മാന്ദ്യ ഭയത്തിൽ ഉൽപ്പന്ന വിലകൾ ഇടിയുന്നു, ബോണ്ട് ആദായം കുറയുന്നു, ഓഹരികൾ ചാഞ്ചാട്ടത്തിൽ

ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയത്തിൽ ഉൽപ്പന്ന വിലകൾ ഇടിയുന്നു, ഓഹരി വിപണികളിൽ ചാഞ്ചാട്ടവും അനിശ്ചിതത്ത്വവും തുടരാൻ സാധ്യത. അമേരിക്കൻ ഓഹരി സൂചികളിൽ വ്യഴാഴ്ച്ച നേരിയ മുന്നേറ്റം ഉണ്ടായി. എസ് ആൻഡ് പി (S &P ) 0.95 % കയറി 3795.54, ഡൗ ജോൺസ്‌ (Dow Jones Industrial Average) 0.64 % കയറി 30,677.69, ടെക്‌നോളജി കമ്പനികൾക്ക് മുൻതൂക്കം ഉള്ള നാസ്ഡാക് (Nasdaq) 1.62 % കയറി 11,232. അമേരിക്കൻ ട്രഷറി ബോണ്ട് ആദായം ഈ മാസം 3.50 % ഉയരത്തിൽ നിന്ന് 3.08 ശതമാനത്തിലേക്ക് പോയി.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. അമേരിക്കൻ ക്രൂഡ് (WTI) വില 1.73 % കുറഞ്ഞ് 104.35 ഡോളർ, ബ്രെൻറ്റ് ക്രൂഡ് 1.48 % ഇടിഞ്ഞ് വീപ്പക്ക് 110.09 ഡോളർ . ബ്രെൻറ്റ് ക്രൂഡ് ഈ മാസം 7.8 ശതമാനം കുറഞ്ഞു. ഈ വർഷം അവസാനത്തോടെ 25 % വിലയിടിവ് ഉണ്ടാകുമെന്ന് എണ്ണ വ്യാപാരികൾ കരുതുന്നു.

ലണ്ടൻ മെറ്റൽ എക്സ് ചേഞ്ചിൽ ചെമ്പിൻറ്റെ വില കുത്തനെ ഇടിഞ്ഞു. നിർമാണ, വൈദ്യുതി മേഖലയിൽ കൂടുതലായി ഉപയോഗിക്കുന്ന ചെമ്പ് ഇടിയാൻ കാരണം ചൈന, ഇംഗ്ലണ്ട്, ജപ്പാൻ, യൂറോ മേഖലയിൽ ഫാക്റ്ററി പ്രവർത്തനം മന്ദഗതിയിലാകുന്നതാണ്. അമേരിക്കയിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ ഫാക്ടറി പ്രവർത്തനത്തിൽ ആദ്യമായി കുത്തനെ ഇടിവ് ഉണ്ടായി.

ക്രിപ്റ്റോ കറൻസികൾ കയറി -ബിറ്റ് കോയിൻ 3.11 ഉയർന്ന് $ 20,825, എഥീറിയാം (ethereum) 4.38 % വർധിച്ച് $ 1,122, സ്വർണം 0.55 % കുറഞ്ഞു ($1,828.30).
ഓഹരികൾ ആദായകരമോ?
പലിശ നിരക്കുകൾ കുറഞ്ഞിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദശാബ്ദത്തിൽ നിക്ഷേപകർക്ക് ഓഹരികളിൽ നിന്ന് കൂടുതൽ ആദായം ലഭിച്ചു. എന്നാൽ ഇപ്പോൾ പലിശ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഓഹരികളിൽ നിന്ന് കുറഞ്ഞ വാർഷിക ആദായത്തിന് തയ്യാറാകണമെന്ന് ക്രിസ് മർഫി (Susquehanna International Group) എന്ന വിപണി ഗവേഷകൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിൽ അമേരിക്കൻ ഓഹരി സൂചിക എസ് & പി യിലെ ശരാശരി വാർഷിക ആദായം 7 ശതമാനമാണ്.എന്നാൽ 2012 മുതൽ
ശരാശരി ആദായം സാധാരണയിൽ നിന്ന് ഉയർന്ന് 11 ശതമാനമായി. ഇതേ കാലയളവിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് 0.61 ശതമാനമായിരുന്നു. കഴിഞ്ഞ 50 വർഷത്തെ ശരാശരി 4.88 ശതമാനത്തിൽ നിന്ന് താഴേക്ക് പോയി. അടുത്ത 10 വർഷത്തിൽ ഫെഡറൽ ഫണ്ടുകളുടെ പലിശ നിരക്ക് 4.88 ശതമാനത്തിലേക്ക് വർധിക്കും.നിലവിൽ 0.75 % വർധിച്ചതോടെ 1.58 ശതമാനമായിട്ടുണ്ട്.
ഇന്ത്യൻ വിപണി
വ്യഴാഴ്ച്ച ബി എസ് ഇ ഓഹരി സൂചിക ചാഞ്ചാട്ടത്തിന് ഒടുവിൽ 443 പോയിൻറ്റുകൾ കയറി 52,266 ൽ അവസാനിച്ചു. നിഫ്റ്റി 15368 -15628 പരിധിയിൽ വ്യാപാരം നടന്ന് ശേഷം 0.93 % ഉയരത്തിൽ 15,557 ൽ എത്തി. നിഫ്റ്റി യിൽ മുന്നേറ്റം കണ്ടത് മാരുതി സുസുക്കി, ഹീറോ മോട്ടോ കോർപ്പ്, ടാറ്റ മോട്ടോർസ്, ബജാജ് ഓട്ടോ തുടങ്ങി ഓഹരികളിൽ. കോൾ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഗ്രാസിം, എൻ ടി പി സി തുടങ്ങിയ ഓഹരികൾ താഴേക്ക് പോയി.

ബി എസ് ഇ മിഡ് ക്യാപ്, സ്മാൾ ക്യാപ് ഓഹരികൾ മെച്ചപ്പെട്ട പ്രകടനമായിരുന്നു. അശോക് ലേലാൻഡ്, ബയോക്കോൺ, എ ബി ബി , മൈൻഡ് ട്രീ തുങ്ങിയവ മുന്നേറി.നിഫ്റ്റി ഓട്ടോ സൂചിക 4 % മുന്നേറി, മറ്റ് സൂചികകൾ ശരാശരി 2 %.
വിപണി സമ്മർദ്ദത്തിൽ
മാന്ദ്യ ഭയം, പലിശ നിരക്ക് വർധനവ്, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഓഹരി വിപണി സമ്മർദ്ദത്തിലാണ്. എന്നാൽ സാങ്കേതിക ചാർട്ടുകളിൽ സൂചികകൾ അമിതമായി വിലക്കപ്പെട്ട (over sold) അവസ്ഥയിലാണ്. അതിനാൽ തിരിച്ചുകയറ്റം സംഭവിക്കാം. നിഫ്റ്റിക്ക് പ്രതിരോധം 15560-15700 ലാണ്.
പ്രധാന വാർത്തകൾ
1. ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 3 ദശലക്ഷം ടണ്ണായി, ലോക വിപണിയിൽ ഡിമാൻഡ് വർധിക്കുന്നു
2 . ധന കമ്മി 2021 -22 ലെ നിലയിൽ നിന്ന് ഉയരില്ല.
3. രൂപയുടെ മൂല്യ വർധിക്കാൻ സാധ്യത കുറവ്, ക്രൂഡ് ഓയിൽ വില ഇടിവിൽ പ്രതീക്ഷ.



Related Articles

Next Story

Videos

Share it