വിപണിയില്‍ മുത്തൂറ്റ് ഫിനാന്‍സ് കുതിക്കും,മോത്തിലാല്‍ ഓസ്വാള്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്
ഓഹരി വിപണിയില്‍ കേരള കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance) കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന് മോത്തിലാല്‍ ഓസ്വാള്‍. ഇടത്തരം കാലയളവില്‍ 26 ശതമാനം ഉയര്‍ച്ചയോടെ 1,750 രൂപയില്‍ ഓഹരി വിലയെത്തുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നത്. നിലവില്‍ (04-03-2022. 9.40) 1,410 രൂപ എന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വ്യാപാരം നടക്കുന്നത്.
ബ്രോക്കറേജ് സ്ഥാപനം പറയുന്നതനുസരിച്ച്, 2022-ലെ എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് ഫിനാന്‍സിന് മികച്ച പ്രകടനം കാഴ്ചവയ്്ക്കും. സ്റ്റാന്‍ഡലോണ്‍ എയുഎം (മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി) 2016-21 സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 17 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (CAGR) നേടിയത്. സ്വര്‍ണ വില ഉയര്‍ന്നത് സ്വര്‍ണ വായ്പ വളര്‍ച്ച നേടാന്‍ സഹായിച്ചു. മാത്രമല്ല, മുത്തൂറ്റ് ഫിനാന്‍സിന് ശക്തമായ ബ്രാന്‍ഡും സുസ്ഥിരമായ വിതരണവുമുണ്ട്, ഇത് സ്വര്‍ണ വായ്പകളില്‍ വലിയ പങ്ക് നേടാന്‍ സഹായിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നു.
'മുത്തൂറ്റ് ഫിനാന്‍സ് പ്രവര്‍ത്തന കാര്യക്ഷമതയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ശാഖകളെ / ജീവനക്കാരെ കൂടുതലായി ചേര്‍ക്കുന്നില്ലെങ്കിലും എയുഎം പെര്‍ എംപ്ലോയീ 2016-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വര്‍ധിച്ച് 2.03 കോടി രൂപയായി. എയുഎം പെര്‍ ബ്രാഞ്ചും സമാനമായി വര്‍ധിച്ചു. നിലവിലെ ചെലവ് അനുപാതം 3.3 ശതമാനം 2023-24 സാമ്പത്തിക വര്‍ഷത്തിലും സുസ്ഥിരമാകുമെന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വര്‍ണ ഫിനാന്‍സ് രംഗത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കാരണം അറ്റ പലിശ മാര്‍ജിന്‍ ഇതിനകം തന്നെ കുറച്ചിട്ടുണ്ട്. അടുത്ത ഇടക്കാലം വരെ ഇത് നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.'' മോത്തിലാല്‍ ഓസ്വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വര്‍ണ്ണ വില (Goldprice) സ്ഥിരമായി തുടരുന്നത് നല്ല സൂചനയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൊത്തത്തിലുള്ള ക്രെഡിറ്റ് വളര്‍ച്ച ഉയരുന്നതോടെ സ്വര്‍ണ വായ്പയുടെ ആവശ്യകത വര്‍ധിക്കും. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ മികച്ച പ്രകടനം കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.