Begin typing your search above and press return to search.
ന്യൂജെന്‍ ഓഹരികള്‍ 'പോന്‍സി സ്‌കീമുകളോ'? സൗരഭ് മുഖര്‍ജി പറയുന്നതിങ്ങനെ
പുതുതലമുറ കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പന കൊണ്ട് സമൃദ്ധമായ വര്‍ഷമായിരുന്നു 2021-22. ഏറെ കെട്ടിഘോഷവുമായി വിവിധ പുതുതലമുറ കമ്പനികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്‌തെങ്കിലും ഭൂരിഭാഗവും ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ വന്‍ ഇടിവിലേക്ക് വീണു. ഇതുവഴി നിരവധി നിക്ഷേപകര്‍ക്കാണ് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവന്നത്. വലിയ പ്രതീക്ഷകളുമായി എത്തിയ സൊമാറ്റൊ (Zomato), പേടിഎം (Paytm), നൈകാ (Nykaa), പോളിസിബസാര്‍ (Policybazaar) തുടങ്ങിയവയുടെ ഐപിഒകളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓഹരി വിപണിയിലെ ലിസ്റ്റിംഗ് തുകയേക്കാള്‍ 50 ശതമാനത്തിലധികം ഇടിവിലാണ് പല പുതുതലമുറ കമ്പനികളുടെയും ഓഹരി വില.
പുതുതലമുറ സ്റ്റോക്കുകള്‍ പോന്‍സി സ്‌കീമുകളോ?
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പുതുതലമുറ സ്റ്റോക്കുകളില്‍ ഭൂരിഭാഗവും പോന്‍സി സ്‌കീമുകളാണെന്നാണ് മാഴ്‌സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്‌സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി (Saurabh Mukherjea) പറയുന്നത്. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ''പുതുതലമുറ സ്റ്റോക്കുകളില്‍ മിക്കവയും പോന്‍സി സ്‌കീമുകളാണ്. അവയില്‍ 70 ശതമാനവും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകും'' അദ്ദേഹം പറയുന്നു. ഇത്തരം ബിസിനസുകള്‍ക്ക് വിശ്വസനീയമായ ബിസിനസ് മോഡലുകള്‍ ഇല്ലെന്നും സൗരഭ് മുഖര്‍ജി ചൂണ്ടിക്കാട്ടുന്നുണ്ട്.
''പുതുതലമുറ കമ്പനികള്‍ക്കോ പഴയ കമ്പനികള്‍ക്കോ ഞങ്ങള്‍ എതിരല്ല. മികച്ച അക്കൗണ്ടുകളും നല്ല മൂലധന വിഹിതവും ശക്തമായ ഫ്രാഞ്ചൈസിയുമുള്ള കമ്പനികളെയാണ് നോക്കുന്ന്ത്. പണമൊഴുക്ക് കാണിക്കൂ എന്നുപോലും ഞാന്‍ പറയുന്നില്ല. കുറച്ച് ലാഭം കാണിക്കൂ എന്ന് മാത്രമാണ് പറയുന്നത്. ഏകീകൃത തലത്തില്‍ ലാഭമുണ്ടാക്കണമെന്ന് പറയുന്നില്ല. ഞാന്‍ പറയുന്നത് ഉല്‍പ്പന്ന തലത്തില്‍ ലാഭകരമാകൂ എന്നാണ്. ഈ പുതുതലമുറ കമ്പനികള്‍ക്ക് അതില്ല. അവരില്‍ ഭൂരിഭാഗത്തിനും വിശ്വസനീയമായ ബിസിനസ് മോഡലുകള്‍ ഇല്ല, അടിസ്ഥാനപരമായി അവയില്‍ മിക്കതും പോന്‍സി സ്‌കീമുകളാണ് (Ponzi Schemes)''സൗരഭ് മുഖര്‍ജി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് പോന്‍സി സ്‌കീമുകള്‍?
പുതിയ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള നിക്ഷേപകര്‍ക്ക് പണം നല്‍കുന്ന നിക്ഷേപ തട്ടിപ്പാണ് പോന്‍സി സ്‌കീം (Ponzi Schemes ). 1920 ല്‍ അമേരിക്കയില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തി പിടിയിലായ ചാള്‍സ് പോന്‍സിയുടെ പേരിലാണ് പോന്‍സി സ്‌കീമുകള്‍ അറിയപ്പെടുന്നത്.
Next Story
Videos