാത്രം കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.29 ശതമാനം കയറി കിലോഗ്രാമിന് 174.70 സെന്റ് ആയി. കൊക്കോ 0.28 ശതമാനം താഴ്ന്ന് ടണ്ണിന് 7350.57 ഡോളറില്‍ എത്തി. കാപ്പി 9.50 ശതമാനം ഇടിഞ്ഞു, തേയില 2.39 ശതമാനം കയറി. പാം ഓയില്‍ വില 0.07 ശതമാനം ഉയര്‍ന്നു.

ഡോളര്‍ സൂചിക തിരിച്ചു കയറി

ഡോളര്‍ സൂചിക ബുധനാഴ്ച 96.22 വരെ താഴ്ന്നിട്ട് 96.87 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.05 ലേക്ക് എത്തി. കറന്‍സി വിപണിയില്‍ ഡോളര്‍ നാമമാത്രമായി ഉയര്‍ന്നു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണു ഡോളറിന്റെ വിനിമയ നിരക്ക്. യൂറോ 1.1821 ഡോളറിലേക്കും പൗണ്ട് 1.3627 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 146.84 യെന്‍ എന്ന നിരക്കിലേക്ക് കുറഞ്ഞു.

ഫെഡ് തീരുമാനം വിപണി കണക്കാക്കിയതു പോലെ വന്നതു യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറച്ചു. അവയിലെ നിക്ഷേപനേട്ടം 4.087 ശതമാനമായി ഉയര്‍ന്നു. തീരുമാനം വരും മുന്‍പ് നിക്ഷേപനേട്ടം നാലു ശതമാനത്തിനു താഴെ എത്തിയതാണ്. പലിശ കുറയ്ക്കല്‍ 0.25 ശതമാനത്തില്‍ ഒതുങ്ങിയതാണു വിപണിയെ സഹായിച്ചത്.

ബുധനാഴ്ച ഇന്ത്യന്‍ രൂപ നല്ല നേട്ടത്തോടെ അവസാനിച്ചു. ഡോളര്‍ 23 പൈസ താഴ്ന്ന് 87.82 രൂപയില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 87.72 രൂപ വരെ ഡോളര്‍ താഴ്ന്നതാണ്.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.10 യുവാന്‍ എന്ന നിലയിലേക്കു കയറി. യുവാനെ സാവകാശം ഉയര്‍ത്താനാണ് ചൈനീസ് കേന്ദ്രബാങ്ക് ഉദ്ദേശിക്കുന്നത്. ഒരു മാസം മുന്‍പ് ഡോളറിന് 7.18 യുവാന്‍ ലഭിച്ചിരുന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

ക്രൂഡ് ഓയില്‍ വില ഇന്നലെ അല്‍പം താഴ്ന്നു. അമേരിക്കന്‍ ഡിമാന്‍ഡ് കുറയുന്നതായ സൂചനകളാണു കാരണം. ബ്രെന്റ് ഇനം ബുധനാഴ്ച 0.70 ശതമാനത്തിലധികം താഴ്ന്ന് 67.95 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.57 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ 63.65 ഡോളറിലും മര്‍ബന്‍ ക്രൂഡ് 70.82 ഡോളറിലും ആണ്. പ്രകൃതിവാതക വില അര ശതമാനം താഴ്ന്നു.

ഫെഡ് തീരുമാനത്തിനു ശേഷം ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,17,000 ഡോളറിലേക്കു കയറി. ഈഥര്‍ 4610 ഡോളറിലും സൊലാന 246 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com