4 കാരണങ്ങൾ; ഈ 4 ഡിഫൻസ് ഓഹരികൾ 40% വരെ മുന്നേറാമെന്ന് മോത്തിലാൽ ഓസ്വാൾ

വർധിക്കുന്ന ആഗോള സംഘർഷങ്ങളും ആയുധങ്ങളുടെ ആവശ്യകത ഉയരുന്നതിന്റേയും പശ്ചാത്തലത്തിൽ ഡിഫൻസ് സെക്ടറിൽ നിന്നുള്ള നാല് ഓഹരികൾക്ക് 40% വരെ മുന്നേറ്റ സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നു.
Stock market trading via mobile
Demat account Image : Canva
Published on

പശ്ചിമേഷ്യൻ യുദ്ധവും ക്രൂഡോയിൽ വിലക്കയറ്റവും ഉൾപ്പെടെയുള്ള വിവിധ പ്രതികൂല ഘടകങ്ങൾ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണുള്ളത്. മിക്ക ഓഹരി വിഭാ​ഗങ്ങളും തിരിച്ചടി നേരിടുന്നു. മുന്നിലേക്കും അനിശ്ചിതത്വം നിഴലിക്കുന്നതിനിടെയാണ് 40 ശതമാനത്തോളം മുന്നേറ്റ സാധ്യതയുള്ളതും പ്രതിരോധ വ്യവസായ മേഖലയിൽ ((Defence Sector) നിന്നുള്ളതുമായ നാല് ഓഹരികളെ നിർദേശിച്ച് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് രം​ഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശം നോക്കാം.

മുന്നേറ്റം പ്രവചിച്ചിരിക്കുന്ന ഓഹരികൾ

1. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ): സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില - 5,500 രൂപ; കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില - 3,989 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം 38%.

2. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ): സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില - 1,800 രൂപ; കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില - 1,336 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം 35%.

3. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ): സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില - 520 രൂപ; കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില - 458 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം 14%.

4. അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്: സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില - 1,150 രൂപ; കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില - 1008 രൂപ; പ്രതീക്ഷിക്കുന്ന നേട്ടം 14%.

പോസിറ്റീവ് ഘടകങ്ങൾ

1. ആ​ഗോള സംഘർഷം വ്യാപിക്കുന്നത്: കിഴക്കൻ യൂറോപ്പിൽ റഷ്യയും യുക്രൈനും പിന്നാലെ പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യുഎസ് സഖ്യവും തമ്മിൽ സംഘർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ, രാജ്യങ്ങളെല്ലാം സൈനികശക്തി വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആയുധങ്ങളുടെ ആവശ്യകത ഉയരുന്നത് പ്രതിരോധ വ്യവസായ മേഖലയ്ക്ക് അനുകൂല ഘടകമാണ്.

2. പ്രതിരോധ ബജറ്റ് ഉയരുന്നു: സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി വൻ തോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ആ​ഗോള തലത്തിൽ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റ് ഉയരുന്ന പ്രവണത പ്രകടമാകുന്നു.

3. ഇന്ത്യൻ കമ്പനികൾക്ക് കയറ്റുമതി അവസരം വർധിക്കുന്നു: കഴി‍ഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) ആ​ഗോള തലത്തിലെ ആയുധ ഇറക്കുമതിയുടെ 26 ശതമാനവും ​ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന പശ്ചിമേഷ്യയിലേക്കായിരുന്നു. അവിടെ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഡിഫൻസ് കമ്പനികളെ തേടിയും ആയുധ കരാറുകൾ എത്താനുള്ള സാധ്യത.

4. ശക്തമായ സർക്കാർ പിന്തുണ: പൊതുബജറ്റുകളിൽ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ വിഹിതം നീക്കിവെക്കുന്നതും തദ്ദേശീയമായി കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതിനും കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയും ഡിഫൻസ് ഓഹരികൾക്ക് അനുകൂല ഘടകമാണ്.

ശ്രദ്ധിക്കേണ്ട വിഷയം

വിവിധ നിർണായക പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി ഇന്ത്യ ഇസ്രായേലിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും സെൻസറുകൾ നിർമിക്കുന്നതിനും വേണ്ട പകുതിയോളം സുപ്രധാന ഘടകങ്ങൾ ഇസ്രായേൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. മിസൈലുകളും ആളില്ലാ വിമാനങ്ങൾക്കും അതീവ കൃത്യതയോടെ ആക്രമിക്കുന്ന ആയുധങ്ങൾക്കും റഡാർ, ഒപ്റ്റിക്കൽ സംവിധാനങ്ങളും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ പശ്ചിമേഷ്യയിൽ ഇറാനുമായുള്ള ഇസ്രായേലിന്റെ ഏറ്റമുട്ടൽ ദീർഘകാലം തുടർന്നാൽ ഇന്ത്യയുടെ ആയുധ സംഭരണത്തിലും ആയുധ നിർമാണത്തിനുള്ള വിതരണ ശൃംഖലയിലും സമ്മർദം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നത് ഓർക്കുക.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com