പ്രതീക്ഷയും ആശങ്കയും ഒപ്പത്തിനൊപ്പം; ഇന്ത്യക്കു 100 ശതമാനം ചുങ്കം ചുമത്താന്‍ ട്രംപ് നീക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ കയറുന്നു

ഇന്ത്യക്കുമേല്‍ 100 ശതമാനം ചുങ്കം ചുമത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. ഈ സമ്മര്‍ദവാര്‍ത്ത ശരിയാണെങ്കില്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും
tcm
Published on

വിപണി ഇന്നു പ്രതീക്ഷയോടും ഒപ്പം ആശങ്കയോടും കൂടിയാണ് വ്യാപാരം തുടങ്ങുക. യുഎസ്, ഏഷ്യന്‍ വിപണികളിലെ കയറ്റവും ഇന്നലത്തെ നേട്ടവും വീണ്ടും ഉയരാമെന്ന പ്രതീക്ഷ നല്‍കുന്നു. അതേ സമയം തീരുവ കാര്യത്തില്‍ ആശങ്ക വളരുകയാണ്.

തീരുവ വിഷയത്തില്‍ ഇന്ത്യയോടു പരസ്പരവിരുദ്ധമായ നിലപാടുകള്‍ സൂചിപ്പിച്ച് അമേരിക്കന്‍ ഭരണകൂടം. ഇന്ത്യയുമായി വ്യാപാരകരാര്‍ ചര്‍ച്ച പുനരാരംഭിച്ചെന്നും താമസിയാതെ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം ഇന്ത്യക്കുമേല്‍ 100 ശതമാനം ചുങ്കം ചുമത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. ഈ സമ്മര്‍ദവാര്‍ത്ത ശരിയാണെങ്കില്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും.

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷുമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ധിപ്പിക്കും എന്ന ഭീതിയുണ്ട്. ക്രൂഡ് ഓയില്‍ വില ഒന്നര ശതമാനം കുതിച്ചു. ഇനിയും കയറുമെന്നാണു സൂചന.

അടുത്തയാഴ്ച അമേരിക്കന്‍ ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവില 3600 ഡോളറിനു മുകളില്‍ നീങ്ങുകയാണ്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,924 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,012 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

100 ശതമാനം ചുങ്കത്തിനു നീക്കം

ഇന്ത്യക്കു 100 ശതമാനം ചുങ്കം ചുമത്താന്‍ യൂറോപ്യന്‍ യൂണിയനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ബന്ധിക്കുന്നു എന്നു റിപ്പോര്‍ട്ട്. ചൈനയുടെ മേലും ഇതേ ചുങ്കം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന ചുങ്കം അമേരിക്കയും ചുമത്തും. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കു തയാറാകാത്ത സാഹചര്യത്തിലാണു ട്രംപിന്റെ പുതിയ നീക്കം. അലാസ്‌കയിലെ ചര്‍ച്ച വഴി വെടിനിര്‍ത്തല്‍ പ്രതീക്ഷിച്ച ട്രംപിന് അതു സാധിക്കാത്തതിന്റെ ഇച്ഛാഭംഗം ഉണ്ട്. റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ദുസ്സഹമായ ചുങ്കം ചുമത്തി അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തിച്ചു റഷ്യയെ വെടി നിര്‍ത്തലിന് പ്രേരിപ്പിക്കുക എന്ന വളഞ്ഞ വഴിയാണു ട്രംപ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഇന്ത്യക്ക് അമേരിക്ക 50 ശതമാനം ചുങ്കം ചുമത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും പിഴച്ചുങ്കത്തിനു മുതിര്‍ന്നാല്‍ ഇന്ത്യ വല്ലാത്ത പ്രതിസന്ധിയിലാകും. അമേരിക്കയിലേക്കുള്ളത്ര കയറ്റുമതി ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്കും

നടത്തുന്നുണ്ട്. അതും മുടങ്ങിയാല്‍ ഇന്ത്യക്കു പിടിച്ചു നില്‍ക്കാന്‍ പറ്റില്ല.

യൂറോപ്പ് ഉയര്‍ന്നു

യൂറോപ്യന്‍ ഓഹരികള്‍ ചൊവ്വാഴ്ച ഭിന്നദിശകളിലായി. ജര്‍മന്‍ സൂചിക താഴ്ന്നു. മറ്റുള്ളവ ഉയര്‍ന്നു. ചെമ്പ് ഖനനത്തിലെ പ്രമുഖരായ ആംഗ്ലോ അമേരിക്കന്‍ കാനഡയിലെ ടെക്ക് റിസോഴ്‌സസുമായി യോജിക്കാന്‍ തീരുമാനിച്ചു. രണ്ടു കമ്പനികളുടെയും ഓഹരികള്‍ കുതിച്ചു. സംയുക്ത കമ്പനി ആംഗ്ലോ ടെക്ക് എന്നറിയപ്പെടും. ആസ്ഥാനം കാനഡയിലാകും.

യുഎസ് വിപണി നേട്ടത്തില്‍

അമേരിക്കന്‍ വിപണി ചൊവ്വാഴ്ച വലിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം പുതിയ ക്ലോസിംഗ് റെക്കോര്‍ഡ് രേഖപ്പെടുത്തി. അമേരിക്കന്‍ തൊഴില്‍ വര്‍ധന നേരത്തേ കണക്കാക്കിയതിന്റെ പകുതിയേ ഉള്ളൂ എന്ന സൂചന വന്നിട്ടും വിപണി താഴ്ന്നില്ല. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം 18 ലക്ഷം തൊഴില്‍ കൂടി എന്ന കണക്ക് 9.11 ലക്ഷം വര്‍ധന എന്നായാണു തിരുന്നുന്നത്. യുഎസ് സമ്പദ്ഘടന ദുര്‍ബലമായി മാറുകയാണെന്നും മാന്ദ്യത്തിലേക്കു നീങ്ങുമോ എന്നു പറയാനാകില്ലെന്നും ജെപി മോര്‍ഗന്‍ സിഇഒ ജെയ്മീ ഡിമണ്‍ പറഞ്ഞു. തൊഴില്‍ കണക്കിലെ വലിയ കുറവ് നിരക്കു കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ നിര്‍ബന്ധിതമാക്കും.

റൂപ്പര്‍ട്ട് മര്‍ഡക്കിന്റെ കുടുംബത്തിലെ അവകാശ പ്രശ്‌നം ഒത്തു തീര്‍ന്നു. ലാക്ലന്‍ മര്‍ഡക്കിനു ഫോക്‌സ് കോര്‍പും മാധ്യമങ്ങളും നല്‍കി. മറ്റുള്ളവര്‍ക്കു പണം നല്‍കി ഒഴിവാക്കും.

ഡൗ ജോണ്‍സ് സൂചിക ചൊവ്വാഴ്ച 196.39 പോയിന്റ് (0.43%) ഉയര്‍ന്ന് 45,711.34 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 17.46 പോയിന്റ് (0.27%) നേട്ടത്തോടെ 6512.61 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 80.79 പോയിന്റ് (0.37%) കയറി 21,879.49 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.17 ശതമാനം താഴ്ന്നും എസ് ആന്‍ഡ് പി 0.17 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയര്‍ന്നുമാണു നീങ്ങുന്നത്.

ഓറക്കിള്‍ കുതിക്കുന്നു

ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നുള്ള മള്‍ട്ടി ക്ലൗഡ് ഡാറ്റാ ബേസ് വരുമാനം 1,529 ശതമാനം കുതിച്ചതായി ഓറക്കിള്‍ വിപണി സമയത്തിനു ശേഷം അറിയിച്ചു. ശതകോടി ഡോളറുകളുടെ കരാറുകളാണു വലിയ ടെക് ഭീമന്മാരുമായി പഴയ തലമുറയിലെ ഈ വമ്പന്‍ കമ്പനി ഉണ്ടാക്കിയത്. കഴിഞ്ഞ ത്രൈമാസത്തിലെ വരുമാനം കുറഞ്ഞെങ്കിലും ഭാവിവരുമാന പ്രതീക്ഷ ആവേശകരമാണെന്നു സിഇഒ സഫ്ര കാറ്റ്‌സ് പറഞ്ഞു. വിപണി അടച്ച ശേഷമുളള വ്യാപാരത്തില്‍ ഓറക്കിള്‍ ഓഹരി 27 ശതമാനം കുതിച്ചു. ഓറക്കിളിന്റെ ഇന്ത്യന്‍ ഉപകമ്പനിയും ഇന്നു നേട്ടത്തിലാകാം.

ആപ്പിള്‍ കമ്പനി പുതിയ ഐഫോണ്‍ 17 എയര്‍ അവതരിപ്പിച്ചു.999 ഡോളര്‍ മുതലാണു വില. 19 ന് ഇവ സ്റ്റോറുകളില്‍ എത്തും. തത്സമയ പരിഭാഷാ ശേഷിയുള്ള എയര്‍ പോഡ്‌സ് പ്രോ 3 അവതരിപ്പിച്ചു. വില 249 ഡോളര്‍. സീരീസ് 11 വാച്ചുകളും ഇറക്കി. ഇവയ്ക്കു വിലമാറ്റം ഇല്ല.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 0.45 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍, കൊറിയന്‍, ചൈനീസ്, ഹോങ് കോങ് സൂചികകളും ഉയര്‍ന്നു. ചൈനയില്‍ ചില്ലറവിലകള്‍ പ്രതീക്ഷിച്ചതിലും താഴ്ന്നത് രാജ്യത്തു പണച്ചുരുക്ക പ്രതിഭാസം ഉണ്ടാക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നു.

ഇന്ത്യന്‍ വിപണി ഉയര്‍ന്നു

മുന്‍ ദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇന്നലെ ഇന്ത്യന്‍ വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി തുടര്‍ച്ചയായ അഞ്ചാം ദിവസം ഉയര്‍ന്നു. ഐടി കമ്പനികള്‍ പ്രതികൂല വാര്‍ത്തകള്‍ക്കിടയിലും വലിയ മുന്നേറ്റം നടത്തി. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍,എഫ്എംസിജി എന്നിവയും നല്ല നേട്ടം ഉണ്ടാക്കി. തലേന്നു കുതിച്ചു കയറിയ ഓട്ടോ ഓഹരികളില്‍ ഇന്നലെ ലാഭമെടുക്കലായിരുന്നു.

നിഫ്റ്റി ചൊവ്വാഴ്ച 95.45 പോയിന്റ് (0.39%) ഉയര്‍ന്ന് 24,868.60 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 314.02 പോയിന്റ് (0.39%) കയറി 81,101.32 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 29.20 പോയിന്റ് (0.18%) കൂടി 54,216.10 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 103.20 പോയിന്റ് (0.18%) ഉയര്‍ന്ന് 57,464.35 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 59.95 പോയിന്റ് (0.34%) വര്‍ധിച്ച് 17,744.30 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയില്‍ 1918 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2211 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1483 എണ്ണം. താഴ്ന്നത് 1514 ഓഹരികള്‍.

എന്‍എസ്ഇയില്‍ 121 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 51 എണ്ണമാണ്. 93 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 68 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 2050.46 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. ദിവസങ്ങള്‍ക്കു ശേഷമാണ് അവര്‍ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകള്‍ 83.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി 24,800 ലെ തടസം മറികടന്നു ക്ലോസ് ചെയ്തതു നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ന് 25,000 കടക്കാനാകും എന്ന കണക്കു കൂട്ടലിലാണു ബുള്ളുകള്‍. ഇന്നു നിഫ്റ്റിക്ക് 24,825 ലും 24,785 ലും പിന്തുണ ലഭിക്കും. 24,905 ലും 24,935 ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

വിക്രം സോളാറിന്റെ വിറ്റുവരവ് 80 ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായം ആറിരട്ടിയായി. 133.4 കോടി രൂപയാണ് ഒന്നാം പാദത്തിലെ അറ്റാദായം.

കൊട്ടക് മഹീന്ദ്ര ബാങ്കിലെ തങ്ങളുടെ 1.65 ശതമാനം ഓഹരി ഇന്നു ബള്‍ക്ക് വിപണിയില്‍ വില്‍ക്കാന്‍ സുമിടോമോ മിട്‌സുയി ബാങ്കിംഗ് കോര്‍പറേഷന്‍ നടപടികള്‍ എടുത്തു. 1880 രൂപ തറവില നിശ്ചയിച്ചുള്ള ഇടപാടിന്റെ മൂല്യം 6166 കോടി രൂപ വരും.

ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയറിലെ 10 ശതമാനം ഓഹരി ഇന്നും നാളെയുമായി ബള്‍ക്ക് വിപണിയില്‍ വില്‍ക്കാന്‍ പ്രൊമോട്ടര്‍ അക്ഷയ് അറോറ നടപടികള്‍ ആരംഭിച്ചു.

ബിക്കാജി ഫുഡ്‌സില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന രാജസ്ഥാന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ടാണെന്നും സ്‌പോണ്‍സര്‍ മാത്രമായ കമ്പനിക്കു നിയമവിരുദ്ധ ഇടപാടുകള്‍ ഒന്നുമില്ലെന്നും കമ്പനി വിശദീകരിച്ചു.

സ്വര്‍ണം കയറ്റിറക്കങ്ങളില്‍

റെക്കോര്‍ഡ് തകര്‍ത്തു കുതിച്ച സ്വര്‍ണം ഇന്നലെ ലാഭമെടുപ്പു മൂലം ചെറിയ കയറ്റിക്കങ്ങളില്‍ നിന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയും തുടര്‍ന്നുള്ള യോഗങ്ങളിലും പലിശ കുറയ്ക്കും എന്ന വിശ്വാസത്തിലാണ് വിപണിയുടെ നീക്കം. അടുത്ത വര്‍ഷം പകുതിയോടെ കുറഞ്ഞ പലിശ 2.50 ശതമാനമാകും എന്നാണു വിപണി കണക്കാക്കുന്നത്.

ചൊവ്വാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം 2.80 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 3639.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3627 ഡോളറിലേക്കു താഴ്ന്നു. വില ഇനിയും കയറും എന്നാണു സംസാരം.

അവധിവില 3676 ഡോളറിലാണ്. 3700 ഡോളറിലേക്കാണ് അവധിവിലയുടെ നീക്കം.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ചൊവ്വാഴ്ച 1000 രൂപ വര്‍ധിച്ച് 80,880 രൂപയില്‍ എത്തി. ഇതാദ്യമാണു പവന്‍ 80,000 കടന്നത്. ഈ മാസം ഇതുവരെ പവന് 3240 രൂപ വര്‍ധിച്ചു.

വെള്ളിവില താഴ്ന്നു. തിങ്കളാഴ്ച ഔണ്‍സിന് 41.25 ഡോളറില്‍ ക്ലോസ് ചെയ്ത വെള്ളി ഇന്നലെ 40.91ല്‍ അവസാനിച്ചു. ഇന്നു രാവിലെ 40.88 ഡോളറിലായി.

ചൊവ്വാഴ്ച ചെമ്പും അലൂമിനിയവും ഒഴികെ മിക്ക വ്യാവസായിക ലോഹങ്ങളും താഴ്ന്നു. ചെമ്പ് 0.12 ശതമാനം ഉയര്‍ന്നു ടണ്ണിന് 9822.40 ഡോളറില്‍ എത്തി. അലൂമിനിയം 0.62 ശതമാനം കയറി 2630.07 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ലെഡും സിങ്കും ടിന്നും താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.50 ശതമാനം താഴ്ന്നു കിലോഗ്രാമിന് 177.80 സെന്റ് ആയി. കൊക്കോ 0.70 ശതമാനം താഴ്ന്നു ടണ്ണിന് 7081.42 ഡോളറില്‍ എത്തി. കാപ്പി 1.87 ശതമാനം താഴ്ന്നപ്പോള്‍ തേയില 3.18 ശതമാനം ഇടിഞ്ഞു. പാം ഓയില്‍ വില 0.16 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക ഉയരുന്നു

ഡോളര്‍ സൂചിക വീണ്ടും ഉയര്‍ന്ന് 97.74 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.82 ആയി.

കറന്‍സി വിപണിയില്‍ ഡോളര്‍ ബലപ്പെട്ടു. യൂറോ 1.1696 ഡോളറിലേക്കും പൗണ്ട് 1.3519 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 147.43 യെന്‍ എന്ന നിരക്കിലേക്ക് വന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.089 ശതമാനമായി ഉയര്‍ന്നു.

ചൊവ്വാഴ്ച ഇന്ത്യയുടെ രൂപ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും ഒടുവില്‍ നേട്ടം ഗണ്യമായി കുറച്ചു ഡോളര്‍ രാവിലെ 87.96 രൂപ വരെ താഴ്ന്നതാണ്. പിന്നീട് 16 പൈസ നഷ്ടത്തില്‍ 88.10 രൂപയില്‍ അവസാനിച്ചു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയിലേക്കു കയറി. യുവാന്റെ നിരക്ക് ക്രമേണ ഉയര്‍ത്താനാണു ചൈനീസ് കേന്ദ്രബാങ്ക് ഒരുങ്ങുന്നതെന്ന് പലരും കരുതുന്നു.

ക്രൂഡ് ഓയില്‍ കുതിച്ചു

ഖത്തറിലെ ഇസ്രേലി ആക്രമണത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ഇന്നലെ 66.39 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.83 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 63.10 ഡോളറിലും മര്‍ബന്‍ ക്രൂഡ് 70.02 ഡോളറിലും ആണ്. പ്രകൃതിവാതക വില അല്‍പം കുറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടരുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,11,520 ഡോളറിലേക്കും ഈഥര്‍ 4310 ഡോളറിലേക്കും കയറി. സൊലാന 217 ഡോളറില്‍ എത്തി.

വിപണിസൂചനകള്‍

(2025 സെപ്റ്റംബര്‍ 09, ചൊവ്വ)

സെന്‍സെക്‌സ്30 81,101.32 +0.39%

നിഫ്റ്റി50 24,868.60 +0.39%

ബാങ്ക് നിഫ്റ്റി 54,216.10 +0.05%

മിഡ് ക്യാപ്100 57,464.35 +0.18%

സ്‌മോള്‍ക്യാപ്100 17,744.30 +0.34%

ഡൗജോണ്‍സ് 45,711. 34 +0.43%

എസ്ആന്‍ഡ്പി 6512.61 +0.27%

നാസ്ഡാക് 21,879.49 +0.37%

ഡോളര്‍($) ?88.10 -?0.16

സ്വര്‍ണം(ഔണ്‍സ്) $3639.10 +$02.80

സ്വര്‍ണം(പവന്‍) ₹80,880 +₹1000

ക്രൂഡ്(ബ്രെന്റ്)ഓയില്‍ $66.39 +$0.37

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com