Begin typing your search above and press return to search.
എല്‍ഐസി ഐപിഒ, ചെയര്‍മാന്‍ എം.ആര്‍ കുമാറിന്റെ കാലാവധി രണ്ടാം തവണയും നീട്ടി
എല്‍ഐസി ചെയര്‍മാന്‍ എം.ആര്‍ കുമാറിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്ന എല്‍ഐസിയുടെ നടപടികള്‍ സുഗമമാക്കലാണ് കാലാവധി നീട്ടിയതിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 17ന് നിലവിലെ കാലാവധി അവസാനിക്കാനിരിക്കെ, ഇത് രണ്ടാം തവണയാണ് എം.ആര്‍ കുമാറിന് കാലാവധി നീട്ടി നല്‍കുന്നത്. ഇതിന് മുമ്പ് കഴിഞ്ഞ ജൂലൈയില്‍ ഒമ്പത് മാസത്തേക്കായിരുന്നു കാലവധി നീട്ടി നല്‍കിയത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് പൊതുമേഖലാ സ്ഥാപനാമായ എല്‍ഐസി ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് & പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹില്‍ കാന്ത പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നേതൃനിരയില്‍ തുടര്‍ച്ച ഉണ്ടാകേണ്ടത് ഐപിഒയ്ക്ക് ശേഷമുള്ള ബോര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഉല്‍പ്പടെ സുഗമമാക്കാന്‍ അനിവാര്യമാണ്. എല്‍ഐസി മാനേജിംഗ് ഡയറക്ടര്‍ രാജ് കുമാറിന്റെ കാലാവധിയും ഒരുവര്‍ഷത്തേക്ക് കേന്ദ്രം നീട്ടിയിട്ടുണ്ട്.
ഐപിഒയിലൂടെ ഏകദേശം ഒരു ലക്ഷം കോടിയോളം സമാഹരിക്കാനാണ് എല്‍ഐസി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി സമാഹരിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണ് എല്‍ഐസി ഐപിഒയും. ഇതുവരെ 9,330 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്.
Next Story
Videos