പ്രതീക്ഷിച്ചത് സംഭവിച്ചു, ഫെഡ് നിരക്കുകള്‍ 0.75 % ഉയര്‍ത്തി, വിപണി തിരിച്ചു കയറുന്നു

മെയ് മാസത്തെ അമേരിക്കന്‍ പണപ്പെരുപ്പം റെക്കോര്‍ഡ് 8.6 % ഉയര്‍ന്നപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് സംഭവിച്ചു. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 0.75 % ഉയര്‍ത്തി. തുടര്‍ന്ന് ജൂലൈ മാസത്തിലും 0.75 % വര്‍ധനവ് ഉണ്ടാകുമെന്ന് ഫെഡ് റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ നടപടിയെ അനൂകുലിക്കുന്നത് പോലെ യു എസ് വിപണി പ്രതികരിച്ചു- ഓഹരി സൂചികകള്‍ 5 ദിവസത്തെ താഴ്ചക്ക് ശേഷം നേരിയ കയറ്റം ഉണ്ടായി. എസ് ആന്റ് പി സൂചിക (S &P 500) 1.46 % ഉയര്‍ന്ന് 3789.99, ഡൗ ജോണ്‍സ് (Dow Jones) വര്‍ധിച്ച് 30,668-ായി.
1994 ന് ശേഷം ഉണ്ടായ ഏറ്റവും വലിയ നിരക്ക് വര്‍ധനവ് സമ്പദ്‌വ്യവസ്ഥയെ മന്ദ ഗതിയിലേക്ക് നയിക്കും, തൊഴില്ലായ്മയും വര്‍ധിക്കും. എന്നാല്‍ യു എസ് ഫെഡിന് നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. എങ്കിലും പണപെരുപ്പത്തിന് കാരണമായ ഘടകങ്ങള്‍ പണ നയത്തിന് പുറത്താണ്. റഷ് -യുക്രയ്ന്‍ യുദ്ധം തുടര്‍ന്ന സാഹചര്യത്തില്‍ ഭക്ഷ്യ ഇന്ധന വിലകള്‍ താഴാനുള്ള സാധ്യതകള്‍ ഇല്ല.
അവധി വ്യാപാരത്തില്‍ ക്രൂഡ് ഓയില്‍ നേരിയ വര്‍ധനവ് ബ്രെന്റ്‌റ് ക്രൂഡില്‍ ഉണ്ടായി 2.22 % ( വീപ്പക്ക് 118.51 ഡോളര്‍), WTI ക്രൂഡ് 3.04 % ഇടിഞ്ഞ് 118.51 ഡോളര്‍. ക്രൂഡ് ഓയില്‍ 140 ഡോളര്‍ വരെ വര്‍ധിക്കുമെന്നാണ് പ്രവചനം. ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വീണ്ടും വര്‍ധിക്കുകയും പണപ്പെരുപ്പം കൂട്ടുകയും ചെയ്യും. കയറ്റുമതി റെക്കോര്‍ഡ് നിലയില്‍ എത്തിയതില്‍ ആശ്വസിക്കാമെങ്കിലും വ്യാപാരക്കമ്മി പിടിച്ചു നിര്‍ത്താന്‍ പ്രയാസപ്പെടും
ബുധനാഴ്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴ്ചയിലാണ് അവസാനിച്ചത്. നിഫ്റ്റി 0.25% കുറഞ്ഞ് 15629.19 ആയി. ബി എസ് ഇ ഓഹരി സൂചിക 0.29 % കുറവില്‍ 52541.31 അവസാനിച്ചു. എന്‍ എസ് ഇ യില്‍ മുന്നേറിയ ഓഹരികള്‍ ബജാജ് ഫിന്‍സെര്‍വ് 4.22 %, ബജാജ് ഫിനാന്‍സ് 2.22 %, ടാറ്റ മോട്ടോര്‍സ് 1.93 % ഹീറോ മോട്ടോ കോര്‍പ് 1.78 %, ഗ്രാസിം 1.73 % എന്നിങ്ങനെയാണ്.
ബി എസ് ഇ യില്‍ മുന്നേറിയ ഓഹരികള്‍ - രാംകോ (19.99 %), ചെന്നൈ പെട്രോ (8.08 %), എലികോണ്‍ (7.86 %), കിര്‍ലോസ്‌കര്‍ ബ്രോസ് (6.78 %.).
പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് വില കയറേണ്ട സാഹചര്യമാണ് എന്നാല്‍ ഡോളര്‍ ശക്തമായി തുടരുന്നതിനാല്‍ സ്വര്‍ണത്തിന് ഉയരാനുള്ള സാധ്യതകള്‍ കുറയുന്നു. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില യില്‍ നേരിയ വര്‍ധനവ് ഉണ്ടായി - ഔണ്‍സിന് 1842.40 ഡോളര്‍ (1.6 %). ഫെഡ് നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി - 105.79.
ഡോളര്‍ മൂല്യം വര്‍ധിക്കുന്നതും രൂപ റിക്കോര്‍ഡ് താഴ്ചയിലേക്ക് പോകുന്നതും വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് കടക്കാന്‍ കൂടുതല്‍ പ്രേരണയാകും. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ റിക്കോര്‍ഡ് 2000 ശതകോടി രൂപ 2022 ല്‍ ഇതുവരെ ഓഹരികളില്‍ നിക്ഷേപിച്ചതാണ് ആശ്വാസം നല്‍കുന്നത്.
അമേരിക്കയിലും ഇന്ത്യയിലും ബോഡുകളില്‍ നിന്നുള്ള വരുമാനം (bond yield) കുറയുന്നതും കുറഞ്ഞ കാലയളവിലെയും കൂടുതല്‍ കാലയളവിലെ ബോണ്ടുകള്‍ തമ്മിലുള്ള ആദായത്തില്‍ വിടവ് കുറയുന്ന സാഹചര്യത്തില്‍ മാന്ദ്യം അനിവാര്യമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.വിപണി മറ്റൊരു പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുന്നു.